പെയ്തൊഴിയാത്ത മഴ (കഥ: നൈന മണ്ണഞ്ചേരി)

Published on 19 June, 2022
പെയ്തൊഴിയാത്ത മഴ (കഥ: നൈന മണ്ണഞ്ചേരി)

  ‘’മോനേ,ഓരു ഗ്ളാസ് ചായ കൂടി എടുക്കട്ടെ?’’ ഉമ്മയുടെ സ്നേഹപൂർവ്വമായ സ്വരം കേട്ട് തിരിഞ്ഞു നോക്കി.പുറകിൽ ആരെയും കണ്ടില്ല.അപ്പോൾ  കേട്ട ശബ്ദം ആരുടെതാണ്? കണ്ടത് ഉമ്മയെ തന്നെ,കേട്ടത് ഉമ്മയുടെ സ്വരം തന്നെ.ഉമ്മയോടുള്ള  സ്നേഹം കൊണ്ട് വിഭ്രമാത്കമായ തോന്നലുണ്ടായതാവാം..അല്ലെങ്കിൽ താനും കൂടി ചേർന്നല്ലെ കുറച്ചു മുമ്പ് ഉമ്മയെ ഖബറിലേക്ക് എടുത്തു വെച്ചത്.മൈലാഞ്ചിക്കാടുകൾക്കിടയിലെ അനേകം ഖബറുകളിലേക്ക് ഉമ്മയുടെ ഓർമ്മകളെയും ചേർത്തു വെച്ചത്. എത്ര പ്രതാപവാനായാലും അവസാനം കാത്തിരിക്കുന്ന മൂന്നു കഷണം തുണിയിൽ ഉമ്മയെ പൊതിഞ്ഞ് അന്ത്യയാത്രയാക്കിയത്....

ഉമ്മയുടെ പ്രതാപത്തെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്.പത്തറുപതു വർഷം മുമ്പ് പ്രതാപം നിറഞ്ഞ  ഈരയിൽ തറവാട്ടിലേക്കായിരുന്നു ഉമ്മയുടെ വരവ്. അന്നത്തെ കാലത്തെ ഏറ്റവും വലിയ ആർഭാടങ്ങളോടെയാണ്   ഉമ്മയുടെ വിവാഹം നടന്നത്..ആഴ്ച്ച തോറും വരുമായിരുന്നു അങ്ങകലെ നിന്നും ഉമ്മയുടെ വാപ്പ.. ഒരു കാറ് നിറയെ ബേക്കറി പലഹാരങ്ങളുമായുള്ള വല്യുപ്പയുടെ വരവ് കാത്തിരിക്കുനത്.ഉമ്മ മാത്രമായിരുന്നില്ല, തറവാടിലെ എത്രയോ കുട്ടികളും കൂടിയായിരുന്നു. ബേക്കറികൾ അപൂർവ്വമായിരുന്ന അക്കാലത്ത് നിറയെ മണവും രുചിയുമുള്ള ബേക്കറി പലഹാരങ്ങളുമായുള്ള വല്യാപ്പയുടെ വരവ് തറവാട്ടിൽ ആഘോഷം തന്നെയായിരുന്നു.

ഇടയ്ക്ക്  വാപ്പയുടെ വരവിന്റെ കൃത്യമായ ഇടവേളകൾ തെറ്റുമ്പോൾ ഉമ്മയുടെ മനസ്സ് വല്ലാതെ നൊമ്പരപ്പെടും.വാപ്പിച്ചയെ നോക്കി വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന പാവം ഉമ്മയുടെ പറഞ്ഞു കേട്ടുള്ള ചിത്രം ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. നന്നെ ചെറുപ്പത്തിലെ കിലോമീറ്ററുകൾ ദൂരെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക്,കുടുംബത്തിലേക്ക് പറിച്ചു നടപ്പെട്ട ജീവിതം.ഇന്നലെ വരെ അനുഭവിച്ച വാപ്പിച്ചിയുടെയും ഉമ്മിച്ചിയുടെയും സഹോദരങ്ങളുടെയും സ്നേഹം..

പുതിയ വീട്.തറവാടിത്തത്തിൽ മുന്തിയ തറവാടായിരുന്നു.സ്വത്തിന്റേയും ഭക്ഷണത്തിന്റെയും കാര്യത്തിൽ പിന്നിലൊന്നുമായിരുന്നില്ല.എങ്കിലും കൂട്ടുകുടുംബമായിരുന്നതിനാൽ എത്ര പേർക്ക് വെച്ചു വിളമ്പേണ്ടിയിരുന്നു.പലപ്പോഴും എല്ലാവർക്കും വിളമ്പി കഴിയുമ്പോൾ കലത്തിൽ കഞ്ഞി വെള്ളവും പറ്റും മാത്രം ബാക്കിയാവുമ്പോഴും ഉമ്മ ആരോടും പരാതി പറഞ്ഞിട്ടില്ല..

പിന്നെ കൂട്ടു കുടുംബത്തിൽ നിന്ന് മാറുമ്പോഴും ഉമ്മയ്ക്ക് തിരക്ക് തന്നെയായിരുന്നു.അപ്പോഴേയ്ക്കും ഉമ്മയുടെ സ്വന്തം കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ ഉമ്മയല്ലാതെ ആരാണുള്ളത്. പലപ്പോഴും അവർക്കും ബപ്പയ്ക്കുമൊക്കെ വിളമ്പി കഴിക്കാൻ തുടങ്ങുമ്പോഴാവും അപ്രതീക്ഷിതമായ അതിഥികളുടെ വരവ്.  അപ്പോഴും കഴിക്കാൻ കുറഞ്ഞു പോയതിന്റെ പേരിൽ ഉമ്മ ആരോടും പരാതി പറഞ്ഞിട്ടില്ല..ഉമ്മ ഉമ്മയ്ക്ക് എന്നെങ്കിലും ജീവിച്ചിട്ടുണ്ടോയെന്നുമറിയില്ല.

 അന്നൊക്കെ ഇഷ്ടപ്പെട്ട ഭക്ഷണം   കിട്ടാതിരുന്നതിന്റെ പേരിൽ ഉമ്മയോട് വഴക്കിട്ടത്  ഓർക്കുമ്പോൾ ഇപ്പോൾ കണ്ണു നിറഞ്ഞു വരുന്നുണ്ട്. ഉമ്മയ്ക്ക് ആരെയും വെറുക്കാൻ കഴിയുമായിരുന്നില്ല.. അതു കൊണ്ട് ഉമ്മ എല്ലാം പൊറുത്തു തന്നിട്ടുണ്ടാവണം. ഇല്ലെങ്കിൽ സ്വർഗത്തിൽ വെച്ച് കാണുമ്പോൾ എല്ലാം പൊരുത്തപ്പെടീക്കണം..

 ഖബറിനു മുന്നിൽ നിന്ന് എല്ലാവരും തൽഖീൻ ചൊല്ലി ദു‍ആയും കഴിഞ്ഞ് പിരിയാൻ തുടങ്ങുന്നു.കബറിനു മുകളിലെ മൈലാഞ്ചി ചെടികളിൽ വീഴുന്ന നനുത്ത മഴത്തുള്ളിളോടൊപ്പം മനസ്സിലെ ഓർമ്മകളും നിന്നു പെയ്യുകയാണ്.ബാപ്പയുടെ മരണ ശേഷം എപ്പോഴും തറവാട്ടിലേക്ക് ഓടി വരാൻ ഉമ്മയുണ്ടായിരുന്നു. പഴയ ഓർമ്മകൾ  അയവിറക്കാനും,സംശയങ്ങൾ ദൂരീകരിക്കാനും ഉമ്മയുണ്ടായിരുന്നു.. കഥകൾ വായിക്കാൻ ഉമ്മയുണ്ടായിരുന്നു..ഇനി ആരാണ് ഇറങ്ങൻ നേരം കുറച്ചു കഴിഞ്ഞ് പോകാമെന്നു പറയാൻ? വീട്ടിൽ നിന്ന് ഉമ്മയെ കാണാൻ ഇറങ്ങിയെന്ന് പറയുമ്പോൾ തന്നെ ചായ തിളപ്പിച്ചു വെച്ച് പുറത്തേക്ക് നോക്കിയിരിക്കാൻ ഇനി ആരാണൂള്ളത്?

ഉമ്മയുടെ മുറിയിൽ  വെറുതെ കയറി നോക്കി.എവിടെയൊക്കെയോ ഉമ്മയുടെ ശബ്ദം ഇപ്പോഴും കേൾക്കാം..പണ്ടു പറഞ്ഞു തരാറുള്ളതു പോലെ ഉമ്മ ചരിത്രങ്ങൾ പറയാൻ തുടങ്ങുകയാണോ?എത്ര ചരിത്രങ്ങൾ ഉമ്മ പറഞ്ഞു തന്നിരിക്കുന്നു.അത്തറുപ്പാപ്പയുടെ ചരിത്രം ഇപ്പോഴും മനസ്സിലുണ്ട്.അത് ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണ്,.ഉമ്മയുടെ വീട്ടിൽ വെച്ചും വല്ലപ്പോഴും ഈ നാട്ടിൽ വെച്ചും അത്തറുപ്പാപ്പയെ കണ്ടിട്ടുണ്ട്.കയ്യിലുള്ള തിളങ്ങുന്ന പെട്ടിയും തൂക്കി അത്തറുപ്പാപ്പ വരുന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്.

ഉമ്മയുടെ വീട്ടിൽ പോയി വരുന്ന അത്തറുപ്പാപ്പയിൽ നിന്ന് വല്യാപ്പയുടെ,വല്ലീമ്മയുടെ,സഹോദരങ്ങളുടെ വിവരങ്ങളറിയാൻ ഉമ്മ കാത്തിരിക്കും..പലതരം അത്തറുകൾ ഉപ്പാപ്പ പുറത്തെടുത്തു വെക്കും..അതിനിടയിൽ വിശേഷങ്ങൾ  പറയും..അത്തറുകൾക്ക് സ്വർഗത്തിന്റെ പേരുകളാണ്.’’ജന്നാത്തുൽ ഫിർദൗസ്’’ വിശേഷപ്പെട്ട ഒരു സ്വർഗ്ഗമാണ്.. ആ പേരുള്ള അത്തറാകാട്ടെ അതു പോലെ തന്നെ സുഗന്ധപൂരിതമാണ്.  ഉപ്പാപ്പയുടെ കയ്യിൽ പല തരം സുറുകളുമുണ്ട്. .സുറുമകൾക്ക് ‘’രാജാത്തി’’ , ‘’കോജാത്തി ‘’ എന്നിങ്ങനെ രാജ്ഞിമാരുടെ പേരുകളാണ്.

ഇതൊക്കെ കൂടാതെ നിസ്ക്കാരം കഴിഞ്ഞ് ദിക്ർ ചൊല്ലാനുള്ള ദസ്ബിയുണ്ട്. നല്ല നിറങ്ങളിലും വലിപ്പത്തിലുമുള്ള ദസ്ബികളുണ്ട്..പിന്നെ അറബി മലയാളം പ്രാർത്ഥനകൾ,..ചെറിയ യാസീൻ....ബദർ യുദ്ധം, ഉഹദ് യുദ്ധം  തുടങ്ങിയ യുദ്ധചരിത്രങ്ങൾ..   ഉമ്മ ഇതെല്ലാം വാങ്ങിക്കുമായിരുന്നു..വായിക്കുമായിരുന്നു..ഉമ്മുമ്മയാകട്ടെ ഇതെല്ലാം നമ്മളെക്കൊണ്ട് വായിച്ച് കേൾക്കും..വെറുതെയല്ല അതിനു പകരമായി എത്രയെത്ര കഥകളും പാട്ടുകളും പറഞ്ഞു തന്നിരിക്കുന്നു.

അതു കേൾക്കാൻ ഉമ്മയുൾപ്പെടെ എല്ലാവരുമുണ്ടാകും.വലിയ അലിക്കത്തും കാതിലണിഞ്ഞ് തലയാട്ടിയുള്ള ഉമ്മുമ്മയുടെ കഥ കേൾക്കാൻ എന്തു രസമായിരുന്നു. ഒരു നാൾ ഉമ്മുമ്മയും കഥകളോടൊപ്പം സ്വർഗത്തിലേക്കു പോയി.അത്തറുപ്പാപ്പായെ കുറെ നാൾ കാണാതായപ്പോളാണ് സങ്കടത്തോടെ ഉമ്മ ഒരു ദിവസം പറയുന്നത്, ‘’ മോനേ,നമ്മുടെ അത്തറുപ്പാപ്പയും പോയി..’’ ‘’ജന്നാത്തുൽ ഫിർദൗ’’സെന്ന അത്തറുമായി അത്തറുപ്പാപ്പയും     ‘’ജന്നാത്തുൽ ഫിർദൗ’’സെന്ന സ്വർഗത്തിലേക്ക് പോയിരിക്കുന്നു. 

ഉമ്മുമ്മയെപ്പോലെ ഇടയ്ക്ക് ഉമ്മയും പാട്ടുകൾ പാടുമായിരുന്നു.മരുന്നിന്റേയും വേദനയുടെയും ഇഞ്ചക്ഷൻ ചെയ്യാൻ കയ്യിൽ ഞരമ്പുകൾ കിട്ടാതെ വന്ന അസ്വസ്ഥയുടെയും നാളുകളിലും ഉമ്മയുടെ ഓർമ്മകളെ ഞാനുണർത്തി.’’ഉമ്മാ, ഓർക്കുന്നുണ്ടോ.പണ്ടത്തെ കത്തു പാട്ടൊക്കെ..’’

‘’എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ..’’ ആശുപത്രിക്കീടക്കയിൽ കിടന്നു കൊണ്ട്  ഉമ്മ കത്തു പാട്ടിലെ വരികൾ മൂളിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.പോകാൻ നേരം ഞാൻ ഉമ്മയുടെ കൈകൾ ചേർത്തു പിടിച്ചു..’’ഉമ്മാ,ഞാൻ പോയിട്ട് വരട്ടെ..’’

എപ്പോഴത്തെയും പോലെ ഉമ്മ ദു‍ആ ചെയ്തു,’’പടച്ചവൻ നമുക്ക് നല്ലതു വരത്തട്ടെ..’’ നിറഞ്ഞ കണ്ണുകളോടെ ഇറങ്ങാൻ തുടങ്ങുമ്പോഴുണ്ട് അപ്രതീക്ഷിതമായി ഉമ്മയുടെ ശബ്ദം,,’’നീ എന്റെ കടിഞ്ഞൂൽ മകനല്ലേ, എന്നെ എഴുന്നേൽപ്പിച്ചിരുത്തിയിട്ട് പോയാൽ മതി..’’ പതിയെ എന്റെ കൈകൾ പിടിച്ച് ഉമ്മ എഴുന്നേറ്റു. ഇരിക്കുമ്പോൾ വേദനയുണ്ട്.എങ്കിലും ഉമ്മ ഇരിക്കാൻ ശ്രമിച്ചു..

‘’ അല്ലഹുമ്മ ആമിൻഹാ മിൻ കുല്ലി ഫസ്ഹ്..’’ തൽഖീന്റെ വാക്കുകൾ കബറിനരുകിലിരുന്ന് ഉസ്താദ് ചൊല്ലുന്നു..ഉമ്മായ്ക്ക് മഗ്ഫിറത്തിനും മർഹമത്തിനുമായി ഉസ്താദ് പ്രാർത്ഥിക്കുമ്പോഴും  കഥ പറഞ്ഞു തരാൻ,പാട്ടു പാടി തരാൻ ഉമ്മ ചുണ്ടുകൾ അനക്കും പോലെ എനിക്കു തോന്നി..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക