അഞ്ചിതൾ കാഴ്ചകൾ..... (അശോക് കുമാർ.കെ)

Published on 20 June, 2022
അഞ്ചിതൾ കാഴ്ചകൾ..... (അശോക് കുമാർ.കെ)

ഒന്ന്. കല്ല്


അജീവൻ ഞാൻ ,
ശരം വിട്ട വേഗത്തിൽ
എറിയപെട്ടോൻ ....

ഒരു കുന്നു നെറുകയിൽ
ഉരുട്ടിക്കയറ്റിയെന്നെ ....
ആ  കരം കൊണ്ടു തന്നെ
ഗർത്തത്തിലുരുട്ടിയിട്ടെന്നെ...

ഞാനൊരു
ഭ്രാന്തിളക്കിയാട്ടിയ
ഉരുട്ടു വണ്ടിയോ....

രണ്ട്.  കര

കടലാർത്തിരമ്പി ത്തല്ലുന്നല്ലോയെന്നെ...
ഞാനിടിഞ്ഞിടിഞ്ഞ് 
കടലിലലിയുന്നല്ലോ....

കവിവരരിതുകണ്ടൊരുവരികവിത കുറിയ്ക്കുന്നതിങ്ങനെ:

കടലുചുംബിച്ച ചുണ്ടിനായി
കര പിന്നാലെ പോകുന്നു പിന്നെയും....


മൂന്ന്.    തിര

തേടിത്തേടി ഞാനാഴുകുന്നു
കാണുവാനാകുന്നില്ലല്ലോ
എൻ പ്രിയനെയിതുവരെയും .....
അവനെയെവിടെ മറച്ചുവച്ചിരിപ്പൂ.....
പറയൂയെൻ ചിറകനക്കുന്ന
കാറ്റേ  കാറ്റേ...

നാല്.  കാറ്റ്

കരയിലും കടലിലും ഞാൻ
ഒരുമിച്ചു വീശി.
പല പേരുകളിലും ഞാൻ
കെടുങ്കാറ്റുമായി....
ചൂഴ്ന്ന് മുക്കിക്കൊല്ലുന്ന
പ്രളയ പ്രവാഹ ബിന്ദുവായി....

ഇളങ്കാറ്റ് കൈപ്പിടിയിലൊതുക്കിയൊരു
ഊഞ്ഞാൽ കുഞ്ഞിന്റെ
പാട്ടിൽ പറഞ്ഞതിങ്ങനെ....

വയൽ മണം കൊണ്ടുവായോ
അച്ഛന്റെ കൃഷി മണം
കൊണ്ടുവായോ....
പാട്ടിന്റെ ഞാറ്റുവേലയിലെ
മണ്ണടരിന്റെ
ഗന്ധവാഹിനീ.....


അഞ്ച്. ചെമ്പരത്തി

പൂവേ, പൂവേ ...
ചെമ്പരത്തി, .....
അഞ്ചിതൾ പൂവിന്റെ
വമ്പൊരുത്തി ....
നീയെന്റെ ചോരയുടെ
ചെമ്മഴക്....
ദിങ്‌മുഖങ്ങളിൽ പടരുന്ന
ശോണഴക്....
എൻ ഹൃദയം 
നിറഞ്ഞൊഴുകുമാരു
പ്രണയമിഴിയഴക് ........

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക