Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ്‌ Published on 22 May, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

തൃക്കാക്കരയില്‍ ട്വന്റിട്വന്റിയും ആംആദ്മിയും ഉള്‍പ്പെടുന്ന ജനക്ഷേമ സഖ്യത്തിന്റെ പിന്തുണ ആര്‍ക്കെന്ന കാര്യത്തിലെ അഭ്യൂഹങ്ങള്‍ അവസാനിച്ചു. ആര്‍ക്കും പിന്തുണയില്ലെന്ന് ട്വിന്റി ട്വിന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബും, ആം ആദ്മി പാര്‍ട്ടി നേതാവ് പി സി സിറിയക്കും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അണികളോട് മനസാക്ഷി വോട്ട് ചെയ്യാന്‍ ഇവര്‍ ആഹ്വാനം ചെയ്തു.
**********************************************
തൃക്കാക്കരയിലെ ജനക്ഷേമ സഖ്യത്തിന്റെ നിലപാടിനെ ഇടത്പക്ഷം സ്വാഗതം ചെയ്തു. തൃക്കാക്കരയില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഇല്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ട്വന്റി ട്വന്റിയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വോട്ട് യുഡിഎഫിനനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. 
*************************************************
ലക്ഷദ്വീപ് തീരത്തിനടുത്ത് വന്‍ തോതില്‍ ഹെറോയിന്‍ വേട്ട നടന്ന സംഭവത്തില്‍ പിടിയിലായവര്‍ക്ക് പാകിസ്ഥാനുമായി ബന്ധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഘത്തില്‍ രണ്ട് മലയാളികളും ഉണ്ട്. സുചന്‍, ഫ്രാന്‍സീസ് എന്നിവരാണ് പിടിയിലായ മലയാളികള്‍. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. മത്സ്യത്തൊഴിലാളികളായ ഇവര്‍ ജോലിക്കെത്തിയതാണെന്നാണ് മൊഴി. വിവാദ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. 
***********************************************
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് അന്വേഷണ സംഘം. ഇനി കോടതിയില്‍ അന്വേഷണത്തിനായി സമയം നീട്ടി ചോദിക്കില്ല. ഈ മാസം 30 ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കും. വധഗൂഢാലോചനാക്കേസില്‍ കാവ്യ മാധവന്‍ പ്രതിയാകില്ല. കാവ്യക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.അന്വേഷണ മേല്‍നോട്ട ചമുതലയില്‍ നിന്നും എഡിജിപി എസ് ശ്രീജിത്തിനെ സര്‍ക്കാര്‍ തിടുക്കല്‍ സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു.
************************************************
ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോള്‍ കുറക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇന്ധന നികുതിയില്‍ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ല, സംസ്ഥാനം കുറച്ച് തന്നെയെന്ന് കെ എന്‍ ബാലഗോപാല്‍ പുറഞ്ഞു.
*************************************************
ഇന്ധന വില കുറച്ചത് മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ നാടകമാണെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ്. ഇന്ധന വില കുറയ്ക്കല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബിജെപി ശ്രമമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന് ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എക്‌സൈസ് നികുതി യുപിഎ സര്‍ക്കാരിന്റെ  കാലത്തേതിന് തുല്യമായി കുറയ്ക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
***********************************************
ലൗ ജിഹാദ് വിഷയത്തില്‍ പ്രതികരണവുമായി ബിഡിജെഎസ് നേതാവും എസ്എന്‍ഡിപി യോഗം നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
*********************************************
പി സി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി സി ജോര്‍ജിന്റെ പ്രസംഗം വലിയ അപരാധമാണെങ്കില്‍ പി സിയെക്കാള്‍ മ്ളേച്ചമായി സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. പി സി ജോര്‍ജിന് ബിജെപി ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു. ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്ന് പറഞ്ഞ ഫസല്‍ ഗഫൂറിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.
************************************************
സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍.പദ്ധതിയില്‍ സര്‍ക്കാരിന് പോലും വ്യക്തതയില്ല. കേരളത്തിന്റേത് സില്‍വര്‍ലൈനല്ല, ഡാര്‍ക്ക് ലൈനാണ്. നന്ദിഗ്രാമിലെ സാഹചര്യം സര്‍ക്കാര്‍ ഓര്‍ക്കണമെന്നും മേധാ പട്കര്‍ പറഞ്ഞു. 
***********************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക