40
ഊഞ്ഞാല്‍
കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷങ്ങളായി, എന്റെ വല്യമ്മച്ചിയുടെ ഓര്‍മ, ഓണദിവസങ്ങളില്‍ വിരുന്നുവന്നിട്ടേയില്ല എന്നത് തെല്ലതിശയത്തോടെയാണ് ഈ ഓണനാളില്‍ കണ്ടെത്തിയത്! എല്ലാ ഓണക്കാലത്തും ഓരോ ഭീമന്‍ ഊഞ്ഞാല്‍ കൊച്ചുമക്കള്‍ക്കായി ഒരുക്കി കാത്തിരുന്ന, കങ്ങഴയമ്മച്ചി എന്നു ഞങ്ങള്‍ വിളിക്കുന്ന വല്യമ്മച്ചിയെ ഓണനാളിലോര്‍ക്കാന്‍ ഞാനും ഒരു വലിയമ്മയാകേണ്ടിവന്നു എന്നു തോന്നുന്നു.
ഞങ്ങളുടെ വീട്ടിലെ കലാപാരമ്പര്യം കങ്ങഴയമ്മച്ചിയിലൂടെയാണു കടന്നുവന്നതെന്നു തോന്നുന്നു. ഒരിക്കലും ഒന്നിനെക്കുറിച്ചും ഒരഭിപ്രായമോ അവകാശവാദമോ പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നില്ല. പക്ഷേ, സിനിമയും സീരിയലും വാര്‍ത്തയുമൊക്കെ കങ്ങഴയമ്മച്ചിക്കു ജീവവായുവായിരുന്നു.
ഊഞ്ഞാല്‍ അന്നുമിന്നും എന്റെ ദൗര്‍ബ്ബല്യമാണ്. മുറ്റത്തിന്റെ തിട്ടയില്‍നിന്നു ദൂരേക്കു കുതിച്ചുപായുന്ന കെങ്കേമന്‍ ഊഞ്ഞാലായിരുന്നു പുളിമരത്തിന്റെ കൊമ്പില്‍ കങ്ങഴയമ്മച്ചി കെട്ടിച്ചിരുന്നത്. അമ്മച്ചിയോടൊപ്പമുള്ള അത്തപ്പൂവും ഓണസദ്യയുമൊന്നും എന്റെയോര്‍മയിലില്ല. ഓര്‍ക്കുന്നത് ആ വലിയ ഊഞ്ഞാല്‍ മാത്രം! ഇനിയെന്നാണാവോ ആ പുളിമരക്കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടി ഒരിക്കല്‍ക്കൂടി ഒന്നാടാന്‍ സാധിക്കുക! അതിനുള്ള ബാല്യം മനസ്സിന്റെ കോണില്‍ കേടാകാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
41
തമ്പിച്ചാച്ചന്‍
എന്റെ ഓര്‍മയാരംഭിക്കുമ്പോള്‍ തമ്പിച്ചാച്ചന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. ഹോസ്റ്റലില്‍നിന്നു വരുമ്പോള്‍ ആദ്യംതന്നെ കൈയിലുള്ള ചില്ലറത്തുട്ടുകള്‍ ഞങ്ങള്‍ കുട്ടികള്‍ക്കു കാണിക്ക വയ്ക്കും. കോളേജിനടുത്തുള്ള റോഡിലൊക്കെ നിറയെ ബിസ്‌ക്കറ്റും ചോക്ലേറ്റുമാണെന്നും ഹോസ്റ്റലില്‍ കഴിക്കാന്‍ കിട്ടുന്നത് ചകിരിച്ചോറും ഈര്‍ക്കിലിത്തോരനുമൊക്കെയാണെന്നുമാണു പറയുക. ഇതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ ഞങ്ങള്‍ കുട്ടികള്‍ വിഷമഘട്ടത്തിലാകും.
നോയല്‍ ചെറുതിനോടു പറഞ്ഞിരുന്നത് അവള്‍ ചുവാവയാണെന്നും ഇനി വളരില്ലെന്നുമൊക്കെയായിരുന്നു! പോരാത്തതിന്, അവളെ വാള്‍മാര്‍ട്ടില്‍നിന്നു വാങ്ങിയതാണെന്നും തിരിച്ചുകൊടുക്കാന്‍ ബില്ലു സൂക്ഷിച്ചിട്ടുണ്ടെന്നും തട്ടിവിട്ടിരുന്നു!
ഇത്തരം തമാശകള്‍ അച്ഛായില്‍നിന്ന് അടുത്ത തലമുറകളിലേക്ക് പാരമ്പര്യമായി കിട്ടിയതാണെന്നു തോന്നുന്നു. പ്രകൃതിസ്‌നേഹവും അങ്ങനെതന്നെയായിരിക്കണം. അതുകൊണ്ടാവണം, തമ്പിച്ചാച്ചന്‍ സ്വന്തം മക്കള്‍ക്കു നദി, സന്ധ്യ, കായല്‍ എന്നിങ്ങനെ പേരുകളിട്ടത്!
42
മുറ്റത്തെ പേരമരം
പൊന്‍കുന്നത്തെ തൊടിയില്‍, മുകളിലെ കിണറിനോടുചേര്‍ന്ന് ഒരു പേരമരമുണ്ടായിരുന്നു. ബാബുവിന്റെ സ്ഥിരം താവളമായിരുന്നു അതിന്റെ തുഞ്ചത്തെ കൊമ്പ്. ആ പേരമരം നിറയെ എത്ര തിന്നാലും മതിവരാത്ത പേരയ്ക്കകളുണ്ടായിരുന്നു.
കിണറിനോടു ചേര്‍ന്നു നില്‍ക്കുന്ന ആ പേരമരം, ബാബുവിന്റെ സുരക്ഷയോര്‍ത്ത് അച്ഛായ്ക്കു പാടേ വെട്ടിക്കളയാമായിരുന്നു. അതിനു പകരം, കിണറിന്റെ വശത്തേക്കു വളരുന്ന എകരമിറക്കി, ബാബുവിന് അപകടമുണ്ടാകാതെ കയറാന്‍ പാകത്തിനു വെട്ടിയൊരുക്കിച്ചിരുന്നു. ഞങ്ങള്‍ക്ക് ആവശ്യംപോലെ കഴിക്കാന്‍ നല്ല കിടുക്കാച്ചി പേരയ്ക്കകളും കിട്ടും!
എങ്ങോട്ടു തിരിഞ്ഞാലും മക്കളോട് അരുതെന്നു പറയുന്ന മാതാപിതാക്കള്‍ക്ക് ഒരപവാദമായിരുന്നു ഞങ്ങളുടെ അച്ഛാ. ആ തൊടിയിലെ പേരമരത്തണല്‍ അച്ഛായുടെ സ്‌നേഹത്തണല്‍ കൂടിയായിരുന്നു.
43
യാത്രാലഹരികള്‍
മാസ്റ്റേഴ്‌സിനു പഠിക്കുന്ന കാലത്താണ് കൂട്ടുകാരികളുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള അനുവാദം ആദ്യമായി ഹോസ്റ്റലില്‍നിന്നു കിട്ടുന്നത്. വള്ളത്തില്‍ കയറി കാവാലത്തു പോയത് മറക്കാനാവാത്ത അനുഭവമായി. സിനിമയില്‍ മാത്രം കണ്ടിരുന്ന വെള്ളവും വള്ളവും വലയും മീനുമൊക്കെ അടുത്തു കണ്ടപ്പോള്‍ മനസ്സ് ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി!
പഠനം കഴിഞ്ഞ് കുട്ടിക്കാനത്തു പഠിപ്പിക്കാന്‍ പോയപ്പോള്‍, മഞ്ഞു മൂടിയ മലനിരകളും തേയിലത്തോട്ടങ്ങളും ലഹരികളായി. കൂട്ടുകാരികളുടെ കണ്ണുവെട്ടിച്ച് തേയിലക്കാടുകള്‍ക്കിടയിലൂടെ ഒറ്റയ്ക്കു നടക്കുന്നത് ബഹുരസമായിരുന്നു. തമ്പി പാലസും പേരത്തോട്ടങ്ങളും കൊച്ചുപള്ളിയുമൊക്കെ മനസ്സില്‍ പൂത്തിരി കത്തിക്കുന്ന ഓര്‍മകളാണ്.
ചങ്ങനാശ്ശേരിയില്‍നിന്നു പൊന്‍കുന്നത്തേക്കുള്ള വഴിയിലെ വലിയ വളവുകളും മല കയറുന്ന തിരിവുകളും പിന്നിടുന്നത് സുഖമുള്ള ഒരാലസ്യം നല്‍കിയിരുന്നു. സ്വന്തം വീട്ടിലേക്കുള്ള യാത്രയാകുമ്പോള്‍ അതിനിത്തിരി മധുരം കൂടും.
ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം, അമേരിക്കയിലെ വളവുകള്‍ നിറഞ്ഞ നൈല്‍ കാനിയന്‍ റോഡിലൂടെ യാത്ര ചെയ്തപ്പോള്‍, പൊന്‍കുന്നത്തെ വീട്ടിലേക്കുള്ള യാത്രയിലെന്നതുപോലെ മനസ്സൊന്നുണര്‍ന്നു!
ഡിഗ്രിക്കു ബോട്ടണി മെയിനാക്കാന്‍ രണ്ടേ രണ്ടു കാരണങ്ങള്‍ മാത്രം: കൊതിതീരെ പടം വരയ്ക്കാം; പിന്നെ ടൂറിനും പോകാം. സുവോളജിക്കാരുടെ സ്റ്റഡി ടൂര്‍ നിസ്സാരകാരണങ്ങള്‍കൊണ്ടു വേണ്ടെന്നു വച്ചാലും ബോട്ടണിക്കാരുടെ ഊട്ടി ട്രിപ്പ് നടന്നിരിക്കും. കാരണം, ബോട്ടണിക്കാര്‍ക്ക് ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നു പുല്ലും ചെടിയും കൊണ്ടുവന്നേ പറ്റൂ. അവിടുത്തെ തണുപ്പു നിറഞ്ഞ മലനിരകള്‍ മനസ്സുനിറയെ വാരിക്കോരി കൊണ്ടുവരിക എന്നതായിരുന്നു എന്റെ ഉള്ളിലിരിപ്പ്!
44
അസംപ്ഷനും എസ് ബിയും
പെണ്‍കുട്ടികളുടെ അസംപ്ഷന്‍ കോളേജ്; ആണ്‍കുട്ടികളുടെ എസ് ബി കോളേജ്. ഇരു കോളേജുകളും പങ്കിടുന്ന ഒരു ഓഡിറ്റോറിയം.
ആണ്‍കുട്ടികളോടും എസ് ബി കോളേജിനോടും കാരണമില്ലാത്ത ഒരകല്‍ച്ച അന്നുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ മാത്രം നിറഞ്ഞ ക്ലാസ്സ് മുറികളിലെ കലപിലകലാപരിപാടികള്‍ നന്നായി ആസ്വദിച്ചിരുന്നതിനാല്‍ മനസ്സില്ലാമനസ്സോടെയാണ് മാസ്റ്റേഴ്‌സിന് ആണ്‍കുട്ടികളുടെ കോളേജിലെത്തിയത്. എന്നാല്‍ എല്ലാ മുന്‍ധാരണകളെയും തിരുത്തി ഏറ്റവും മനോഹരമാക്കി, ആ രണ്ടു വര്‍ഷങ്ങള്‍!
സ്റ്റഡി ടൂറിനു പോയപ്പോള്‍ ചെറിയൊരു ക്യാമറ സംഘടിപ്പിച്ചതാണ് അന്നത്തെ പ്രധാനസംഭവം. പല വിനോദസഞ്ചാരകേന്ദ്രങ്ങളിലും പടം പിടിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അനുവാദമുണ്ടായിരുന്ന സ്ഥലത്തുനിന്നു പിടിച്ച ഒരു പടംപോലും ആ ക്യാമറയില്‍ പതിഞ്ഞതുമില്ല!
പ്രിയകൂട്ടുകാരന്‍ ടോം; പ്രിയപ്പെട്ട ബിന്‍സി; പരമപാവം റിയാന്‍: ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനുമൊന്നും കണ്ടുപിടിക്കാന്‍ കഴിയാത്തത്ര ദൂരത്തായിക്കഴിഞ്ഞു ഇവര്‍ മൂവരും.
ഡിഗ്രിക്കാലത്തിനിടെ ഹൃദയചികിത്സയ്ക്കുവേണ്ടിയെടുത്ത ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരികെവന്ന ബിന്‍സി, ചെറിയൊരു ചിരിയോടെ, അസംപ്ഷന്‍ ഹോസ്റ്റലിന്റെ മുന്‍വശത്തെ പടിയില്‍ എന്നെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെയാണ് ആദ്യമായി കണ്ടപ്പോള്‍ എനിക്കു തോന്നിയത്. പിന്നീടു വര്‍ഷങ്ങളോളം ആ കൂട്ട് ഒരു കുളിര്‍തെന്നല്‍പോലെ തഴുകിക്കൊണ്ടേയിരുന്നു.
ഒരു കൊച്ചു കുട്ടിയെപ്പോലെ, ഒരു കുഞ്ഞുചിരി മാത്രം ബാക്കിയാക്കി, ആശുപത്രിക്കിടക്കയില്‍ അവള്‍ മരണം കാത്തു കിടക്കുമ്പോഴാണ് അവസാനമായി കണ്ടത്.
45
ആനവണ്ടി
'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' എന്ന സിനിമയില്‍ രണ്‍ജി പണിക്കരുടെ കഥാപാത്രം പറയുന്നുണ്ട്, ഒരു മലയാളിയായാല്‍ നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഒരു പ്രാവശ്യമെങ്കിലും കയറിയിരിക്കണമെന്ന്. ഞാനും കയറിയിട്ടുണ്ട്, നമ്മുടെ ആനവണ്ടിയില്‍. കയറിയത് ഡ്രൈവര്‍ കയറുന്ന വാതിലിലൂടെയാണെന്നു മാത്രം!
ഹോസ്റ്റലില്‍നിന്നു ടൂര്‍ പോയതിനിടെ ഒരപകടമുണ്ടായി. പലര്‍ക്കും അല്ലറചില്ലറ പരിക്കുകളൊക്കെ പറ്റിയതൊഴിച്ചാല്‍ വലിയ അത്യാഹിതമൊന്നും സംഭവിക്കാഞ്ഞതിനാല്‍ യാത്ര തുടരാന്‍ സിസ്റ്റര്‍ പൗള തീരുമാനിച്ചു. ഞങ്ങള്‍ അടുത്ത സ്റ്റോപ്പിലെത്തിയപ്പോഴേക്കും ഒരു വണ്ടി നിറയെ കന്യാസ്ത്രീകള്‍, മഠത്തില്‍നിന്നു പഞ്ഞിയും തുണിയുമൊക്കെയായി ഞങ്ങള്‍ക്കു മുമ്പേ അവിടെയെത്തിയിരുന്നു. ഒരുപാടു കുട്ടികള്‍ മരിച്ചതായാണത്രേ അവര്‍ക്കു വിവരം കിട്ടിയത്!
അപകടത്തെത്തുടര്‍ന്ന് ഹോസ്റ്റല്‍ ലീഡര്‍ എന്ന നിലയില്‍ എനിക്കു കോടതിയില്‍ പോകേണ്ടതായി വന്നു. ആ പോക്കിലാണു ഞാന്‍ ഡ്രൈവറുടെ ഡോറിലൂടെ നമ്മുടെ ആനവണ്ടിയില്‍ കയറിയത്. കെ എസ് ആര്‍ ടി സിയിലായിരുന്ന അനിച്ചാച്ചന്റെ കൂടെയായിരുന്നു, അന്നത്തെ യാത്ര. പുള്ളി കയറിയ വാതിലിലൂടെ ഞാനും കയറിയെന്നേയുള്ളു.
46
കളര്‍ ഫോട്ടോ!
ഈസ്റ്റര്‍ ഈവനിംഗില്‍ മൗണ്ടന്‍ ഹൗസ് മലയാളികളുടെ ഫോട്ടോ ഷൂട്ട് കണ്ടപ്പോള്‍, പണ്ടൊരിക്കല്‍ ഒരു കളര്‍ ഫോട്ടോ എടുക്കാന്‍ നടത്തിയ കഷ്ടപ്പാട് ഓര്‍മ വന്നു.
ഒരോണക്കാലത്ത് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിന്റെ മുറ്റത്ത് മനോഹരമായ, വളരെ വലിയ ഒരത്തപ്പൂക്കളം വിരിഞ്ഞപ്പോള്‍ ഒരു കളര്‍ ഫോട്ടോ എടുത്താല്‍ കൊള്ളാമെന്നു തോന്നി. ഉഷാ സ്റ്റുഡിയോയില്‍നിന്നു ഫോട്ടോഗ്രാഫറെത്തി. സീനിയേഴ്‌സ് മൊത്തം കളര്‍ഫുള്‍ സാരികളൊക്കെയുടുത്ത് അത്തപ്പൂക്കളത്തിന്റെ പിന്നില്‍ നിരന്നു. എല്ലാവരേയം തെല്ലമ്പരപ്പിച്ചുകൊണ്ട്, സിസ്റ്റര്‍ പൗളയും മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. 'ഒറ്റ ക്ലിക്ക്... കളര്‍ ഫിലിമാണേ... വെയ്സ്റ്റ് ചെയ്യാന്‍ പറ്റില്ല...'
ആ കളര്‍ ഫോട്ടോ ഒന്നു കാണുവാന്‍ മോഹിച്ച് പലതവണ ഉഷാ സ്റ്റുഡിയോയില്‍ കയറിയിറങ്ങി. 'നാളെ നാളെ, നീളെ നീളെ' എന്നു പറഞ്ഞതുപോലെ വര്‍ഷങ്ങള്‍ കടന്നുപോയി. എന്നിട്ടും എന്നെങ്കിലുമൊരിക്കല്‍ ആ ഫോട്ടോ കാണാന്‍ സാധിക്കുമെന്നുതന്നെ വിശ്വസിച്ചിരുന്നു. വിശ്വാസമാണല്ലോ എല്ലാം!
read more: https://emalayalee.com/writer/225