Image

ചിന്തന്‍ ഷിവിര്‍: കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 21 May, 2022
ചിന്തന്‍ ഷിവിര്‍: കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്ങ് ജൂനിയറിന്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി പാര്‍ട്ടിയുടെ ത്രിദിന ഉദയപ്പൂര്‍ ചിന്തന്‍ ഷിവറിന്റെ സന്ദേശം ആയി നല്‍കിയത്: നമ്മള്‍ അതിജീവിക്കും. 'എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ എനിക്ക് ഒരു വിശ്വാസം ഉണ്ട്, നമ്മള്‍ അതിജീവിക്കും' എന്നായിരുന്നു അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ നേതാവായ ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്ങ് ജൂനിയര്‍ പറഞ്ഞത്. തകര്‍ച്ചയുടെ നെല്ലിപ്പലക കണ്ട കോണ്‍ഗ്രസിന്റെ നേതാവ് പുതിയ ഒരു ഉന്മേഷത്തോടെയാണ് ഉദയപ്പൂരിലെ ഷിവിരില്‍ സംസാരിച്ചത്: 'നമ്മള്‍ അതിജീവിക്കും. അതാണ് നമ്മുടെ പുതിയ ദൃഢനിശ്ചയം. കോണ്‍ഗ്രസിന് ഒരു പുതിയ പ്രഭാതം ഉണ്ടാകും.'

പക്ഷേ, എങ്ങനെ കോണ്‍ഗ്രസ് ഈ ദുര്‍ഗ്ഗടഘട്ടം അതിജീവിക്കുമെന്നോ എങ്ങനെ ഒരു പുതിയ പ്രഭാതം ഉണ്ടാകുമെന്നോ സോണിയയോ ചിന്തന്‍ ഷിവിറോ വ്യക്തമാക്കിയില്ല. അത് ആര്‍ക്കും വ്യക്തം അല്ലായിരിക്കാം. എന്നാല്‍ ചില മാര്‍ഗ്ഗരേഖകള്‍ ചിന്തന്‍ ഷിവിര്‍ അവതരിപ്പിക്കുകയുണ്ടായി. ഇവയൊക്കെ പ്രാവര്‍ത്തികം ആക്കിയാല്‍ പോലും പാര്‍ട്ടി നേതൃത്വവും സംഘടനയും ഒരു സമൂല പരിവര്‍ത്തനത്തിന് തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് വീണ്ടും ശിഥിലം ആവുക മാത്രമെയുള്ളൂ എന്നതിന്റെ ഉദാഹരണം ആണ് ചിന്തന്‍ ഷിവിര്‍ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം ഗുജറാത്തില്‍ പ്രദേശ് കോണ്‍ഗ്രസിന്റെ ഉപാദ്ധ്യക്ഷന്‍ ഹാര്‍ദ്ദിക്ക് പട്ടേലും പഞ്ചാബ് കോണ്‍ഗ്രസിന്റെ മുന്‍ അദ്ധ്യക്ഷന്‍ സുനില്‍ ജാക്കറും പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. ജാക്കര്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ബല്‍റാം ജാക്കറിന്റെ മകന്‍ ആണ്. അദ്ദേഹം ബി.ജെ.പി.യില്‍ ചേരുകയും ചെയ്തു. ഇരുപത്തിയെട്ട് വയസ്സുള്ള ഹാര്‍ദ്ദിക് പട്ടേല്‍ രാജിക്ക് കാരണം ആയി പറഞ്ഞത് ഗുജറാത്തില്‍ പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കുവാന്‍ ആരും ഇല്ല. സംസ്ഥാനനേതാക്കന്മാരുടെ പ്രധാന താല്‍പര്യം ദല്‍ഹിയില്‍ നിന്നും വരുന്ന നേതാക്കന്മാര്‍ക്ക് ചിക്കന്‍ സാന്റ് വിച്ചസ് നല്‍കുവാന്‍ ആണ്. ആവശ്യമുളളപ്പോള്‍ ദല്‍ഹി നേതാക്കന്മാര്‍ വിദേശത്തും ആണ്. ഇവിടെ പട്ടേല്‍ ഉദ്ദേശിച്ചത് രാഹുല്‍ഗാന്ധിയെ ആയിരിക്കണം. പട്ടേലിനെ ചിന്തന്‍ ശിവിറില്‍ ക്ഷണിക്കാതെ കന്നയ്യകുമാറിനെയും ജിഗ്നേഷ്‌മേവാനിയെയും ക്ഷണിച്ചതും നേതാക്കന്മാരുടെ നോട്ടപ്പിശകായി. എന്തുകൊണ്ട്?  പട്ടേല്‍ ഇതുവരെ ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടില്ല. പക്ഷേ, വഴി അത് ആകുവാനാണ് സാദ്ധ്യത. മുഖം രക്ഷിക്കുവാനായി കോണ്‍ഗ്രസ് നേതാക്കന്മാര്‍ പട്ടേലിന് രാജ്യദ്രോഹക്കുറ്റവിചാരണകള്‍ നേരിടുവാനുണ്ടെന്നും അതില്‍നിന്നും രക്ഷപ്പെടുവാനായി ബി.ജെ.പി.യില്‍ ചേരുവാനായി കോണ്‍ഗ്രസ് വിട്ടത് ആണെന്നും ആണ് പറയുന്നത്. പാഠങ്ങള്‍ പഠിച്ചിട്ടില്ല. അതിന് ചിന്തന്‍ ശിവരങ്ങള്‍ക്ക് കഴിയുകയുമില്ല. ജാക്കറും പട്ടേലും പൊറുതിമുട്ടിയിട്ട് പാര്‍ട്ടി വിടുന്ന ഒടുവിലത്തെ ഉദാഹരങ്ങള്‍ മാത്രം. ജ്യോതിരാദിത്യ സിന്ധ്യയും ജതിന്‍ പ്രസാദയും അങ്ങനെ വളരെ മുന്‍ഗാമികള്‍ ഉണ്ട് ഇവര്‍ക്ക്. ഏകദേശം ഒരു ഡസനോളം സംസ്ഥാന മുഖ്യമന്ത്രിമാര്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആണെന്നും അവരെല്ലാം തന്നെ ഹൈക്കമാന്റിന്റെ അവഗണന സഹിക്കാനാവാതെ ഓരോ കാലഘട്ടങ്ങളില്‍ പാര്‍ട്ടി വിട്ടത് ആണെന്നും ഓര്‍മ്മിക്കണം. എന്തൊരു ചിന്തന്‍? എന്തൊരു ശിവിര്‍? പോകുന്നവര്‍ പോകട്ടെ എന്നാണ് രാഹുലിന്റെ പ്രഖ്യാപിത നിലപാട്!

സോണിയയും രാഹുലും ശിവിറില്‍ ചില തുറന്ന പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെക്കുറിച്ചും സഖ്യത്തെക്കുറിച്ചും ഒപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ കാര്‍ഗെയും. കോണ്‍ഗ്രസിന്റെ നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കവെ സോണിയഗാന്ധി പറഞ്ഞു. അനന്യ സാധാരണമായ സാഹചര്യങ്ങള്‍ അനന്യസാധാരണമായ നടപടികള്‍ കൊണ്ടുമാത്രമെ നേരിടുവാന്‍ സാധിക്കുകയുള്ളൂ. പക്ഷേ, ഇങ്ങനെ ഒരു നടപടിയും ചിന്തന്‍ ശിവിര്‍ എടുത്തതായി അറിവില്ലാ പ്രത്യേകിച്ചും നേതൃത്വപരമായി. നേതൃത്വപരമായി സോണിയ, രാഹുല്‍, പ്രിയങ്ക സര്‍വ്വപ്രതാപത്തോടെ തുടരും. കാല്‍ നൂറ്റാണ്ടുകാലമായി സോണിയ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിട്ട്. രാഹുല്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും സര്‍വ്വാധികാരത്തോടെ അങ്ങനെതന്നെ തുടരുന്നു. പ്രിയങ്ക ജനറല്‍ സെക്രട്ടറി ആണെങ്കിലും അധികാരത്തില്‍ സോണിയക്കും രാഹുലിനും ഒപ്പം തന്നെ. ഈ ത്രിമൂര്‍ത്തികള്‍ തന്നെ ഹൈക്കമാന്റ്. ഇത് അങ്ങനെ തന്നെ തുടരുകയും ചെയ്യും ശിവിറിന് ശേഷവും. ജി-23 എന്ന വിമതഗ്രൂപ്പ് ശിവിറില്‍ നനഞ്ഞ പടക്കം പോലെ ആയി. അവര്‍ വച്ച പല ആശയങ്ങളും ശിവിര്‍ തൊട്ടുനോക്കി പോലും ഇല്ല. ഉദാഹരണം പാര്‍ലിമെന്ററി ബോര്‍ഡ്. അത് തൊട്ടു നോക്കി. പക്ഷേ തള്ളിക്കളയുവാന്‍ മാത്രം. മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ പറഞ്ഞത് പാര്‍ട്ടി സംഘടനാപരമായി ശക്തിപ്പെട്ടിട്ടു മാത്രം സഖ്യത്തെക്കുറിച്ച് ആലോചിക്കും. ബലഹീനമായ ഒരു പാര്‍ട്ടിയില്‍ ആരും നിക്ഷേപത്തിന് (സഖ്യത്തിന്) മുതിരുകയില്ല. ഇതു വളരെ ശരിയാണ്. പക്ഷേ, പാര്‍ട്ടി സംഘടനാപരമായി ശക്തിപ്പെടുന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല. മാത്രവുമല്ല 2022 അവസാനവും 2023 ലും നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുവാനുള്ള സാദ്ധ്യതയും കാണുന്നില്ല. രാജസ്ഥാനും, ഛാത്തീസ്ഘട്ടും ഒഴിച്ച്. ഗുജറാത്തും ത്രിപുരയും ഹിമാചല്‍ പ്രദേശും കോണ്‍ഗ്രസിന് ദുഷ്‌ക്കരം ആണ്. മദ്ധ്യപ്രദേശും കര്‍ണ്ണാടകയും ബുദ്ധിമുട്ട് ആണ്. 2017-ല്‍ ജയിച്ചതാണ്. പക്ഷേ എല്ലാം കളഞ്ഞുകുളിച്ചു. ഇപ്പോള്‍ ഭരിക്കുന്ന രാജസ്ഥാനും ഛാത്തീസ്ഘട്ടും നിലനിര്‍ത്തുക വലിയ ഒരു ജോലി തന്നെ ആണ്. ഇങ്ങനെ ഒരു അവസരത്തില്‍ ഏത് പ്രാദേശിക പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യം ചേരും, അതും നയിക്കുന്ന പാര്‍ട്ടിയായി?

ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ആണ് രാഹുല്‍ ഷിവിറില്‍ വച്ച് പ്രാദേശിക പാര്‍ട്ടികളെ അടച്ചാക്ഷേപിച്ചതും പിറ്റെ ദിവസം തന്നെ അവര്‍ ശക്തമായി പ്രതികരിച്ചതും. പ്രാദേശീക പാര്‍ട്ടികളല്ല കോണ്‍ഗ്രസ് മാത്രം ആണ് ബി.ജെ.പി.ക്ക് എതിരെ പടന നയിക്കുവാന്‍ പര്യാപ്തം എന്ന് രാഹുല്‍ പറഞ്ഞു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് വ്യക്തമായ ആദര്‍ശവും ഇല്ലെന്നും രാഹുല്‍ ആരോപിച്ചു. ഇതില്‍ ആദ്യത്തേത് വസ്തുതാവിരുദ്ധം. രണ്ടാമത്തെത് രാഷ്ട്രീയമായി അബന്ധവും. ഏതാനും വര്‍ഷങ്ങളായി നടക്കുന്ന ഒറ്റ തെരഞ്ഞെടുപ്പില്‍ നേര്‍ക്ക് നേര്‍ക്കുള്ള ഏറ്റുമുട്ടലില്‍ കോണ്‍ഗ്രസ് ബി.ജെ.പി.യെ തോല്‍പിച്ചിട്ടില്ല എന്നതാണ് വസ്തുത. ബി.ജെ.പി.യെ തോല്‍പിച്ചിട്ടുള്ളത് പ്രാദേശിക പാര്‍ട്ടികള്‍ ആണ്. അതില്‍ ത്രിണമൂല്‍ കോണ്‍ഗ്രസും ഡി.എം.കെ.യും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടുന്നു. പ്രാദേശികപാര്‍ട്ടികള്‍ക്ക് ആദര്‍ശം ഇല്ലെന്ന് രാഹുല്‍പറയുമ്പോള്‍ അദ്ദേഹം മനസിലാക്കേണ്ടകാര്യം രാഷ്ട്രീയമായി അവരെ തേജോവധം ചെയ്ത് പിണക്കേണ്ട അവസരം അല്ല ഇത്. മറിച്ച് പ്രാദേശിക പാര്‍ട്ടികളെ ഇണക്കി കൂടെനിറുത്തേണ്ട സമയം ആണ് ഇത്. രാഹുല്‍ ഒരു കാര്യം കൂടെ ഓര്‍മ്മിക്കുന്നത് നന്നായിരുന്നു. 2004-ലും 2009- ലും കോണ്‍ഗ്രസിന് കേന്ദ്രം ഭരിക്കാനായത് ഈ പ്രാദേശിക പാര്‍ട്ടികളുടെ സഹായം കൊണ്ട് മാത്രം ആണ്. മാത്രവുമല്ല ഇപ്പോള്‍ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം ഭരണം ഒതുങ്ങിയ കോണ്‍ഗ്രസിന് ജാര്‍ഖണ്ഡിലും തമിഴ്‌നാട്ടിലും മഹാരാഷ്ടരയിലും ഭരണകക്ഷിവട്ടം കെട്ടി ഞെളിഞ്ഞു നില്‍ക്കുവാന്‍ സാധിക്കുന്നത് ഈ പ്രാദേശിക പാര്‍ട്ടികളുടെ വാലില്‍ തൂങ്ങിയിട്ട് ആണ്.

ചിന്തന്‍ ശിവിര്‍ എടുത്ത ഒരു തീരുമാനം ആണ് 'ഒരു കുടുംബം, ഒരു ടിക്കറ്റ്.' അതായത് ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്കു മാത്രമെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ടിക്കറ്റ് നല്‍കുകയുള്ളൂ. കേള്‍ക്കുമ്പോള്‍ ഇത് വളരെ ഗംഭീരം ആണ്. പക്ഷേ, ഇതിന് ഒരു ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ അംഗത്തിനുശേഷം ഉള്ളവര്‍ പാര്‍ട്ടിക്ക് അഞ്ചു വര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കും ടിക്കറ്റ് നല്‍കാം. അങ്ങനെയെങ്കില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും സോണിയക്കും രാഹുലിനും പ്രിയങ്കക്കും ടിക്കറ്റ് ലഭിക്കാം. ഇത് ഒട്ടേറെ രാഷ്ട്രീയ കുടുംബങ്ങള്‍ക്കും ബാധകമാകാം. മറ്റൊരു പരിഷ്‌ക്കാരം അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു നേതാവ് ഒരു സ്ഥാനത്ത് ഇരുന്നുകൂട. അഞ്ചു വര്‍ഷം കഴിയുമ്പോള്‍  സ്ഥാനം ഒഴിയണം. വീണ്ടും അതേസ്ഥാനത്തേക്ക് വരണമെങ്കില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ 'കൂളിംങ്ങ് പീരിയഡ് ഉണ്ട്'. അതായത് മൂന്നു വര്‍ഷത്തിനുശേഷം. ഇതനുസരിച്ചാണെങ്കില്‍ കെ.സി.വേണുഗോപാലും, മുകുല്‍ വാസ്‌നിക്കും, രണ്‍ദീപ് സിംങ്ങ് സൂര്‍ജെവാലയും എല്ലാം സ്ഥാനം ഒഴിയണം. കാത്തിരുന്നു കാണാം.

ശിവിറിന്റെ തീരുമാനങ്ങള്‍ വേറെയും ഉണ്ട്. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ (2024) 50 ശതമാനം ടിക്കറ്റും 50 വയസ്സില്‍ താഴെ ഉള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 'ഭാരത് ജോ ടോ' യാത്ര. ഇത് ജനങ്ങളുമായിട്ടുള്ള സമ്പര്‍ക്കം പുനഃസ്ഥാപിക്കുവാന്‍ ആണ്. ചെറുപ്പക്കാര്‍ക്കായി കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് കമ്മറ്റിയില്‍ 50 ശതമാനം സീറ്റുകള്‍. ഇങ്ങനെ പരിഷ്‌ക്കാരങ്ങള്‍ ഏറെയുണ്ട്. ഇവ ഈ ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമോ?

എന്താണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ പ്രശ്‌നം? അത് ചിന്തന്‍ ഷിവിറില്‍ പങ്കെടുത്തവര്‍ക്ക് അറിയാം. പക്ഷേ, അവരൊന്നും അതിനെ കണ്ടതായി നടിക്കില്ല. എന്തെങഅകിലും പറഞ്ഞുപോയാല്‍ അവരുടെ കഥ കഴിയും. കോണ്‍ഗ്രസ്സിന് ഇന്നു വേണ്ടത് ശക്തമായ ഒരു നേതൃത്വമാണ്, കെട്ടുറപ്പുള്ള ഒരു സംഘടനയാണ്, ഭാരതദേശീയതയില്‍ അടിയുറച്ച ആദര്‍ശം ആണ്, സര്‍വ്വോപരി ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും ഉള്ള പ്രവര്‍ത്തകരാണ് എല്ലാ തലങ്ങളിലും. കുടുംബപാര്‍ട്ടി എന്ന പേര് കോണ്‍ഗ്രസ് മാറ്റിയെടുക്കണം. അത് ഒരു ജനകീയ മുന്നേറ്റമായി മാറണം സ്വാതന്ത്ര്യസമരകാലത്തെപ്പോലെ. ആ തീവ്രതയും തീക്ഷ്ണതയും സാധാരണക്കാരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുമാറാകണം. ബി.ജെ.പി.യുടെ തീവ്രഹിന്ദുത്വയെ മൃദുഹിന്ദുത്വകൊണ്ട് നേരിടുവാന്‍ ശ്രമിക്കുന്നത് ശുദ്ധ വിഡ്ഢിത്വം ആണ്. തീവ്രഹിന്ദുത്വപോലെ തന്നെ മൃദുഹിന്ദുത്വയും തെറ്റാണ്. ഇവ രണ്ടും വര്‍ഗ്ഗീയതയാണ്. വര്‍ഗ്ഗിയത അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും 'ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കില്‍ തെറ്റാണ്. വര്‍ഗ്ഗീയതക്കെതിരെ ജനങ്ങളെ പ്രബുദ്ധര്‍ ആക്കുക ആയിരിക്കണം കോണ്‍ഗ്രസിന്റെ ലക്ഷ്യം. വിവിധ മതാധിപന്മാരുമായി ബന്ധം സ്ഥാപിക്കുവാനായി ഛാത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ചിന്തന്‍ ശിവിറില്‍ വച്ച പ്രമേയം ഒടുവില്‍ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നും വച്ചത് നന്നായി. പക്ഷേ, രാഹുല്‍ഗാന്ധി ഇപ്പോഴും ഒരു മൃദുഹിന്ദുത്വവാദിയായി ആണ് അറിയപ്പെടുന്നത്. തീവ്രഹിന്ദുത്വത്തെ മുദൃഹിന്ദുത്വം കൊണ്ട് നേരിടാമെന്നത് വിഡ്ഢിത്തരവും വ്യാമോഹവും ആണ്.
കോണ്‍ഗ്രസിനു മുമ്പിലുള്ള രാഷ്ട്രീയ യാഥാര്‍ത്ഥ്യം വളരെ ക്രൂരം ആണ്. തെക്ക് കേരളത്തിലും കര്‍ണ്ണാടകയിലും അല്പം സ്വാധീനം ഉണ്ട്. പക്ഷേ, അധികാരം ഇല്ല. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ എല്ലാം അസ്തമിച്ചിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലും ബീഹാറിലും നാലാം സ്ഥാനത്ത് പോലും ഇല്ല. ബംഗാളിലും, വടക്കുകിഴക്കന്‍ ഇന്‍ഡ്യയിലും അസ്തമിച്ചിരിക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛാത്തീസ്ഘട്ട്, ഝാര്‍ഖണ്ട് എന്നിവിടങ്ങളില്‍ അല്പമൊക്കെ സ്വാധീനം ഉണ്ട്. പഞ്ചാബ് കൈവിട്ടു. കാശ്മീരും. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ടും വേണം കോണ്‍ഗ്രസ് പുനരുജ്ജീവനത്തിനുള്ള പാതയില്‍ യാത്ര ആരംഭിക്കേണ്ടത്. നെഹ്‌റു കുടുംബം രക്ഷിക്കുമെന്നത് വെറും ഒരു മിഥ്യ ആണെന്നും മനസിലാക്കുക. രണ്ടാമത് ബി.ജെ.പി. എന്ന തീവ്ര ഹിന്ദുത്വ എതിരാളിയെ മനസിലാക്കുക. സോണിയഗാന്ധിയുടെ പ്രസംഗത്തില്‍ വസ്തുതകള്‍ നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിച്ചു. ബി.ജെ.പി. സഭാ രാഷ്ട്രീയ ധ്രൂവീകരണത്തിലാണ്. ശരിയാണ് ഇപ്പോള്‍ കാശിയും മഥുരയും പുകയുകയാണ്. പക്ഷേ, ഇതിന് കോണ്‍ഗ്രസിന് എന്ത് പ്രതിവിധിയാണുള്ളത്?
മറ്റൊരു ചിന്തന്‍ ശിവിര്‍?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക