യൂണിവേഴ്സിറ്റി ഓഫ് ടെക്‌സാസ് ഏഷ്യന്‍ സ്റ്റഡീസിന് കീഴില്‍ നടന്ന് വരുന്ന, അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ നടത്തുന്ന ഏക മലയാള പാഠ്യപദ്ധതിക്ക്, ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന്റെ സഹകരണം ലഭ്യമാക്കാന്‍ ഇന്ത്യ പ്രസ് ക്ലബ് രംഗത്ത്.
ഭാഗീകമായി ഫെഡറല്‍ ഗവണ്‍മെന്റിന്റേയും, യൂണിവേഴ്‌സിറ്റിയുടെയും, മലയാള ഭാഷ സ്‌നേഹികളുടെയും , മറ്റ് സംഭാവനകളുടെയും പിന്‍ബലത്തിലാണ് നിലവില്‍ മലയാള പാഠ്യ പദ്ധതി നടന്നുവന്നിരുന്നത് . എന്നാല്‍ നിലവിലെ പ്രതികൂല സാമ്പത്തിക സ്ഥിതി ഈ പദ്ധതിയുടെ നിലനില്‍പിന്നെ തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാഠ്യ പദ്ധതി നിലനിര്‍ത്താന്‍ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള പ്രചാരണ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ഇന്ത്യ പ്രസ് ക്ലബ് തീരുമാനമെടുത്തത് . കേരള നിയമസഭ സ്പീക്കര്‍ എം.ബി രാജേഷും, ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളും യൂണിവേഴ്സിറ്റി ഓഫ് ടെക്‌സാസ് ഏഷ്യന്‍ സ്റ്റഡീസ് സന്ദര്‍ശിച്ച വേളയിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
പ്രചാരണപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ജിജു തോമസ് കുളങ്ങര, ജോര്‍ജ് ചെറായില്‍ എന്നിവരെ ദേശീയ പ്രവര്‍ത്തക സമിതി യോഗം കോര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചതായി ഇന്ത്യ പ്രസ് ക്ലബ് പ്രസിഡണ്ട് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് ട്രഷറര്‍ ഷിജോ പൗലോസ് എന്നിവര്‍ അറിയിച്ചു . യോഗത്തില്‍ പ്രസിഡണ്ട് ഇലെക്ട് സുനില്‍ ട്രൈസ്റ്റാര്‍ , വൈസ് പ്രസിഡണ്ട് ബിജു സക്കറിയ , ജോ. സെക്രട്ടറി സുധ പ്‌ളക്കാട്ട്, ജോ. ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറായില്‍ എന്നിവരും സംബന്ധിച്ചു.
പദ്ധതി സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും , വിശദവിവരങ്ങള്‍ പിന്നീട് അറിയുക്കുന്നതാണെന്നും കോര്‍ഡിനേറ്റര്‍സ് അറിയിച്ചു.
വാര്‍ത്ത : രാജു പള്ളത്ത്