Image

വിദ്യാഭ്യാസത്തിൽ ഇന്നാരുടെ താല്പര്യമാണ് സാഹിത്യപരിചയവും ചരിത്രബോധവും ? - പ്രകാശൻ കരിവെള്ളൂർ

Published on 04 July, 2022
വിദ്യാഭ്യാസത്തിൽ ഇന്നാരുടെ താല്പര്യമാണ്  സാഹിത്യപരിചയവും ചരിത്രബോധവും ? - പ്രകാശൻ കരിവെള്ളൂർ

എളുപ്പമുള്ളതോ വലിയ പ്രതിഫലം ലഭിക്കുന്ന തോ ഡിമാന്റുള്ളതോ ആയ ഉപജീവനമാർഗം മാത്രം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസമാണ് വർത്തമാനകേരളീയതയിലെ മുഖ്യധാര . പ്രായോഗികമായി ആ വശ്യമുള്ളത് , ചുളുവിൽ നേടാവുന്നത് എന്നിവയിലാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണ് . രണ്ടാം ഭാഷയായി മാതൃഭാഷ പഠിക്കുന്നത് ഒഴിവാക്കി സംസ്കൃതമോ അറബിയോ പഠിച്ചാൽ ആറു പിരീഡുള്ള മലയാളത്തിൽ നിന്ന് നാല് പിരീഡ് രക്ഷപ്പെട്ടല്ലോ എന്ന് പഠിക്കാൻ മിടുക്കരായ കുട്ടികളും അവരുടെ രക്ഷിതാക്കളും ചിന്തിക്കുന്നത് മാതൃഭാഷാവിരോധം കൊണ്ടല്ല, അൽപ്പ സിലബസ്, കുറഞ്ഞെഴുത്ത്, കൂടുതൽ മാർക്ക് ഇവയൊക്കെ ലാക്കാക്കിയാണ് . ഗ്രേസ് മാർക്കിന് വേണ്ടിയുള്ള കലാകായികാഭിരുചിക്കപ്പുറം അവിടെയുമില്ല സവിശേഷാഭിമുഖ്യങ്ങൾ . 

വിവരത്തെ ഒരു സാങ്കേതികവിദ്യയാക്കി കമ്പ്യൂട്ടർ - ലാപ് ടോപ് - മൊബൈൽ വ്യവസായം കൊഴുപ്പിക്കുന്ന ആഗോളമുതലാളിത്തത്തിന്റെ കൂട്ടിക്കൊടുപ്പു കാരാവുക എന്നതിൽ കവിഞ്ഞ് തദ്ദേശീയമായ ഒരു വ്യത്യസ്തസമീപനവും ഇന്ന് ഒരു രാജ്യത്തും പ്രതീക്ഷിക്കാൻ കഴിയാതായി.

 മതതാല്പര്യങ്ങൾ കുത്തി നിറച്ച പാഠപുസ്തകങ്ങൾ കൊണ്ട് വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണത്തിന് ഹൈന്ദവവും ഹൈന്ദവേതരവുമായ കുത്തിത്തിരിപ്പുകൾ മുമ്പില്ലാത്ത വിധം ശക്തമായിട്ടുണ്ട് . ഇന്ത്യ ഹിന്ദുവിന്റേതാണെന്ന കാവിവൽക്കരണത്തിന് മറുപടിയായി മഴ തരുന്നത് അല്ലാഹുവാണ് എന്ന മദ്രസപ്പുസ്തകമിറങ്ങുന്നത് അതുകൊണ്ടാണ്. ശാസ്ത്രവിഷയങ്ങൾ ഐച്ഛികമായി പഠിച്ചാലും യുക്തിബോധത്തെ ഉള്ളിലേക്കെടുക്കാത്ത മനോനിലയുള്ള അഭ്യസ്തവിദ്യരാണ് ഇവിടെ പെരുകുന്നത്. ചരിത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങളുടെ ആധികാരിക പഠനത്തിലൂടെ വിദ്യാഭ്യാസത്തെ മാനവികമായ ഊന്നലുകളിലേക്ക് നയിക്കാൻ പാകത്തിൽ പാഠ്യപദ്ധതി പരിഷ്കരിച്ചില്ലെങ്കിൽ ഔപചാരികവിദ്യാഭ്യാസത്തിലൂടെ നമ്മൾ വളർത്തിയെടുക്കുന്നത് വിദ്യാഭ്യാസവിരുദ്ധ സംസ്കാരമായിരിക്കും എന്ന് ഇപ്പോൾത്തന്നെ തെളിഞ്ഞ് തുടങ്ങിയിട്ടുണ്ട്.


 നൈതികതയോ സമഭാവനയോ തൊട്ടു തീണ്ടാത്ത മനോഭാവങ്ങളാണ് വലിയ പഠിപ്പുകാരിൽ പലരെയും ഭരിക്കുന്നത്. അധാർമ്മികമായ ചിന്തകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ഒരു വ്യക്തിയെ വിലക്കാൻ അയാളുടെ ഉയർന്ന വിദ്യാഭ്യാസത്തിന് സാധിക്കുന്നുണ്ടോ ? ഇവിടെ നടക്കുന്ന അഴിമതി, കൊലപാതകം, പീഢനം, അക്രമം - ഇതിന്റെയെല്ലാം പിന്നിലെ മാസ്റ്റർ ബ്രെയിൻ പലപ്പോഴും പഠിപ്പുകാരുടേതാണ്. വൃക്ഷായുർവേദം എന്ന പഴയ പുസ്തകത്തിൽ ശാർങധരൻ സൂചിപ്പിച്ച ഒരു വാക്കുണ്ട് - പ്രജ്ഞാപരാധം - ഇന്റലക്ച്വൽ ഡിലോക്വൻസി .ഒട്ടുമിക്ക വിദ്യാർത്ഥികളെയും അതിലേക്ക് നയിക്കും. വിധത്തിലാണ് ഇന്നത്തെ പ്രായോഗികമാത്ര വിദ്യാഭ്യാസത്തിന്റെ ഊന്നലുകളും സമീപനങ്ങളും .

കുട്ടികളിൽ ചെറിയ പ്രായത്തിലേ എല്ലാത്തരം വിവേചന ചിന്തകൾക്കും അതീതമായ മനോഭാവങ്ങൾ ഊട്ടിയുറപ്പിക്കാനാണ് സ്കൂളുകൾ നിർബന്ധമായും പരിശീലനം നൽകേണ്ടത്. വീട്ടിലും നാട്ടിലും ഇന്ന് നിലനിൽക്കുന്ന കൊള്ളരുതായ്മകൾ നാളെ ഈ കുട്ടികൾ മുതിർന്നിട്ട് സ്വന്തം ജീവിതം കൊണ്ട് അവർ തിരുത്തണമെന്ന ഇച്ഛാശക്തിയോടു കൂടി നമ്മളത് ചെയ്തേ മതിയാവൂ. ഉയർന്ന വിജ്ഞാനവും മനുഷ്യത്വവുമുള്ള ഒരു തലമുറയെയാണ് വിദ്യാഭ്യാസമേഖല ലക്ഷ്യമാക്കേണ്ടത്. ചരിത്രം പഠിച്ചിട്ടെന്ത് കാര്യം ? സാഹിത്യം വായിക്കുന്നതെന്തിന് ? ചരിത്രവും സാഹിത്യവുമൊക്കെ പഠിച്ച് ബിരുദവും പഠിപ്പിച്ച് പണവും സമ്പാദിക്കുന്നവർ തന്നെ ഇങ്ങനെ ചോദിക്കാൻ തുടങ്ങുന്നതിന്റെ ദയനീയാവസ്ഥ ഒന്നോർത്തു നോക്കു . എം എ മലയാളക്കാരിയായ കോളേജ് അധ്യാപിക വരെ മകനോട് പ്ളസ് ടു വിന് ഹിന്ദിയെടുക്കാൻ പറയുന്നത് സാഹിത്യത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയല്ലെങ്കിൽ പിന്നെ എന്തിനാണ് ? മാനവികതയുടെ നാൾ വഴികളാണ് ചരിത്രം . അതിന്റെ ആശയാവേശങ്ങളും ഉത്കണ്ഠകളുമാണ് സാഹിത്യം . ധന-രാസ - ഭോഗ ലഹരികൾക്കായി പണയപ്പെടുത്താത്ത തലച്ചോറുമായി ഒരു നവയുവത്വം ഇവിടെ ശക്തിപ്പെട്ടു വരണമെങ്കിൽ സ്വാർത്ഥമാത്രപ്രേരിതമായ രക്ഷാകർത്തൃത്വത്തെ തിരുത്തിയെടുക്കാനും വിദ്യാഭ്യാസമേഖലയ്ക്ക് കഴിയേണ്ടതുണ്ട്. ഇതിനൊക്കെ ആദ്യം മാറേണ്ടത് രക്ഷിതാവും സാമൂഹ്യജീവിയും കൂടിയായ അധ്യാപകൻ / അധ്യാപിക തന്നെയാണ്. ഒന്നും വായിക്കാതെ , ഒന്നും ചിന്തിക്കാതെ യാന്ത്രിക സൗഖ്യമോടെ തുടരാവുന്ന തൊഴിൽ ഭംഗിയാക്കലിനെ വലിച്ചെറിയുക. സമൂഹവും സംസ്കാരവുമൊക്കെ തന്റെ ബാധ്യതയാണെ ന്ന് തിരിച്ചറിയുക. സിനിമാക്കാരും ക്രിക്കറ്റുകാരും ഫുട്ബോളുകാരും ഭരിക്കുന്ന ബാല്യ-കൗമാരങ്ങളിൽ എവിടെയും ഒരു അധ്യാപകന്റെ / അധ്യാപികയുടെ ഗുണപരമായ സ്വാധീനമില്ലാത്ത വിധം പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നു ഇപ്പോഴത്തെ വിദ്യാഭ്യാസപ്രക്രിയയിൽ അധ്യാപകർ. ഈ ദുരവസ്ഥ മാറിയില്ലെങ്കിൽ തകരുന്നത് വിദ്യാഭ്യാസ മല്ല, മാനവികതയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക