Image

ബ്രഹ്‌മപുത്രയില്‍ ഇനി തുരങ്കവും (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 19 May, 2022
ബ്രഹ്‌മപുത്രയില്‍ ഇനി തുരങ്കവും (ദുര്‍ഗ മനോജ് )

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസം വാര്‍ത്തയില്‍ നിറയുകയാണ്. തീവ്ര മഴയില്‍ ഒരു പ്രദേശം അപ്പാടെ മഴക്കെടുതിയിലായി. കനത്ത വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ റെയില്‍വേ സ്റ്റേഷനുകളും ഒലിച്ചുപോയ റെയില്‍ പാതകളും പാലങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന തിരക്കിലാണു അധികൃതര്‍ അവിടെ. മഴക്കാലമായാലും വേനല്‍ക്കാലമായാലും വെള്ളപ്പൊക്കം ഉണ്ടാകുന്ന ബ്രഹ്‌മപുത്ര ഒരേ സമയം അസംകാരുടെ ജീവദായിനിയും മരണകാരണിയുമാണ്. ആ അസമില്‍ നിന്നാണു പുതിയ വാര്‍ത്ത. ഇതു രാജ്യത്തിനു തന്നെ പ്രതീക്ഷയും അഭിമാനവു നല്‍കുന്ന വാര്‍ത്തയാണ്.  രാജ്യത്തെ ഏറ്റവും നീളമേറിയ പാലത്തിന്റെ ഉദ്ഘാടനം അസമില്‍ നിര്‍വ്വഹിച്ചതിനു പിന്നാലെ ബ്രഹ്‌മപുത്രാ നദിയുടെ അടിയിലൂടെ ഒരു തുരങ്ക പാതയുടെ നിര്‍മ്മാണത്തിനൊരുങ്ങുകയാണു കേന്ദ്ര സര്‍ക്കാര്‍. ഏതാണ്ട് 7000 കോടി രൂപയുടെ ചെലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതി രാജ്യത്തെ ആദ്യ തുരങ്ക പാതയാകും. അതോടെ അസമിനേയും അരുണാചല്‍ പ്രദേശിനേയും ബന്ധിപ്പിച്ച് റെയില്‍ ഗതാഗതവും റോഡുഗതാഗതവും സാധ്യമാക്കാനാണു ലക്ഷ്യമിടുന്നത്. ഒപ്പം അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ മൂന്നാമതൊരു തുരങ്കവും ഉണ്ടാകും. ബോഡര്‍ റോഡ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്നാണു പദ്ധതിയുടെ ആസൂത്രണം. ഈ പാതയുടെ പ്രത്യേകത എന്താണെന്നു വച്ചാല്‍ സൈനിക ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം എന്നതാണ്.

അരുണാചല്‍ അതിര്‍ത്തിയിലെ ചൈനീസ് വെല്ലുവിളി മറികടക്കുക എന്നതാണു പ്രധാനമായും ഈ തുരങ്ക പാതയുടെ നിര്‍മ്മാണം കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്രഹ്‌മപുത്രയുടെ അടിയിലൂടെ നിര്‍മ്മിക്കുന്ന മൂന്നു തുരങ്കങ്ങളേയും പരസ്പപരം ബന്ധിച്ചു കൊണ്ടുള്ള ഇടനാഴികളും പാതയുടെ ഭാഗമായി ഉണ്ടാകും. നദിയുടെ അടിത്തട്ടില്‍ നിന്നും 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കം എന്നാണു റിപ്പോര്‍ട്ടുകള്‍. ബ്രഹ്‌മപുത്രയിലൂടെയുള്ള ജീവന്‍ കൈയ്യില്‍ പിടിച്ചു കൊണ്ടുള്ള യാത്രാദുരിതങ്ങള്‍ അവസാനിക്കട്ടെ. വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കു പുറം നാടുകളിലേക്കു കടന്നു വരാന്‍ ഈ പാതകള്‍ വഴിയൊരുക്കട്ടെ. കാത്തിരിക്കാം അത്തരമൊരു മുന്നേറ്റത്തിനായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക