Image

അയോദ്ധ്യക്കും പിന്നാലെ കാശി, മഥുര, ആഗ്രാ, ദല്‍ഹി. ഇനിയും എത്രയെത്ര?(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 14 May, 2022
അയോദ്ധ്യക്കും പിന്നാലെ കാശി, മഥുര, ആഗ്രാ, ദല്‍ഹി. ഇനിയും എത്രയെത്ര?(ദല്‍ഹികത്ത് : പി.വി.തോമസ്)

അയോദ്ധ്യ(1992 ഡിസംബര്‍ 6) ഇന്‍ഡ്യന്‍ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരേടാണ്. സാംസ്‌ക്കാരിക ദേശീയതയുടെ വക്താക്കളായ സംഘപരിവാറിന് അത് ഒരു ആഘോഷം ആണ്. മതനിരപേക്ഷതയെയും ഇന്‍ഡ്യന്‍ ഭരണഘടനയെയും മുറുകെപിടിക്കുന്ന മറുവിഭാഗത്തിന് ഇത് ഒരിക്കലും പൊറുക്കാനാവാത്ത ദണ്ഡനവും ആണ്. ബാബരി മസ്ജിദിന്റെ തകര്‍ക്കലും തര്‍ക്കഭൂമി സംബന്ധിച്ചുള്ള കേസും ഹിന്ദുത്വശക്തികള്‍ക്ക് അനുകൂലമായി കോടതി വിധിച്ചതും ചരിത്രം. മസ്ജിദ്‌ഭേദനക്കാരെ എല്ലാം വെറുതെവിട്ടു. ഗൂഢാലോചന തിയറിയും തകര്‍ന്നു.

ഇപ്പോള്‍ രണ്ടാം അയാദ്ധ്യ ആയി. വാരണാസിയിലെ കാശിവിശ്വനാഥ് ക്ഷേത്ര ഗ്യാന്‍ വാപി മസ്ജിദ് സമുച്ചയം ഉയര്‍ന്നു വരികയാണ്. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹിഇദ്ഗ മസ്ജിദ് സമുച്ചയവും ആഗ്രയിലെ താജ് മഹലും ദല്‍ഹിയിലെ കുത്തബ് മിനാറും തൊട്ടുപിന്നാലെ ഉണ്ട്. ഇതെല്ലാം മുന്‍കൂട്ടികണ്ടു 1991-ല്‍ പി.വി. നരസിംഹറാവു ഗവണ്‍മെന്റ് നിര്‍മ്മിച്ച ആരാധനാലയ നിയമം, 1991 നിര്‍ജ്ജീവമായ, ഒരു നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. 2021-ലെ ഒരു സുപ്രീം കോടതി ഇടപെടല്‍ മൂലം. ഈ നിയമം അനുസരിച്ച് 1947 ഓഗസ്റ്റ് 15-ന് ഈ ആരാധനാലയങ്ങള്‍ എന്തായിരുന്നോ അങ്ങനെ തുടരുന്നു.


വാരണാസിയിലും മഥുരയിലും ആഗ്രഹയിലും ദല്‍ഹിയിലും ഹിന്ദു ആരാധനാലയങ്ങളുടെ വീണ്ടെടുക്കലിനായി സംഘപരിവാര്‍ ശക്തികള്‍ വാദഗതികള്‍ ശക്തമാക്കിയിരിക്കുകയാണ്. നിയമനടപടികളും തുടങ്ങി കഴിഞ്ഞു. കാശിവിശ്വനാഥ ക്ഷേത്രത്തിനു തൊട്ടടത്തു സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദിന്റെ വീഡിയോഗ്രാഫി മെയ് 17-ന് തീര്‍ക്കുവാനാണ് കോടതി ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദ് നിര്‍മ്മിച്ചത് കാശിവിശ്വനാഥക്ഷേത്രത്തിന്റെ ഒരു ഭാഗം ഇടിച്ചു തകര്‍ത്തിട്ടാണോ എന്നും മസ്ജിദിന്റെ അടിയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നുണ്ടോ എന്നും അറിയുവാനാണ് കോടതി വീഡിയോഗ്രാഫി നടത്തുവാന്‍ ഉത്തരവിട്ടത്. മഥുരയിലും ഒരു കോടതി കേസ് നിലവിലിരിക്കുന്നത് മസ്ജിദ് പണിതത് ജന്മക്ഷേത്രം തകര്‍ത്തിട്ടായിരുന്നോ എന്ന് കണ്ടുപിടിക്കുവാനാണ്. ഇത് സംബന്ധിച്ചുള്ള രണ്ട് കേസുകളും നാലുമാസത്തിനുള്ളില്‍ തീര്‍പ്പു ആക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി മഥുര കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
താജ്മഹല്‍ 'തേജാമഹാലയ' എന്ന ശിവക്ഷേത്രം ആണെന്നാണ് ഹിന്ദുഗ്രൂപ്പിന്റെ വാദം. ഹൈന്ദവ ഭക്തര്‍ക്ക് ഇവിടെ ആരാധന നടത്തുവാന്‍ അനുവദിക്കണം എന്നാണ് കോടതി മുമ്പാകെ ഉള്ള അഭ്യര്‍ത്ഥന. കൂടാതെ താജ്മഹലിനുള്ളില്‍ തുറക്കാതെ കിടക്കുന്ന 22 മുറികള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഇതിനുള്ളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ആണ് ഉള്ളത്. താജ്മഹലിന്റെ സംരക്ഷണമുള്ള ആര്‍ക്കിയോളജില്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യ ഇതിനെ നിഷേധിച്ചെങ്കില്‍ ഹിന്ദുപക്ഷം അത് അംഗീകരിക്കുന്നില്ല. സര്‍വ്വെ ഉദ്യോഗസ്ഥന്മാരുടെ വാദഗതിപ്രകാരം താജ്മഹലില്‍ 22 മുറികള്‍ അല്ല ഉള്ളത് മറിച്ച് 100 സെല്ലുകളോളം ഉണ്ട് ഇതൊന്നും തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാറില്ല. വര്‍ഷങ്ങളായി ഇവ അടഞ്ഞുതന്നെ കിടക്കുന്നു. ഇതു സംബന്ധിച്ച് മെയ് 12-ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ    ബഞ്ച് പുറപ്പെടുവിച്ച വിധി ഹിന്ദുപക്ഷത്തിന്റെ പെറ്റീഷന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഈ വിധിക്ക് അപ്പീല്‍ ഉണ്ടായേക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. ഹൈക്കോടതി പറഞ്ഞത് പൂട്ടിക്കിടക്കുന്ന മുറികളില്‍ എന്താണ് ഉള്ളതെന്ന് ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ടത് ചരിത്രകാരന്മാര്‍ ആണ്. കോടതി അല്ല. ആരുടെയെങ്കിലും നിയമ-ഭരണഘടന അവകാശം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമെ കോടതി ഇടപെടുകയുള്ളൂ.

ദല്‍ഹിയിലെ വിഖ്യാതമായ കുത്തബ്മിനാര്‍ ഒരു വിഷ്ണുക്ഷേത്രം ആയിരുന്നുവെന്നാണ് മറ്റൊരു ഹിന്ദുവിഭാഗത്തിന്റെ വാദഗതി. ഇവര്‍ കുത്തബ് മീനാറില്‍ മെയ്മാസം ആരംഭത്തില്‍ ഒരുമിച്ചു കൂടുകയും വിഷ്ണുസ്‌ത്രോത്രങ്ങള്‍ ആലപിക്കുകയും ചെയ്തു. ഇവരുടെ ആവശ്യം കുത്തബ് മീനാര്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്തുവാനായി തുറന്നു കൊടുക്കണം, അതിന്റെ പേര് ' വിഷ്ണുസ്തംഭ്' എന്നാക്കിമാറ്റണം എന്നാണ് ഇങ്ങനെ രാജ്യത്തിന്റെ നാനാ കോണുകളില്‍ നിന്നും ഹിന്ദുവിഭാഗങ്ങളുടെ ആവശ്യം ഉയര്‍ന്നുവന്നാല്‍ എത്രയെത്ര അയോദ്ധ്യകള്‍ ആയിരിക്കും ആവര്‍ത്തിക്കപ്പെടുക. വോട്ടുബാങ്ക് ധ്രൂവീകരണത്തിന് ഇതില്‍പ്പരം എന്താണ് വേണ്ടത്?
ആരാധനാലയനിയമം, 1991 ഇതിനെല്ലാമുള്ള മറുപടി ആയിരുന്നു. ബാബറി മസ്ജിദ് ഇതിന്റെ പരിധിയില്‍ നിന്നും ഒഴിച്ചിടുവാന്‍ കാരണം അത് അപ്പോള്‍ തന്നെ കേസില്‍ ഉള്‍പ്പെട്ടുകിടക്കുകയായിരുന്നു. ആരാധനാലയനിയമം, 1991 ബാബറി മസ്ജിദ് വിധി പറയുമ്പോള്‍ സുപ്രീംകോടതിയുടെ വളരെയധികം പ്രശംസക്ക് ഇടയായത് ആണ്. 'ഈ നിയം നിര്‍ക്കപ്പെടുക വഴി രാജ്യം അതിന്റെ ഭരണഘടനാപരമായ പ്രതിബന്ധത നിറവേറ്റിയിരിക്കുകയാണ്. അതുപോലെതന്നെ എല്ലാ മതങ്ങളുടെയും തുല്യത പരിപാലിക്കുവാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വവും നിറവേറ്റിയിരിക്കുന്നു. മതങ്ങളുടെ തുല്യതയും മതനിരപേക്ഷതയും ആണ് ഭരണഘടനയുടെ അടിത്തറ'.  ഈ നിയമം അനുസരിച്ച് കാശിവിശ്വനാഥ ക്ഷേത്രവും ഗ്യാന്‍വാപി മസ്ജിദും 1947 ഓഗസ്റ്റ് 15-ന് എന്തായിരുന്നോ, എവിടെ നിന്നിരുന്നോ അതേപോലെ തന്നെ ഇനിയും നിലകൊള്ളും. എന്നിട്ട് ആരാധനാലയ നിയമം, 1991-ന് എന്തു സംഭവിച്ചു?

2021 മാര്‍ച്ച് 12-ന് സുപ്രീം കോടതിയുടെ അന്നത്തെ മുഖ്യന്യായാധിപനായ എസ്.എ. ബോബ് ഡെ അടങ്ങുന്ന ബഞ്ച് ബി.ജെ.പി.യുടെ അശ്വനികുമാര്‍ ഉപാദ്ധ്യായ ഫയല്‍ ചെയ്ത ഒരു പൊതു താല്‍പര്യ ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ചു. ഈ ഹര്‍ജ്ജി ആരാധനാലയനിയമം, 1991-ന്റെ ഭരണഘടന സാധുതയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഈ നിയമം സാധൂകരിക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്രഗവണ്‍മെന്റിന്റെ അഭിപ്രായവും ആരാഞ്ഞു. അത് അങ്ങനെ അവിടെ കിടക്കുന്നു. ബാബരി മസ്ജിദും, ഗ്യാന്‍വാപിയും, മഥുര മസ്ജിദും തര്‍ക്കത്തില്‍പ്പെട്ടുകിടക്കുമ്പോഴാണ് നരസിംഹറാവു ഗവണ്‍മെന്റ് ഈ നിയമം പാസാക്കിയത്. ഈ നിയമം അനുസരിച്ച് കോടതികള്‍ ആരാധനാലയങ്ങളുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള ഹര്‍ജികള്‍ പരിഗണിച്ചുകൂട. കാരണം 1947- ഓഗസ്റ്റ് 15 ആണ് ഇവയുടെ വിധിയും ഉടമസ്ഥതയും നിശ്ചയിക്കുന്ന തീയതിയും വര്‍ഷവും. സുപ്രീംകോടതിയുടെ ഇടപെടല്‍ ആണ് കാശി-മഥുര കോടതികള്‍ ഈ ഹര്‍ജ്ജികള്‍ സ്വകരിക്കുവാന്‍ ഇടയാക്കിയത്. സുപ്രീം കോടതിയുടെ  നോട്ടീസ് പ്രകാരം കേന്ദ്ര ഗവണ്‍മെന്റിന്റെ ആഭ്യന്തര, നിയമ, സാംസ്‌ക്കാരിക മന്ത്രാലയങ്ങള്‍ ആണ് മറുപടി നല്‍കേണ്ടത്. ഈ നിയമത്തെ(ബില്‍)അന്ന് പ്രതിപക്ഷം ആയിരുന്ന ബി.ജെ.പി.ശക്തമായി എതിര്‍ത്തത് ആണ് എന്ന് ഓര്‍മ്മിക്കണം.

ആരാധനാലയ നിയമം, 1991-ന്റെ ഭരണഘടനാപരമായ് സാധുതയെ ചോദ്യം ചെയ്ത് ബി.ജെ.പി. നേതാവിന്റെ അഭിപ്രായപ്രകാരം 1947-ഓസ്റ്റ് 15 കട്ട് ഓഫ് ഡേറ്റ് ആക്കി ആരാധനാലയങ്ങളുടെ ഐഡന്റിറ്റി അവിടെ മരവിപ്പിച്ചത് തികച്ചും ഏകപക്ഷീയവും അടിസ്ഥാനരഹിതവും യുക്തിക്ക് നിരക്കാത്തതും ആണ്. ഇത് 1192 ആക്കണമായിരുന്നു. കാരണം അപ്പോഴാണ് മുഹമ്മദ് ഗോറി പൃഥിരാജ് ചൗഹാനെ തോല്‍പിച്ച് രാജ്യം കൈക്കലാക്കുന്നത്. അതിന് ശേഷം ഒട്ടേറെ ഹൈന്ദവ ആരാധനാലയങ്ങള്‍ നശിപ്പിച്ച് മസ്ജിദുകള്‍ പണിതുയര്‍ത്തിയിട്ടുണ്ട് ഇന്‍ഡ്യ എമ്പാടും ഹര്‍ജ്ജിക്കാരന്റെ അവകാശപ്രകാരം.

ഇവയെല്ലാം തിരിച്ചുപിടിക്കുക എന്നത്, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും സംഘപരിവാറിന്റെയും അജണ്ടയാണ്. കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ സമീപത്തുള്ള ഗ്യാന്‍വാപി മസ്ജിദ് 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ആണെന്നാണ് അവകാശവാദം. മഥുരയിലെ ഈദ്ഗ കൃഷ്ണജന്മഭൂമിയും. ഇവയെ എല്ലാം ഇസ്ലാമിക്ക് അധിനിവേശ സംസ്‌ക്കാരത്തിന്റെ കൊടിഅടയാളവും ഇന്‍ഡ്യയുടെ സാംസ്‌ക്കാരിക പൈതൃകത്തോടുള്ള വെല്ലുവിളി ആയും സംഘപരിവാര്‍ കാണുന്നു. ജൈന-ബുധമത ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ട ചരിത്രമൊന്നും ഇവിടെ ആരും ഉയര്‍ത്തുന്നില്ല.!


സുപ്രീംകോടതി അയോദ്ധ്യതര്‍ക്ക വിധിന്യാത്തില്‍ ശക്തമായ ഭാഷയിലാണ് ആരാധനാലയ നിയമത്തെ അംഗീകരിച്ചത്. ചരിത്രപരമായ തെറ്റുകളെ തിരുത്തുവാന്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്ക് സാധിക്കുകയില്ല. ആരാധനാലയങ്ങളുടെ പവിത്രതയെയും സ്വഭാവത്തെയും പരിരക്ഷിക്കുവാനായി പാര്‍ലിമെന്റ് സുവ്യക്തമായ ഭാഷയില്‍ പറഞ്ഞിട്ടുണ്ട് ചരിത്രത്തെയും അതിന്റെ തെറ്റുകളെയും വര്‍ത്തമാനകാലത്തെയും ഭാവിയെയും അടിച്ചമര്‍ത്തുവാനായി ഉപയോഗിക്കരുത്?

1664-ല്‍ മുഗല്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് കാശിവിശ്വനാഥ് ക്ഷേത്രത്തിന്റെ ഒരു ഭാഗം ഇടിച്ചു നിരത്തിയിട്ടാണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മ്മിച്ചത് എന്നാണ് ആരോപണം. ഇത് തിരിച്ചുപിടിച്ച് ക്ഷേത്രത്തോട് ചേര്‍ക്കണം. ഇതാണ് പരാതിക്കാരന്റെ ആവശ്യം. ക്ഷേത്രം പൊളിച്ചിട്ടാണോ മസ്ജിദ് പണിതത് എന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയുവാനാണ് കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യയുടെ സഹായം വീഡിയോഗ്രാഫിയിലൂടെ തേടിയിരിക്കുന്നത്. ആരാധനാലയ നിയമം, 1991 നിലനില്‍ക്കുന്നിടത്തോളം കാലം ഈ ഒരു ചോദ്യം ഉദിക്കുന്നില്ല. മാത്രവുമല്ല ബാബറിമസ്ജിദ് കേസില്‍ ആര്‍ക്കിയോളോജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യയുടെ കണ്ടെത്തലുകള്‍ വിശ്വാസയോഗ്യം അല്ലെന്ന് കോടതി കണ്ടെത്തിയതും ആണ്.

ഇത് എവിടെ ചെന്ന് നില്‍ക്കും? ഈ ഇടപെടലുകളിലൂടെ ചരിത്രത്തെ കുത്തിക്കുഴിച്ച് വര്‍ത്തമാനകാലത്തെ കലുഷിതം ആക്കുകയാണോ? അത് ഒരിക്കലും ആധുനികം ഭാരതത്തിന് അഭികാമ്യം അല്ല. ആരാധനാലയം നിയമം, 1991 നടപ്പിലാക്കി പ്രക്ഷുബ്ധമായ ഇന്നലെകളെ അവയുടെ ശവക്കല്ലറകളില്‍ സംസ്‌കരിക്കുകയാണ് മുമ്പോട്ടുള്ള വഴി.

Join WhatsApp News
ഗദ്യ ഹൈക്കു # 2 : 2022-05-15 01:55:25
ഗദ്യ ഹൈക്കു # 2 : 1] പേര് മറന്നു പരസ്പ്പരം നോക്കി പൊട്ടിച്ചരിക്കുന്നു ബാല്യകാല ചങ്ങാതികൾ. 2] കാണാതെ പോയവരുടെ ഫയലിൽ സ്വന്തം പേര് കൂടി തിരുകി കയറ്റി, കൈ തൂത്തു നടന്നു അകലുന്നു വയസൻ. 3 ] സുടാപ്പി, എമു, ക്രിസങ്കി , സങ്കി, മുക്രി, പെന്തോ, എക്സ് പെന്തോ - എന്നൊക്കെയായി മലയാളി തൻ പേരുകൾ. - ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക