ടെക്നോളജി ഒരു വല്ലാത്ത തലത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ചയെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട കാര്യമില്ലാ; സ്വകാര്യതക്ക് ഇന്നത്തെ ഇലക്ട്രോണിക്ക്- ഡിജിറ്റല്‍ ലോകത്തില്‍ സ്ഥാനമില്ലാ
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറരുതെന്നുള്ള ഐ.ടി. മന്ത്രാലയത്തിന്റ്റെ സര്‍ക്കുലര്‍ പലരും എന്തോ വലിയ സംഭവമായാണ് അവതരിപ്പിക്കുന്നത്. പ്രസിദ്ധ ഹോളിവുഡ് സിനിമയായ 'എനിമി ഓഫ് ദ സ്റ്റെയിറ്റ്'-ല്‍ വില്‍ സ്മിത്ത് അണ്ടര്‍വെയറില്‍ ഓടുന്ന സീന്‍ കണ്ടിട്ടുള്ളവര്‍ക്ക് ഈ സ്വകാര്യത ഒന്നും വലിയ സംഭവം അല്ലെന്നുള്ള കാര്യം നല്ലതുപോലെ തന്നെ അറിയാം. അമേരിക്കയുടെ National Security Agency (NSA) - ക്ക് ഏക്കര്‍ കണക്കിന് കമ്പ്യൂട്ടര്‍ ശ്രിംഖല ഉണ്ടെന്നാണ് പറയപ്പെടുന്നത്. അമേരിക്കയിലെ എന്‍.എസ്.എ. ഈ ഏക്കര്‍ കണക്കിനുള്ള കമ്പ്യൂട്ടര്‍ ശ്രിംഖല ഉപയോഗിച്ച് ഫോണ്‍ വഴിയും, ഉപഗ്രഹങ്ങളിലും, ഹെലികോപ്റ്ററില്‍ കൂടിയുമൊക്കെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ട്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയിലെ ഒരാള്‍ തന്റ്റെ സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, വില്‍ സ്മിത്ത് അതിന് എതിര് നില്‍ക്കുന്നതുമാണ് 'എനിമി ഓഫ് ദ സ്റ്റെയിറ്റ്'-ലെ പ്രമേയം. എന്‍.എസ്.എ.-യില്‍ ജോലി ചെയ്യുന്നയാള്‍ ഏജന്‍സിയുടെ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുമ്പോഴാണ് വില്‍ സ്മിത്തിന് തുണിയും ഷൂസുമെല്ലാം ഉപേക്ഷിച്ച് റോഡിലൂടെ അണ്ടര്‍വെയറില്‍ ഓടേണ്ടി വരുന്നത്.
'Enemy of the State' എന്ന ഹോളിവുഡ് ചിത്രത്തില്‍ അമേരിക്കന്‍ പൗരന്‍മാര്‍ സ്റ്റെയിറ്റിനാല്‍ നിരീക്ഷിക്കപ്പെടുന്നത് നന്നായി കാണിക്കുന്നുണ്ട്. ഇങ്ങനെ പൗരന്മാര്‍ അമേരിക്കന്‍ സ്റ്റെയിറ്റിനാല്‍ നിരന്തരം നിരീക്ഷിക്കപ്പെട്ടിട്ടും അവിടെ കുറ്റകൃത്യങ്ങള്‍ക്ക് കുറവൊന്നും ഇല്ലാ. ഈയിടെ ആണല്ലോ ഒരു അമേരിക്കന്‍ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടത്. ഇത്തരം കുറ്റകൃത്യങ്ങളൊക്കെ ഇന്ത്യയിലേത് പോലെ പരമ്പരാഗത ആറ്റിറ്റിയൂഡിനാലും, മൂല്യങ്ങളാലും സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങളല്ലാ എന്ന് മാത്രം. നമുക്കിവിടെ ദാരിദ്ര്യവും, അസമത്വവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഇഷ്ടം പോലെ ഉണ്ട്; 'ദുരഭിമാന കൊലകള്‍' പോലെ മിഥ്യാഭിമാനവും, ഈഗോയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഇഷ്ടം പോലെ ഉണ്ട്. വികസിത യൂറോപ്പ്യന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മറ്റു പല പ്രശ്‌നങ്ങളും ആണെന്നേ ഉള്ളൂ. ഓരോ സമൂഹവും ഓരോരോ രീതിയിലാണ് പ്രശ്‌നങ്ങള്‍ നേരിടുന്നത്.
മുന്‍ DGP സെന്‍കുമാര്‍ തന്റ്റെ സര്‍വീസ് സ്റ്റോറിയായ 'എന്റ്റെ പോലീസ് ജീവിതം' എന്ന പുസ്തകത്തില്‍ ജിഷ വധക്കേസില്‍ യു.ഐ.ഡി. - യുടെ ആസ്ഥാനമായ ബാംഗ്ലൂര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ആധാര്‍ കാര്‍ഡുകളില്‍ ഒരാളുടെ അഡ്രസ് കൊടുത്താല്‍ അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ കണ്ടെത്താമെന്നല്ലാതെ ബയോമെട്രിക് വിവരങ്ങള്‍ കൊടുത്താല്‍ അഡ്രസ് കണ്ടെത്താനുള്ള യാതൊരു സംവിധാനവും അന്നില്ലായിരുന്നു എന്ന് പറയുന്നുമുണ്ട്. മറ്റ് പല രാജ്യങ്ങളിലും കുറ്റാന്വേഷണത്തിന് നിലവിലുള്ള സംവിധാനങ്ങളൊന്നും ഇന്നും ഇന്ത്യയില്‍ നിലവിലില്ലാ.
ഇപ്പോള്‍ ബയോമെട്രിക് അടക്കം കോടിക്കണക്കിനു ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പലതവണ ചോര്‍ന്നിട്ടുണ്ട് എന്ന് പലരും പറയുന്നു. ആധാര്‍ വിവരങ്ങള്‍ കോര്‍പറേറ്റുകള്‍ മുതല്‍ തീവ്രവാദ സംഘടനകള്‍ക്ക് വരെ കിട്ടിയിട്ടുണ്ട് എന്നും ആരോപണമുണ്ട്. സത്യത്തില്‍ ഇന്നത്തെ ലോകത്തില്‍, ആധാര്‍ വിവരങ്ങള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടു കഴിഞ്ഞു എന്ന ആരോപണത്തില്‍ വലിയ കഴമ്പില്ലെന്നുള്ളതാണ് വാസ്തവം.
പലരും സ്വകാര്യത വലിയ സംഭവമായി ഉയര്‍ത്തികാട്ടിയാണ് സ്ത്രീകളുടെ കാല്‍വിരല്‍ തൊട്ട് തലമുടി വരെ പൊതു ഇടങ്ങളില്‍ മറക്കണമെന്ന് വാദിക്കുന്നത്. ആരെങ്കിലും സ്ത്രീകളുടെ ഫോട്ടോ എടുത്തുപോയാല്‍ കുടുംബത്തിന്റ്റെ മാനം പോയി എന്നാണ് ഇക്കൂട്ടരുടെ മനസ്സിലിരിപ്പ്! സത്യത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സ്വകാര്യത എന്നൊന്ന് ഇല്ലാ. എവിടെയെല്ലാം വെച്ച് നമ്മുടെ ഫോട്ടോകള്‍ എടുക്കപ്പെടുന്നു - എയര്‍ പോര്‍ട്ടില്‍, മാളുകളില്‍, ബസ് സ്റ്റാന്റ്റില്‍ - അങ്ങനെ എന്തെല്ലാം സ്ഥലങ്ങളില്‍. സ്ഥാപനങ്ങളോട് ഫോട്ടോ എടുക്കരുതെന്ന് വ്യക്തികള്‍ക്ക് പറയാന്‍ സാധിക്കുമോ? ഈ വര്‍ഷം അവസാനം 5G വ്യാപകമാകുന്നതോടെ ഈ സ്വകാര്യത മിക്കവാറും നാമാവശേഷമാകും. അതുകൊണ്ട് ഇപ്പോഴേ പഴയ ഫ്യുഡല്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് മുക്തരാകുവാന്‍ ആണ് യാഥാര്‍ഥ്യബോധം ഉള്ളവര്‍ ശ്രമിക്കേണ്ടത്.
ഇന്നിപ്പോള്‍ ആര്‍ക്കും മൊബൈല്‍ നമ്പര്‍ കൊടുക്കരുതൊന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ഇനി വരാന്‍ പോകുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റെലിജെന്‍സിന്റ്റെ കാലമാണ്. ഇന്നുതന്നെ എല്ലായിടത്തും ക്യാമറ ഉണ്ട്. നമ്മുടെ മുഖം സ്‌കാന്‍ ചെയ്ത് അത് നെറ്റ് വര്‍ക്കിലേക്ക് ബന്ധിപ്പിച്ചാല്‍ നമ്മളെ കുറിച്ചുള്ള സകല വിവരങ്ങളും കിട്ടും. ചൈന ആ രീതി ഇതിനോടകം തന്നെ വികസിപ്പിച്ചു കഴിഞ്ഞു. കൗണ്ടര്‍ ടെററിസത്തെ കുറിച്ചുള്ള അമേരിക്കന്‍ ടെലിവിഷന്‍ സീരിയലായ '24'- ല്‍, ഒരു വ്യക്തിയെ കുറിച്ചുള്ള സകല വിവരങ്ങളും അവരുടെ സ്ഥാപനത്തിന്റ്റെ കംബ്യുട്ടര്‍ സ്‌ക്രീനില്‍ വരുന്നതായിട്ടാണ് കാണിക്കുന്നത്. അപ്പോള്‍ സീരിയലിന്റ്റെ നായകനായ ജാക്ക് ബവ്വര്‍, 'കോപ്പി ദാറ്റ്' എന്നാണ് പറയുന്നത്. ഒരു ഇലക്ട്രോണിക്ക്-ഡിജിറ്റല്‍ ലോകത്തിലെ രീതിയാണത്. ഇന്നല്ലെങ്കില്‍ നാളെ, ലോകം മുഴുവനും ഒരുപക്ഷെ ആ ഇലക്ട്രോണിക്ക്-ഡിജിറ്റല്‍ ലോകത്തിലെ രീതി അവലംബിച്ചേക്കാം. ചുരുക്കം പറഞ്ഞാല്‍, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പ്രൈവസി അല്ലെങ്കില്‍ സ്വകാര്യത എന്ന് പറയുന്നത് ഇല്ലാ. പിന്നെ ഭരണകൂടങ്ങളോടും ഉത്തരവാദിത്ത്വബോധമുള്ള കമ്പനികളോടും പൗരന്റ്റെ സ്വകാര്യത മാനിക്കണം എന്നു പറയാം. അത്രയേ ഇനി സാധിക്കുകയുള്ളൂ.
(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
വെള്ളാശേരി ജോസഫ്