MediaAppUSA

അപഹരിക്കപ്പെടുന്ന ജീവിതങ്ങൾ : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി- 5)

Published on 28 May, 2022
അപഹരിക്കപ്പെടുന്ന ജീവിതങ്ങൾ : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി- 5)

മെഡിക്കൽ ഡയറി- 5     

മെഡിക്കൽ ഡയറി എഴുതുവാൻ എനിക്കിത്തിരി മടിയുണ്ട് കേട്ടോ..! മറ്റൊന്നും കൊണ്ടല്ല, നിങ്ങൾ ഇതു മുഴുവനും വിശ്വസിക്കുമോ എന്ന ഭയം കൊണ്ടാണ്....പക്ഷേ വിശ്വസിച്ചേ പറ്റൂ.. സത്യം മാത്രമാണിതിൽ എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

ഡ്യൂട്ടി എടുക്കുമ്പോൾ ആണ് നമുക്ക് അവിചാരിതമായി ചില 'നല്ല' കേസുകൾ വീണു കിട്ടുന്നത്.1991-ലും മറ്റും ഞാനൊക്കെ അന്നേസ്തെഷ്യ ഡ്യൂട്ടി ചെയ്തിരുന്നപ്പോൾ മൂന്നു ദിവസത്തിൽ ഒന്ന് എന്ന നിരക്കിലൊക്കെ ഇരുപത്തിനാല് മണിക്കൂർ ഡ്യൂട്ടി ഉണ്ടായിരുന്നു. എന്നാലും പരാതികൾ ഒന്നും കൂടാതെ എങ്ങിനെയൊക്കെയോ ഡ്യൂട്ടി ചെയ്തു പോന്നു എന്ന് പറഞ്ഞാൽ മതി. ഡ്യൂട്ടി ഓഫ്‌ ന്റെ അന്ന് വീട്ടിൽ ചെന്ന് ഒന്നുറങ്ങാൻ പറ്റിയാൽ ഭാഗ്യം. ശീലംകൊണ്ട് എല്ലാത്തിനെയും നമ്മൾ അതിജീവിക്കുകയാണല്ലോ. !
ഇപ്പോൾ പി.ജി ചെയ്യുന്ന കുട്ടികൾക്ക് അധികഡ്യൂട്ടി നൽകി ഉറങ്ങാൻ സമ്മതിക്കാതെ  Seniors റാഗ് ചെയ്യുന്നു എന്ന പരാതികളൊക്കെ വായിക്കുമ്പോൾ എനിക്കതിശയമാവും. ഈ കുട്ടികൾ എങ്ങനെ ഒരു ജന്മം മുഴുവൻ ഡോക്ടറായി തുടരുമെന്ന്..!
ചില മാതാപിതാക്കളുടെ മക്കളെ ചൊല്ലിയുള്ള വിലാപങ്ങളും ഉത്കണ്ഠകളും കണ്ടു. പഠിത്തം നിർത്താൻ പ്ലാൻ ചെയ്യുന്നു മറ്റു ചിലർ. 
ഇന്നത്തെ കുട്ടികൾ ഒന്നിനേയും അതിജീവിക്കാൻ പ്രാപ്തരല്ല. കുഞ്ഞിനു മുലയൂട്ടിയൂട്ടി  ഉറങ്ങാൻ പറ്റുന്നില്ലെന്നു പറയുന്ന യുവതികളായ അമ്മമാരെ കേട്ട് ഞാൻ മൂക്കത്തു വിരൽ വയ്ക്കുന്നു !!

ജീവിതത്തിലെ ഏതൊരവസ്ഥയും നിയോഗങ്ങളായി പരിഗണിച്ചു സുമനസോടെ അതു ചെയ്യേണ്ടതാണ് ...
ഞാനൊന്നു ചോദിക്കട്ടെ, നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്കുവേണ്ടി പ്രിയത്തോടെതന്നെ നിങ്ങൾ ഒരു രാവ്  ഉണർന്നിരിക്കില്ലേ? ഇരിക്കും. ഇരിക്കണം.
ഞാൻ  പറഞ്ഞല്ലോ ഡ്യൂട്ടികളാണ് ഒരു ഡോക്ടറെ പൂർണനാക്കുന്നത്. തിയറി വായിച്ചാണ് പഠിക്കുന്നത്. എന്നാൽ കേസ് ചെയ്തു പഠിച്ചാലെ ഒരു ഡോക്ടർക്കു വേണ്ടത്ര പ്രവൃത്തി പരിചയം (experience) ലഭിക്കൂ. ചിലപ്പോൾ ആദ്യമായി ഒരു സിറ്റുവേഷൻ നിങ്ങൾ കൈകാര്യം ചെയ്യുന്നത് പോലും ഡ്യൂട്ടിക്കിടയിലാവും. എല്ലായിപ്പോഴും seniors അടുത്തുണ്ടായി എന്നു വരില്ല. പറഞ്ഞു വരുന്നത് ഡ്യൂട്ടികൾ നമ്മുടെ കൂടി ആവശ്യമെന്നു കരുതണം. എന്റെ anaesthesia പിജി കളെ ഡ്യൂട്ടിക്കിടയിൽ നിരീക്ഷിച്ചതിൽ നിന്നും എനിക്കു മനസ്സിലായത് അവരിൽ നമുക്കു പ്രതീക്ഷയർപ്പിക്കാം എന്നു തന്നെയാണ്.

നല്ല തിരക്കുള്ള ഒരു ഡ്യൂട്ടി ദിവസമായിരുന്നു അന്ന്. എന്റെ കൂടെ എന്റെ senior ഡോ.മോളി അലക്സ്‌ ഉണ്ട് anaesthesia ഡ്യൂട്ടിയിൽ. അന്ന് PGs ആരും കൂടെ ഉണ്ടായിരുന്നില്ല. അങ്ങിനെയും ഡ്യൂട്ടി ലിസ്റ്റ് വരും. Independent ആയി കേസ്‌ ചെയ്യാൻ പ്രാപ്തിയുള്ള രണ്ടുപേർ. മിക്കവാറും രണ്ടു പേരും ഒറ്റയ്ക്കായിരിക്കും. മോളിമാഡം അന്നു gynace ൽ ആയിരുന്നു. ഞാൻ casualty തീയേറ്ററിലും. 

ഡ്യൂട്ടി സർജൻ ഡോ. ഗോപാലകൃഷ്ണൻ സാർ . 
പാതിരാവ് കഴിഞ്ഞു കാണും. സാർ തീയേറ്ററിനു  വെളിയിൽ വന്ന് എന്നെ വിളിപ്പിച്ചു. സാർ എന്നെ അന്നും ഇന്നും പേര് വിളിക്കും,എനിക്കതു സന്തോഷമാണ് കാരണം സാർ എന്റെ സാറാണ്.

അപ്പോൾ പുറത്തു കനത്ത മഴ പെയ്യുന്നത് ഞാൻ കേട്ടു."കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും വിളിച്ചിരുന്നു, ഒരു assault case ഉണ്ട്.(multiple stab injury ) serious ആണ്. മെഡിക്കൽ കോളേജിലേക്കു വിട്ടതായി അവർ അറിയിച്ചിരിക്കുന്നു ." 
സാർ പറഞ്ഞു. പല കുത്തുകൾ ഏറ്റ ഒരു സ്ത്രീ ഇങ്ങോട്ട് വരുന്നുണ്ട് പോലും.  OT (ഓപ്പറേഷൻ തിയേറ്റർ )ഉടൻ റെഡി ആക്കി ഇടണം.. ഗോപാലകൃഷ്ണൻ സാർ പറഞ്ഞു.
ഞാൻ മോളി മാഡത്തെ വിവരമറിയിച്ചു.ഫ്രീ ആണെങ്കിൽ എനിക്കൊപ്പം ചേരാമല്ലോ. Gyneac കേസ്‌ (സിസേറിയൻ ) തീരുന്നു, ഞാൻ ഉടനെ അങ്ങെത്തിക്കൊള്ളാം, മാഡം പറഞ്ഞു. 
ഞാൻ ഉടൻ തന്നെ തീയേറ്റർ റെഡി ആക്കി, സിസ്റ്റർ മാർ allert ആയി. എല്ലാവരും അവസരത്തിനൊത്തുയർന്നു. Blood loss കൊണ്ടുള്ള ഷോക്ക് മാനേജ് ചെയ്യാനുള്ള സ്പെഷ്യൽ anaesthesia drugs, മറ്റു drugs, സ്പെഷ്യൽ fluids എല്ലാം റെഡി. താമസിയാതെ patient എത്തി, ഒപ്പം മോളി മാഡവും. Casualty യിൽ അധികം സമയം കളയാതെ patient, and surgical team തിയേറ്ററിൽ എത്തി.
ഇത്ര ക്ലേശകരമായ ഒരു അന്നേസ്തെഷ്യ ഞാൻ ആയിടക്കൊന്നും കൊടുത്തിട്ടില്ല.
സമയം തെല്ലും പാഴാക്കാതെ ഞങ്ങൾ രോഗിയെ ഓപ്പറേഷൻ ടേബിളിൽ കിടത്തി. BP നോക്കി. 
BP നോക്കുന്നതിനെ ഇതിഹാസകാരൻ ഒ. വി. വിജയൻ മലയാളീകരിച്ചിരിക്കുന്നത് ഇപ്പോൾ എനിക്കോർമ്മ വരുന്നു. വായിക്കുമ്പോൾ എനിക്കതിശയം തോന്നിയിട്ടുണ്ട്.
"ഒരു ദിവസം ശിവരാമൻ നായർ കണംകയ്യിൽ റബ്ബർക്കുഴല് ചുറ്റി കാറ്റടിച്ചു അളവെടുത്തു. രക്തസമർദ്ദം കുറവാണ് ". ഇവിടെയും അതു തന്നെ, രക്ത സമ്മർദ്ദം തീരെ കുറവാണ്.. രോഗി അമിതമായ രക്തവാർച്ചയെ തുടർന്നു ഷോക്കിലാണ്. ഉണ്ടായിരുന്ന രണ്ട് canula വഴി പ്രത്യേക fluids കൊടുക്കുന്നുണ്ട്. പുറമെ ഞങ്ങൾ കഴുത്തിലെ വലിയ രക്തക്കുഴലുകളിൽ ഒന്നിൽകൂടി tripple lumen catheter ഇട്ടു. ഇതു വഴി ഒരേ സമയം മൂന്നു ഇൻജക്ഷൻ പോർട്ടുകൾ ലഭിക്കുന്നത് കൂടാതെ central venous pressure കൂടി നമുക്ക് അളക്കാം . കൂടാതെ ഇതുവഴി കൊടുക്കുന്ന മരുന്നുകൾ നേരെ heart ൽ എത്തിപ്പെടും.                                pressure കുറയാതെ   രോഗിയെ മയക്കത്തിലേക്കു നയിക്കുന്ന മെഡിസിൻസ് കൊടുത്തു . Trachea (wind pipe )യിൽ endotracheal tube pass ചെയ്തു anaesthesia machine നിലേക്ക് ബന്ധിപ്പിച്ചു. ആദ്യത്തെ വെന്റിലേഷനിൽ തന്നെ ഓക്സിജനും മറ്റു ഗ്യാസ്സുകളും വഹിക്കുന്ന reservoir bag കല്ലിൽ അമർത്തുന്നതു പോലെയുള്ള ഒരു 'feel' ആണ് തന്നത്. നെഞ്ചിനുള്ളിലേക്ക് ഒന്നും കയറുന്നില്ല. ഉടൻ തന്നെ ഞങ്ങൾക്ക് കാര്യം പിടികിട്ടി. നെഞ്ചിലേറ്റ കുത്തുകൾ lungs ൽ മുറിവ് ഉണ്ടാക്കി വായുവും രക്തവും നെഞ്ചിനുള്ളിൽ leak ആയി കെട്ടിക്കിടക്കുന്നു. ഉടൻ തന്നെ ഞങ്ങൾ സർജനെ അല്ലെർട് ചെയ്തു. Floor nurse ഒട്ടും സമയം പാഴാക്കാതെ ICD (intercostal drainage system )ഹാജരാക്കി.. ആദ്യം വലതു സൈഡിൽ. അവിടെ നിന്നും രക്തവും, വായുവും ചീറ്റി വന്നു. ഇടതു സൈഡിലും ഇതേ ICD ഇട്ടു , രണ്ടും താഴെ വെള്ളമുള്ള കുപ്പിയിലേക്ക് connect ചെയ്തു. (അണ്ടർ വാട്ടർ സീൽ) അന്നൊരു potable x ray machine അവിടെ ഉണ്ടായിരുന്നില്ല, മാത്രവുമല്ല x ray എടുത്തു നടന്ന് വിലയേറിയ സമയ നഷ്ടം ഒഴിവാക്കുകയും ചെയ്യാം. 

ഇപ്പോൾ രണ്ടു ലങ്സിലും ഓക്സിജനും, മറ്റ് ഗ്യാസ്സുകളും ചേർന്ന മിശ്രിതം അനായാസേന പ്രവേശിച്ചു തുടങ്ങി. ഒരു marathon surgery. 
Chest തുറക്കേണ്ടി വന്നു. വയറു തുറക്കേണ്ടി വന്നു. ദേഹത്തുണ്ടായിരുന്ന ആഴമേറിയതും അല്ലാത്തതുമായ മറ്റ് മുറിവുകൾ. ഒക്കെ പരിചരിക്കേണ്ടി വന്നു. എല്ലാവർക്കും നാലു കയ്യും എട്ടു കണ്ണും എരിയുന്ന വയറും, പറക്കുന്ന ചിന്തകളും. Blood, colloids, crystalloids ഒരേ സമയം രക്തക്കുഴലുകളിൽക്കൂടി വേഗത്തിൽ ഒഴുകിക്കൊണ്ടിരുന്നു.പുറമെ പല മരുന്നുകളും. 
ഒരു marathon സർജറിക്കൊടുവിൽ രോഗിയെ ബോധമണ്ഡലങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്ന ജോലി ഞങ്ങൾ anaesthesia ഡോക്ടർമാർക്കുള്ളതാണ്. നാലഞ്ച് മണിക്കൂർ സർജറിക്കൊടുവിൽ പോലും അതത്ര ആയാസമായിരുന്നില്ല. 
രോഗി കണ്ണു തുറന്നു. Vitals ഒക്കെ near normal. Endo tracheal tube മാറ്റിയില്ല. Patient ഒന്നു stable ആകുന്നതു വരെ അതവിടെ തന്നെ വയ്ക്കുന്നതാണ് ഉചിതം.patient നേ Post OP വാർഡിലേക്ക് shift ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് അടുത്തത്. ഓപ്പറേഷൻ ടേബിളിൽ നിന്നും ട്രോളിയിൽ shift ചെയ്തു സ്ത്രീകളുടെ post operative വാർഡിലേക്ക് മാറ്റുക ശ്രമകരമായിരുന്നു. എണ്ണിക്കോളൂ നിങ്ങൾ. Endothrachel tube, ആമാശയത്തിലേക്കു nasogastric ട്യൂബ്,  ഇടത്തും വലത്തുമായി രണ്ട്  ICD ട്യൂബുകൾ കുപ്പികളോട് ഘടി പ്പിച്ചിരിക്കുന്നത്, വയറിന്റെ രണ്ടുവശത്തും drainage ട്യൂബുകൾ, മൂത്രത്തിനു വേറൊരു tube. മൂക്കിൽ മറ്റൊരു ട്യൂബ്, oxygen കൊടുക്കാൻ.എട്ടു ട്യൂബുകൾ. ഇവയ്ക്ക് സ്ഥാനചലനം വരാതെ shift ചെയ്യണം.nursing അസിസ്റ്റന്റുമാർ, മറ്റു ചേച്ചിമാർ, anaesthesia കാർക്ക് തലയും കഴുത്തും ശ്രദ്ധിച്ചു പിടിക്കണം. Surgeons PGs ഒക്കെ ചേർന്നാണ് ട്രോളിയിലേക്ക് shift ചെയ്യുന്നത്. അന്നു സർജിക്കൽ ICU, വെന്റിലേറ്റർ ഇവയുടെ അഭാവം കാരണമാണ് വാർഡിലേക്കയക്കുന്നത്.അല്ലെങ്കിൽ നേരെ ICU വിലേക്കു പോകേണ്ട കേസ്സാണ്.
തിയേറ്റർ അടുത്ത സർജറിയ്ക്കായി ക്ലീൻ ചെയ്യാൻ തുടങ്ങുന്ന ചേച്ചിമാർ, set റെഡി ആക്കുന്ന സിസ്റ്റർമാർ. 
ഞാൻ തീയേറ്ററിനകമൊന്നു വീക്ഷിച്ചു. യുദ്ധമൊഴിഞ്ഞ കുരുക്ഷേത്രം പോലെ എല്ലായിടത്തും രക്തം തളംകെട്ടി കിടക്കുന്നു. ഇനിയും ഉറയാത്ത ഓപ്പറേഷൻ ടേബിളിനടിയിലെ ചോര. എല്ലാവരും ഊരിയിട്ട സർജിക്കൽ ഡ്രെസ്സുകൾ, patient  നെ കിടത്തിയ വിരികൾ, പുതപ്പിച്ച പച്ചത്തുണികൾ, mop സ്റ്റാൻഡിൽ കൊളുത്തിയിട്ടിരിക്കുന്ന രക്തം ഇറ്റ്‌ വീഴുന്ന അമ്പതോളും മോപ്പുകൾ. 
ഞാനും മോളിമാഡവും മുഖത്തോടു മുഖം നോക്കി.PGs ഇല്ലാതെ പോയല്ലോ, അവർക്ക് വലിയ നഷ്ടമായിപ്പോയി. ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു. ഇത്തരം കേസുകൾ ആണ് അവർ കാണേണ്ടത്.
എങ്ങിനെയാണ് ഒരു heamo pneumo thorax 
അവർ വെറുമൊരു bag feel കൊണ്ടു diagnose ചെയ്യേണ്ടത്, എങ്ങിനെയാണ് anaesthesia മാനേജ് ചെയ്യേണ്ടത് എന്നൊക്ക പഠിക്കാൻ പറ്റിയ കേസ്‌ ആയിരുന്നു. പല seniors പല രീതിയിലാകും ഒരേ കേസ്‌ മാനേജ് ചെയ്യുന്നത്. അവർക്കെല്ലാവരെയും നിരീക്ഷിക്കാം. എല്ലാ ടെക്‌നിക്സും കണ്ടു പഠിക്കാം.ഒടുവിൽ ഈ പ്രത്യേക കേസിൽ അവരുടെ കയ്യിൽ അവർക്കേതാണ് സുരക്ഷിതമായി തോന്നുന്നത് അതവർക്ക് തിരഞ്ഞെടുക്കാം. അതാണ്‌ ശരി. Techniques safe ആയിരിക്കണം. അതു നിർബന്ധം...
നേരം വെള്ള കീറാൻ തുടങ്ങുന്നു എന്നു തോന്നി. ഞാൻ ജനൽപ്പാളികൾക്കപ്പുറത്തെ ഇരുട്ടി ലേക്കു നോക്കി. ആകാശം കാണുന്നുണ്ടായിരുന്നില്ല, നക്ഷത്രങ്ങളും. 
നല്ല മഴ വെളിയിൽ പെയ്യും പോലെ. ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്നാൽ പുറത്തു നടക്കുന്നതൊന്നും അറിഞ്ഞേക്കില്ല. ഞാൻ ആലോചിക്കുകയായിരുന്നു, ഇത്രയേറെ മാരകമായ മുറിവുകൾ ഒരു സ്ത്രീയിൽ അതും മാറിൽ, ഏൽപ്പിക്കാൻ ഒരു ഭർത്താവിനെങ്ങനെ സാധിക്കും? അല്ലെങ്കിൽ ഒരു മനുഷ്യ ജീവിക്ക് എങ്ങനെ സാധിക്കും.!!
പാവം രക്ഷപ്പെട്ടാൽ മതിയായിരുന്നു.
കുത്താനും, കൊല്ലാനും ഇപ്പോൾ മനുഷ്യന് യാതൊരറപ്പും ഇല്ലെന്ന് എല്ലാ മീഡിയയും ഒരേ സ്വരത്തിൽ അറിയിക്കുന്നു. പണ്ട് കോട്ടയം മെഡിക്കൽ കോളേജിൽ ഒരു ദിവസം അഞ്ചാറു കുത്തുകേസ്സുകൾ ഉറപ്പായിരുന്നു. എ. കെ ആന്റണി മദ്യ നിരോധനം ഏർപ്പെടുത്തിയ നാളുകളിൽ കുത്തു കേസുകൾ കുറവായിരുന്നു എന്നു ഞാൻ ഓർമിക്കുന്നു.
ഞാൻ അടുത്ത case ചെയ്യാനുള്ള തയ്യാറെടുപ്പിലേക്കു വീണ്ടും.....
ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു തിരിക്കുമ്പോൾ സ്ത്രീകളുടെ post operative വാർഡിൽ കയറി ഈ patientനെ ഒന്നു കാണേണ്ടിയിരുന്നു. കയ്യും കാലും കട്ടിലിൽ കെട്ടിയിട്ടിരുന്ന അവർ വേദന കൊണ്ട് പുളയുകയായിരുന്നു.
ഞാൻ ചില വേദനസംഹാരികൾ അവർക്ക് കൊടുത്തു.. അവരൊന്നടങ്ങിയപ്പോൾ ഞാൻ ചോദിച്ചു, 
ഭർത്താവ് എന്തിനാണ് ഈ കടുംകയ്യ് ചെയ്തത്..?

അവരെന്നെ ഒന്നു പകച്ചു നോക്കി.. "എന്നെ ഒരാൾക്ക് കൂട്ടിക്കൊടുത്തതും കൊണ്ട് അയാൾ കുടിച്ചിട്ടു വന്നു. അകത്താക്കിയ മദ്യത്തിന്റെ പുറത്ത് സദാചാര ബോധം വന്ന അയാൾ എന്നെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു". 
അവരൊന്നു നിർത്തി. ഉറക്കത്തിലേക്കു ചായുംമുൻപ് അവർ പറഞ്ഞു, "കുട്ടികൾക്കാരുമില്ലാതായി". 
ഞാൻ തറഞ്ഞു നിന്നുപോയി. അവർ ഉറക്കത്തിലേക്കു പൂർണമായും ചാഞ്ഞുപോകുമ്പോൾ ഞാൻ വാർഡിന് പുറത്തുകടന്നു.
എന്നെ നിരന്തരം വേട്ടയാടിയ ഒരു case ആണിത്. ഇതിന്റെ ഓർമ്മയിൽ ആണ്  'അക്ഷരപ്പെട്ടി' എന്ന എന്റെ പുസ്തകത്തിലെ 'ഡോക്ടർ രോഗീ ബന്ധം പവിത്രം തന്നെ ' എന്ന ലേഖനത്തിൽ ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നത്.

"പതിനാല് കത്തിക്കുത്തുകൾ ഒരു രോഗിക്കു സമ്മാനിച്ചവനോ, ഈ രോഗിയെ രക്ഷിക്കാൻ രാത്രിയുടെ അന്തിമയാമങ്ങളിൽ ഒരു മാരത്തൺ സർജറിക്കിടയിൽ ഉദരത്തിൽ ഒരു ആർട്ടറിക്ലാമ്പ് മറന്നു വച്ച ഡോക്ടറോ, ആരാണ് കൂടുതൽ തെറ്റുകാരൻ"?


എന്റെ ഉള്ള് തുറന്നു തന്നെ കിടക്കുന്നു ...

Dr. Kunjamma George.
27/05/2022.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക