ആരാധകര്‍ ആവേശത്തില്‍ ; കടുവയില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാല്‍

ജോബിന്‍സ്‌ Published on 16 June, 2022
ആരാധകര്‍ ആവേശത്തില്‍ ; കടുവയില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാല്‍

റിലീസിന് തയാറെടുക്കുന്ന പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയില്‍ നടന്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

'കടുവക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 
ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ഈ മാസം 30 ന് തിയേറ്ററുകളിലെത്തും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക