5
സിനിമാക്കമ്പം
വല്യമ്മച്ചി തുടങ്ങിവച്ച സിനിമാക്കമ്പം രണ്ടാംതലമുറയിലെ ഇളയ സന്തതിയായ ഞാന്‍വരെ എത്തിപ്പെട്ടു. വല്യമ്മച്ചിക്കു മുമ്പുള്ളവര്‍ സിനിമാക്കമ്പക്കാരായിരിക്കില്ല. കാരണം, അന്നു മലയാളസിനിമ ഉണ്ടായിരുന്നില്ല.
ചേച്ചി ബോംബെയില്‍നിന്ന് അവധിക്കു വരുമ്പോള്‍ പാലാ, കോട്ടയം എന്നിവിടങ്ങളിലേക്ക് മിക്കവാറും യാത്രകളുണ്ടാകും. അവിടെയൊക്കെയാകുമ്പോള്‍ പല തിയേറ്ററുകളില്‍നിന്നായി രണ്ടും മൂന്നും സിനിമവരെ ഒറ്റപ്പോക്കിനു കാണാം. സിനിമാക്കമ്പം കാരണം, ചേച്ചി ഒരു തിയേറ്റര്‍തന്നെ സ്വന്തമാക്കി. 'ലീലാമഹല്‍' തിയേറ്ററില്‍ ആദ്യം റിലീസ് ചെയ്ത 'യവനിക' ഏഴെട്ടു പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ടാകും. രണ്ടാമത്തെ റിലീസായ 'ശങ്കരാഭരണം' പത്തുപതിനഞ്ചു തവണയും!
അമേരിക്കയിലെത്തിയാല്‍പ്പിന്നെ എല്ലാറ്റിനും ഒരു 'സെറ്റ്ബാക്ക്' ആണ്. പാട്ടിനും സിനിമയ്ക്കും, എന്തിന്, മലയാളലിപികള്‍ക്കു വരെ അവധി പറഞ്ഞിരിക്കുമ്പോഴാണ് മറ്റൊരു സിനിമാക്കമ്പക്കാരിയായ കവിതയെ കണ്ടുമുട്ടിയത്. കവിതയ്‌ക്കൊപ്പം ഒരുപാടൊരുപാടു മലയാളസിനിമകള്‍ കണ്ടു. സിനിമാവിശേഷങ്ങള്‍ അങ്ങനെ വീണ്ടും ട്രാക്കിലായി!
6
പുരാണം; പ്രണയം
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, രാമായണ-മഹാഭാരത കഥകള്‍ സിസ്റ്റര്‍ സലോമി പഠിപ്പിക്കുമ്പോള്‍ ഏറെ രസകരമായി തോന്നിയിരുന്നു. ആ കഥകളൊക്കെ കേട്ടുവളരുന്ന ഒരു ഹിന്ദുക്കുട്ടിയായിരുന്നെങ്കിലെന്നുപോലും അന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.
എറണാകുളത്തു ഹോംസയന്‍സ് പഠിക്കുന്ന സമയത്ത് ഒരു ഹിന്ദു കൂട്ടുകാരിയുണ്ടായിരുന്നു. ആ വര്‍ഷത്തെ എന്റെ പിറന്നാളിന്, രാവിലെ പള്ളിയില്‍പ്പോയി കുര്‍ബ്ബാന കൂടിയശേഷം, സെറ്റുടുത്ത് മുടിയുടെ തുമ്പൊക്കെ കെട്ടി, അവളുടെകൂടെ അമ്പലത്തില്‍പ്പോയി. സിനിമയിലൊക്കെ കാണുമ്പോലെ പ്രദക്ഷിണംവച്ചു തൊഴുതപ്പോള്‍ നല്ല രസംതോന്നി.
ഷൈലജയുടെ വിവാഹം തീരുമാനിച്ചിരുന്ന സമയമായിരുന്നു അത്. ഒരുമിച്ചു കളിച്ചുവളര്‍ന്ന മുറച്ചെറുക്കനായിരുന്നു അവളുടെ വരന്‍. യേശുദാസിന്റെ അതിമധുരമായ കുറേ റൊമാന്റിക് ഗാനങ്ങളടങ്ങിയ കാസറ്റ് അയാള്‍ അവള്‍ക്കു സമ്മാനിച്ചിരുന്നു. അന്നൊക്കെ കടയില്‍നിന്ന് അങ്ങനെയൊരു കാസറ്റ് വാങ്ങാന്‍ കിട്ടില്ലായിരുന്നു. പാട്ടുകള്‍ തെരഞ്ഞെടുത്തു റെക്കോഡ് ചെയ്യിക്കണം. അക്കാലത്ത് പ്രണയിനിക്കു കൊടുക്കാന്‍ പറ്റിയ സൂപ്പര്‍ ഡ്യൂപ്പര്‍ സമ്മാനമായിരുന്നു അത്!
7
ക്ലോക്ക്
പണ്ടുപണ്ട്, പൊന്‍കുന്നത്തെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ വലിയൊരു കറുത്ത ക്ലോക്കുണ്ടായിരുന്നു; എല്ലാ മണിക്കൂറിലും ഉറക്കെ മണിയടിക്കുന്ന ഉഗ്രന്‍ ക്ലോക്ക്!
നാലു പാളികളുള്ള മുന്‍വാതിലിന്റെ മുകളിലത്തെ രണ്ടു പാളികള്‍ പകല്‍ മുഴുവന്‍ തുറന്നു കിടക്കുന്നതിനാലും ഗെയ്റ്റിന് അധികം പൊക്കമില്ലാത്തതിനാലും ഒരുപാടു വഴിപോക്കര്‍ ആ ക്ലോക്കിനെയാണ് ആശ്രയിച്ചിരുന്നത്. വഴിപോക്കര്‍ എന്നു പറഞ്ഞാല്‍ തെറ്റാകും; ജാതിമതവ്യത്യാസമില്ലാത്ത സ്വന്തക്കാര്‍. എയര്‍പോര്‍ട്ടിലേക്കും റെയില്‍വേസ്റ്റേഷനിലേക്കും പലപല കോളേജ് ഹോസ്റ്റലുകളിലേക്കും പാതിരാത്രിക്കും കൊച്ചുവെളുപ്പിനുമൊക്കെ യാത്ര പോകേണ്ട ഏഴു മക്കളും ആശ്രയിച്ചിരുന്നത് ആ ക്ലോക്കിനെയായിരുന്നില്ല; അമ്മച്ചിയെന്ന, ഒരിക്കലുമൊരിക്കലും തെറ്റിയിട്ടില്ലാത്ത അലാറത്തെയായിരുന്നു!
'അമ്മച്ചീ, വെളുപ്പിനേ മൂന്നുമണിക്കൊന്നു വിളിച്ചേക്കണേ' എന്നു പറഞ്ഞ്, സുഖമായി കിടന്നുറങ്ങാം. പാവം അമ്മച്ചി ചിലപ്പോള്‍ മൂന്നുമണിവരെ ഉറങ്ങാതിരുന്നാവും കിറുകൃത്യസമയത്തു മക്കളെ വിളിച്ചുണര്‍ത്തുന്നത്. പക്ഷേ, അമ്മച്ചിക്ക് അതൊരു സന്തോഷവും അഭിമാനവുമായിരുന്നു.
8
ഉറപ്പുള്ള വിളികള്‍
അരിസോണയില്‍നിന്നു പതിമൂന്നു മണിക്കൂര്‍ ഡ്രൈവ് ചെയ്തു മകള്‍ വന്നപ്പോള്‍ അച്ഛായെ ഓര്‍ത്തു.
സെല്‍ഫോണില്ലാത്ത കാലം.
അബുദാബിയിലേക്കോ അമേരിക്കയിലേക്കോ എന്നല്ല, ലോകത്തിന്റെ ഏതു കോണിലേക്കായാലും മക്കള്‍ വീട്ടില്‍നിന്നിറങ്ങിയാല്‍ അവര്‍ യാത്രചെയ്യുന്ന മണിക്കൂറുകളും മിനിട്ടുകളും നിമിഷങ്ങളുമെല്ലാം കണക്കുകൂട്ടി, അച്ഛാ ഫോണിന്റെയടുത്തു കാത്തിരിക്കും. മക്കള്‍ എത്തേണ്ട സ്ഥലത്തെത്തി വാതില്‍ തുറക്കുമ്പോള്‍ ഫോണ്‍ മണിയടിക്കുന്നതു കേള്‍ക്കാം. അറ്റന്റ് ചെയ്യാതെതന്നെ അത് അച്ഛായുടെ കോളാണെന്നു മക്കള്‍ക്കും മരുമക്കള്‍ക്കും ഉറപ്പായിരുന്നു; ഒരുവട്ടംപോലും തെറ്റിയിട്ടില്ലാത്ത ഉറപ്പ്!
കുടുംബവീട്ടില്‍നിന്നു മൂന്ന് ആണ്‍മക്കള്‍ അവരവരുടെ ഭാര്യമാരും മക്കളുമായി പടിയിറങ്ങിയത് പരസ്പരം പിണങ്ങിയിട്ടല്ല; എല്ലാ മുറികളും നിറഞ്ഞുകവിഞ്ഞിട്ടാണ്. ഓരോരുത്തര്‍ക്കും മക്കള്‍ ഏഴും എട്ടും പതിനൊന്നുമൊക്കെയായിരുന്നു! മൂന്നുപേരും മൂന്നു സ്ഥലത്തേക്കു പോയില്ല. പകരം അടുത്തടുത്തു വീടുകള്‍വച്ചു താമസമാക്കി. എല്ലാ കുട്ടികള്‍ക്കും സ്വന്തം കുടുംബത്തില്‍നിന്നുതന്നെ ഇഷ്ടംപോലെ കൂട്ടുകാര്‍! കസിന്‍സ് എന്നു വിളിക്കുന്നതിലും എനിക്കിഷ്ടം കുട്ടുകാരെന്നു വിളിക്കുന്നതുതന്നെയാണ്.
സ്‌കൂളില്‍ പോകുന്നതും പള്ളിയില്‍ പോകുന്നതുമൊക്കെ ഒരുമിച്ച്. എല്ലാ ക്ലാസ്സുകളിലും കുറഞ്ഞതു രണ്ടു കസിന്‍സെങ്കിലുമുണ്ടാകും! ഞങ്ങളിലാരെയെങ്കിലും തൊട്ടുകളിച്ചാല്‍, ചോദിക്കാനും പറയാനും ഞങ്ങളൊക്കെത്തന്നെ ധാരാളം.
എന്റെ ക്ലാസ്സിലുമുണ്ടായിരുന്നു ഒരു കസിന്‍. അവള്‍ എന്നെപ്പോലെ വായാടിയായിരുന്നില്ല. വര്‍ത്തമാനം പറയുന്ന പേരുകാരുടെ കൂട്ടത്തില്‍ അവള്‍ ഒരിക്കലുമുണ്ടാവില്ല. അതുകൊണ്ടുതന്നെ അവളെപ്പോലെയാകണമെന്നതായിരുന്നു അന്നത്തെ എന്റെ ഏറ്റവും വലിയ മോഹം. എല്ലാ വര്‍ഷാരംഭത്തിലും ഞാന്‍ ഉഗ്രശപഥമെടുക്കും, ഈ വര്‍ഷം കലപിലയെന്നു ചിലയ്ക്കാതെ റെസിയെപ്പോലെയിരിക്കുമെന്ന്. അതുപോലെ, സ്‌കൂളിലെ സ്ഥിരം ലീഡറായിരുന്ന കൊച്ചുറാണിയുടെ മുഖത്തു സ്ഥിരമായുണ്ടായിരുന്ന കാര്യഗൗരവഭാവം ചോര്‍ത്താന്‍ പലകുറി ശ്രമിച്ചിട്ടുണ്ട്. രണ്ടും ഒരിക്കലും നടക്കാത്ത മനോഹരസ്വപ്നങ്ങളായിത്തന്നെ അവശേഷിച്ചു!
ഈ കൊച്ചുറാണിയുടെ കണ്ണില്‍നിന്നു രണ്ടുതുള്ളി വെള്ളമടര്‍ന്നുവീഴുന്നതു ഞാന്‍ കണ്ടു. ഒരു പരീക്ഷണമെന്ന നിലയില്‍, ഇടയ്ക്കിടയ്ക്ക് മക്കളെ നല്ലനല്ല ബോര്‍ഡിംഗ് സ്‌കൂളുകളില്‍ കൊണ്ടാക്കുന്ന പതിവുണ്ടായിരുന്നു, അച്ഛായ്ക്ക്. ആരും ഒരുവര്‍ഷം തികച്ച് അവിടെയൊക്കെ തങ്ങിയിട്ടുണ്ടെന്നു തോന്നുന്നില്ല. അങ്ങനെയൊരു ബോര്‍ഡിംഗ് വാസത്തിനിടയ്ക്ക് ബാബു വീട്ടിലേക്കയച്ച ഹൃദയഭേദകമായ കത്തുവായിച്ചാണ് ഞങ്ങള്‍ രണ്ടാളുംകൂടി കണ്ണുനീര്‍ വാര്‍ത്തത്!
കൊച്ചുറാണിയുടെ അമ്മ 'ലേഡി മറിയാമ്മ' എന്നു നാട്ടുകാര്‍ വിളിക്കുന്ന മറിയാമ്മ ഡോക്ടറുടെ ചികിത്സാലയം ആ നാട്ടിലെ എല്ലാ അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലികളുടെ കേന്ദ്രമായിരുന്നു.
തുടരും
read more: https://emalayalee.com/writer/225