Image

ബേബി ഫോർമുല വോട്ടിങ്ങിൽ സെനറ്റിൽ ഐക്യം 

Published on 20 May, 2022
ബേബി ഫോർമുല വോട്ടിങ്ങിൽ സെനറ്റിൽ ഐക്യം 



വരുമാനം കുറഞ്ഞ കുടുംബങ്ങളെ  ബേബി ഫോർമുലയുടെ ക്ഷാമത്തിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമം സെനറ്റ് വ്യാഴാഴ്ച പാസാക്കി. അതേ സമയം, യൂറോപ്പിൽ നിന്ന് ബേബി ഫോർമുല കൊണ്ടു വരാനുള്ള ആദ്യ വിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പറക്കുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു. 

ആഭ്യന്തര ഉത്പാദനം കുറഞ്ഞത് മൂലമുണ്ടായ പ്രതിസന്ധി നേരിടാനുള്ള Access to Baby Formula Act ഹൗസിൽ ബുധനാഴ്ച  414 വോട്ട് നേടിയിരുന്നു. ഒൻപതു അംഗങ്ങളാണ് എതിർത്തത്. സെനറ്റിന്റെ വോട്ട് കൂടി ലഭിച്ചതോടെ ഇനി വേണ്ടത് പ്രസിഡന്റ് ജോ ബൈഡന്റെ ഒപ്പു മാത്രം. 

"സെനറ്റിൽ പ്രധാന നടപടികൾക്ക് ഏകാഭിപ്രായം ഉണ്ടാവുന്നത് അപൂർവമാണ്," മജോറിറ്റി ലീഡർ ചാൾസ് ഷൂമർ (ഡെമോക്രാറ്റ്-ന്യയോർക്ക്) പറഞ്ഞു. "ഇത് അത്തരം ഒരു നടപടിയാണ്. ഇതിൽ നമ്മൾ ഒറ്റക്കെട്ടായി നിന്നതു സന്തോഷകരമാണ്."

സ്വിറ്റസർലണ്ടിലെ സൂറിക്കിൽ നിന്ന് ഒന്നര മില്യൺ ബേബി ഫോർമുല കുപ്പികൾ കൊണ്ട് വരാൻ പെന്റഗൺ വിമാനങ്ങൾ തയ്യാറാക്കുകയാണ്. ഇന്ത്യാനയിലെ പ്ലൈൻഫീൽഡിലേക്കാണ് ഇവ പറത്തുക. ബൈഡൻ പ്രഖ്യാപിച്ച 'ഓപ്പറേഷൻ ഫ്ലൈ ഫോർമുല' പദ്ധതി പ്രകാരമാണ് ഈ നീക്കം. 

മൂന്നു വ്യത്യസ്‌ത ബേബി ഫോർമുലകൾ സൂറിക്കിൽ നിന്ന് കൊണ്ടു വരും. അലർജിയുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഫോർമുലകൾക്കാണ് മുന്ഗണനയെന്നു വൈറ്റ് ഹൗസ് പറഞ്ഞു. കാരണം അത്തരം ഫോര്മുലകൾക്കാണ് ഏറ്റവും ക്ഷാമം. 


ആബട്ട് ലാബിൽ ബാക്ടീരിയ കണ്ടതിനെ തുടർന്നു ഫെബ്രുവരിയിൽ അവിടെ  ഉത്പാദനം നിർത്തി വച്ചതാണു ക്ഷാമത്തിന് പ്രധാന കാരണമായത്. മിഷിഗണിലെ പ്ലാന്റ് വീണ്ടും തുറക്കാൻ എഫ് ഡി എ തിങ്കളാഴ്ച്ച അനുമതി നൽകി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക