രണ്ട് മുന്‍ പ്രസിഡന്റുമാരുടെ ആശിര്‍വാദത്തോടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ടെക്‌സസ് അറ്റോർണി ജനറൽ റണ്‍ ഓഫില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 20 May, 2022
രണ്ട്  മുന്‍ പ്രസിഡന്റുമാരുടെ ആശിര്‍വാദത്തോടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ടെക്‌സസ് അറ്റോർണി ജനറൽ റണ്‍ ഓഫില്‍   (ഏബ്രഹാം തോമസ്)

ടെക്‌സസിലെ നിലവിലെ അറ്റേണി ജനറല്‍(റിപ്പബ്ലിക്കന്‍) കെന്‍ പാക്‌സ്ടണ്‍ വീണ്ടും തിരഞ്ഞെടിപ്പിനെ നേരിടുകയാണ്. മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് എല്ലാ പിന്തുണയും സ്ഥാനാര്‍ത്ഥിക്കുണ്ട്. തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്ന് അധികനാളാവുന്നത് മുമ്പ് ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് മുതല്‍ നടത്തിയ അഭിപ്രായ സര്‍വേകളിലെല്ലാം പാക്‌സ്ടണ് വലിയ ജനപിന്തുണയുണ്ട്.

അഭിപ്രായ സര്‍വേകളില്‍ മൂന്നാം സ്ഥാനക്കാരനായ ബഹുദൂരം പിന്നില്‍ നില്‍ക്കുകയായിരുന്നു ലാന്‍ഡ് കമ്മീഷ്ണറും മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്‌ളിയൂ ബുഷിന്റെ പൗത്രനും മുന്‍ ഫ്‌ളോറിഡ ഗവര്‍ണ്ണറായ ജെബ് ബുഷിന്റെ മകനുമായ പോള്‍ ജോര്‍ജ് ബുഷ്. മറ്റൊരു മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്‌ളിയൂ ബുഷ് ജെബിന്റെ ജേഷ്ഠ സഹോദരനാണ്. ട്രമ്പിനെ നിശിതമായി വിമര്‍ശിക്കുന്ന ഡബ്‌ളിയു ബിഷ് പോളിനെ പിന്തുണയ്ക്കുന്നു.

എജി പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും 50% വോട്ട് നേടാന്‍ കഴിയാത്തതിനാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍്തഥിയെ കണ്ടെത്തുവാനുള്ള റണ്‍ ഓഫ് മെയ് 24ന് നടക്കും. പ്രൈമറിയിലെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനവും മെയില്‍ ഇന്‍ ബാലറ്റുകള്‍ വോട്ടര്‍മാര്‍ക്ക് എത്തിക്കുന്നതില്‍ സംഭവിച്ച പരാജയവും ഇപ്പോഴും പരിഹരിച്ചിട്ടില്ല. റണ്‍ ഓഫില്‍ എത്ര ശതമാനം വോട്ടിംഗ് ഉണ്ടാകുമെന്ന് കണ്ടു തന്നെ അറിയണം.

ഇതിനിടയില്‍ ഒരു സുപ്രധാന നിലപാട് മാറ്റം നടത്തി ജോര്‍ജ് പി ശ്രദ്ധ നേടി. നിയമ വിരുദ്ധമായി കുടിയേറിയ കുട്ടികള്‍ക്ക് ഇന്‍സ്റ്റേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കുറഞ്ഞ ട്യൂഷന്‍ ഫീസ് നല്‍കി പഠനം തുടരാന്‍ അനുവദിക്കണമെന്ന് സ്ഥാനാര്‍ത്ഥി വാദിച്ചിരുന്നു. 2014 ലെ ഈ നയം നാമമാത്രമായ അധികചെലവ് മാത്രമെ സംസ്ഥാനത്തിന് ഉണ്ടാക്കൂ എന്ന് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആനുകൂല്യം ഉടനടി നിറുത്തലാക്കണമെന്നാണ് ഇ്‌പ്പോള്‍ പറയുന്നത്. നിയമപരമല്ലാതെ കുടിയേറിയവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന പ്രശ്‌നം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ തീരുമാനം കോടതി തിരുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ജോര്‍ജ് പി കൂട്ടിചേര്‍ത്തു.
അഴിമതി ആരോപണങ്ങളും കോടതി കേസുകളും പാക്സ്റ്റന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല ഇടുവാന്‍ പര്യാപ്തമാവുമെന്ന് എതിരാളികള്‍ പറയുന്നു. എന്നാല്‍ ഇവ ഒന്നും സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുവാന്‍ പോകുന്ന വോട്ടുകളെ ബാധിക്കുകയില്ലെന്ന് അനുയായികള്‍ പറയുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞുതള്ളുവാനാണ് ഇവര്‍ക്ക് താല്‍പര്യം. ഒരു ചെറിയ ശതമാനം(16%) റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ മാത്രമേ അറ്റേണി ജനറലിന് ആവശ്യമായ സത്യസന്ധത പാക്‌സ്ടണിന്റെ പ്രവര്‍ത്തികളില്‍ കണ്ടില്ല എന്ന് പറഞ്ഞുള്ളൂ എന്ന് ഡാലസ് മോണിംഗ് ന്യൂസും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ്‌ടൈലറും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കണ്ടെത്തി.
എന്നാല്‍ ഈയിടെ നടത്തിയ വില്ലല്‍ബ സര്‍വേയില്‍ 5 ല്‍ 2 പേര്‍ ബുഷ് എ്ന്ന് അവസാനിക്കുന്ന പേരിന് വോട്ടു ചെയ്യില്ല എന്ന് റിപ്പോര്‍ട്ടുണ്ടായി. എങ്കിലും ജോര്‍ജ് പിയുടെ പ്രഖ്യാപിത കുടിയേറ്റ നിയമം പിന്തുണയ്ക്കുന്നവര്‍ ഏറെയുണ്ട്. ടെക്‌സസ് ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പ്രസ്താവന ഏറ്റുപിടിക്കുവാന്‍ ധാരാളം പേരുണ്ടായി. അതിര്‍ത്തികള്‍ ആക്രമിക്കപ്പെടുന്നതിനെതിരെ നടപടികളെടുക്കുവാനും അനധികൃത കുടിയേറ്റക്കാരെ തിരികെ മെക്‌സിക്കോയിലേയ്ക്ക് അയയ്ക്കുവാന്‍ സ്‌റ്റേറ്റ് പോലീസും സേനയും നടപടികള്‍ സ്വീകരിക്കണമെന്നും ജോര്‍ജ് പി പറഞ്ഞു.

ഡെമോക്രാറ്റുകളുടെ പ്രൈമറി റണ്‍ ഓഫില്‍ ലഫ്.ഗവര്‍ണ്ണര്‍ സ്ഥാനത്തേയ്ക്ക് മൈക്ക് കൊളിയറും കരോള്‍ട്ടന്‍ സ്‌റ്റേറ്റ് റെപ്.മിഷെല്‍ ബെക്കിലിയും മത്സരിക്കുന്നു. എജിയാകാന്‍ അറ്റേണി റോഷല്‍ ഗാര്‍സയും മുന്‍ ഗ്യാല്‍വസ്റ്റന്‍ മേയര്‍ ജോ ജെവോര്‍സ്‌കിയും ഏറ്റുമുട്ടുന്നു. നിലവിലെ കംപ്‌ട്രോളര്‍ ഗ്ലെന്‍ഹേഗറുടെ സ്ഥാനം തേടി ജാനെറ്റ് ഡൂഡിംഗും ഏഞ്ചല്‍ വേഗയും തമ്മിലാണ് റണ്‍ ഓഫ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക