Image

പാമ്പ് പണ്ട് പുഴുവായി ദംശിച്ചതും ഇപ്പോൾ പുഴു പാമ്പായി പത്തി നിവർത്തുന്നതും : പ്രകാശൻ കരിവെള്ളൂർ

Published on 19 May, 2022
പാമ്പ് പണ്ട് പുഴുവായി ദംശിച്ചതും ഇപ്പോൾ പുഴു പാമ്പായി പത്തി നിവർത്തുന്നതും : പ്രകാശൻ കരിവെള്ളൂർ

 

ധീശത്വത്തിന്റെയും അധ:കൃതത്വത്തിന്റെയും  ഇടയിൽ നേരിട്ടോ അല്ലാതെയോ എപ്പോഴും സംഘർഷങ്ങൾ വർത്തിക്കുന്നുണ്ട്. സ്വാഭാവികമായി ആ സംഘർഷങ്ങൾ വളർന്ന് അധീശത്വത്തിന്റെ മേൽക്കോയ്മയ്ക്കും അവർ അധ:കൃതത്വത്തോട് കാട്ടുന്ന അനീതിക്കും ഇട വരുത്തുന്നതു കൊണ്ട് നീതിപക്ഷ രാഷ്ട്രീയബോധത്തിന് അധ:കൃതത്വത്തിന്റെ പക്ഷം ചേരേണ്ടി വരികയും ചെയ്യും . എന്നാൽ വംശീയമായ അടിയൊഴുക്കുകൾ സജീവമായ വർത്തമാന കാലത്ത് ഈ നൈതിക രാഷ്ട്രീയത്തിൽ പല കുഴമറിച്ചലുകളും സംഭവിക്കുന്നുണ്ട് എന്ന് സ്പഷ്ടമായി ബോധ്യപ്പെടുത്തുന്ന, ശ്രദ്ധേയമായ സിനിമയാണ് ഹർഷാദ് - രത്തീന മമ്മൂട്ടി അപ്പുണ്ണി ശശി ശിവദാസ് പൊയിൽ ക്കാവ്  ടീമിന്റെ പുഴു. അത് ജാതി മത മേലാള-കീഴാള പ്രശ്നത്തിനിടയിൽ മാധ്യമപരമായി സിനിമയ്ക്ക് മുന്നിൽ നാടകം നേരിടുന്ന കീഴാളത്തത്തെയും അറിയാതെ ചർച്ച ചെയ്യാൻ ഇടവരുത്തുന്നുണ്ട്.
 
ഹൈന്ദവതയുടെ അധീശഭാവമായ ബ്രാഹ്മണ്യത്തെ കുട്ടൻ എന്ന പോലീസ് ഓഫീസറായും   സിനിമാതാരം എന്ന പ്രഭാവത്തെ മമ്മൂട്ടി എന്ന നടനായും സിനിമ ഒരുമിച്ച് അടയാളപ്പെടുത്തുന്നു. അപ്പുണ്ണിശശി എന്ന നാടകക്കാരൻ  അയാൾ തന്നെയായും ബ്രാഹ്മണയുവതിയെ വിവാഹം കഴിച്ച കറുത്ത ജാതിക്കാരനായും നേരിട്ട് അടയാളപ്പെടുന്നു. ഈ കറുത്തവൻ എന്ന വിശേഷണം അധിക്ഷേപമായി കേട്ട് പറഞ്ഞവന്റെ ചെകിട്ടത്തടിച്ച നേരിയ ദളിത് അസഹിഷ്ണുതയാണ് സിനിമയുടെ ആദ്യഭാഗത്തെങ്കിൽ ദളിതന്റെ കുഞ്ഞിനെ പ്രസവിക്കുന്ന പെങ്ങളെയും ആ ദളിതനെയും തലയ്ക്കടിച്ച് കൊല്ലുന്ന ബ്രാഹ്മണ്യത്തിന്റെ ക്രൂര ഹിംസയാണ് അവസാന ഭാഗത്ത് . സിനിമയിലെ നാടകത്തിന്റെ പേര് തക്ഷകൻ എന്നാണ്. തക്ഷകൻ എന്ന നാടകമുള്ള സിനിമയുടെ പേര് പുഴു എന്നാണ്.
 
മഹാഭാരത കഥയിൽ തക്ഷകൻ പുഴുവായി വന്ന് രാജാവിനെ ദംശിച്ച കഥയാണല്ലോ. ഇവിടെ കുട്ടൻ എന്ന തക്ഷകൻ  പെങ്ങളുടെ കുട്ടിയെ ബ്രാഹ്മണ്യമാമോദിസ മുക്കാം എന്ന രമ്യഭാവത്തിൽ പുഴുവായി വന്ന് അതിന് തടസ്സമാകാൻ അവളുടെ ഭർത്താവിന്റെ നിലപാട് കാരണമാകും എന്ന് കരുതി രണ്ടു പേരെയും കൊല്ലുന്നു. മറുഭാഗത്ത് പണ്ട് കുട്ടൻ തീവ്രവാദിക്കേസിൽ അകത്താക്കിയ കബീറിന്റെ മകൻ പുഴു പ്രായമായ അമീർ എന്ന പയ്യൻ തക്ഷകനായി വന്ന്  കുട്ടനെ ദംശിക്കുന്നുമുണ്ട്.
 
ഇന്ത്യൻ ജാതി വ്യവസ്ഥയിൽ മുസ്ളീമും നേരിടുന്നത് ദളിത് അവഗണനയാണെന്ന് കേരളത്തിലൊഴിച്ച് സമ്മതിക്കാം . എന്നാൽ അതിന്റെ മറവിൽ ഇസ്ളാമിക തീവ്രവാദത്തിന്റെ ഒരു ന്യായീകരണം ഒളിച്ചു കടത്തലും സംഭവിച്ചു വോ ആ പുഴു - പാമ്പായി പത്തി നീർത്തുന്ന ക്ളൈമാക്സിൽ ? അവിടെ സിനിമയുടെ ഉദ്ദേശ്യശുദ്ധിയിൽ വംശീയവിഷം കലർന്നിട്ടുണ്ടോ എന്ന് സംശയം തോന്നുന്നു.
 
ജാതിക്കെതിരെയുള്ള ചിന്ത മറ്റൊരു ജാതിചിന്തയിൽ നിന്നാണ് പിറവിയെടുക്കുന്നതെങ്കിൽ അതിൽ വിഷലിപ്തമായ രാഷ്ട്രീയമാണുള്ളത് . തീർച്ച. നമുക്ക് നമ്മളെ മാത്രമേ തിരുത്താൻ കഴിയൂ എന്നല്ല പറയേണ്ടത്. നമ്മൾ നമ്മളെയെങ്കിലും തിരുത്തിയേ തീരൂ എന്നാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക