Image

ഗോവാച്ചൻ ഉറങ്ങുകയാണ് (കഥ: രമണി അമ്മാൾ )

Published on 17 May, 2022
ഗോവാച്ചൻ ഉറങ്ങുകയാണ് (കഥ: രമണി അമ്മാൾ )
 
 
ഓരോ പീരിയഡിന്റേയും 
ഇടവേളയിൽ
എന്റെ ക്ളാസ്സിന്റെ ജനാലയ്ക്കരികിലേക്ക്
ഓടിയെത്തുന്ന ഗോപു...
ഗോവാച്ചനെന്ന 
ഓമനപ്പേരുകാരൻ..
        അവന്റെ കയ്യില്‍, 
എന്തെങ്കിലും കാണും. 
എനിക്കു തരാൻ..
ജീരക മിഠായിയാണെങ്കിൽ
മൂന്നാലെണ്ണം,
ആ കൈവെളളയിലിരുന്ന്
അലിയാൻ തുടങ്ങീട്ടുണ്ടാവും...
പകുതിയോളം അവൻതന്നെ കടിച്ചു തിന്ന നെല്ലിക്ക, 
കടിച്ചു പൊട്ടിച്ച നാരങ്ങാമിഠായീടെ
ഒരു തുണ്ട്, 
ചാമ്പങ്ങയോ പുളിങ്ങയോ ആണെങ്കിൽ
ഒരെണ്ണം മുഴുവനും... എന്തുതന്നെയാണെങ്കിലും
അവനുകിട്ടുന്നതിന്റെ ഒരു പങ്ക് എനിക്കു കൊണ്ടത്തരും....
അതെന്റെ കയ്യിലേൽപ്പിച്ചു കഴിഞ്ഞ് വന്നതുപോലെ, 
കൈ സ്റ്റിയറിങ്ങു പോലാക്കി കറക്കി
ഓടിപ്പോകും..
തിരികെ ക്ളാസ്സിലെത്തുമ്പോൾ
ടീച്ചറുണ്ടെങ്കിൽ, പാവത്തിനു 
വഴക്കും കിട്ടും...
തല്ലു കിട്ടിയാലും
മുന്നിലെ രണ്ടു പല്ലുകൊഴിഞ്ഞ
മോണകാട്ടിയുളള ചിരി,
അവന്റെ മുഖത്തൂന്നു മായില്ല...
 
അവന്റെ വീടും കഴിഞ്ഞിട്ടാണ് എന്റവീട്.
സ്കൂളിൽ പോകുന്നതും
വരുന്നതും എന്നും ഞങ്ങളൊരുമിച്ചാണ്.
രാവിലെ ഞാനവനെ കൂട്ടാൻ ചെല്ലുമ്പോൾ, മിക്കവാറും അവനൊരുങ്ങീട്ടുണ്ടാവില്ല. അവരുടെ വീടിനോടുചേർന്നുളള
ആലയിൽ അന്നത്തെ പണി തുടങ്ങാൻ വട്ടംകൂട്ടുന്ന അവന്റച്ഛനോടു ഞാനിച്ചിരി കൊച്ചുവർത്തമാനം പറഞ്ഞോണ്ടു നില്ക്കുമ്പോഴേക്കും ശടപടാന്നൊരുങ്ങി
വരുമവൻ..
സ്കൂൾ വിട്ടുവരുമ്പോഴും അവന്റെ വീട് എന്റെ ഇടത്താവളമാണ്..
എന്റെ വീട്ടീന്നാരെങ്കിലും
നീട്ടിവിളിക്കുന്നതുവരെ 
ഞങ്ങളു കളിച്ചോണ്ടിരിക്കും..
അപ്പോഴും,  അവൻ വീടുവരെ എന്റെയൊപ്പം വരും..
 
ആലയിലെ പണിക്ക്
അച്ഛനെ സഹായിക്കുന്നത് അവന്റെ അമ്മയാണ്.
ഉലയിൽ പഴുത്തു ചുവന്നു തുടുക്കുന്ന ഇരുമ്പിനെ വലിയ കൊടിലുകൊണ്ടെടുത്ത് കൂടത്തിൽവച്ച്, അടിച്ചു പരത്തുമ്പോൾ ചിതറുന്ന തീപ്പൊരികൾ.. 
പഴുത്ത ഇരുമ്പിനെ തണുപ്പിക്കാൻ
ആലയിലെ ഓവുവെളളത്തിൽ മുക്കും..വെളളം ശീൽക്കാരത്തോടെ ചീറ്റി പതഞ്ഞുപൊങ്ങും..
ദൂരെ മാറിയിരുന്ന് 
ഞാനതു കണ്ടോണ്ടിരിക്കും.
ഇന്നലെയുംകൂടി
അങ്ങനെയായിരുന്നു.. 
അവനാണിന്ന് ഒരു തുണിക്കെട്ടായി
ഉമ്മറക്കോലായിൽ കിടക്കുന്നത്....
തലയ്ക്കൽ തേങ്ങാമുറിയിൽ 
എരിയുന്ന തിരി.. മരണഗന്ധം പരത്തി 
കത്തിയമരുന്ന ചന്ദനത്തിരി.
കളിയും, കുളിയും, പഠിത്തവുമെല്ലാം കഴിഞ്ഞ്
ഭക്ഷണവും കഴിച്ച് ഉറങ്ങാൻ കിടന്നതാണവൻ.
"അമ്മേ..എന്നെയെന്തോ കടിച്ചെന്നു തോന്നുന്നു,"
എന്നു പറഞ്ഞ്, അവൻ തന്നെയാണ് എഴുന്നേറ്റ് ലൈറ്റിട്ടതും..
തറയിൽക്കൂടി   ഇഴഞ്ഞുനീങ്ങുന്ന പാമ്പ്..
"അയ്യോ..പാമ്പ്.." 
അവൻ അലറി..
ബഹളംകേട്ട് അടുത്തുളളവരൊക്കെ
ഓടിവന്നപ്പോഴേക്കും
അവന്റെയച്ഛൻ അവനെ കോരിയെടുത്തോണ്ടിറങ്ങിക്കഴിഞ്ഞു
വണ്ടി കാക്കാനൊന്നും നിക്കാതെ അടുത്തുളള ആശുപത്രിയിലേക്ക്...
മൂന്നാലുപേർ പിന്നാലെ ഓടി..
ഗോവാച്ചൻ, അച്ഛന്റെ ചുമലിൽക്കിടന്ന് ഉറങ്ങിപ്പോകാതിരിക്കാൻ
കൂടെയുളളവർ, അവനോട് വഴിനീളെ ഓരോന്നു ചോദിച്ചും പറഞ്ഞും കൊണ്ടിരുന്നു.. 
ആശുപത്രി നടയെത്തിയപ്പോഴും
അതിനു മറുപടിയായിട്ടവൻ 
മൂളുന്നുമുണ്ടായിരുന്നു.
പക്ഷേ..,. 
അവൻ ജീവനോടെ വീട്ടിലേക്കു തിരിച്ചു വന്നില്ല..
കറുത്തു നീലിച്ച ദേഹം
മൂടിപ്പൊതിഞ്ഞാണു വീട്ടിൽ കൊണ്ടുവന്നത്..
കണ്ണുകളിറുക്കിയടച്ച് 
സുഖമായുറങ്ങുക
യാണെന്നേ തോന്നൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക