Image

പേരറിവാളന്റെ മോചനം തമിഴ് നാടിൻറെ രാഷ്ട്രീയ വിജയം 

നിർമല ജോസഫ്  Published on 18 May, 2022
പേരറിവാളന്റെ മോചനം തമിഴ് നാടിൻറെ രാഷ്ട്രീയ വിജയം 



രാജീവ് ഗാന്ധി വധക്കേസ് പ്രതികൾക്കു ബാറ്ററി വാങ്ങി കൊടുത്തു എന്ന കുറ്റത്തിന് 31 വർഷം ജയിലിൽ കിടന്ന പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത് തമിഴ് നാടിന്റെ രാഷ്ട്രീയ വിജയമാണെന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവകാശപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നൽകിയ ശുപാർശ അവഗണിച്ചു പ്രതിയെ നാലു വർഷം കൂടി ജയിലിലിട്ട ഗവർണറും പ്രസിഡന്റും നിയമത്തിന്റെ മുന്നിൽ വഴങ്ങുമ്പോൾ തമിഴ് നാട് രാഷ്ട്രീയ വിജയം ആഘോഷിക്കയാണ്.  

"സംസ്ഥാനത്തിന്റെ അവകാശങ്ങളുടെ കൂടി വിജയമാണിത്," സ്റ്റാലിൻ പറഞ്ഞു. 

കോടതി ബുധനാഴ്ച പ്രതിയെ വിട്ടയക്കാൻ ഉത്തരവിട്ടത് 142 ആം വകുപ്പനുസരിച്ചാണ്. കോടതി മുൻപാകെയുള്ള വിഷയങ്ങളിൽ നീതിയും ന്യായവും നടപ്പാക്കി നിയമ പ്രക്രിയ പൂർത്തിയാക്കാൻ അധികാരം നൽകുന്ന വകുപ്പാണിത്. പേരറിവാളനു മോചനം ലഭിക്കുമ്പോൾ കേസിലെ പ്രതികളായ നളിനി ശ്രീഹരൻ, ഭർത്താവ് മുരുഗൻ എന്നിവർക്കും മോചന സാധ്യത തെളിഞ്ഞു. 

സംസ്ഥാന മന്ത്രിസഭ 2018ൽ പേരറിവാളനു മാപ്പു നൽകുകയും മോചനത്തിനുള്ള ശുപാർശ ഗവർണർക്ക് അയക്കുകയും ചെയ്തിരുന്നു.  എന്നാൽ ഗവർണർ ആ  ഫയലിൽ നടപടി എടുത്തില്ല. അദ്ദേഹം അതു പ്രസിഡന്റിന്  അയച്ചു. കേന്ദ്രം ആവട്ടെ, തീരുമാനം എടുക്കേണ്ടതു പ്രസിഡന്റ് ആണെന്ന നിലപാട് എടുത്തു. 


പേരറിവാളനെ തുടർന്നും ജയിലിൽ സൂക്ഷിക്കണമെങ്കിൽ കേന്ദ്രം അതിനുള്ള  ന്യായങ്ങൾ കോടതിയോട് പറയണമെന്നു നേരത്തെ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. അതല്ലെങ്കിൽ മോചനത്തെ എതിർക്കാതിരിക്കുക. എതിർക്കേണ്ടതില്ലെന്നു കേന്ദ്രം തീരുമാനിച്ചതോടെയാണ് കോടതി അന്തിമ തീർപ്പു കല്പിച്ചത്. 

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി 31 വർഷം ജയിലിൽ കിടന്നതു കൊണ്ടാണ് മോചനത്തിന് വേണ്ടി വാദിക്കുന്നതെന്നു തമിഴ് നാട് സർക്കാർ വ്യക്തമാക്കിയിരുന്നു. 

1991 ജൂൺ 11 നു അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ശ്രീലങ്കയിലെ തമിഴ് പുലി തീവ്രവാദി സംഘത്തിൽ അംഗമായിരുന്ന പേരറിവാളനു 19 വയസു മാത്രമാണ് ഉണ്ടായിരുന്നത്. തമിഴ് കവി കുയിൽദാസന്റെ മകനായ പ്രതി, രാജീവ് ഗാന്ധിയെ വധിച്ച പുലി സംഘത്തിന്റെ നേതാവ് ശിവരശനു രണ്ടു 9 വോൾട് ബാറ്ററികൾ വാങ്ങി കൊടുത്തു എന്നതാണ് സി ബി ഐ ചുമത്തിയ കുറ്റം. രാജീവിനെ വധിക്കാൻ ഉപയോഗിച്ച ബോംബിൽ ആ ബാറ്ററികൾ ഉപയോഗിച്ചു. എന്നാൽ പിന്നീട്, 2017ൽ, ബാറ്ററി എന്തിനാണെന്ന് അറിയില്ലായിരുന്നു എന്ന പേരറിവാളന്റെ മൊഴി രേഖപ്പെടുത്താൻ വിട്ടു പോയിരുന്നു എന്നു സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തി. അയാൾ രണ്ടു പതിറ്റാണ്ടു ജയിലിൽ കഴിഞ്ഞതിൽ ഖേദമുണ്ടെനും ഉദ്യോഗസ്ഥൻ അന്ന് പറഞ്ഞു. 

പരോളിൽ കഴിയുന്ന പേരറിവാളന്റെ ജോലാർപേട്ടയിലെ വീട്ടിൽ ബുധനാഴ്ച മാധ്യമങ്ങളോട് പ്രതി പറഞ്ഞത് അമ്മയുടെ പ്രാർത്ഥനയാണു തന്നെ തുണച്ചതെന്നാണ്. ഇപ്പോൾ 50 വയസായ പേരറിവാളൻ വിവാഹം കഴിച്ചു കാണണം എന്നാണ് പിതാവ് കുയിൽദാസന്റെ ആഗ്രഹം. 

 

  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക