Image

ഫ്ളോയ്‌ഡ് കേസിൽ ഓഫീസർ കുറ്റം സമ്മതിച്ചു 

Published on 19 May, 2022
ഫ്ളോയ്‌ഡ് കേസിൽ ഓഫീസർ കുറ്റം സമ്മതിച്ചു 



കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയ്‌ഡിനെ കാൽമുട്ടു കൊണ്ടു ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ മിനെപോളിസിലെ മുൻ പൊലിസ് ഉദ്യോഗസ്ഥൻ തോമസ് ലെയ്ൻ കുറ്റസമ്മതം നടത്തി. മനഃപൂർവമല്ലാത്ത നരഹത്യ സമ്മതിച്ചു ബുധനാഴ്ച്ച ലെയ്ൻ അപേക്ഷ സമർപ്പിച്ചെന്നു മിനസോട്ട അറ്റോണി ജനറൽ കെയ്ത്ത് എലിസൺ പറഞ്ഞു. 

ഒത്തുതീർപ്പു പ്രകാരമുള്ള കുറ്റസമ്മതമായതു കൊണ്ടു കൊലയ്ക്കു സഹായിച്ചു എന്ന കൂടുതൽ ഗുരുതരമായ ആരോപണം ഒഴിവായി കിട്ടും. 

"ഫ്‌ളോയ്‌ഡിന്റെ മരണത്തിലുള്ള പങ്കു തോമസ് ലെയ്ൻ സമ്മതിച്ചതിൽ സന്തോഷമുണ്ട്," എലിസൺ പറഞ്ഞു. "ഇന്ന് ഒരിക്കൽ കൂടി എന്റെ ചിന്ത ഇരയായ ജോർജ് ഫ്‌ളോയ്‌ഡിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കൂടെയാണ്. ഫ്‌ളോയ്‌ഡിനെ എന്തായാലും നമുക്ക് തിരിച്ചു കിട്ടില്ല. അദ്ദേഹം പക്ഷെ ഇപ്പോഴും നമ്മോടു കൂടെയുണ്ട്.

"തെറ്റു ചെയ്തു എന്ന് ലെയ്ൻ സമ്മതിച്ചതു  ഫ്‌ളോയ്‌ഡ്  കുടുംബത്തിന്റെയും നമ്മുടെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മുറിവുകൾ ഉണക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ചുവടുവയ്‌പാണ്‌."

ലെയ്‌നും മിനെപോളിസിലെ മറ്റു രണ്ടു പൊലിസ് ഉദ്യോഗസ്ഥന്മാരും ഫ്‌ളോയ്‌ഡിന്റെ പൗരാവകാശങ്ങൾ ലംഘിച്ചതായി നേരത്തെ ഈ വർഷം വിചാരണയിൽ കണ്ടെത്തിയിരുന്നു. 2020 മെയ് 25 നു ലെയ്‌നിന്റെ സഹപ്രവത്തകനും അദ്ദേഹത്തെപ്പോലെ വെള്ളക്കാരനുമായ ഡെറെക്ക് ചോവിൻ ഫ്‌ളോയ്‌ഡിന്റെ കഴുത്തിൽ കാൽമുട്ട് 9 മിനിറ്റിലേറെ അമർത്തി പിടിച്ചതു കൊണ്ട് ശ്വാസം മുട്ടിയാണ് 46കാരൻ മരിച്ചത്. ശ്വാസം മുട്ടുന്നു എന്ന് ഫ്‌ളോയ്സ് വിളിച്ചു പറഞ്ഞത് പൊലിസ് അവഗണിച്ചു.  കഴിഞ്ഞ വർഷം കോടതി ചോവിനു കൊലക്കുറ്റത്തിന് 22 വർഷം തടവ് ശിക്ഷ നൽകിയിരുന്നു. 

മറ്റു രണ്ടു പ്രതികളും ഫ്‌ളോയ്‌ഡിന്റെ പൗരാവകാശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. അവരുടെ വിചാരണ മേയിൽ തുടരും. അലക്സാണ്ടർ കുയങ് കറുത്ത വർഗക്കാരനാണ്. തൗ താവോ ഏഷ്യൻ വംശജനും. 

കള്ളനോട്ട് കൊടുത്തു എന്ന കപ്പ് ഫുഡ്‌സ് ക്ലാർക്കിന്റെ പരാതിയെ തുടർന്നാണ് പൊലിസ്  ഫ്‌ളോ യ്ഡിനെ സമീപിച്ചത്.  താവോ   ഫ്‌ളോ യ്ഡിനെ സ്‌പർശിച്ചില്ല എന്ന് കണ്ടെത്തിയിരുന്നു. 

ഫ്‌ളോയ്ഡിന്റെ മരണത്തിന്റെ രണ്ടാം വാർഷികം മെയ് 25 നു ആചരിക്കാനിരിക്കെയാണ് ഈ കുറ്റ സമ്മതം ഉണ്ടായത്. 
പൊലിസ് ഭീകരതയ്ക്കും വ്യവസ്ഥിതി വളർത്തുന്ന വംശവെറിക്കും എതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക