Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ്‌ Published on 21 May, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ശനിയാഴ്ച (ജോബിന്‍സ്)

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. പിസി ജോര്‍ജ് തുടര്‍ച്ചയായി സമാനരീതിയിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് വാദിച്ചു.
******************************
വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ ജാമ്യം നിഷേധിക്കപ്പെട്ടെങ്കിലും പി.സി. ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. തിരുവനന്തപുരം കോടതിയില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നല്‍കിയിരിക്കുന്ന അപേക്ഷയിലെ വിധി വരുന്നത് വരെ കാക്കാനാണ് പോലീസ് നീക്കം എന്നാല്‍ പി.സി. ജോര്‍ജിന്റെ ഇരാറ്റുപേട്ടയിലെ വീട്ടിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി.  മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പി.സി. ജോര്‍ജിന്റെ നീക്കം. 
**********************************
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണ സംഘം നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവേലിന്റെ മൊഴിയെടുത്തു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്ജാമ്യം ലഭിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് ബിഷപ്പ് മൊഴി നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ തനിക്കാറിയാമെന്ന് ബിഷപ്പ് സമ്മതിച്ചു.തനിക്ക് ജാമ്യം ലഭിക്കാന്‍ ബിഷപ്പ് ഇടപെട്ടതിന് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടെന്ന ദിലീപിന്റെ മൊഴിയെ തുടര്‍ന്നാണ് ബിഷപ്പിന്റെ മൊഴിയെടുത്തത്. 
*************************************
വധശിക്ഷ വിധിക്കുന്നതിന് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിചാരണ കോടതികള്‍ മുതല്‍ പിന്തുടരേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. * പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം. * പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം. * പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം. എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.
**************************************
ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍. ഹിന്ദു കോളേജിലെ ചരിത്ര അധ്യാപകനായ് ഡോ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്. രത്തന്‍ ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
***************************************
പിണറായി വിജയന്‍ ,കെ. സുധാകരന്‍ പോര് വീണ്ടും. തനിക്കും മുഖ്യമന്ത്രിക്കും ഒരേ സംസ്‌കാരമാണെന്ന് കെ. സുധാകരന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തിന് ഇന്നലെ മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുധാകരന്റെ പ്രതികരണം.താനും മുഖ്യമന്ത്രിയും കണ്ണൂരുകാരാണ്. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ സംസ്‌കാരമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.
********************************************
ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണ സമിതി ശുപാര്‍ശയ്ക്ക് എതിരെ നിയമനടപടിയിലേയ്ക്ക് കടക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തി. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ച വെടിവെപ്പ് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഹൈദരാബാദ് പൊലീസ്. നടന്നത് പോലീസ് സൃഷ്ടിച്ച വ്യാജ ഏറ്റുമുട്ടലാണെന്നും 10 പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമായിരുന്നു മൂന്നംഗ കമ്മിയുടെ ശുപാര്‍ശ. 
******************************************
പ്രവാസി ദുരൂഹ സാഹചര്യത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്. ഇവരില്‍ മൂന്നുപേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക