ഗതകാലസ്മൃതികളുടെ തേന്‍മധുരമുണ്ണാന്‍ കൊൽക്കത്തയിലേക്കൊരു തീർത്ഥയാത്ര (പി. ടി. പൗലോസ് )

Published on 21 June, 2022
ഗതകാലസ്മൃതികളുടെ തേന്‍മധുരമുണ്ണാന്‍ കൊൽക്കത്തയിലേക്കൊരു തീർത്ഥയാത്ര (പി. ടി. പൗലോസ് )

''ഇങ്ങനെയൊരു നഗരം നിലനിൽക്കുന്നുവെന്നതിന് നാം നന്ദിയുള്ളവരാകണം. ഇത്രയും ഉന്മേഷദായകമായ മറ്റേത് നഗരമുണ്ട് ഭൂമിയിൽ ?  കല്‍ക്കത്തയുടെ പൊടിമണ്ണിലിരിക്കുന്നത് മഹാസാമ്രാജ്യങ്ങളുടെ സിംഹാസനത്തിലിരിക്കുന്നതിനേക്കാൾ മഹത്തരമാണ്‌ ''

2022 മെയ് 12 ലെ മനോഹരസായഹ്നം. കൊച്ചി - കൊൽക്കത്ത ഇൻഡിഗോ വിമാനം
കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ടിൽ മൂന്നു മണിക്കൂർ പറന്നിറങ്ങിയുരുണ്ടു നീങ്ങിയപ്പോൾ
എന്റെ ഓർമ്മയിൽ വന്നത് പ്രശസ്ത ഉറുദു കവിയും ഗസലുകളുടെ പിതാവുമായ മിര്‍സാഗാലിബിഇന്റെ ഈ വരികളാണ്. 

എന്റെ എല്ലാ ഇന്ത്യൻ യാത്രകളിലും കൊൽക്കത്തയിൽ ഞാൻ എത്താറുണ്ട്, ഒരു തീർത്ഥാടനം പോലെ. കൊൽക്കത്ത വിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ വൈകാരിക ബാന്ധവം തുടർന്നു പോരുന്നു. അറുപതുകളുടെ അവസാനം ഒരു ശീതകാലത്തിലെ കൊടുംതണുപ്പിൽ ഹൗറാ സ്റ്റേഷനിലെ സിമന്റ് ബെഞ്ചിൽ ഏകനായി ദിക്കറിയാതെ തരിച്ചിരുന്ന എന്നെ ചേർത്തുപിടിച്ച് ജീവിതത്തിന്റെ നേർവരകളെ ഉൾക്കാഴ്ചയോടെ ചൂണ്ടിക്കാണിച്ച നിന്റെ ഹൃദയവിശാലതയെ എനിക്കെങ്ങനെ പ്രണയിക്കാതിരിക്കാനാകും ?  രണ്ടര പതിറ്റാണ്ട്‌ എനിക്കന്നംതന്നന്തിയുറക്കിയ നിന്റെ മടിത്തട്ടിൽ ഒരുവട്ടം കൂടി തലചായ്ക്കാൻ മോഹിക്കാതിരിക്കാനാകും ? കൊൽക്കത്ത, എനിക്ക് നീ അങ്ങനെയാണ് !

ഇരുപത്തിരണ്ടു ദിവസത്തെ എന്റെ തിരക്കിട്ട പരിപാടിയിൽ നാല് ദിവസം ഞാൻ കൊൽക്കത്തക്കായി മാറ്റിവച്ചു. അതെന്റെ അവകാശമാണ്. കാലം മുറിച്ചുകളയാത്ത സൗഹൃദത്തിന്റെ തേന്‍മധുരം നുണയാൻ ഇപ്രാവശ്യം വാമഭാഗത്തേയും കൂടെക്കൂട്ടി. ഞാൻകൂടി ഭാഗമായ കൊൽക്കത്തയിലെ നാടകപ്രേമികളുടെ സൗഹൃദകൂട്ടായ്മ ''മനസ് '' (MANAS - മലയാള അമേച്വര്‍ നാടക സമിതി ) ദക്ഷിണ കൊൽക്കത്തയിലെ താരാമഹൽ ഹോട്ടലിൽ ഒരുക്കിയ വർണാഭമായ ഒരു സൗഹൃദകലാസായാഹ്നത്തിലേക്കായിരുന്നു മനസ്സിന്റെ സാരഥികൂടിയായ എന്റെ സുഹൃത്ത് എൻ. പി. നായർ ഞങ്ങളെ വരവേറ്റത്. പഴയകാല സുഹൃത്തുക്കൾ എൻ. പി., യു. ഭാസ്കരൻ ,  ഉഷ, പി. എ. നായർ, രവി, സിന്ധു, പേരെടുത്തെഴുതാൻ ഒരുപാട് പേരുണ്ട്. ഇവരൊക്കെയുമായി മനസ്സിന്റെ ഉള്ളറകളിൽ സ്നേഹത്തിന്റെ തിളങ്ങുന്ന പട്ടിൽ പൊതിഞ്ഞുസൂക്ഷിച്ച ഗതകാലസ്മൃതികൾ വൈകാരികമായി പങ്കിട്ടപ്പോൾ, അത് ജാഡയില്ലാത്ത കൊൽക്കത്ത മലയാളികളുടെ ഒരു കാലത്തിന്റെ സാക്ഷ്യപ്പെടുത്തൽകൂടിയായി. ആ സ്വര്‍ഗ്ഗീയാനുഭൂതിയില്‍ നടന്ന സ്നേഹവിരുന്നിന് ഞാൻ ഹൃദയപൂർവ്വം നന്ദി പറഞ്ഞപ്പോൾ എന്റെ വാക്കുകൾ പതറിയോ എന്ന് സംശയം.

അടുത്ത ദിവസം പോയത് കൽക്കത്ത മലയാളി അസോസിയേഷന്റെ ഓഫീസിലേക്കാണ്. സി. എം. എ യുടെ തുടക്കം മുതൽ വിവിധ  നിലകളിൽ പ്രവർത്തിക്കുവാനും ഇന്നും സജീവമായി തുടരുവാനും എനിക്ക് സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. ഞങ്ങളെ സ്നേഹപൂർവ്വം സ്വീകരിക്കുവാൻ പ്രസിഡന്റ് ജോസ് മുക്കത്ത്, സെക്രട്ടറി ജെയിംസ് വിത്സൺ, പിന്നെ സുധാകരൻ, രവി, അജിത്, കൃഷ്ണ, രഘു അങ്ങനെ എല്ലാവരുമുണ്ടായിരുന്നു. 1977 ല്‍  സാമ്പത്തിക പിൻബലമൊന്നുമില്ലാതെ, രാഷ്ട്രീയ ജാതി മത സങ്കുചിത താല്പര്യങ്ങളൊന്നുമില്ലാതെ കൽക്കട്ട മലയാളികളുടെ ഒരു സാംസ്കാരിക സംഘടന എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച സി. എം. എ. നാലര പതിറ്റാണ്ടിനു ശേഷവും അതേ ആദർശത്തിലധിഷ്ഠിതമായി കൊൽക്കത്തയിലെ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായി തുടരുന്നു എന്നതിൽ സന്തോഷവും അതിലേറെ ആഹ്ലാദവും പ്രകടിപ്പിച്ചുകൊണ്ടും  നിലവിലെ ഭരണസമിതിക്ക് അഭിനന്ദനങ്ങളുടെ  പൂച്ചെണ്ടുകളർപ്പിച്ചുകൊണ്ടും സി. എം. എ. യുടെ ഊഷ്മളമായ സ്വീകരണത്തിനും സ്നേഹവിരുന്നിനും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറഞ്ഞു.

പിന്നീടുള്ള രണ്ടു ദിവസം ഞങ്ങൾ രാധയുടെ വീട്ടിൽ ആയിരുന്നു. പറക്കോട് ശശിയുടെ പ്രിയപത്നി രാധക്ക് ഞങ്ങൾ അതിഥികളും ആത്മബന്ധുക്കളുമല്ല, കൂടെപ്പിറപ്പുകളാണ്. ശശി ഭൗതീകമായി ഇല്ലാതായിട്ട് അഞ്ചു വർഷം കഴിഞ്ഞു. വീട്ടിലേക്കു കയറിയപ്പോൾ ശശിയുടെ അസാന്നിദ്ധ്യം എന്നെ അൽപനേരം അസ്വസ്ഥനാക്കി. ഇണക്കവും പിണക്കവുമായി 42 വർഷങ്ങൾ. പറക്കോട് ശശി ഒരു വികാരമായിരുന്നു. ഹൃദയരക്തത്തിലേക്കലിഞ്ഞു ചേർന്ന  അനന്യമായ വികാരം. ഭിത്തിയിൽ ദേ, രാജി. ശശിയുടെ മൂത്തമോള്‍ രാജി അവളെപോലെയുള്ള ഒരു കൈക്കുഞ്ഞുമായി. കുഞ്ഞുന്നാളിൽ രാജിയെ കൊഞ്ചിച്ച ഓർമ്മകൾ ഓടിയെത്തി. ആ പടം കൗതുകത്തോടെ എന്റെ ഫോണിലെ ക്യാമറയിലാക്കി. തൊട്ടപ്പുറത്ത് ഞങ്ങൾ 'ചോട്ടു ' എന്ന് വിളിക്കുന്ന ശശിയുടെയും രാധയുടെയും രണ്ടാമത്തെ മോള്‍ രേഖ അവളുടെ കല്യാണമണ്ഡപത്തിൽ. അവളെയും എന്റെ ക്യാമറയിലെടുത്തു. എഴുപതുകളിലെയും എൺപതുകളിലെയും അധികം വർണ്ണപ്പകിട്ടില്ലാത്ത പച്ചയായ ജീവിതാനുഭവങ്ങൾ പരസ്പരം പങ്കിട്ടു. നാടകകൂട്ടുകാർക്ക്‌ ഓട്ട വീണ ഓട്ടുപാത്രത്തിൽ സാമ്പാർ വിളമ്പിയതും നല്ല തണുപ്പത്ത് കമ്പിളിപ്പുതപ്പ് ഇല്ലാത്തതുകൊണ്ട് നാട്ടിൽ നിന്ന് കപ്പ കൊണ്ടുവന്ന കട്ടിച്ചാക്ക് കൂട്ടുകാർക്ക് പുതക്കാൻ കൊടുത്തതും ആ ചാക്ക് സ്വന്തമാക്കാന്‍ അവർ പിടിവലി കൂടിയതുമായ രസകരമായ കഥകളൊക്കെ ഞങ്ങൾ രണ്ടു രാപ്പകലുകൾ കൊണ്ട് പറഞ്ഞുതീർത്തു.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി കാത്തിരിപ്പുണ്ടായിരുന്നു ഞങ്ങളുടെ പഴയകാല സുഹൃത്തുക്കൾ കെ. ടി. സി. നാരായണനും മണിയും. അവരെയും കണ്ട് ഞങ്ങളെത്തിയത് പ്രേമചേച്ചിയുടെ ഫ്‌ളാറ്റിൽ. മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപ്  ഞങ്ങളുടെ നാടകങ്ങളുടെ സ്ഥിരം റിഹേഴ്സൽ ക്യാമ്പ് ആയിരുന്നു ബെഹാല മെന്റൺ എക്സ്പ്രസ്സ് ഡയറിയിലെ പി. ആർ. എസ് . നായരുടെയും പ്രേമ നായരുടെയും ക്വാർട്ടേഴ്‌സ്. അഭിനയിച്ച് അവശരായി ഞങ്ങൾ നിൽക്കുമ്പോൾ ആവിപറക്കുന്ന ചായയും പലഹാരങ്ങളുമായെത്തുന്ന പ്രേമചേച്ചി മനുഷ്യസ്‌നേഹത്തിന്റെ മറുവാക്കായിരുന്നു. ഏറെ വർഷങ്ങൾക്കുശേഷം ഞങ്ങളെത്തിയപ്പോൾ രാജേട്ടൻ ഇല്ലാത്ത മൂകതയിൽ ആണെങ്കിലും ഇന്ദുവിനോടൊപ്പം ഊഷ്മളമായി ഞങ്ങളെ വരവേറ്റു. ആ നല്ല മനസ്സിന് നന്മകൾ നേരുന്നു, ആയുസ്സും ആരോഗ്യവും. യാത്ര പറഞ്ഞിറങ്ങിയപ്പോൾ തോന്നി ജീവിതവഴിയിൽ കാലചക്രം പിറകോട്ട്‌ ഉരുളുന്നതുപോലെ...

കൊൽക്കത്ത, നിറഞ്ഞ ആശങ്കകളുമായി ഞാൻ മടങ്ങുകയാണ്. കാലം നിന്നിൽ പാകിയ കാലുഷ്യത്തിന്റെ വിത്തുകൾ മുളപൊട്ടി വിഷമുള്ളുകളായി വളർന്ന് നിന്റെ വിശുദ്ധിയുടെ തെളിനീരിൽ വിഷജലം വീഴ്ത്തുമ്പോൾ നിന്റെ സംസ്കാരത്തിന്റെ ഭിത്തിയിൽ പറ്റിയമർന്ന വിശ്വാസവും വിപ്ലവവും വിവേകാനന്ദനും രാമകൃഷ്ണപരമഹംസരും ടാഗോറും നേതാജിയും അരവിന്ദഘോഷും ചിത്തരഞ്ജൻദാസും സത്യജിത്‌റേയും റിത്വിക് ഘടക്കും മൃണാൾസെന്നും എല്ലാം വിസ്മൃതിയുടെ കാണാക്കയങ്ങളിലേക്കാണ്ടു പോകല്ലേ എന്ന പ്രാർത്ഥനയോടെ, മാറ്റത്തിന്റെ മാറ്റൊലിയിൽ മൂല്യങ്ങളുടെ അടിവേരുകളറ്റു പോകുന്ന കെട്ട കാലത്തിന്റെ വാതിൽപ്പടിയിൽ നിന്നുകൊണ്ട് നിന്നോട് ഞാൻ വിട പറയുന്നു, വീണ്ടും വരാമെന്ന ഉറപ്പോടെ. 

Shaji Thejus, Ettumanoor 2022-06-21 04:41:55
വളരെ ഹൃദയസ്പർശിയായ വിവരണം. നാട്ടിൽ നിന്നും കപ്പ കൊണ്ടുവന്ന ചാക്ക് പുതച്ച കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഇനിയും ഒരുപാട് കാലം സാറിന് കൽക്കട്ടയിൽ പോകാൻ അവസരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസകൾ...!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക