റഷ്യയുടെ'ക്രൂരമായ ഇറാഖ് അധിനിവേശം'; യുക്രൈന്‍ അധിനിവേശത്തെ വിമര്‍ശിക്കുന്നതിനിടെ ബുഷിന് നാക്കുപിഴ

Published on 19 May, 2022
റഷ്യയുടെ'ക്രൂരമായ ഇറാഖ് അധിനിവേശം'; യുക്രൈന്‍ അധിനിവേശത്തെ വിമര്‍ശിക്കുന്നതിനിടെ ബുഷിന് നാക്കുപിഴ

 


ന്യൂയോര്‍ക്ക്: മുന്‍  പ്രസിഡന്റ് ജോര്‍ജ് ബുഷിന് പ്രസംഗിക്കുന്നതിനിടെ വന്ന  നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറൽ.  റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു ബുഷിന് നാക്ക് പിഴച്ചത്.  

 

 

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ അപലപിക്കവെ, റഷ്യ ഉക്രൈനില്‍ അധിനിവേശം നടത്തി എന്ന് പറയുന്നതിന് പകരം ഇറാഖില്‍ അധിനിവേശം നടത്തി എന്നാണ് അബദ്ധത്തില്‍ ബുഷ്  പ്രസംഗിച്ചത്. ഉടന്‍ തന്നെ  തിരുത്തിയ അദ്ദേഹം ഇറാഖില്‍ നടത്തിയതും അധിനിവേശമാണെന്ന് ശബ്ദം താഴ്ത്തി നര്‍മരൂപത്തില്‍ പറഞ്ഞു.''ന്യായീകരിക്കാനാകാത്തതും ക്രൂരവുമായ രീതിയില്‍ ഇറാഖിനെ അധിനിവേശം ചെയ്യാന്‍...ഞാനുദ്ദേശിച്ചത് ഉക്രൈനിനെ അധിനിവേശം ചെയ്യാന്‍..,” എന്നായിരുന്നു പ്രസംഗത്തില്‍ ബുഷ് പറഞ്ഞത്. ഇറാഖ് എന്ന് പ്രസംഗത്തില്‍ പറഞ്ഞത് അപ്പോള്‍ തന്നെ തിരുത്തി ഉക്രൈന്‍ എന്നാക്കി .
പ്രായം കാരണം സംഭവിച്ച പിഴവാണ് ഇതെന്ന് സൂചിപ്പിക്കാനായി 'എനിവേ 75’ എന്ന് തന്റെ പ്രായത്തെയും പ്രസംഗത്തില്‍ ബുഷ്  പരാമര്‍ശിക്കുന്നുണ്ട്.  

ഡാളസിലെ ജോര്‍ജ് ഡബ്ല്യു ബുഷ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തിനിടെ ഉക്രൈൻ യുദ്ധത്തെകുറിച്ച്  പറയവേയായിരുന്നു 2003-ലെ ഇറാഖ് അധിനിവേശത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന മുന്‍ പ്രസിഡണ്ടിന്  നാവ്  പിഴച്ചത്.

യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യം 2003ല്‍ ഇറാഖില്‍ അധിനിവേശം നടത്തിയ സമയത്ത് ജോര്‍ജ് ബുഷിന്റെ ഭരണകൂടമായിരുന്നു യു.എസ് ഭരിച്ചിരുന്നത്. ഇത്  ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ബുഷിന്റെ പ്രസംഗത്തെ ട്രോളുന്നത്.

യു.എസിന്റെ ഇറാഖ് അധിനിവേശം ക്രൂരമായിരുന്നു എന്ന സത്യം ഒടുവില്‍ ബുഷ് സമ്മതിച്ചു, എന്ന തരത്തിലും പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക