MediaAppUSA

കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-4 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

Published on 03 June, 2022
കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-4 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

15
മലമുകളിലെ കൃഷി

കഴിഞ്ഞ അവധിക്ക് ഞങ്ങള്‍ കുറച്ചു കുടുംബങ്ങളൊരുമിച്ച് പാസോറോബിള്‍സ് എന്ന സ്ഥലത്ത് ഒരവധിക്കാലവസതിയില്‍ ഒരാഴ്ച താമസിച്ചു. വയസ്സായ വമ്പന്‍ മരങ്ങളുടെയിടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ, ഒറ്റയ്ക്കിരിക്കുന്ന ആ വലിയ വീട്ടിലെത്തിപ്പെട്ടപ്പോള്‍ നാട്ടിലെ ഒരു കൊച്ചു വീടും അതിന്റെ ചുറ്റുപാടുകളും ഓര്‍മയിലേക്ക് ഓടിയെത്തി. ആ വീട്ടില്‍ ഒരിക്കല്‍പ്പോലും താമസിക്കാന്‍ സാധിക്കാഞ്ഞതില്‍ നഷ്ടബോധം തോന്നി.

അച്ഛായ്ക്ക് കരുന്തരുവി എന്ന സ്ഥലത്ത് കുറച്ചു പറമ്പുണ്ടായിരുന്നു. താഴെ കുണുങ്ങിക്കുണുങ്ങിയൊഴുകുന്ന സുന്ദരിപ്പുഴയും അങ്ങു മുകളിലായി ചെറിയൊരു വീടും. മരങ്ങളുടെയിടയിലൂടെ നടന്നും കുന്നുകയറിയും ഏലച്ചെടികളോടു കിന്നാരംപറഞ്ഞും മുകളിലെ കൂടാരത്തിലെത്തുമ്പോള്‍, അച്ഛായുടെ വിശ്വസ്തസഹായിയായ കൊച്ചുകുട്ടന്റെ വക ഇലയില്‍ വിളമ്പിയ കപ്പയും കറിയുമുണ്ടാകും.
ഇടയ്ക്കിടയ്ക്കു കൃഷി നോക്കാന്‍ കരുന്തരുവിയില്‍ താമസിക്കാന്‍ പോകുമ്പോള്‍ കൊച്ചുകുട്ടന്‍ കുടുംബത്തെയും കൂട്ടുമായിരുന്നു; അയാളുടെ വെക്കേഷന്‍ പാലസിലേക്ക്!

16
കുട്ടിച്ചോറ്

ചെറുപ്പത്തില്‍ എന്നെയും സാലിയേയും കണ്ടാല്‍ തിരിച്ചറിയാത്ത ഒരുപാടുപേരുണ്ടായിരുന്നു, ഞങ്ങളുടെ നാട്ടില്‍. 'സാലിമിനി' എന്ന ഒറ്റപ്പേരിലാണ് പലരും ഞങ്ങളെ വിളിച്ചിരുന്നത്.

പണ്ടുപണ്ടൊരിക്കല്‍ ഞങ്ങള്‍ രണ്ടാളുംകൂടി ചട്ടിയും കലവും മേടിക്കാന്‍ ചന്തയ്ക്കുപോയി. കൊച്ചുകുട്ടികള്‍ കഞ്ഞിയും കറിയുംവച്ചുകളിക്കുന്ന ചട്ടിയും കലവുമാണ്. താഴത്തെ മുറ്റത്ത് അടുപ്പുകൂട്ടി തീ കത്തിച്ച്, കഞ്ഞിക്കലത്തില്‍ വെള്ളം തിളപ്പിച്ച് ഒരുപിടി അരിയിട്ടു വേവിച്ചു. വേവു നോക്കിനോക്കി, വേവായപ്പോഴേക്കും പകുതിച്ചോറു തീര്‍ന്നിരുന്നു! മുകളില്‍നിന്ന് അമ്മച്ചി കൊടുത്തയച്ച കറികളൊന്നും കൂട്ടാതെ, ആ ചോറിന്റെ മാറ്റ് ഒട്ടും കുറയ്ക്കാതെയാണു ഞങ്ങള്‍ കഴിച്ചത്. ഹോ! എന്തായിരുന്നു ആ ചോറിന്റെ രുചി!

സീര, സീജ, നദി, പിങ്കി, റോഷേൽ

വിവാഹശേഷം എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എറണാകുളത്തേക്കു താമസം മാറിയതും ആദ്യമായി ഒരടുക്കള സ്വന്തമായി കിട്ടിയതും. ഒറ്റയ്ക്കു ഭക്ഷണം പാകപ്പെടുത്തിത്തുടങ്ങിയപ്പോള്‍, കുഞ്ഞിലേ കഞ്ഞിയും കറിയും വയ്ക്കുന്ന അതേ ആവേശമായിരുന്നു. പിന്നെപ്പിന്നെ അതു പതിവായപ്പോള്‍ ആവേശമൊക്കെ പതിയെപ്പതിയെ കുറഞ്ഞുതുടങ്ങി!

17
നോട്ടുകള്‍; കടലാസുകഷണങ്ങള്‍

അച്ഛായുടെ ബിസിനസ് ട്രിപ്പൊക്കെ കൂടുതലും തമിഴ്‌നാട്ടിലേക്കായിരുന്നു. നമ്മുടെ നാട്ടില്‍നിന്നു കുരുമുളകും പാക്കും മറ്റു വിളകളും തമിഴ്‌നാട്ടിലേക്കു കയറ്റിയയയ്ക്കും. ഉപഭോക്താക്കളെ കാണാനും കാശ് കളക്ട് ചെയ്യാനും മിക്കവാറും അങ്ങോട്ടു യാത്രയുണ്ടായിരുന്നു. അവധിദിവസങ്ങളില്‍ ഞാനുമുണ്ടാകും, അച്ഛായുടെകുടെ. മൂത്ത കുട്ടികളെല്ലാം അച്ഛായോടൊപ്പം യാത്രചെയ്തുകഴിഞ്ഞ്, എന്റെ ഊഴമെത്തിയ കാലമാണ്. അന്നു സ്യൂട്‌കേസിലായിരുന്നില്ല നോട്ടുകെട്ടുകള്‍ കൊണ്ടുവന്നിരുന്നത്. തോര്‍ത്തില്‍ പൊതിഞ്ഞുകൊണ്ടുവന്നിരുന്ന നോട്ടുകെട്ടുകള്‍ കണ്ടു വളര്‍ന്നതിനാലും വിവാഹശേഷം അബുദാബിയില്‍ പണം കുഴിച്ചെടുക്കുന്ന എണ്ണക്കമ്പനിയിലെത്തിയതിനാലും നോട്ടിനു കടലാസുകഷണങ്ങളുടെ വിലയേ കൊടുത്തിരുന്നുള്ളു; ചോദിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ കൊടുക്കുന്ന കടലാസുകഷണങ്ങള്‍!

പക്ഷേ അവസരങ്ങളുടെ നാടായ അമേരിക്കയില്‍, എന്റെ മക്കള്‍ക്കു നോട്ടുകള്‍ കേവലം കടലാസുകഷണങ്ങളായിരുന്നില്ല; അവര്‍ക്ക് ആഹാരവും വസ്ത്രവും പാര്‍പ്പിടവുമൊക്കെയായിരുന്നു! ഒന്നും രണ്ടും മൂന്നും ജോലികളൊക്കെ ചെയ്തായിരുന്നു അവരുടെ കോളേജ് ജീവിതം. ഇവിടെയതൊരു പുതുമയല്ല. ഭാരക്കൂടുതല്‍കൊണ്ടു തളരാറുണ്ടെങ്കിലും ചെറുപ്രായവും ഇച്ഛാശക്തിയും അവരെ വീഴാതെ പിടിച്ചു നിര്‍ത്തുന്നു. പരാതിയോ പരിഭവമോ ഇല്ലെന്നു മാത്രമല്ല, സ്വയം തുഴഞ്ഞു കരയ്ക്കടുപ്പിച്ചതില്‍ രണ്ടാള്‍ക്കും വലിയ സന്തോഷവും അഭിമാനവുമുണ്ട്.

18
ആന്റിയെന്ന അമ്മ

ചേച്ചിമാരുടെയും ചേട്ടന്‍മാരുടെയുമൊക്ക കുട്ടികള്‍ക്കു ഞാനാന്റിയായിരുന്നെങ്കിലും മനസ്സുകൊണ്ട് അവരുടയമ്മയായിരുന്നു. ആദ്യത്തെ കുഞ്ഞുവാവ ബോംബെയ്ക്കു പോയപ്പോള്‍ എന്റെ കുഞ്ഞുമനസ്സ് ഒരുപാടു വേദനിച്ചു. അവളുടെ കുഞ്ഞുടുപ്പും കെട്ടിപ്പിടിച്ച്, ഒരു വര്‍ഷം മുഴുവന്‍ കാത്തിരുന്നത് എന്റെയുള്ളിലെ അമ്മതന്നെയാണ്.

എട്ടാംക്ലാസ്സു കഴിഞ്ഞുള്ള അവധിയ്ക്കു നാസിക്കില്‍ പോയപ്പോള്‍ മറ്റൊരു കുഞ്ഞുവാവയെ പിരിഞ്ഞിരിക്കേണ്ടിവന്നതിന്റെ വ്യഥ ഇന്നുമോര്‍ക്കുന്നു. അമ്മയ്ക്കു മകളെ പിരിയേണ്ടിവന്നാലുള്ള അതേ വികാരമായിരുന്നു അത്.

കുഞ്ഞുമീരയും ഞാനും 

പ്രീഡിഗ്രിക്കാലത്ത് വീട്ടിലൊരു കുഞ്ഞു ജനിച്ച വിവരം കൂട്ടുകാരി പറഞ്ഞറിഞ്ഞപ്പോള്‍, ആ പിഞ്ചുകുഞ്ഞിനെയൊന്നു കാണാന്‍ പറ്റാതിരുന്നതിനാല്‍ ക്ലാസ്സിലിരുന്നു കരഞ്ഞതും അമ്മമനസ്സാണ്. ഒരു രണ്ടുവയസ്സുകാരി ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ അതുവരെ നല്‍കാന്‍ കഴിയാതിരുന്ന സ്‌നേഹം ഒരുമിച്ചുകൊടുത്തതും അതേ അമ്മമനസ്സുതന്നെ.

പിന്നെയൊരു കുറുമ്പിക്ക് ഞാന്‍ അമ്മയെപ്പോലെതന്നെയായിരുന്നു. ആ രണ്ടുവയസ്സുകാരിക്ക് കല്യാണവേഷത്തില്‍ നിന്ന എന്റെകൂടെ മറ്റൊരാളെക്കണ്ടത് തീരെയിഷ്ടപ്പെട്ടില്ല!

19
പയനിയര്‍ ഡേയും ഗുരുകുലവും

ഇവിടെ, മൂന്നാംക്ലാസ്സിലെ കുട്ടികള്‍ക്കു 'പയനിയര്‍ ഡേ' എന്നൊരു ദിവസമുണ്ട്. പഴയ കാലത്തേക്കു തിരിച്ചുപോകാനുള്ള ദിനമാണത്; മുന്‍ഗാമികളെ കാണാനും അറിയാനുമായി മാറ്റിവച്ചിരിക്കുന്നത്.
 പുതുതലമുറയ്ക്കു കണ്ടറിഞ്ഞു പഠിക്കാനായി, ആയിരത്തിയെണ്ണൂറ്റി എഴുപത്താറാമാണ്ടിലെ ഒരു ഒറ്റമുറി പള്ളിക്കൂടം അതുപോലെതന്നെ സൂക്ഷിച്ചിരിക്കുന്നു. ഏപ്രണും തൊപ്പിയുമൊക്കെയണിഞ്ഞ്, കൈയിലൊരു ബക്കറ്റുമായി പണ്ടത്തെ 'ഗെറ്റപ്പി'ലാണ് അന്നു പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. ആണ്‍കുട്ടികള്‍ തൂക്കിയിടുന്ന പാന്റ്‌സും തൊപ്പിയും ധരിക്കും. അങ്ങനെ ഒരിക്കല്‍ക്കൂടി പഴമ പുനര്‍ജ്ജനിക്കുന്നു.

അതു കാണുമ്പോള്‍ നമ്മുടെ ഗുരുകുലസമ്പ്രദായം മനസ്സിലേക്കോടിയെത്തും. ഒരു വലിയ മരത്തിന്റെ തണലില്‍ പുല്ലുമേഞ്ഞ കൊച്ചുവീട് - അവിടെ ഗുരുവും ഗുരുപത്‌നിയും. കൂടെ കുറച്ചു ശിഷ്യരും!
മണിമലയിലെ അമ്മാമ്മച്ചിയും അപ്പച്ചായും അധ്യാപകരായിരുന്നതുകൊണ്ട്, പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധകിട്ടാന്‍ അച്ഛാ മൂത്തമക്കളെയൊക്കെ മണിമലയില്‍ താമസിപ്പിച്ചു പഠിപ്പിച്ചിട്ടുണ്ട്. അതും ഒരുതരത്തില്‍ ഗുരുകുലംതന്നെയായിരുന്നു. മുറ്റം നിറയെ ചെടികളും മരങ്ങളുമുള്ള മണിമലവീട് ഇപ്പോള്‍ ഓര്‍മകളില്‍ മാത്രം!

20
അച്ഛാ: എല്ലാവരേയും മുകളിലേക്കു വളര്‍ത്തിയ വന്‍മരം!

കുട്ടികള്‍ ഓടിക്കളിക്കേണ്ട സ്‌കൂള്‍ഗ്രൗണ്ടിലാകെ മഴ തിമര്‍ത്തുപെയ്യുന്നു. നോക്കിനില്‍ക്കാന്‍ ബഹുരസം! കാറ്റിന്റെ കൈയാങ്കളിയേല്‍ക്കാതിരിക്കാന്‍ മുകളിലേക്കു വളരുന്ന മരത്തിന്റെ ചില്ലകള്‍ മഴയില്‍ തുള്ളിക്കളിക്കുന്നു.

അച്ഛായുടെ പറമ്പിലെ മരങ്ങള്‍ക്കൊക്കെ അച്ഛായുടെ മക്കളെപ്പോലെതന്നെ നല്ല പൊക്കമായിരുന്നു. ആകാശത്തേക്കുനോക്കി ഒറ്റപ്പോക്കാണ്!

'എകരമിറക്കുക' എന്നു പറഞ്ഞാല്‍ ഇടയ്ക്കിടെ മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കുന്ന ഏര്‍പ്പാടാണ്. അങ്ങനെ വെട്ടിയിറക്കുന്ന ശിഖരത്തിന്റെ ഇലകള്‍ മറ്റു കൃഷികള്‍ക്കു വളമായിരുന്നു. എകരമിറക്കിയ മരം സര്‍വ്വശക്തിയുമെടുത്തു മുകളിലേക്കു പോകും. എനിക്ക് ഒരു പ്രശ്‌നമേയുണ്ടായിരുന്നുള്ളൂ: അടുത്ത ഓണത്തിന് ഊഞ്ഞാലിടീക്കാനായി നോക്കിവച്ചിരിക്കുന്ന ശിഖരങ്ങളിലൊക്കെ കൊച്ചുകുട്ടന്‍ നിര്‍ദ്ദയം കത്തി വയ്ക്കുമായിരുന്നു! വലുതായപ്പോള്‍ അതിനു പ്രതികാരമായി, എനിക്കു പഠിക്കാന്‍ വാങ്ങിയ മെഡിക്കല്‍ എന്‍ട്രന്‍സ് പുസ്തകങ്ങള്‍ കൊച്ചുകുട്ടന്റെ മകനു പഠിക്കാന്‍ കൊടുത്ത്, അവനെ ഡോക്ടറാക്കി ഞാന്‍ തൃപ്തിയടഞ്ഞു! 

പഠിക്കാനാഗ്രഹമുള്ളവര്‍ക്ക് അച്ഛാ കൈത്താങ്ങും വഴികാട്ടിയുമൊക്കെയായിരുന്നു. കുട്ടികളെ ഡോക്ടര്‍മാരാകാനും എന്‍ജിനീയര്‍മാരാകാനും മാത്രമല്ല അച്ഛാ സഹായിച്ചിട്ടുള്ളത്; അന്നൊക്കെ ഞങ്ങളുടെ നാട്ടില്‍നിന്ന് ആരുമെത്തിയിട്ടില്ലാത്ത പല പുതിയ മേഖലകളിലേക്കും പലര്‍ക്കും അച്ഛാ വാതില്‍ തുറന്നുകൊടുത്തിട്ടുണ്ട്.

പക്ഷേ, അച്ഛായുടെ ഏറ്റവും ഇഷ്ടമുള്ള വിനോദം, കൃഷിയൊക്കെ നോക്കി പറമ്പുകളിലൂടെ ഉലാത്തുന്നതായിരുന്നു. അച്ഛായുടെ കൈവിരലില്‍ത്തൂങ്ങി പറമ്പായ പറമ്പുകളിലൂടെ ആടിപ്പാടിനടന്ന കുട്ടിക്കാലം! വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, മരങ്ങളോടും ചെടികളോടുമൊക്കെ കിന്നാരം പറഞ്ഞും വെള്ളിപ്പാദസരങ്ങള്‍ കിലുക്കിയൊഴുകുന്ന കുഞ്ഞരുവിയുടെ പാട്ടുകേട്ടും ഒരുപാടു കനവുകള്‍ കണ്ടും നടന്ന ചെറുപ്പകാലം...

21
വീടുമാറ്റങ്ങള്‍

നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ലിസമ്മ സ്ഥലംമാറിപ്പോയത്. മിഠായിയുമായി വന്ന്, ഇനിയാ സ്‌കൂളിലേക്കില്ലെന്നു വളരെ സന്തോഷത്തോടെയാണ് അവള്‍ എല്ലാവരേയുമറിയിച്ചത്. അന്നുവരെ ആരുമങ്ങനെ സ്ഥലംമാറിപ്പോയതായി കേട്ടിട്ടില്ല. അന്നുമുതല്‍ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു ഒരു സ്ഥലംമാറ്റം! അതു വെറും മോഹമായി അവശേഷിച്ചു. കൃഷിയും കച്ചവടവുമായിക്കഴിയുന്നവര്‍ക്ക് എന്തു സ്ഥലംമാറ്റം!

വിവാഹിതയായി എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അണുകുടുംബമായി എറണാകുളത്തേക്കു കുടിയേറിയത്. പിന്നീടു പലപല രാജ്യങ്ങളിലായി പലപല വീടുകള്‍! ഓരോ വീടുമാറ്റവും ആവേശമുണര്‍ത്തുന്ന ആഘോഷമായിരുന്നു, എനിക്ക്. പുതിയ വീട്ടില്‍ സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി വയ്ക്കുന്നതായിരുന്നു എന്റെ ഇഷ്ടവിനോദം. യാത്രയും പുതുമയുമൊക്കെ ഇഷ്ടപ്പെടുന്നതുകൊണ്ടാവാം ഓരോ വീടുമാറ്റത്തെയും അത്രയധികം ഞാനാസ്വദിച്ചിരുന്നത്.

22
അമ്മച്ചിപ്ലാവ്

കങ്ങഴ അമ്മച്ചിയുടെ വീട്ടിലേക്കു പോകുംവഴി 'അമ്മച്ചിപ്ലാവ്' എന്നറിയപ്പെടുന്ന വലിയൊരു മരമുണ്ടായിരുന്നു. ഒരാള്‍ക്കു കയറിയിരിക്കാന്‍പാകത്തിനുള്ള വലിയൊരു പൊത്തുണ്ടായിരുന്നു ആ മരത്തില്‍. ഒരിക്കല്‍ ഒരു രാജാവ് ശത്രുക്കളില്‍നിന്നു രക്ഷപ്പെടാന്‍ ഒളിച്ചിരുന്നത് ആ മരപ്പൊത്തിലായിരുന്നത്രേ. അങ്ങനെയാണ് ആ പ്ലാവിന് അമ്മച്ചിപ്ലാവെന്ന പേരു വന്നത്. ചെറുപ്പത്തില്‍ ഓരോ തവണ ആ മരംകടന്നുപോകുമ്പോഴും കിരീടംവച്ച ഒരു രാജാവ് ആ പൊത്തില്‍ ഒളിച്ചിരിക്കുന്നതു സങ്കല്‍പ്പിക്കാറുണ്ടായിരുന്നു.

രാജാവിനു മാത്രമല്ല, രാജകുടുംബാംഗങ്ങള്‍ക്കെല്ലാംകൂടി ഒളിച്ചിരിക്കാവുന്നത്ര വലിയ പൊത്തുകളുള്ള അതിഭീമന്‍മരങ്ങളെ പൊന്നുപോലെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന റെഡ്‌വുഡ് നാഷണല്‍ പാര്‍ക്കില്‍ ഇന്നുപോയി. പുതിയ തലമുറയും പഴയ തലമുറയുമൊരുമിച്ച്, പ്രായമേറുന്തോറും മാറ്റുകൂടുന്ന ഈ അപ്പൂപ്പന്‍മരങ്ങളെ കാണാനെത്തുന്നു. മുഖത്തെ പേശികളൊക്കയയഞ്ഞ്, ചെറുപുഞ്ചിരിയോടെആ മരക്കാട്ടിലൂടെ മനുഷ്യര്‍ നടന്നുനീങ്ങുന്നതു കാണാന്‍ രസമായിരുന്നു.

read more: https://emalayalee.com/writer/225

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക