Image

പൊതുജന പൊളിറ്റിക്സ് വാർത്തകളിൽ : ജോസ്. ടി. തോമസ്

Published on 24 June, 2022
 പൊതുജന പൊളിറ്റിക്സ് വാർത്തകളിൽ : ജോസ്. ടി. തോമസ്

മലയാളത്തിൽ പൊളിറ്റിക്കൽ റിപ്പോർട്ടിംഗ്
ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.
പൊതുജന പൊളിറ്റിക്സ് ഇനിയും വാർത്തയ്ക്കും വാർത്താവലോകനത്തിനും വിഷയമായിട്ടില്ല.

പീപ്പിൾ എന്ന ഇംഗ്ലീഷിനു ജനത ആണു മലയാളം. മുഖമില്ലാത്ത ആൾക്കൂട്ടത്തിനാണു നാട്ടിൽ ജനം എന്നു പറയുക. മുഖവും ചോരയും നീരും ഉള്ള മനുഷ്യരുടെ സമൂഹത്തിനു പൊതുജനം എന്നോ ബഹുജനം എന്നോ പറയേണ്ടിവരുന്നു. ഈ ജനത്തിന്റെ ജീവിതരാഷ്ട്രീയം, അവരുടെ യഥാർത്ഥ ജീവിതാവശ്യങ്ങൾ, ഒറ്റപ്പെട്ട വ്യക്തികഥകൾക്കപ്പുറം വാർത്തയിൽ വരുന്നില്ല. വാർത്തകളിൽ വരാത്തതൊന്നും അവലോകനം ചെയ്യപ്പെടാറുമില്ല. 

എല്ലാറ്റിനും പൊളിറ്റിക്സ് ഉണ്ട്. ഭാഷയുടെ രാഷ്ട്രീയം, സാങ്കേതികവിദ്യയുടെ രാഷ്ട്രീയം, മതത്തിന്റെ രാഷ്ട്രീയം, സാഹിത്യത്തിന്റെയും കലയുടെയും രാഷ്ട്രീയം, ഫാഷന്റെ രാഷ്ട്രീയം.... എല്ലാം ചേർന്നതാണു ജനജീവിത രാഷ്ട്രീയം. ഇതിൽ പാർട്ടി പൊളിറ്റിക്കൽ ജേർണലിസം മാത്രമായിരുന്നൂ മലയാളത്തിൽ പൊളിറ്റിക്കൽ ജേർണലിസം. എന്തിനു ജേർണലിസ്റ്റുകളെ കുറ്റം വിധിക്കണം, അവർക്കു കൂലി കൊടുക്കുന്ന മാധ്യമ ഉടമയുടെ ജീവിതരാഷ്ട്രീയത്തിനപ്പുറം തൊഴിൽജീവിതത്തിൽ അവർക്ക് എത്രത്തോളം പോകാൻ കഴിയും? ഇതു തൊഴിൽപ്രശ്നം തന്നെയാണ്.

കാൽ നൂറ്റാണ്ടിലെ ഇന്ത്യൻ നാട്ടുഭാഷാ പത്രലോകത്തെ നേരിൽക്കണ്ടു പഠിച്ച റോബിൻ ജെഫ്രി Newspaper Revolution in India-യിൽ അതു സാമൂഹികശാസ്ത്രപരമായി അപഗ്രിച്ചിട്ടുണ്ട്. ന്യൂസ് റൂമുകളുടെ ഘടനവരെ ഉടമയുടെ ജീവിതരാഷ്ട്രീയത്തോട് എങ്ങനെ ചേർന്നുപോകുന്നു എന്ന് അതിൽ വ്യക്തമാണ്.

വമ്പൻ മൂലധന ഉടമസ്ഥത അനിവാര്യമല്ലാത്ത, അടിസ്ഥാന ജനജീവിതാവശ്യങ്ങളോടു നീതി പുലർത്തുന്ന പുതിയ വാർത്താവിശകലന സൈറ്റുകളുടെയും പോർട്ടലുകളുടെയും വരവോടെയാണ് ഈ സ്ഥിതിക്കു മാറ്റമുണ്ടാവുക. മലയാളത്തിലും ആ പുതിയ ജേർണലിസം സംഭവിച്ചുതുടങ്ങുകയാണ്. ആദ്യമാദ്യം ഉണ്ടാവുന്നവയിൽ പഴയ ജേണലിസ്റ്റുകളുടെ പഴയ ജേർണലിസത്തിന്റെ ഹാങ് ഓവർ കുറെയൊക്കെ ഉണ്ടായെന്നുവരാം; ഹിറ്റ് ആവാൻ പഴയ തലക്കെട്ട്- ലീഡ് തന്ത്രങ്ങൾ ആവർത്തിച്ചെന്നു വരാം; സുപ്രധാന പീപ്പിൾസ് പൊളിറ്റിക്കൽ റിപ്പോർട്ടിംഗും അനാലസിസുകളും ബാക്ഗ്രൗണ്ടറുകളും ഇൻഡെപ്തുകളും കഥയ്ക്കും കവിതയ്ക്കുമിടയിൽ മുങ്ങിപ്പോയെന്നു വരാം.

എങ്കിലും, മറ്റ് ഏതു ഭാഷയിലും എന്നപോലെ മലയാളത്തിലും മാറ്റത്തിന്റെ യവനിക ഉയരുകയാണ്. ബ്രേക്കിംഗ് ന്യൂസ് അല്ല, ഡീകൺസ്ട്രക്റ്റിംഗ് ന്യൂസ് ആണ് ഇനി വരുന്നത്.
ഒറ്റപ്പെട്ട വ്യക്തികളുടെ വിജയകഥകൾക്കും ദുരിതകഥകൾക്കുമപ്പുറം, വലിയ വിഭാഗം മനുഷ്യരുടെ ജീവിതാവസഥകളുടെ റിപ്പോർട്ട് - അത് എന്തുകൊണ്ട് എന്നു കൃത്യമായി വിശകലനം ചെയ്തുകൊണ്ട്, മാറേണ്ടത് എങ്ങനെയെന്ന് വ്യക്തമായി അവതരിപ്പിച്ചു കൊണ്ട്.

അതു പക്ഷപാതപരം ആവില്ലേ എന്നാണോ ചോദ്യം? എങ്കിൽ മറുചോദ്യം: മൂലധന ഉടമയുടെ പക്ഷം ചേരുന്നതിനെക്കാൾ മനുഷ്യപ്പറ്റ് ഉള്ളതല്ലേ പൊതുജനപക്ഷം ചേരുന്നത്?

ജോസ് ടി
24 ജൂൺ 2022

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക