Image

ഇന്ത്യയുമായി പങ്കാളിത്തത്തിന് പ്രതിജ്ഞാബദ്ധമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

Published on 24 May, 2022
ഇന്ത്യയുമായി പങ്കാളിത്തത്തിന് പ്രതിജ്ഞാബദ്ധമെന്ന്  പ്രസിഡന്റ് ജോ ബൈഡന്‍

യുഎസ്-ഇന്ത്യ പങ്കാളിത്തം തുടരാന്‍ പ്രതിജ്ഞാബദ്ധനെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ടോക്കിയോവില്‍ ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് യുഎസ് പ്രസിഡന്റ് തങ്ങളുടെ നിലപാട് അറിയിച്ചത്.

'നമ്മുടെ രാജ്യങ്ങള്‍ക്ക് ഒരുമിച്ച്‌ ചെയ്യാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഭൂമിയില്‍ ഉള്ള കാലത്തോളം യുഎസ്-ഇന്ത്യ പങ്കാളിത്തം തുടരാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.' എന്നാണ് ജോ ബൈഡന്‍ പറഞ്ഞത്.

ഇന്‍ഡോ-യുഎസ് വാക്‌സിന്‍ ആക്ഷന്‍ പ്രോഗ്രാം പുതുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു. വാക്സിന്‍ ഉല്‍പ്പാദനം, ശുദ്ധമായ ഊര്‍ജ സംരംഭങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്ന ഈ സുപ്രധാന പ്രവര്‍ത്തനം ഇന്ത്യയില്‍ തുടരാന്‍ യുഎസ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനുമായി കരാറിലെത്തിയതില്‍ സന്തോഷമുണ്ട്. ' എന്നും ജോ ബൈഡന്‍ പറഞ്ഞു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച്‌ ഇന്ത്യയും യുഎസും കൂടിയാലോചനകള്‍ തുടരുമെന്ന് ബൈഡന്‍ പറഞ്ഞു.

ഉക്രെയ്‌നിലെ ക്രൂരവും ന്യായീകരിക്കപ്പെടാത്തതുമായ റഷ്യന്‍ അധിനിവേശത്തിന്റെ നിലവിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇവ എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ചാണ് യുഎസ്-ഇന്ത്യ കൂടിയാലോചനയില്‍ ചര്‍ച്ച തുടരുക ' ഉഭയകക്ഷി ചര്‍ച്ചയില്‍   ബൈഡന്‍ പറഞ്ഞു.

ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. 'വളരെ പോസിറ്റീവായ ക്വാഡ് ഉച്ചകോടിയിലാണ് ഞങ്ങള്‍ ഒരുമിച്ച്‌ പങ്കെടുത്തത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം വിശ്വാസത്തിന്റെ പങ്കാളിത്തമാണ്. ഞങ്ങളുടെ പൊതു താല്‍പ്പര്യങ്ങളും മൂല്യങ്ങളും ഈ വിശ്വാസബന്ധം ശക്തിപ്പെടുത്തി,' യുഎസ് പ്രസിഡന്റ് ബൈഡനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക