Image

വിശുദ്ധ ദേവസഹായം പിള്ളക്കെതിരായ ലേഖനം പിന്‍വലിച്ച് ആര്‍ എസ് എസ് മാപ്പുപറയണം: കെ സി വൈ എം

Published on 22 June, 2022
വിശുദ്ധ ദേവസഹായം പിള്ളക്കെതിരായ ലേഖനം പിന്‍വലിച്ച് ആര്‍ എസ് എസ് മാപ്പുപറയണം: കെ സി വൈ എം

കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ ദേവ സഹായം പിള്ളയ്ക്കെതിരെ മുഖപത്രമായ കേസരിയില്‍ എഴുതിയ ലേഖനം പിന്‍വലിച്ച് ആര്‍ എസ് എസ് മാപ്പു പറയണമെന്ന് കത്തോലിക്കാ സഭയുടെ യുവജന വിഭാഗമായ കെ സി വൈ എം ആവശ്യപ്പെട്ടു.
ദേവസഹായം പിള്ളയും വിശുദ്ധ പാപങ്ങളും എന്ന തലക്കെട്ടില്‍ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിനെതിരാണ് കടുത്ത വിമര്‍ശനവുമായി കെ സി വൈ എം മുന്നോട്ട് വന്നിരിക്കുന്നുന്നത്.

ദേവസഹായം പിള്ളയെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്ന ലേഖനമാണിതെന്ന് കെസിവൈഎം സംസ്ഥാന സമിതി ആരോപിക്കുന്നു. ദേവസഹായം പിള്ളയുടെ രക്ത സാക്ഷിത്വത്തെ വളരെ ക്രൂരമായാണ് കേസരി വളച്ചൊടിച്ചതെന്നും അ്ത് കൊണ്ട് തന്നെ ആര്‍ എസ് എസ് ഈ വിഷയത്തില്‍ മാപ്പ് പറയണമെന്നും കെ സി വൈ എം ആവശ്യപ്പെടുന്നു.

ക്രൈസ്തവ മിഷണറിമാര്‍ നടത്തിയ മതപരിവര്‍ത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായം പിള്ളയെന്നാണ് കേസരിയിലെ ലേഖനത്തില്‍ ആരോപിക്കുന്നത്.

ദേവസഹായം പിള്ളയെ വാഴ്ത്തിക്കൊണ്ടുള്ള കഥകള്‍ മതം മാറ്റ പദ്ധതിയുടെ ഭാഗമായി മെനഞ്ഞെടുത്തതാവാനാണ് സാധ്യതയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. സാമ്പത്തിക പരാധീനതകളനുഭവിച്ചിരുന്ന ദേവസഹായം പിള്ളയെ ഇത് മുതലെടുത്ത് ക്രിസ്ത്യന്‍ മിഷനണറിമാര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയതാണെന്നാണ് ലേഖനത്തില്‍ പറയുന്നത്.

തിരുവിതാംകൂര്‍ രാജാവ് തടവിലാക്കിയ ഡച്ച് ഉദ്യോഗസ്ഥന്‍ ഡിലനോയെയാണ് അന്ന് സൈനിക പരിശീലനത്തിന് ചുമതലപ്പെടുത്തിയിരുന്നത്. അന്ന് ഇദ്ദേഹത്തിന് കീഴിലുള്ള സൈനിക ഉദ്യോഗസ്ഥനായിരുന്നു ദേവസഹായം പിള്ള. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന ഇദ്ദേഹം ഇക്കാര്യങ്ങള്‍ ഡിലനോയിനോട് പറഞ്ഞിരുന്നു. ഇതുവഴി ക്രിസ്തു മതത്തിലേക്ക് ദേവസഹായം പിള്ള ആകൃഷ്ടനായതാണെന്ന് ലേഖനത്തില്‍ പറയുന്നു. ദേവസഹായം പിള്ളയെ മതം മാറിയതിനല്ല വെടിവെച്ച് കൊന്നതെന്നും ചില ചരിത്രകാരന്‍മാരെ പരാമര്‍ശിച്ച് ലേഖനത്തില്‍ പറയുന്നു. മതം മാറ്റിയ പാതിരിയുടെ ആവശ്യപ്രകാരം ദേവസഹായം വടക്കന്‍ പള്ളി പണിയുന്നതിനായി അനധികൃതമായി തേക്കുതടി വെട്ടി വടക്കന്‍കുളത്തേക്ക് കടത്തിയെന്നായിരുന്നു കുറ്റം. ഇതിനാണ് ശിക്ഷ വിധിച്ചതെന്നാണ് വാദം.

മാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരുന്ന നീലകണ്ഠപിള്ളയാണ് ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായി മാറിയത്. ഡച്ച് ഉദ്യോഗസ്ഥനിലൂടെയാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും ക്രിസ്തുമതം സ്വീകരിക്കുന്നതും. 1745 മെയ് 17ന് ബുട്ടാരി എന്ന ഈശോ സഭ വൈദികനില്‍ നിന്നും ദേവസഹായം പിള്ള ജ്ഞാനസ്‌നാനം സ്വീകരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക