Image

നിലാവുള്ള രാത്രിയിൽ: കഥ, ശുഭ ബിജുകുമാർ

Published on 20 May, 2022
നിലാവുള്ള രാത്രിയിൽ: കഥ, ശുഭ ബിജുകുമാർ

 

രു നിലാവുള്ള രാത്രിയിൽ ആയിരുന്നു നവീൻ അവളെ ആദ്യമായി കാണുന്നത്. തുടുത്ത ആപ്പിൾ പോലെ ഒരു സുന്ദരികുട്ടി. 
നീളം കുറഞ്ഞ നിക്കറും ബനിയനും ആയിരുന്നു വേഷം.


നേപ്പാളി ഭാഷയിൽ സംസാരിച്ചു കൊണ്ടു നവീൻ താമസിക്കുന്ന വീടിന്റെ പിന്നാമ്പുറത്തേയ്ക്ക് അവൾ നടന്നു.
അവൻ സിലിഗുരിയിൽ എത്തിയിട്ട് ഒരാഴ്ച പിന്നിട്ടിരുന്നു.


അരുണിമയുടെയും ദേവന്റെയും രണ്ടു മക്കളിൽ മൂത്തയാൾ
നവീൻ ആണ്. ഇളയ ആൺകുട്ടി വിനീത്  ഡിഗ്രിക്കു പഠിക്കുന്നു.
സ്വന്തം ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന സ്ത്രീയാണ് അരുണിമ. അവരോട് ഒരിക്കൽ സംസാരിക്കുന്നവർക്ക് പോലും ഇഷ്ടം തോന്നുന്ന പ്രകൃതം.


ഗോതമ്പു നിറമുള്ള മുഖം. കണ്ണിൽ വല്ലാത്ത ചൈതന്യം. 
അവരുടെ ഒറ്റ കൽ മൂക്കുത്തി പോലും നാണിക്കുന്ന മുഖകാന്തി..
അരുണിമ അധ്യാപികയാണ്.
ദേവനു ബാങ്കിലാണ് ജോലി. അച്ഛനും മക്കൾക്കും അരുണിമയെക്കുറിച്ചെന്നും അഭിമാനം മാത്രമേ തോന്നിയിട്ടുള്ളു.


വീട്ടു ജോലിക്കാരി മീനാക്ഷി ഏടത്തി മുതൽ ബാങ്കിലെ മാനേജർ സുഗുണൻ സാറിനോട് വരെ സംസാരിക്കുമ്പോൾ അരുണിമ അവർക്കു കൊടുക്കുന്ന ബഹുമാനം ഒരേ രീതിയിലാണ്.  

ചിലപ്പോൾ ദേവൻ ചോദിക്കും "നീ എന്താ എല്ലാവരോടും ഒരുപോലെ ഇട പെടുന്നത് ?, നിന്നിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട് "


"മനുഷ്യനെ മനുഷ്യനായി കാണു ദേവേട്ടാ "അതും പറഞ്ഞു അവർ ചിരിക്കും.


ചിലപ്പോൾ നവീനോടും വിനീതിനോടും ആരുടെ ഒക്കെയോ കഥകൾ പറയും. ഉപദേശം ആണെന്ന് തോന്നാത്ത വിധം ഉള്ളിന്റെ ഉള്ളിലേയ്ക്കു ആഴ്ന്നിറങ്ങും പോലെ പറയാൻ അമ്മയോളം കഴിവ് ആർക്കാണ് ഉള്ളതെന്ന് സന്ദീപ് ഓർക്കാറുണ്ട്.


"സ്വന്തം ആക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ള പെൺകുട്ടികൾക്ക് നമ്മളായിട്ട് പ്രതീക്ഷ കൊടുക്കരുത്,  അതു പോലെ സ്വന്തമായി തീർന്ന ആളെ വേദനിപ്പിക്കാനും പാടില്ല " എന്നായിരിക്കും ചിലപ്പോൾ കഥയുടെ അവസാനം പറയുക.
എന്നിട്ട് വെറുതെ ഒരു ചിരി പാസ്സാക്കും. കേൾക്കുന്നവർക്ക് മുഷിയുകയുമില്ല കാര്യങ്ങളൊക്കെ പറയുകയും ചെയ്യും.
'അമ്മയുടെ ഒരു ബുദ്ധിയേ'....
അവൻ മനസ്സിലോർക്കും.


ചിലപ്പോൾ പറയുക "ഏതു നിലവാരത്തിലുള്ള സ്ത്രീയോടും  മാന്യതയോടു ഇടപെട്ടു നോക്കു അവളത് ഇരട്ടി ആയി നിങ്ങൾ 
ക്ക് തിരികെ തരും " എന്നാവും.


നേപ്പാളി പെൺകുട്ടിയെ കണ്ടപ്പോൾ എന്തുകൊണ്ടാണോ അമ്മയുടെ വാക്കുകളൊക്കെ ഇങ്ങനെ ഓർമ്മയിലെത്തിയത്.


ജനാല വഴി അവളെ നിരീക്ഷിക്കുമ്പോൾ കുട്ടിയാണെന്ന് തോന്നിപ്പോയി. നേർത്ത കൊഞ്ചൽ ഉള്ള സ്വരം.
അടുത്ത ദിവസം അവൻ വരാന്തയിൽ ഉലാത്തുമ്പോൾ ഒരു മഞ്ഞ ഉടുപ്പിട്ട് നന്ദ്യാർ വട്ട ചെടിയുടെ തലപ്പ് താഴെയ്ക്കു  ചായ്ച്ചു
പൂക്കൂടയിലേയ്ക്കു  പൂക്കൾ ഇറുത്തിടുകയാണവൾ. പിന്നീട് കൈയിലുള്ള മൊന്തയിലെ വെള്ളം ചെടിയുടെ ചുവട്ടിൽ ഒഴിക്കുകയും ചെയ്തു.


കണങ്കാലിൽ ഒരു കറുത്ത ചരട് കെട്ടിയിരുന്നു, അവളുടെ വിരൽത്തുമ്പും ഉപ്പൂറ്റിയും റോസ് നിറത്തിൽ ആയിരുന്നു.
ഇടയ്ക്ക് ഏറു കണ്ണാൽ അവൾ അവനെ ഒന്ന് നോക്കുകയും ചെയ്തു.


ഒരു പിടയലോടെ അകത്തെയ്ക്കു ചാടി കയറി, കാരണം അധ്യാപിക ആയ അമ്മയുടെ തികച്ചും അച്ചടക്കമുള്ള മോൻ ആയിരുന്നു താൻ എന്ന ബോധം അവനിൽ ഇടയ്ക്കിടെ ഉടലെടുക്കുന്ന വികാരം ആയിരുന്നല്ലോ...
അതു കണ്ടു അവൾക്കു ചിരി വരുന്നുണ്ടായിരുന്നു......


സിലിഗുരിയിൽ ജോലിക്കു എത്തുമ്പോൾ അവനും അവളുമെല്ലാം ഒരേ വീട്ടിലെ വാടകക്കാർ ആയിരുന്നു.


മറ്റൊരു കുടുംബം ബംഗാളികൾ ആയിരുന്നു, സന്ധ്യാ സമയങ്ങളിൽ അവന്റെ വരാന്തയിൽ വന്നിരുന്നു അവൾ ഹിന്ദിയിൽ അതി സുന്ദരമായി പാടുക പതിവ് ആയിരുന്നു. 'മറ്റൊരു സ്ഥലവും ഈ പെണ്ണിന് കിട്ടിയില്ലേ' എന്നവൻ മനസ്സിലോർത്തു.. 


അവൾക്കു അച്ഛനും അമ്മയും അനിയത്തിയും ഉണ്ടായിരുന്നു, ഇടയ്ക്കു അവളെ കാണുമ്പോൾ അവനോടു ചോദിക്കും "കഹാ ജാ രഹാ ഹേ ഭയ്യാ'' ഒന്നും പറയാതെ ഒരു ചിരി പാസ്സാക്കി മുങ്ങുക ആണ് പതിവ്.
അവന്റെ മുറ്റത്തെ ചപ്പു ചവറുകൾ തൂത്തു കളയുക, 
പലതരം പൂക്കൾ വച്ചു പിടിപ്പിക്കുക അങ്ങനെ പലതും അവൾ ചെയ്യുക പതിവാണ്.


നാളുകൾ കടന്നുപോയി, ഒരു മഞ്ഞു കാലത്ത് ജോലി കഴിഞ്ഞു എത്തുമ്പോൾ ജമന്തി നിറയെ പൂക്കൾ....
മൂടൽ മഞ്ഞിൽ ഒരു മഞ്ഞയുടെ വിസ്മയ കാഴ്ച്ച......
മറ്റൊരു പൂവായി പൂക്കൾക്കിടയിൽ അവളും.


പിന്നീട് സിലിഗുരിയിലെ തെരുവുകളിൽ ആർത്തിയോടെ മോമോസ് തിന്നുന്ന അവളെ കണ്ടു. നേപ്പാളികളുടെ പ്രീയപ്പെട്ട ആഹാരങ്ങളിൽ ഒന്നായിരുന്നു മോമോസ്. അവനും മോമോസ് വാങ്ങി ചട്ണിയുമായി രുചിച്ചു നോക്കി. 
കഴിച്ചു കഴിഞ്ഞാണ് അവൾ ആർത്തിയോടെ കഴിക്കുന്നതിൽ കാര്യമുണ്ടന്ന് മനസ്സിലായത്, അത്രയും സ്വാദിഷ്ടം ആയിരുന്നു ഇളം ചൂടുള്ള മോമോസ്.


നിലാവുള്ള രാത്രികളിൽ കൂട്ടുകാരോടൊപ്പം മോമോസ് കടകളിൽ അവളെ കണ്ടു.


ഒരു ദിവസം 
"ഓ... ഭായ്യാ "എന്നുള്ള വിളി കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്നും അവൻ ഉണർന്നത്.
പുഴുങ്ങിയ ചോളവുമായി ഒരു പാത്രം അവൾ അവന്റെ നേരെ നീട്ടി. 
അവളുടെ മനോഹര വദനത്തിൽ പ്രണയമാണോ, സ്നേഹമാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് നാട്ടിലേയ്ക്കുള്ള യാത്രയിൽ അവൾ ഓടി വന്നു പറഞ്ഞു 
"ഭയ്യാ എല്ലാവരെയും തിരക്കി എന്ന് പറയണം"...


അങ്ങനെ നവീൻ സ്വന്തം നാട്ടിലെത്തി. തോട്ടിറമ്പിലെ മാവിൽ നിറയെ കണ്ണി മാങ്ങകൾ. പൂവാലി പശുവിന് ഒരു കുഞ്ഞു കിടാവുമായി....  അവനു പ്രീയപെട്ടവയായിരുന്നു അവിടുള്ളതെല്ലാം...


അരുണിമ കണ്ണിമാങ്ങ പറിച്ചു ഉപ്പിലിടുകയും നേന്ത്ര കായ വറുക്കുകയും ചെയ്തു പല ഭരണികളിലാക്കി അവനു കൊടുത്തു. നവീൻ കുറച്ചു ദിവസം അവിടെ തങ്ങി പിന്നീട് സിലിഗുരിയ്ക്കു മടങ്ങി. അവളുടെ അമ്മ അവനെ കണ്ട നിമിഷം ഓടി വന്നു അവനോടു പറഞ്ഞു ഓരോ ദിവസവും മോൻ വരുമെന്നോർത്തു മുറ്റമെല്ലാം വൃത്തിയാക്കിയിരുന്നു. അവൻ ചുറ്റിലും നോക്കി നേരാണ് ഒരില പോലുമില്ല.


അന്ന് അവൻ അവളെ കണ്ടില്ല, പിറ്റേന്ന്  കണ്ടപ്പോൾ അവൾ ആദ്യം ചോദിച്ചത് 'ഞങ്ങൾക്കു എന്തെങ്കിലും കൊണ്ടു വന്നോ' എന്നാണ് അങ്ങനെ അവനായി അമ്മ കൊടുത്തു വിട്ടത് അവൻ അവർക്കു നൽകി.  


അവളുടെ അമ്മയെ രണ്ടാമതു വിവാഹം ചെയ്തതാണ്..... അതുകൊണ്ട് അവളെയും അനിയത്തിയെയും രണ്ടാനച്ഛന് അത്ര സ്നേഹിക്കാനും കഴിഞ്ഞില്ല.
ഇക്കാര്യങ്ങൾ അവൾ പലപ്പോഴും സങ്കടത്തോടെ പറയാറുണ്ടു്. 
ആഹാര സാധനങ്ങൾ  വരെ പെട്ടിയിൽ അടച്ചു വെയ്ക്കും......
വളരെ കുറച്ചേ അയാൾ അവർക്കു കൊടുത്തിരുന്നുള്ളൂ എന്ന്.


അവൻ പലപ്പോഴും അവനുള്ള ഭക്ഷണം അവർക്കു കൊടുക്കുക പതിവായി. വിശപ്പിനോളം വലിയ വേദന ഇല്ലന്ന് അനുഭവിച്ചവർക്ക്‌ മാത്രമേ മനസ്സിലാകു.

പിന്നീട് ഏതോ മൊബൈൽ ഷോപ്പിൽ അവൾക്കു ജോലി കിട്ടി, ഉടമ ആളത്ര ശരിയല്ലന്ന് അവൾ തന്നെ പറയുകയും ചെയ്തു.


അനിയത്തി അനീറ്റ പറയുമായിരുന്നു "ദീദി ക്കു വലിയ സ്വപ്‌നങ്ങൾ ഉണ്ട്..... വലിയ വീട്, ഞങ്ങൾക്ക് നല്ല ഭക്ഷണം, വസ്ത്രം, അങ്ങനെ പലതും "....


ഇതിനിടെ അവളുടെ രൂപവും ഭാവവും ഒക്കെ മാറി, ചുരുണ്ട മുടിയുള്ള സുന്ദരി പെൺകുട്ടി മുടി സ്ട്രെയിറ്റ് ചെയ്ത് ജീൻസ് ഇട്ടു. മറ്റു ചില സമയങ്ങളിൽ മുത്തും ചില്ലും ഒക്കെ ആഭരണങ്ങൾ അണിഞ്ഞു.


ഒരു ദിവസം രാത്രി സമയം 9 ആയപ്പോൾ അവളുടെ മുറിയിൽ അടിയുടെ ഒച്ച കേട്ടു . നേപ്പാളി ഭാഷയിൽ അമ്മ അവളെ ശകാരിക്കുന്നു. 
പിന്നീട് കേട്ടു അവളുടെ അച്ഛൻ തിരക്കിട്ടു കല്യാണ ആലോചന നടത്തുന്നു എന്ന്..


'അവന് അവിടുന്ന് സ്ഥലം  മാറ്റമായി അവളുടെ അമ്മയോടും അനിയത്തിയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ എവിടുന്നോ അവൾ ഓടി കിതച്ചെത്തി. 
നിറയുന്ന കണ്ണുകളോടെ അവൾ അവനോടു ചോദിച്ചു "ഭയ്യാ ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ലേ ? " 
ഇല്ലന്നോ ഉണ്ടെന്നോ അവനു പറയാൻ കഴിഞ്ഞില്ല. അവൻ മറുപടിയായി സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി അവൾക്കു നൽകി അവിടെ നിന്നും യാത്രയായി. 
വണ്ടി കണ്ണിൽ നിന്നും മറയുന്ന നിമിഷം വരെ അവൾ അവിടെ ഉണ്ടായിരുന്നു. യാത്രയിലുടനീളം അവൾക്കു എന്താണ് സംഭവിച്ചത് എന്ന് അവൻ ഓർത്തു കൊണ്ടിരുന്നു. അവൾക്കു പിഴവ് പറ്റിയത് എവിടെ എന്നോർത്തു മനസ്സ് വ്യാകുലപെട്ടു.....
തന്നോടവൾക്കുണ്ടായ വികാരം എന്തായിരുന്നു ....
സൗഹൃദമോ, സാഹോദര്യമോ, അതോ പ്രണയമോ ? ? ?


പിന്നിട്ട ദിനങ്ങളിലേതെങ്കിലും നിമിഷങ്ങളിൽ താനവൾക്ക് മുന്നിൽ പ്രതീക്ഷയുടെ ഒരു കൈത്താരിയെങ്കിലും കൊളുത്തിയിരുന്നുവോ ..?
അവൻ ഓർമ്മത്താളുകൾ പുറകോട്ട് മറിച്ചു നോക്കി.
ഇല്ല ...., ഒരു നോട്ടം കൊണ്ടു പോലും താനവൾക്ക് ഒരു പ്രതീക്ഷയും നൽകിയില്ലെന്ന് അവനുറപ്പുണ്ടായിരുന്നു....

Join WhatsApp News
ലേഖ 2022-05-22 04:25:31
നല്ല കഥ
Sunish Acharya 2022-05-22 14:39:40
അമ്മയുടെ ഉപദേശം ഏറെ ഇഷ്ടപ്പെട്ടു. സ്വന്തമാക്കാൻ പറ്റില്ലെങ്കിൽ പെൺകുട്ടികൾക്ക് പ്രതീക്ഷ കൊടുക്കരുത്.. അതുപോലെ സ്വന്തമാക്കിയ പെണ്ണിനെ വേദനിപ്പിക്കരുത്.. ഹൃദയം കൊണ്ട് സ്വീകരിക്കുന്നു.. ഈ വാക്കുകൾ. നല്ല കഥ. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക