ആര്‍എസ്‌എസ്സുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച്‌ കെ എന്‍ എ ഖാദര്‍

Published on 22 June, 2022
ആര്‍എസ്‌എസ്സുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച്‌ കെ എന്‍ എ ഖാദര്‍

കോഴിക്കോട്: ആര്‍എസ്‌എസ്സുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച്‌ മുസ്‌ലീം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ കെ എന്‍ എ ഖാദര്‍ രംഗത്ത്.

മതസൗഹാര്‍ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു കെ എന്‍ എ ഖാദറിന്റെ വാദം. ഒരു സാംസ്‌കാരിക പരിപാടിയിലാണ് പങ്കെടുത്തത്. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്‌നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച്‌ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം സെല്‍ഫി വീഡിയോയില്‍ വിശദീകരിച്ചു.

കോഴിക്കോട് ചാലപ്പുറത്ത് ആര്‍എസ്‌എസ് ഉടമസ്ഥതയിലുള്ള സ്ഥാപനമായ കേസരി ഭവനില്‍ സംഘപരിവാര്‍ നേതാക്കളോടൊപ്പം സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായതോടെയാണ് വിശദീകരണവുമായി കെ എന്‍ എ ഖാദര്‍ രംഗത്തുവന്നിരിക്കുന്നത്. നമ്മള്‍ എല്ലാ മതസ്ഥരെയും വിളിച്ചുകൂട്ടുന്നുണ്ടല്ലോ. സൗഹൃദ സമ്മേനങ്ങള്‍ നടത്തുമ്ബോള്‍ നമ്മള്‍ വിളിച്ചതിലേക്കൊക്കെ എല്ലാവരും വരുന്നുണ്ട്. അവര്‍ നമ്മളെ വിളിച്ചാലും നമ്മള്‍ പോവേണ്ടതല്ലേ എന്നുള്ള ശുദ്ധമനസ്സുകൊണ്ട് താന്‍ പോയതാണ്. അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല.

ഇനി അത് തെറ്റാണ്, മറ്റ് മതസ്ഥരോട് മിണ്ടാനോ അവരുടെ പരിപാടിക്ക് പോവാനോ പാടില്ലെന്ന് ആരും പറയുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുസ്‌ലിം ലീഗും സ്വീകരിക്കുന്ന നിലപാട് അല്ലാതെ തനിക്കീ കാര്യത്തിലൊന്നും വേറൊരു നിലപാടില്ല. പാര്‍ട്ടി നിലപാട് എന്താണോ അതാണ് തന്റെ നിലപാട്. തങ്ങള്‍ എല്ലാ ജില്ലകളിലും അടുത്ത കാലത്ത് നടത്തിവരുന്ന സൗഹാര്‍ദ സദസ് നാം കണ്ടതാണ്. ഹിന്ദുക്കളും സന്യാസിമാരും മഹര്‍ഷിമാരും ക്രിസ്ത്യാനികളും ബിഷപ്പുമാരും പാതിരിമാരുമൊക്കെ പങ്കെടുക്കുന്ന വലിയ സൗഹൃദസമ്മേളനങ്ങള്‍ നടന്നു. അത് വലിയ മാറ്റം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ട്.

മുസ്‌ലിം ലീഗിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് ഒരാളുടെ പേരിലും നടപടിയെടുത്തിട്ടില്ല. ലീഗിന്റെ പരിപാടിയില്‍ പോയത് മോശമായിപ്പോയെന്ന് ഹിന്ദുക്കളും സന്യാസുമാരും പള്ളീലച്ഛന്‍മാരും പറഞ്ഞിട്ടില്ലെന്നും കെ എന്‍ എ ഖാദര്‍ വിശദീകരിക്കുന്നു.

കേസരി ഭവനില്‍ മാധ്യമ പഠനകേന്ദ്രത്തിന്റെ കാംപസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെ എന്‍ എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച്‌ നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരായിരുന്നു.

കാര്യപരിപാടി പ്രകാരം ചുവര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെ എന്‍ എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക