Image

എന്നെ തിരയുന്ന ഞാൻ ... നിന്നേയും : പ്രൊഫ. പ്രസന്നകുമാരി . ടി.ജി.

Published on 17 June, 2022
എന്നെ തിരയുന്ന ഞാൻ ... നിന്നേയും : പ്രൊഫ. പ്രസന്നകുമാരി . ടി.ജി.
 
 
 
അവതാരിക
 
 
 
കവിത ചുരത്തുന്ന വാക്കുകൾ മനസ്സിൽ അനുരണനം ഉണ്ടാക്കുമ്പോഴാണ് കവിത പിറക്കുന്നതും അവ വായനക്കാരൻ്റെ മനസ്സിൽ ആന്ദോളനമാവുന്നതും.
 
വാക്കുകൾക്ക് ജീവനുണ്ട്- അതിന് കാറ്റാകാനും കടലാകാനും നിലാ പൂക്കളായി ഗന്ധം പരത്താനും കഴിയുന്നത് അതുകൊണ്ടാണ്.
 
വാക്കുകൾ ശബ്ദാർത്ഥങ്ങളിലൂടെ കാവ്യാർത്ഥത്തിലെത്തിച്ചേരണമല്ലോ. ഉചിതമായ വാക്കുകളിലൂടെ മനുഷ്യരുടെ മനസ്സിൽ ചലനമുണ്ടാക്കാൻ ഈ കവിതകൾക്ക് കഴിയുന്നുണ്ട്. വാക്കുകളുടെ വിസ്മയത്തുമ്പത്തു നിന്നും ഊർന്നിറങ്ങി വികാരതലത്തിലെത്തുമ്പോൾ വിരഹം നൊമ്പരപ്പെടുത്തുകയും പ്രണയം ഭ്രമിപ്പിക്കുകയും ഏകാന്തത അഴലിൻ്റെ ആഴങ്ങളിലേക്ക് എടുത്തെറിയുകയും ചെയ്യുന്നുണ്ട്, ഈ കവിതകളിൽ. തരളിതമായ പ്രണയം ഉടലും ഉയിരും കടന്ന് ഉന്മാദാവസ്ഥയിലെത്തുമ്പോൾ വീണ്ടും നാം മനസ്സിലാക്കുന്നു വാക്കുകൾക്ക് ജീവനുണ്ടെന്ന്.
 
വർത്തമാനജീവിത സങ്കീർണ്ണതകളും പല സാമൂഹികാവസ്ഥകളും ഉണ്ണിപ്പൂവിൻ്റെ ചിരിയും പലപ്പോഴും അന്യമാണെങ്കിലും, കരിന്തിരി കത്തുന്ന വിളക്കിനു മുമ്പിൽ തുറന്നു വെച്ച പുസ്തകം പോലെ അവ്യക്തമായ ജീവിതത്തിലെ പല ഏടുകളും ഇവിടെ പ്രതിഫലിക്കുന്നു.
 
കല (Art ) ധ്വനിപ്പിക്കുകയാണല്ലോ വേണ്ടത്. ബിംബo, ഘടന, ഭാഷ, താളം എന്നിവ സമന്വയിക്കുമ്പോഴാണ് കവിതയ്ക്ക് സൗന്ദര്യമുണ്ടാവുക.വൈകാരികവും, വൈചാരികവും, പ്രതീകാത്മവുമായ വാക്കുകൾ കൊണ്ടാണ് ഇവ സാധ്യമാവുന്നത്. പക്ഷേ, ജീവിത യാഥാർത്ഥ്യം കാച്ചിക്കുറുക്കി നമ്മിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ പഠിച്ച സിദ്ധാന്തങ്ങൾ നമ്മൾ മറന്നു പോവുന്നു.
 
വിരഹത്തീയിൽ വെന്തു നീറുമ്പോഴും ശൂന്യതയിലാഴ്ന്നുപോവുമ്പോഴും ജീവിതം തുടിക്കുന്നുണ്ട് ഈ കവിതകളിൽ .
'കാക്കകളുടെ ഓർമ്മ ദിന 'ത്തിൽ മരണത്തിൻ്റെ മണത്തിലും നമ്മെ ചിന്തിപ്പിക്കുന്ന എന്തോ ഉണ്ട്. തീരം തഴുകി തിരിച്ചു പോകുന്ന തിര നമ്മെ ഓർമ്മിപ്പിക്കുന്നു ഒരു തിരിച്ചു പോക്ക് - മരണത്തിലേക്കെന്ന പോലെ.
'രക്തം മണക്കുന്നു ചുറ്റിലും ' - ഇവിടെ പെണ്ണിൻ്റെ കണ്ണീരിന് ചോരയുടെ ചുവപ്പാണ്.
ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള യാത്രയാണല്ലോ ജീവിതം . ബൈബിളിൽ പറയുന്നത് three score and ten years ആണെങ്കിലും അനുഭവിയ്ക്കുന്ന നമുക്ക് അത് അനന്തമായ ഒരു യാത്രയാണ്. മോഹത്തിനും മോഹഭംഗത്തിനും ഇടയിലൂടെയുള്ള യാത്രയുടെ അവസാനം മരണത്തിലും പ്രത്യാശയുടെ കിരണങ്ങൾ സൂക്ഷിക്കുന്നുണ്ട്.
 
മരിക്കുമ്പോൾ ആത്മാവിനേക്കുറിച്ചുള്ള ആകുലത ഒരു പ്രാപഞ്ചിക (universal) തലത്തിലേയ്ക്കെത്തുന്നുണ്ട്.
ജീവിത യാഥാർത്ഥ്യങ്ങളും മനസിന്റെ നിഗൂഢതകളും അവ എങ്ങനെ മനുഷ്യരെ ബാധിക്കുന്നു എന്നതും ഒരു മന:ശാസ്ത്രജ്‌ഞയുടെ ഉൾക്കാഴ്ചയോടെ , കൈയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എന്ന് 
സ്വത്വാന്വേഷണ പരമായ ഈ കവിതകളിൽ കാണാം എന്നെ തിരയുന്ന ഞാൻ.... നിന്നേയും....
 
( പുഷ്പമ്മ ചാണ്ടിയുടെ കവിതാ സമാഹാരമായ ഒസ്യത്ത് - അവതാരിക (പ്രൊഫ. പ്രസന്നകുമാരി . ടി.ജി. )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക