Image

അഗ്നിപഥും അഗ്നിവീറും ഉയര്‍ത്തുന്ന  ചോദ്യങ്ങള്‍-(പി.വി.തോമസ് : ദല്‍ഹികത്ത്)

പി.വി.തോമസ് Published on 25 June, 2022
അഗ്നിപഥും അഗ്നിവീറും ഉയര്‍ത്തുന്ന  ചോദ്യങ്ങള്‍-(പി.വി.തോമസ് : ദല്‍ഹികത്ത്)

മോദി സര്‍ക്കാര്‍ ഇന്‍ഡ്യയുടെ മൂന്ന് സേനാ വിഭാഗങ്ങളെ കീഴെതട്ടില്‍ അഴിച്ചുപണിയുന്നത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. കാരണം ഇതിന് സാമൂഹ്യ, സാമ്പത്തീക, സുരക്ഷാ വശങ്ങള്‍ ഉണ്ട്. സര്‍വ്വോപരി സേനയുടെ അഭിമാനത്തിന്റെയും ആത്മവീര്യത്തിന്റെയും  പ്രശ്‌നവും ഇതില്‍ അടങ്ങിയിരിക്കുന്നു. ഭടന്മാരെ നാലുവര്‍ഷത്തെ കരാര്‍ ജീവനക്കാരാക്കി മാറ്റിക്കൊണ്ടുള്ള 'അഗ്നിപഥ്' എന്ന റിക്രൂട്ട്‌മെന്റ് സമ്പ്രദായവും ഇതിന്‍പ്രകാരം നിയമിക്കപ്പെടുന്ന 'അഗ്നിവീറു'കള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കിയതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്ന് സേനയില്‍ നിന്നും വിരമിച്ച പല സെനീകരും അഭിപ്രായപ്പെടുന്നു. അതല്ല അഗ്നിപഥും അഗ്നിവീറും സേനയുടെ പ്രവര്‍ത്തനക്ഷമതയും വീറും വര്‍ദ്ധിപ്പിക്കുമെന്നും വലിയ സാമ്പത്തീകനേട്ടം ഉണ്ടാക്കുമെന്നും ആധൂനിക ആയോധനകലയില്‍ കഴിവുവര്‍ദ്ധിപ്പിച്ച് സേനയുടെ സംഖ്യാബലം കുറയ്ക്കുമെന്നും ഇതിനെ പിന്തുണക്കുന്ന മുന്‍ സൈനീക മേധാവികളും വാദിക്കുന്നു. ഇതുതന്നെയാണ് ജൂണ്‍ പതിനാലിന് വിപ്ലവകരമായ ഈ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രഗവണ്‍മെന്റും പറഞ്ഞത്. അഖിലേന്ത്യതലത്തില്‍ വലിയ പ്രക്ഷോഭണം ആണ് സേനയില്‍ തൊഴിലാഗ്രഹിക്കുന്ന ചെറുപ്പക്കാരില്‍ നിന്നും ഉണ്ടായത്, പ്രത്യേകിച്ചും ഹിന്ദിഹൃദയ ഭൂമിയില്‍. തീവണ്ടികളും റെയില്‍വെ സ്റ്റേഷനുകളും കത്തിച്ചു. വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയായി ഉദ്യോഗകാംക്ഷികള്‍ ആത്മഹത്യ ചെയ്തു. വെടിവെയ്പ്പും ലാത്തിചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും ഉണ്ടായി. ഏറെപേര്‍ക്ക് പരിക്കേറ്റു. കോടികളുടെ പൊതുസ്വത്ത് നശിപ്പിക്കപ്പെട്ടു. പക്ഷേ, അഗ്നിപഥ് യാതൊരു കാരണവശാലും പിന്‍വിലിക്കുകയില്ലെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. ഇതുതന്നെ ആയിരുന്നു 13 മാസത്തെ സമരത്തിനും നൂറുകണക്കിനുപേരുടെ മരണത്തിനുശേഷവും പിന്‍വലിക്കപ്പെട്ട കര്‍ഷക സമരത്തോടുള്ള ഗവണ്‍മെന്റിന്റെ സമീപനം ആരംഭത്തില്‍.


ഓരോ ഗവണ്‍മെന്റ് നയങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ ഉദ്ദേശം ഉണ്ട്. രാഷ്ട്രീയം ഉണ്ട്. ഈ ഗവണ്‍മെന്റിന്റെ ചില സുപ്രധാനമായ തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നാണയനിര്‍വീര്യകരണം, പൗരത്വഭേദഗതിനിയമം, ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിക്കൊണ്ടുള്ള  ആര്‍ട്ടിക്കിള്‍ 370-ന്റെ പിന്‍വലിക്കല്‍, ജമ്മുകാശ്മീരിന്റെ വിഭജനവും അതിന്റെ സംസ്ഥാനപദവി എടുത്തു കളഞ്ഞുകൊണ്ട് യൂണിയന്‍ ടെറിട്ടറി ആക്കിയതും എല്ലാം ഇതില്‍പെടുന്ന ചിലതാണ്. 2020 മാര്‍ച്ചിലെ ദേശീയ കോവിഡ് ലോക്ക്ഡൗണ്‍ പോലെയും തുടര്‍ന്നുണ്ടായ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ പോലെയും ഇവയെല്ലാം ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വേഗതയോടെ അപ്രതീക്ഷിതമായിട്ടാണ് ഗവണ്‍മെന്റ് പ്രഖ്യാപിത ലക്ഷ്യം ആയ കള്ളപ്പണ്ണ നിര്‍മ്മാര്‍ജ്ജനം സാധിച്ചില്ലായെന്ന് സാമ്പത്തീക വിദഗ്ദ്ധരും അപ്പോഴത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറും വാദിച്ചു. പൗരത്വഭേദഗതി നിയമം നടപ്പിലാക്കുവാന്‍ ഇന്നും തടസങ്ങള്‍ ഉണ്ട്. ഒട്ടേറെ സംഘര്‍വും വെടിവെയ്പ്പും മരണവും വര്‍്ഗഗീയകലാപവും ഇതുമൂലം ഉണ്ടായി. ജമ്മുകാശ്മീരിലെ പരിഷ്‌ക്കാരം കൊണ്ട് ഭീകരവാദം അവസാനിച്ചില്ല. പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നം പരിഹരിച്ചില്ല. അവരുടെ പുനരധിവാസം സാദ്ധ്യമായില്ല. കര്‍ഷക നിയമങ്ങള്‍ കര്‍ഷകര്‍ തൂത്തെറിഞ്ഞു. ഇപ്പോള്‍ ഇതാ അഗ്നിപഥും അഗ്നിവീറും അവതരിപ്പിച്ചിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വേണെങ്കില്‍ എന്തിനീ നയങ്ങളും പദ്ധതികളും. ആരാണ് ഈ നയരൂപീകരണങ്ങള്‍ക്ക് പിന്നില്‍?  ഗവണ്‍മെന്റിന്റെ ശക്തിശ്രോതസുകള്‍ വച്ചുനോക്കിക്കൊണ്ടാണ് വിമര്‍ശകര്‍ നാഗ്പൂരിലേക്കും മുംബൈയിലെ ചങ്ങാത്തമുതലാളിമാരിലേക്കും വിരല്‍ ചൂണ്ടുന്നത്.

പുതിയനയം മൂന്നുസേനകളുടെയും ശരാശരി പ്രായം  32-ല്‍ നിന്നും 26 ആയി കുറക്കുമെന്നാണ് ഗവണ്‍മെന്റ് വാദിക്കുന്നത്. ഇത് സേനയുടെ പ്രവര്‍ത്തിക്ഷമത വര്‍ദ്ധിപ്പിക്കും. ഇവര്‍ക്ക് നല്‍കുന്ന പരിശീലനവും ഏറ്റവും ആധുനീകവല്‍ക്കരിക്കപ്പെട്ടതായിരിക്കും. പക്ഷേ ഇവരില്‍ 75 ശതമാനം അഗ്നിവീറുകള്‍ നാലുവര്‍ഷത്തെ കരാര്‍ ജോലിക്ക്ുശേഷം പിരിഞ്ഞുപോകണം. അവര്‍ക്കു പെന്‍ഷന്‍ ലഭിക്കുകയില്ലെന്നത് സേനയില്‍ ഒരു ജോലി സ്വപ്‌നം കണ്ട് ഭാവികരുപ്പിടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് വലിയ ഒരു വെല്ലുവിളിയാണ്. ഗവണ്‍മെന്റ് ഇതിനുത്തരമായി ഇവര്‍ക്ക് കരാര്‍ ജോലിക്കു ശേഷം അര്‍ദ്ധസൈന്യവിഭാഗങ്ങളില്‍ സംവരണം വാഗ്ദാനം ചെയ്തിട്ടുണ്ട് പ്രക്ഷോഭണാനന്തരം. പക്ഷേ, ഈ വാഗ്ദാനത്തിന് ഇതുവരെയും നിയമസംരക്ഷണം നല്‍കിയിട്ടില്ല. ഇതുതന്നെ ആയിരുന്നു കര്‍ഷകനിയമസംരക്ഷണം നല്‍കിയിട്ടില്ല. ഇതുതന്നെ ആയിരുന്നു കര്‍ഷകനിയമങ്ങളിലെ താങ്ങുവിലയുടെ കഥയും.


എന്തുകൊണ്ട് ഗവണ്‍മെന്റ് അഗ്നിപഥ് ഒരു ടെസ്റ്റ് പ്രോജക്ടായി നടപ്പിലാക്കിയല്ല?  ഈ ചോദ്യം ചോദിക്കുന്നവരില്‍ മുന്‍ സൈനീക ഉദ്യോഗസ്ഥന്മാരും ഉണ്ട്. അങ്ങനെ നടപ്പിലാക്കിയിരുന്നെങ്കില്‍ അഗ്നിപഥിന്റെ ഗുണദോഷങ്ങള്‍ മനസിലാക്കിക്കൊണ്ട്് അത് വ്യാപകമായി നടപ്പിലാക്കുകയോ തള്ളിക്കളയുകയോ ചെയ്യാമായിരുന്നു എന്ന വാദഗതി വിലപ്പെട്ടതാണ്.
നാലുവര്‍ഷംകൊണ്ട് യുദ്ധസന്നദ്ധനായ ഒരു സൈനികനെ, അത് ആര്‍മിയിലായാലും നേവിയിലായും വായുസേനയിലായാലും, വാര്‍ത്തെടുക്കുവാന്‍ സാധിക്കുകയില്ലെന്ന് പരിചയസമ്പന്നരായ സൈനീക മേധാവികള്‍ പറയുന്നത് ശ്രദ്ധിക്കണം. രണ്ട് അതിര്‍ത്തികളും കലുഷിതമായ ഇന്‍ഡ്യക്ക് ഇന്നുവേണ്ടത് ഒരു 'കിന്റര്‍ഗാര്‍ട്ടന്‍' സേനയല്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

50 ശതമാനം പ്രതിരോധ ബജറ്റ് ചിലവഴിക്കുന്നത് ശബളത്തിനും പെന്‍ഷനും വേണ്ടിമാത്രം ആണെന്നും ഇത് സേനയുടെ ആധുനിക വല്‍ക്കരണത്തെയും മറ്റും കാര്യമായ ബാധിക്കുന്നുവെന്നും ഗവണ്‍മെന്റ് വാദിക്കുന്നു. അഗ്നിപഥ് ഇതിനുള്ള ഒരു മറുപടിആണ്. പക്ഷേ, ഇവിടെ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. സേനയിലെ ഓഫീസര്‍മാര്‍ ഇപ്പോഴും ഭീമമായ പെന്‍ഷനും ആനുകൂല്യങ്ങളും പറ്റുന്നു. എന്തുകൊണ്ട് ശിപായിമാരെ പിഴിഞ്ഞ് ഓഫീസര്‍മാരെ തഴച്ചു വളരുവാന്‍ അനുവദിക്കണം? പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുഭവിക്കുന്നവരാണ് കേന്ദ്രഗവണ്‍മെന്റ്, ബാങ്ക് ജീവനക്കാരും മറ്റും. എ്ന്തുകൊണ്ട് ശിപായിമാരോട് ഈ വിവേചനം?

അഗ്നിപഥ്-അഗ്നിവീര്‍ പദ്ധതികളോട് സേനാ വിദഗ്ദ്ധന്മാര്‍ മാത്രം അല്ല ഭരണമുന്നണിയിലെ ചില സഖ്യകക്ഷികളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഉദാഹരണമായി ജെ.ഡി.(യു). ഇതിന്റെ അര്‍ത്ഥം ഭരണമുന്നണിക്ക് ഈ വിഷയത്തില്‍ ഒറ്റ അഭിപ്രായവും ഒറ്റ സ്വര്യവും അല്ല ഉള്ളതെന്നല്ലേ? അങ്ങനെ പദ്ധതി എങ്ങനെ ജനം സ്വീകരിക്കും?   എ്ന്തുകൊണ്ട് ഗവണ്‍മെന്റ് ഇതു നടപ്പിലാക്കുന്നതിനുമുമ്പ് പാര്‍ലിമെന്റിനോടും ഇതിന്റെ ഗുണ-ദോഷഭോക്താക്കളോടും ആലോചിച്ചില്ല. ഈ ഏകാധിപത്യ പ്രവണത ഇപ്പോള്‍ ഈ ഗവണ്‍മെന്റിന്റെ നയരൂപീകരണത്തിലും അത് പ്രാവര്‍ത്തീകം ആക്കുന്നതിലും ഒരു സ്ഥിരം സ്വഭാവം ആയി മാറിയിരിക്കുകയാണോ? തൊഴിലില്ലായ്മ ഒരു ദേശീയ പ്രശ്‌നമായി വളരുമ്പോള്‍ അഗ്നിപഥ് യുവജനങ്ങളോടു ചെയ്യുന്ന ഒരു വഞ്ചനയാണ്. ഇതിനു മറുപടി ആയി സൈനിക മേധാവികള്‍ പറയുന്നത് രസകരം ആണ്. സേന ഒരു തൊഴില്‍ദാനകേന്ദ്രം അല്ല!


സേന കരാര്‍ തൊഴിലാളികളുടെ ഒരു താല്‍ക്കാലിക താവളം അല്ല. അത് കൂലിപ്പടയും അല്ല. മറിച്ച് അത് ആയിരങ്ങളുടെ അഭിമാനം ആണ്. ദേശസ്‌നേഹത്തിന്റെ പ്രതീകം ആണ്. ഒരു ജീവിതരീതിയും. ഈ രാജ്യഭക്തി നാലുവര്‍ഷത്തില്‍ ഒതുങ്ങുന്നതല്ല. പെന്‍ഷന്‍ എ്ന്ന സാമ്പത്തീക ബാദ്ധ്യതയും ചെറുപ്പക്കാരുടെ സേന എന്ന ആശയവും ആണോ ഇതിന്റെ പിന്നില്‍? 1971-ലെ ബംഗ്ലാദേശ് യുദ്ധവും 1999-ലെ കാര്‍ഗില്‍യുദ്ധവും ജയിച്ചത് ഇതേ പ്രായവും ആകൃതിയും പ്രകൃതിയും ഉള്ള സേന തന്നെ ആണ്. അഗ്നിപഥും അഗ്നിവീറും ഇന്‍ഡ്യയിലെ യുവജനങ്ങളുടെ സേനാസ്വപ്‌നങ്ങളെ അല്പായുസാക്കി മാറ്റരുത്. കാര്‍ഗില്‍ റിപ്പോര്‍ട്ട് യുവസേനയെ നിര്‍ദേശിച്ചിരുന്നു. അപ്പോഴും കരാര്‍കാലം ഏഴു വര്‍ഷംആയിരുന്നു. ഇപ്പോള്‍ അത് നാലായി വെട്ടികുറച്ചിരിക്കുന്നു. ഒരു പൈലട്ട് പ്രജക്ട് പോലും ഇല്ലാതെ ഇതുപോലെ ഒരു നയം നടപ്പിലാക്കുന്നത് ഇന്‍ഡ്യമാത്രം ആയിരിക്കും.

അഗ്നിപഥ് സേന എന്ന യുവജനങ്ങളുടെ സ്വപ്നത്തെ തല്ലിക്കെടുത്തരുത്. അഗ്നിവീര്‍ ഭടന്‍ എന്ന കാലാകാലമായിട്ടുള്ള സങ്കല്പത്തെ ഇല്ലാതാക്കരുത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക