Image

നേറ്റോ ബന്ധം തെറ്റെന്നു ഫിൻലൻഡിനോട് പുട്ടിൻ 

Published on 15 May, 2022
നേറ്റോ ബന്ധം തെറ്റെന്നു ഫിൻലൻഡിനോട് പുട്ടിൻ 



നേറ്റോ സൈനിക സഖ്യത്തിൽ ചേരുന്നതിനെതിരെ അയൽ  രാജ്യമായ ഫിൻലൻഡിനെ റഷ്യൻ പ്രസിഡന്റ് വ്ലദീമിർ പുട്ടിൻ താക്കീതു ചെയ്തു. "അതൊരു തെറ്റാണ്," ഫിന്നിഷ് പ്രസിഡന്റ് സൗളി നിനിസ്റ്റോയോട് പുട്ടിൻ പറഞ്ഞു. "കാരണം, ഫിൻലന്റിന്റെ സുരക്ഷയ്ക്കു ഭീഷണിയൊന്നുമില്ല."

പുട്ടിനെ ഫോൺ ചെയ്‌തു നേറ്റോയിൽ ചേരാനുള്ള തീരുമാനം നോർഡിക് രാഷ്ട്ര തലവൻ അറിയിച്ചപ്പോഴായിരുന്നു റഷ്യൻ നേതാവിന്റെ അർഥം  വച്ചുള്ള മറുപടി. മറ്റാർക്കോ വേണ്ടിയാണല്ലോ ഈ നീക്കം എന്നു തന്നെ പുട്ടിൻ അർഥമാക്കിയത്. ഫിൻലാൻഡ് റഷ്യയുമായി 1,300കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. 

"സൈനികമായ നിഷ്‌പക്ഷതയുടെ പാരമ്പര്യം കൈവെടിയുന്നത് തെറ്റാണ്, ഫിൻലൻഡിനു ഭീഷണിയൊന്നുമില്ല" എന്നു  പുട്ടിൻ പറഞ്ഞതായി ക്രെംലിൻ അറിയിച്ചു. നേറ്റോയിൽ ചേർന്നാൽ ഫിൻലൻഡിനു റഷ്യയുമായുള്ള ബന്ധങ്ങൾ മോശമായേക്കും. 

സമാധാന ചർച്ച നിർത്തിയത് യുക്രൈൻ ആണെന്നു പുട്ടിൻ അറിയിച്ചു. അവർക്കു സമാധാനത്തിൽ താല്പര്യമില്ല. 

ഫിൻലൻഡിന്റെ ഭരണ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി നേറ്റോയിൽ ചേരാനുള്ള നീക്കം അംഗീകരിച്ചിട്ടുണ്ട്. വരും ദിനങ്ങളിൽ പാർലമെന്റ് അംഗീകാരം നൽകും. ഉടൻ തന്നെ ബ്രസൽസിൽ നേറ്റോ ആസ്ഥാനത്തു അപേക്ഷ നൽകും. 

ഫിൻലൻഡിനെ 30-അംഗ  സഖ്യത്തിൽ ചേർക്കുന്നതിനെ തുർക്കി എതിർത്തിട്ടുണ്ട്. അക്കാര്യം തുർക്കിയുമായി  സംസാരിക്കുമെന്നു ഫിന്നിഷ് പ്രസിഡന്റ് അറിയിച്ചു. അങ്കാറയ്ക്കു സ്ഥിരം തലവേദനയായ കുർദിഷ് വംശജരുടെ പാർട്ടിയായ പി കെ കെ യ്ക്കു അഭയം നൽകുന്നു എന്നതു കൊണ്ട് ഫിൻലൻഡിനോടും സ്വീഡനോടും തുർക്കിക്കു രോഷമുണ്ട്. ഞായറാഴ്ച്ച ബെർലിനിൽ നേറ്റോ നയതന്ത്ര ഉദ്യോഗസ്ഥരുടെ യോഗത്തിൽ തുർക്കിഷ് വിദേശകാര്യ മന്ത്രി അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക