Image

ഓരോ നിമിഷവും സസ്‌പെന്‍സ്‌ ട്വല്‍ത്ത്‌മാന്‍ ഗംഭീരം

Published on 20 May, 2022
 ഓരോ നിമിഷവും സസ്‌പെന്‍സ്‌ ട്വല്‍ത്ത്‌മാന്‍ ഗംഭീരം


ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത്‌ പുതിയൊരു ട്രെന്‍ഡ്‌ സൃഷ്യിച്ച ജീത്തു
ജോസഫ്‌ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ്‌ ട്വല്‍ത്ത്‌മാന്‍. പന്ത്രണ്ടാമന്‍. അഞ്ചു പുരുഷന്‍മാരും
ആറ്‌ സ്‌ത്രീകളും അടങ്ങുന്ന സംഘം. അതിലൊരാളുടെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ ഒരു
റിസോര്‍ട്ടില്‍ എത്തുകയാണ്‌. അവര്‍ ആകെ 11 പേര്‍. പന്ത്രണ്ടാമനായി ഒരാള്‍ കൂടി എത്തുന്നത്‌ ഒരു അപരിചിതന്‍.
സൂഹൃത്സംഘത്തിന്റെ പാര്‍ട്ടി തുടങ്ങി ഒരു മണിക്കൂര്‍ ശേഷിക്കുമ്പോള്‍ അവരില്‍ ഒരാള്‍ കൊല്ലപ്പെടുന്നു.
അപചിതനെ ഒഴിവാക്കിയാല്‍ ബാക്കി പത്തു പേര്‍. ഇവരില്‍ ആരായിരിക്കാം ആ കൊലയാളി. അപരിചിതനായി
കടന്നു വന്ന ആളായിരിക്കുമോ? സിനിമയുടെ ആദ്യന്തം പ്രേക്ഷകന്‌ ഒരു തുമ്പും പിടികൊടുക്കാതെ
ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്‌ ജീത്തു ജോസഫ്‌.
ദൃശ്യത്തിലേതു പോലെ തന്നെ കഥാ നായകന്‍ ലാലാണ്‌. സുഹൃത്തുക്കളുടെ ബാച്ചിലര്‍ പാര്‍ട്ടിയിലേക്ക്‌ ലാലിന്റെ
കഥാപാത്രം കടന്നു വരുന്നതോടെ കഥ വികസിക്കുന്നു. നന്നായി മദ്യപിച്ച്‌ റിസോര്‍ട്ടിലാകെ അയാള്‍
പ്രശ്‌നമുണ്ടാക്കുന്നു. സ്‌ത്രീകളോടും അയാള്‍ അശ്‌ളീല പദങ്ങളുപയോഗിച്ച്‌ സംസാരിക്കുന്നുണ്ട്‌. അങ്ങനെ ആ
ബാച്ചിലര്‍ പാര്‍ട്ടിയില്‍ തന്നെ കൊണ്ടാവും വിധം പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ച ശേഷം അയാള്‍ പിന്നീട്‌ എവിടേക്കോ
പോകുന്നു. പിന്നീട്‌ ഇടവേളയ്‌ക്ക്‌ മുമ്പാണ്‌ ലാലിന്റെ കഥാപാത്രം എത്തുന്നത്‌. കഥ മുന്നോട്ടു പോകവേ
സുഹൃത്തുക്കളില്‍ ഒരാള്‍ കൊല്ലപ്പെടുന്നു.
ലാല്‍ എന്ന നടന്റെ അഭിനയമികവ്‌ തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത്‌. ഒരു ത്രില്ലര്‍
ചിത്രത്തിന്റെ ഏറ്റവും വലിയ പ്‌ളസ്‌ പോയിന്റ്‌ എന്നു പറയുന്നത്‌ തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷ
നിലനിര്‍ത്തുക എന്നതാണ്‌. കൈയ്യടക്കം വന്ന അഭിനയത്തിലൂടെ ലാല്‍ എന്ന മഹാ നടന്‍ ഇതിലെ കൊലയാളിയെ
കണ്ടെത്തുമ്പോള്‍ പ്രേക്ഷകനും കൈയ്യടിക്കും. അടച്ചിട്ട മുറിയിലെ മേശക്ക്‌ ഇരുപുറവും സുഹൃത്തുക്കളെ ഇരുത്തിയ ശേഷം
അവരെ ഓരോരുത്തരോടും ചോദ്യങ്ങള്‍ ചോദിക്കുകയും സാഹചര്യവുമായി കൂട്ടിയിണക്കിയും
യഥാര്‍ത്ഥ കൊലയാളിയിലേക്ക്‌ നായകന്‍ എത്തുമ്പോള്‍ ജീത്തു ജോസഫ്‌ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും
എന്താണോ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്‌ അതിന്റെ ഉത്തരമാകുന്നു.
സാങ്കേതിക വിദ്യയുടെ പുത്തന്‍ ലോകത്ത്‌ കുറ്റാന്വേഷണ രീതികളും വളരെയേറെ മാറിയിട്ടുണ്ട്‌.
ട്വല്‍ത്തമാനിലും ആ രീതി തന്നെയാണ്‌ പിന്തുടരുന്നത്‌. ഇക്കാലത്ത്‌ എല്ലാ കുറ്റാന്വേഷണത്തിലും മൊബൈല്‍
ഫോണ്‍ നിര്‍ണ്ണായക തെളിവായി മാറാരുണ്ട്‌. അതില്‍ നിന്നു കിട്ടുന്ന തെളിവുകളായിരിക്കും പല പ്രമാദമായ
കേസുകളിലും നിര്‍ണ്ണായകവും അപ്രതീക്ഷിതവുമായ വഴിത്തിരിവുകള്‍ ഉണ്ടാക്കുന്നത്‌. ഉണ്ണി മുകുന്ദന്‍, അനു
മോഹന്‍, അനു സിത്താര, പ്രിയങ്ക നായര്‍, അദിതി രവി, ലിയോണ ലിഷോയ്‌,ശിവദ, സൈജു കുറുപ്പ്‌. രാഹുല്‍
മാധവ്‌, ചന്തു നാഥ്‌ എന്നിവരാണ്‌ അഭിനേതാക്കള്‍. എല്ലാവരും തന്നെ തങ്ങള്‍ക്ക്‌ കിട്ടിയ കഥാപാത്രങ്ങളെ
മികച്ചതാക്കിയിട്ടുണ്ട്‌.
സിനിമയെ ത്രില്ലടിപ്പിക്കുന്ന ഒരനുഭവമാക്കി മാറ്റുന്നതില്‍ പശ്ചാത്തല സംഗീതത്തിന്‌ മികച്ച പങ്കുണ്ട്‌. കൊലപാതകം
നടന്ന സ്ഥലത്ത്‌ അതിന്റെ മുഴുവന്‍ ദുരൂഹത നിലനിര്‍ത്തുന്നതിലും സംവിധായകന്‍ വിജയിച്ചിരുന്നു.
കൃഷ്‌ണകുമാറിന്റെ തിരക്കഥയും സതീഷ്‌ കുറുപ്പിന്റെ ഛായാഗ്രഹണവും വി.എസ്‌ വിനായകിന്റെ
എഡിറ്റിങ്ങും മികച്ചതായി.

മലയാള സിനിമയില്‍ മികച്ച കുറ്റാന്വേഷണ സിനിമകള്‍ പിറക്കുമെന്നതിന്റെ തെളിവാണ്‌ ട്വല്‍ത്ത്‌മാന്‍.
മേക്കിങ്ങിലും ക്രാഫ്‌റ്റിലും അസാമാന്യ മികവ്‌ പുലര്‍ത്തുന്ന ഈ ചിത്രം മികച്ചൊരു ത്രില്ലര്‍
മുവീയാണ്‌. ആസ്വദിച്ചു കാണാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക