ഗൂഢാലോചന: പി.സി ജോര്‍ജിനേയും സ്വപ്നയേയും ചോദ്യംചെയ്യും

Published on 23 June, 2022
ഗൂഢാലോചന: പി.സി ജോര്‍ജിനേയും സ്വപ്നയേയും ചോദ്യംചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെയും പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യും. കേസില്‍ മുഖ്യസാക്ഷിയാക്കിയ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരുടെ രഹസ്യമൊഴി വ്യാഴാഴ്ച കോടതി രേഖപ്പെടുത്തും. പ്രത്യേകാന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി.

മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പി.സി. ജോര്‍ജ് നിര്‍ബന്ധിച്ചിരുന്നെന്നും സ്വപ്നയും പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്ന വെളിപ്പെടുത്തല്‍ നടത്തിയതെന്നും സരിത നേരത്തേ പ്രത്യേകാന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. നിലവില്‍ സ്വപ്ന, പി.സി. ജോര്‍ജ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ക്രൈം നന്ദകുമാറിനെയും പ്രതി ചേര്‍ത്തേക്കും.

സ്വപ്നയെ നിലവില്‍ ഇ.ഡി ചോദ്യം ചെയ്യുകയാണ്. ഇതിന് മൂന്നു ദിവസം വേണ്ടിവരുമെന്നാണ് ഇ.ഡി അറിയിച്ചത്. അത് പൂര്‍ത്തിയായാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് നിര്‍ദേശം നല്‍കാനാണ് പ്രത്യേകാന്വേഷണ സംഘം ആലോചിക്കുന്നത്. കേസില്‍ സരിതയുടെ മൊഴിയാണ് നിര്‍ണായകം. തന്നെ തിരുവനന്തപുരം ഗെസ്റ്റ്ഹൗസിലും ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ചുവരുത്തിയാണ് പി.സി. ജോര്‍ജ് ഗൂഢാലോചനയില്‍ ഭാഗമാകാന്‍ ആവശ്യപ്പെട്ടതെന്നാണ് സരിതയുടെ മൊഴി.

സരിതയുടെ മകന്റെയും ഡ്രൈവറുടെയും ഗെസ്റ്റ്ഹൗസ് ജീവനക്കാരുടെയും മൊഴി കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക സംഘം രേഖപ്പെടുത്തിയിരുന്നു. സരിതയുടെ രഹസ്യമൊഴി വ്യാഴാഴ്ച വൈകീട്ട് 3.30ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം നമ്പര്‍ കോടതിയിലാണ് രേഖപ്പെടുത്തുന്നത്. ഗൂഢാലോചനക്കേസില്‍ ആരോപണ വിധേയരായവരുടെ ഫോണ്‍ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും. കേസിലെ പരാതിക്കാരനായ കെ.ടി. ജലീല്‍ എം.എല്‍.എ, ഇടനിലക്കാരായിരുന്നെന്ന് പറയപ്പെടുന്ന ഷാജ് കിരണ്‍, ഇബ്രാഹിം എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക