Image

മറ്റൊരു മികച്ച ത്രില്ലറുമായി മോഹൻലാലും ജീത്തുവും

പി പി മാത്യു  Published on 21 May, 2022
മറ്റൊരു മികച്ച ത്രില്ലറുമായി മോഹൻലാലും ജീത്തുവും



 

മോഹൻലാലിൻറെ ജന്മദിനം നോക്കിയാണ് ജീതു ജോസഫ് സംവിധാനം ചെയ്ത 'പന്ത്രണ്ടാമൻ' (12th Man) ആന്റണി പെരുമ്പാവൂർ വെള്ളിയാഴ്ച്ച ഹോട്സ്റ്റാറിൽ  റിലീസ് ചെയ്തത്. എന്തായാലും സർവകാല ഹിറ്റുകളിൽ ഒന്നായ 'ദൃശ്യ' ത്തിന്റെ സംവിധായകൻ, കണ്ടിരിക്കാൻ കല്ലുകടിയില്ലാത്ത ഒരു ത്രില്ലെർ തന്നെ ജന്മദിന സമ്മാനമായി നൽകി മോഹൻലാലിൻറെ ആരാധകർക്ക്. 

മോഹൻലാലും യുവ തലമുറയിലെ കുറെ കഴിവ് തെളിയിച്ച നടീനടന്മാരും ഒത്തു കൂടുന്ന ചിത്രത്തിനു എടുത്തു പറയേണ്ട പ്രത്യേകത, സൂപ്പർ താരത്തെ സൂപ്പർമാനാക്കാനുള്ള ശ്രമമൊന്നുമില്ല എന്നതാണ്. സസ്പെൻഷൻ കഴിഞ്ഞു തിരിച്ചു കയറും മുൻപ് ഒന്നാഘോഷിക്കാൻ സുഹൃത്തിന്റെ റിസോർട്ടിൽ വരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആദ്യം കുറെ കോമാളിത്തരങ്ങളൊക്കെ കാട്ടുന്നുണ്ട്. അതൊക്കെ പലപ്പോഴും മുഷിപ്പിക്കുന്നുമുണ്ട്. പക്ഷെ റിസോർട്ടിൽ നടന്ന കൊലയെപ്പറ്റി അന്വേഷണം നടത്തുന്ന രംഗങ്ങളിൽ സാധാരണ പൊലിസ് ഓഫീസർ എന്നതിൽ കഴിഞ്ഞ മഹത്വമൊന്നും ചന്ദ്രശേഖരൻ എന്ന കഥാപാത്രത്തിന്റെ മേൽ അടിച്ചേൽപിച്ചിട്ടില്ല.

അതിനാടകീയതയിലേക്കോ അമിതാഭിനയത്തിലേക്കോ വഴുതിപ്പോകാത്ത നടൻ വളരെ സ്‌മൂത്തായി അഭിനയിച്ചു പോകുന്നു. ബുദ്ധിയുള്ള ഓഫീസർ കൊലപാതകത്തിന്റെ ചുരുൾ അഴിച്ചെടുക്കുമ്പോൾ കഥാപാത്രങ്ങളുടെ മുഖംമൂടികളെല്ലാം ചീന്തിപ്പോകുന്നു. എല്ലാ നടന്മാരും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന അഭിനയം കാഴ്ച വച്ചതിനു ജിത്തുവിനെയും തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാറിനെയും പ്രത്യേകം പ്രശംസിക്കേണ്ടതുമുണ്ട്. കഥാപാത്ര സൃഷ്ടിയിലും സംവിധാനത്തിലും അത്ര മികവുണ്ട്. 

പാളിച്ചകൾ ഇല്ല എന്നർത്ഥമില്ല. നീളം കൂടിപ്പോയി എന്ന് കരുതുന്നവരുണ്ട്. ആദ്യ രംഗങ്ങളിൽ കുറേക്കൂടി സംയമനം പാലിച്ചെങ്കിൽ ഒന്നു വെട്ടിയൊതുക്കാൻ പഴുതുണ്ടായിരുന്നു. 
 
പക്ഷെ കണ്ടിരിക്കാൻ ബുദ്ധിമുട്ടില്ലാത്ത സിനിമകൾ കണ്ടുകിട്ടാത്ത കാലത്തു ഈ ചിത്രം ഒരു ആശ്വാസം നൽകുന്ന വിനോദത്തിനു മൂല്യമുണ്ട്. അവസാനം വരെ നീളുന്ന ഉദ്വേഗമുണ്ട്. ആധുനിക സങ്കേതങ്ങളിൽ നിന്നു കൊണ്ടുള്ള ആഖ്യാന ശൈലിക്ക് ജീത്തു ത്രീ ചിയേർസ് അർഹിക്കുന്നു. കുറ്റാന്വേഷണ കഥ ഇപ്പോഴും ജനങ്ങളെ ആകർഷിക്കുമെങ്കിലും പഴഞ്ചൻ ശൈലിയും അതിഭാവുകത്വവും ആകര്ഷണീയമല്ല. 

പ്രകൃതിഭംഗിയുടെ വശ്യത ഉണ്ടായിട്ടും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു ലെൻസ് ഉപയോഗിച്ച സതീഷ് കുറുപ്പിനും ഇരിക്കട്ടെ ഒരു പൂച്ചെണ്ട്. 

രണ്ടാം നിരയിൽ എല്ലാവരും മത്സരിച്ചഭിനയിക്കയാണ്. സൈജു കുറുപ്പും ശിവദയുമാണ് ഏറ്റവും നന്നായി തോന്നിയത്. ശിവദ പ്രത്യേകിച്ചും കഥാപാത്രത്തെ മികച്ച രീതിയിൽ ഉൾക്കൊണ്ടു. സൈജുവിന്റെ മുഖത്തു അനായാസം വന്നു പോകുന്ന ഭാവങ്ങൾ ശ്രദ്ധേയമായി. 

അനു സിതാരയാണ് വെല്ലുവിളിയാവുന്ന രംഗങ്ങളിൽ മികവു കാട്ടിയ മറ്റൊരു നടി. പ്രിയങ്ക നായർ, രാഹുൽ മാധവ്, ചന്ദുനാഥ്, ലിയോണ ലിഷോയ്, അദിതി രവി എന്നിങ്ങനെ മത്സരിച്ചഭിനയിക്കുന്നവർക്കൊപ്പം അനുശ്രീയും അനു മോഹനും വേറിട്ടു നിൽക്കുന്നു. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു വരുന്ന അനു മോഹൻ ഉയരുന്ന നടനാണെന്നു വേണം കരുതാൻ. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക