Lawson Travels

കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-3 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

Published on 31 May, 2022
കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-3 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

9
ഏപ്രില്‍ ഫൂള്‍!

ഒരു ചെറിയ പൊതി നൂലില്‍ കെട്ടി ജനലിലൂടെ റോഡിലേക്കിട്ട്, നൂലിന്റെ മറ്റേയറ്റം പിടിച്ച് കാര്‍ഷെഡ്ഡിനോടുചേര്‍ന്ന മുറിയില്‍ ബാബു ഒളിച്ചിരിക്കും. വഴിയാത്രക്കാരന്‍, ആരും കാണാതെ ആ പൊതിയെടുക്കാന്‍ കുനിയുമ്പോഴേക്കും നൂലില്‍ പിടിച്ചുവലിക്കും. പിന്നെ ഏപ്രില്‍ഫൂളിന്റെ തമാശകളാണ്. ഈ കഥ നടന്നത് വളരെ പണ്ടാണ്; ഇത്തരം തമാശകള്‍ സിനിമയിലൊക്കെ വരുന്നതിനും മുമ്പ്!
വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഏപ്രില്‍ ഒന്നിനാണ് ഞാന്‍ രണ്ടാമത്തെ പ്രസവത്തിന് ആശുപത്രിയില്‍ അഡ്മിറ്റായത്. ഭാഗ്യത്തിന് മകന്‍ വെളിച്ചംകണ്ടതു പിറ്റേന്നാണ്.
ഏപ്രില്‍ ഫൂളിന്റെയന്ന് ഒരു കുഞ്ഞിക്കാലുപോലും കാണാന്‍ സാധിക്കാത്തതില്‍ അന്നവിടെയുണ്ടായിരുന്ന നഴ്‌സുമാരൊക്കെ നിരാശയിലായിരുന്നു! ആ വര്‍ഷം കങ്ങഴ ആശുപത്രിയില്‍ ഏപ്രില്‍ ഫൂളിന്റെയന്നു ജനിക്കേണ്ടിയിരുന്ന എല്ലാ കുഞ്ഞുങ്ങളും അവരുടെ ജനനം ഒരു ദിവസംകൂടി നീട്ടിവച്ചത്രേ!

10
ആന്റി

ഒരു പെണ്‍കുട്ടി എത്രവയസ്സിലാണ് ആന്റിയാവുക? ജനിക്കുമ്പോഴേ ആന്റിയും അങ്കിളുമൊക്കെയാകുന്ന കുട്ടികളുണ്ടാകും. ഞാന്‍ മൂന്നര വയസ്സിലാണ് ആന്റിയായത്: ചേച്ചിയുടെ മകള്‍ താരയുടെ മിനിയാന്റി!


ആന്റിയായെങ്കിലും നഴ്‌സറിയില്‍ച്ചേര്‍ന്നു പഠിക്കാനുള്ള ഭാഗ്യമുണ്ടായില്ല. പൊന്‍കുന്നത്ത് ആകെയുണ്ടായിരുന്ന നഴ്‌സറി, ഞാനെത്തിയപ്പോഴേക്കും അടച്ചുപൂട്ടിപ്പോയി. എന്നെക്കാള്‍ ഒന്നര വയസ്സു മാത്രം പ്രായക്കൂടുതലുള്ള സാലിയുടെകൂടെ ഇടയ്ക്കിടെ അവിടെപ്പോകുമായിരുന്നു എന്നു മാത്രമല്ല, മിഠായിപെറുക്കലിനൊക്കെ എന്നെയും അവര്‍ കൂട്ടുമായിരുന്നു. അടുത്ത വര്‍ഷം നഴ്‌സറിയില്‍പ്പോകാന്‍ ആറ്റുനോറ്റു കാത്തിരുന്ന ഞാന്‍, അതടച്ചുപോയെന്നറിഞ്ഞ് ആകെ തകര്‍ന്നുപോയി.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാനും സാലിയും താരയുമൊരുമിച്ചു ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ പഠനവും ഒരേ ഹോസ്റ്റലില്‍ താമസവും തുടങ്ങി. ഞാനും സാലിയും ഡിഗ്രി ചെയ്യുമ്പോള്‍ താര ബോംബേയില്‍നിന്നു നേരേ അവിടെവന്നു പ്രീഡിഗ്രിക്കു ചേരുകയായിരുന്നു. ഞങ്ങള്‍ മൂന്നാളും ഹോസ്റ്റലില്‍ ഒരുമിച്ചുണ്ടായിരുന്നതു രസകരമായ അനുഭവമായിരുന്നു. പക്ഷേ, അധികം വൈകാതെ ഞങ്ങള്‍ രണ്ടുപേരും എല്ലാ പ്രീഡിഗ്രിക്കാരുടെയും ആന്റിമാരായി!

11
മധ്യവേനല്‍

എല്ലാ മധ്യവേനലവധിക്കും ചേച്ചിയും കുടുംബവും ബോംബെയില്‍നിന്നു വരുന്നത് വലിയ ആഘോഷമായിരുന്നു. അവര്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ ആദ്യം കാണുന്നതാരെന്ന കാര്യത്തില്‍ ഞങ്ങള്‍ ഇളയ കുട്ടികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകാറുണ്ടായിരുന്നു.
കാര്‍ഷെഡ്ഡിനോടു ചേര്‍ന്ന മുറിയുടെ ജനാലയിലൂടെ നോക്കിയാല്‍ കാര്‍ കടന്നുവരുന്നതു കാണാം. തര്‍ക്കത്തില്‍ ജയിക്കാമെന്ന അതിമോഹത്താല്‍ ആ മുറിയിലൊളിച്ചിരുന്നു. കാത്തിരുന്നു കാത്തിരുന്ന് ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ ചേച്ചിയും കുടുംബവും മാത്രമല്ല, വീട്ടുകാരും അയല്‍പക്കക്കാരും ചുറ്റുമുണ്ടായിരുന്നു! എല്ലാവരുടെയും മുഖത്ത്, നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ ഭാവം! കാണാതായ എന്നെ എത്രനേരം തെരഞ്ഞു എന്ന് ഒരു പിടിയുമില്ല.


ബോംബെയില്‍നിന്ന് ചേച്ചി, നീണ്ട തലമുടിയുള്ള ഒരു സുന്ദരിപ്പാവക്കുട്ടിയെ കൊണ്ടുവന്നു തന്നു. ഊണിലും ഉറക്കത്തിലുമെല്ലാം പ്രിയകൂട്ടുകാരിയായി അവളെ കൊണ്ടുനടന്നു. ആ കൊച്ചുസുന്ദരി ഇന്നും എന്റെ കൂടെത്തന്നെയുണ്ട്. അവസാനയാത്രയിലും കൂടെക്കൂടുന്ന കൂട്ടുകാരി!

12
ഉച്ചനേരം

സ്‌കൂളില്‍നിന്നു നോക്കിയാല്‍ വീടു കാണാം. എന്നാലും ഉച്ചഭക്ഷണം അമ്മച്ചി മമ്മതിന്റെ കൈയില്‍ കൊടുത്തുവിടും. കാരണം മറ്റൊന്നുമല്ല; പല ആഹാരസാധനങ്ങളും എനിക്ക് അലര്‍ജിയുണ്ടാക്കുന്നതായിരുന്നു. വീട്ടില്‍ച്ചെന്നാല്‍ അതൊക്കെ വേണമെന്നു വാശിപിടിച്ചാലോ?!
എന്തായാലും കൂട്ടുകാരുടെ ഇടയിലിരുന്നുള്ള ഉച്ചയൂണിനുശേഷം വരുന്ന സംഗതിയാണു ശരിക്കും രസം. ഭക്ഷണം കഴിഞ്ഞ്, പാത്രം വീട്ടില്‍ക്കൊണ്ടുപോയി വയ്ക്കും. ഒരു കുട്ടിപ്പട്ടാളവും കൂടെയുണ്ടാവും. പിന്നെ, സ്‌കൂളില്‍ മണിയടിക്കുന്നതുവരെ കളിതന്നെ കളി!
പറമ്പിന്റെ ഒരു വശത്ത് ചെറിയൊരു കുന്നുണ്ട്. പാളയിലിരുന്നു താഴേക്ക് ഊര്‍ന്നിറങ്ങുമ്പോഴുള്ള സന്തോഷം ഡിസ്‌നി ലാന്‍ഡിലെ ഒരു സ്ലൈഡിനും തരാനാവില്ല. വെട്ടിയിട്ട നെടുനീളന്‍ തെങ്ങിന്‍തടി, എത്ര കടന്നാലും ചാടിയാലും മതിവരാത്ത പാലമായി മാറി. പറമ്പിന്റെ ഏറ്റവും താഴെയായി ചാടിക്കടക്കാന്‍ പാകത്തിന് ഒരു തൊണ്ടുണ്ട്. മഴക്കാലത്ത് അതില്‍ നിറയെ വെള്ളമുണ്ടാവും. പിന്നെ, സീസണനുസരിച്ച് കുട്ടിപ്പട്ടാളത്തിനു പറിച്ചുതിന്നാന്‍ ഇഷ്ടംപോലെ വിവിധതരം പഴവര്‍ഗങ്ങളും.
ആ ദിവസങ്ങളൊക്കെ നിര്‍ദ്ദയമായി കടന്നുപോയെന്നു മാത്രമല്ല, മനസ്സുകൊണ്ടുമാത്രം എത്തിപ്പിടിക്കാവുന്നത്ര അകലത്തായി, ആ വീടും തൊടിയും!

13
ബാബു ആന്റണി

'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന സിനിമയുടെ ലോക്കേഷനിലാണ് ആദ്യമായി ഞങ്ങള്‍ ബാബുവിന്റെകൂടെ ഷൂട്ടിംഗ് കാണാന്‍ പോയത്. പുലിയുടെ പടമുള്ള ബനിയനൊക്കെയിട്ട്, നല്ല ചെത്തു സ്റ്റൈലിലായിരുന്നു ബാബു. മമ്മൂക്ക ബാബുവിനെക്കണ്ട്, 'ഇതു ബാബു ആന്റണിയല്ല, പുലിയാന്റണിയാണ്' എന്നു പറഞ്ഞു. 'പീലിയേഴും വീശി വാ' എന്ന പാട്ടിന്റെ ചിത്രീകരണം നേരില്‍ക്കണ്ടു.
വൈകുന്നേരം, ഫാസില്‍ ഞങ്ങള്‍ക്കുവേണ്ടി ബാബുവിന്റെ ഒരു ഷോട്ട് പ്ലാന്‍ ചെയ്തിരുന്നു. ബാബു ക്യാമറയുടെ മുകളില്‍ക്കൂടിയൊക്കെ ചാടിയോടുന്ന അടിപൊളി രംഗവും കണ്ടിട്ടാണ് അന്നു മടങ്ങിയത്.
ചെറുപ്പത്തില്‍ ബാബു ഒരു കുസൃതിക്കുരുന്നായിരുന്നു! കാണുന്ന മരത്തിലൊക്കെ വലിഞ്ഞുകയറുന്നതായിരുന്നു ഇഷ്ടവിനോദം. പക്ഷേ, ഹൈസ്‌കൂളെത്തുംമുമ്പ് ആളാകെ മാറി.

ചിട്ടയോടെയുള്ള പരിശീലനവും സത്യസന്ധമായ പരിശ്രവുംകൊണ്ട് പഠിത്തത്തിലും സ്‌പോര്‍ട്‌സിലും മാര്‍ഷ്യല്‍ ആര്‍ട്‌സിലുമൊക്കെ ഒന്നാമനായി; വീടിന്റെയും നാടിന്റെയും അഭിമാനഭാജനമായി മാറി. മലയാളസിനിമയിലെ ഒരു തലമുറയുടെതന്നെ പ്രതീകമായി മാറുകയും ആക്ഷന്‍ ഹീറോ എന്ന പദവിക്ക് അര്‍ഹനാവുകയും ചെയ്തു. ഇനി ആരൊക്കെ വന്നുപോയാലും ബാബു ആന്റണിയുടെ ഇരിപ്പിടം മലയാളസിനിമയിലുണ്ടാകും; ഒരു കോട്ടവും തട്ടാതെ.

14
ടൈപ്പ് റൈറ്റിംഗ്

പൊന്‍കുന്നം ടൗണിന്റെ നടുക്ക്, രണ്ടു നിലയുള്ള ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു ടൈപ്പ് റൈറ്റിംഗ് ക്ലാസ്സ്. അന്നത്തെ ഹൈടെക്ക് ക്ലാസ്സ് റൂം! ടൈപ്പ് ചെയ്യുമ്പോഴുള്ള 'ടിക് ടിക്' എന്ന ശബ്ദം കേള്‍ക്കാന്‍ നല്ല രസമായിരുന്നു. ഒരു വരിയില്‍നിന്ന് അടുത്ത വരിയിലേക്കു കയറുമ്പോള്‍ മുമ്പിലേക്കുപോയ റിബണിനെ ഒന്നു തട്ടിയാല്‍ അതു 'ടിര്‍...' എന്ന ശബ്ദത്തോടെ തിരിച്ചുവരുന്നത് അഴകുള്ള കാഴ്ചയായിരുന്നു. ക്ലാസ്സുകഴിഞ്ഞ് കുടുസ്സിലൂടെയുള്ള പടിയിറങ്ങിവരുമ്പോള്‍ വലിയ അഭിമാനം തോന്നിയിരുന്നു.
വിവാഹശേഷവും അസംപ്ഷന്‍കോളേജില്‍ കമ്പ്യൂട്ടര്‍പഠനത്തിനായി പോയിരുന്നു. അന്നോക്കെ കമാന്‍ഡ്‌സ് കാണാതെ പഠിക്കണമായിരുന്നു. അടുത്തതു വിന്‍ഡോസ് എന്ന പ്രോഗ്രാമാണെന്നു കേട്ടപ്പോള്‍ അറിയാതെ ക്ലാസ്സ്‌റൂമിന്റെ ജനാലയിലേക്കു നോക്കി.


മൂന്നാംനിലയിലെ ബോട്ടണി ക്ലാസ്സിന്റെ ജനാലയിലൂടെ താഴേക്കു നോക്കിയാല്‍ ഒരു കൊച്ചു കുടില്‍ കാണാം. അവിടെയൊരു കൊച്ചു പയ്യനുണ്ട്. അവന്‍ ഇരുപത്തിനാലു മണിക്കൂറും മുറ്റത്തുകൂടെ നടപ്പായിരുന്നത്രേ! എങ്ങനെ നടക്കാതിരിക്കും?! നൂറുകണക്കിനു പെണ്‍കൊടിമാരല്ലേ അവന്റെ തലയ്ക്കുമുകളിലൂടെ പാറിപ്പറന്നു നടന്നിരുന്നത്!
എന്നാലും, എന്നാലും ഒരു ടൈപ്പ് റൈറ്ററുണ്ടായിരുന്നെങ്കില്‍... ടൈപ്പ് ചെയ്യാമായിരുന്നു!

read more: https://emalayalee.com/writer/225

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക