91
യുക്തിക്കും ഭക്തിക്കുമിടയില്‍
ഞാനൊരു യുക്തിവാദിയാണോ ഭക്തിവാദിയാണോ എന്നു ചോദിച്ചാല്‍ രണ്ടിനുമിടയിലുള്ള എന്തോ ആണെന്നേ പറയാന്‍ പറ്റൂ. എന്നെക്കൊണ്ടു കൂട്ടിയാല്‍ കൂടില്ല എന്നു തോന്നുമ്പോള്‍ മാത്രം ഒരുളുപ്പുമില്ലാതെ പള്ളിയില്‍ പോകും; കാര്യങ്ങളൊക്കെ അവതരിപ്പിച്ചിട്ടു തിരിച്ചുപോരും. ആവശ്യം വരുമ്പോള്‍ മാത്രം അങ്ങോട്ടുചെന്നാല്‍ കര്ത്താവെന്തു വിചാരിക്കുമെന്നു ചിന്തിച്ചിരുന്ന പ്രായമൊക്കെ കഴിഞ്ഞുപോയി. മനസ്സിലെ ഭാരം കൂടുമ്പോള്‍ 'ദാ, ഏല്‍പ്പിച്ചിരിക്കുന്നു' എന്നുപറഞ്ഞ് അങ്ങോട്ടിറക്കിവച്ചിട്ടു സുഖമായി വീട്ടില്‍പ്പോകാം! അല്ലെങ്കില്‍ വിഷമങ്ങള്‍ വെറുതെ മനസ്സിലിട്ടുരുട്ടി, ആവശ്യമില്ലാത്ത അസുഖങ്ങളൊക്കെ വരുത്തിവയ്ക്കും. യുക്തി മാറ്റിവച്ച് അത്യാവശ്യം ഭക്തിയൊക്കെയാവാം. കൂടിപ്പോകരുതെന്നാണ് എന്റെയൊരിത്.
റോഷിന്റെ രണ്ടാമത്തെ പ്രിഗ്നെന്സിയും മിസ്കാര്യേജും അതിന്റെ കോംപ്ലിക്കേഷന്‍സും സങ്കടവുമൊക്കെയായപ്പോള് നേരേ പള്ളിയിലേക്കു വച്ചുപിടിച്ചു. അവള് ഓക്കെയായി! അതുകൊണ്ടു ഞാനും ഓക്കെയായി! പ്രോബ്ലംസ് തല്ക്കാലം സോള്‍വ്ഡ്! ജീവിതമല്ലേ? പ്രശ്നങ്ങള്‍ വരിവരിയായി വന്നുകൊണ്ടിരിക്കും. എല്ലാത്തരം പ്രശ്നങ്ങളേയും ലഘൂകരിച്ചു കാണാന്‍ സാധിച്ചാല്‍ അല്ലലില്ലാതെ ജീവിക്കാം.
എന്തായാലും ഇപ്പോള്‍ ഞായറാഴ്ചയാകാന്‍ കാത്തിരിക്കുകയാണ്, പള്ളിയില്‍പ്പോകാനും കുര്‍ബ്ബാന കൂടാനും. ജീവിതത്തില്‍ ഞാന്‍ വ്യായാമം ചെയ്യുമെന്നു സ്വപ്നത്തില്‍പ്പോലും കരുതിയതല്ല. ഇപ്പോള്‍ ആ കസര്‍ത്തിന്റെ അരമണിക്കൂര്‍ ബെസ്റ്റ് അരമണിക്കൂറായത് അത്ഭുതംതന്നെ! മുനുഷ്യരുടെ ഒരു കാര്യം! നാളെ എങ്ങനെയാവുമെന്നു പറയാനേ പറ്റില്ല. എസ്പെഷ്യലി, ഈ ഞാന്‍!
92
മലയോരക്കര്‍ഷകര്‍
'മലയോരക്കര്‍ഷകര്‍' എന്ന വാക്കുതന്നെ അവരുടെ ദൈന്യം വെളിപ്പെടുത്തുന്നതാണ്. മലകളോടും മണ്ണിനോടു പടവെട്ടി ജീവിക്കുന്നവര്‍. മറ്റുള്ളവര്‍ അനുഭവിക്കുന്ന സുഖസൗകര്യങ്ങളൊന്നും അനുഭവിക്കാത്തവര്‍. അവരിതൊന്നുമര്ഹിക്കുന്നില്ല എന്നു തെറ്റിദ്ധരിച്ചവരും അവരുടെ ജീവനു വിലയില്ലെന്നു കരുതിയിരുന്നവരും സടകുടഞ്ഞെഴുന്നേറ്റത്, അവരില്‍ പലരും മണ്ണിനടിയിലായതിനുശേഷം മാത്രമാണ്.
പ്രളയക്കെടുതി, മേഘവിസ്ഫോടനം എന്നിവയൊക്കെ അടുത്തകാലത്തായി കേള്‍ക്കുന്ന ദുരന്തങ്ങളാണെങ്കിലും മഴക്കെടുതി, ഉരുള്‍പൊട്ടല്‍ എന്നിവയൊക്കെ സ്ഥിരമായി അനുഭവിച്ചുകൊണ്ടിരുന്നവരാണ് മലയോരക്കര്‍ഷകര്‍. പണത്തിനോടുള്ള മനുഷ്യന്റെ ആക്രാന്തം ക്വാറികളുടെ രൂപത്തില്‍ ഭൂമിയെ തുരക്കാന്‍ തുടങ്ങിയപ്പോള്‍ ദുരന്തങ്ങളുടെ എണ്ണവും ആക്കവും പതിന്മടങ്ങായെന്നുമാത്രം.
കുട്ടിക്കാനത്തെ മഞ്ഞു മൂടിയ തേയലക്കാടും തമ്പിപ്പാലസും പേരക്കാടുകളുമൊക്കെ കണ്ടാസ്വദിച്ചുനടന്ന ചെറുപ്പകാലത്ത്, തൂക്കായ പാറക്കൂട്ടങ്ങള്‍ക്കിടയിലെ ചെറിയചെറിയ വീടുകള്‍ ഒട്ടൊന്നുമല്ല എന്നെ അതിശയിപ്പിച്ചിരുന്നത്. അന്നും മഴക്കാലത്ത് ഉരുള്‍പൊട്ടലും മരണവും പതിവായിരുന്നു. അവരുടെ ജീവന്റെ വിലയെന്താണെന്ന് അവര്‍ക്കുപോലുമറിയാത്ത അവസ്ഥ! പിന്നെ മറ്റുള്ളവര്‍ അവരെ എന്തിനു കരുതണം, അല്ലേ?
ഒരായുസ്സിന്റെ കഷ്ടപ്പാടുമുഴുവന്‍ നിമിഷനേരംകൊണ്ടു നഷ്ടമായവര്‍, പ്രിയപ്പെട്ടവരെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടവര്‍- അവരുടെ നെഞ്ചുകലങ്ങിയ നിലവിളികള്ക്കുപോലും തീരെ ശബ്ദമുണ്ടാവില്ല!
93
അനുപമ
'അനുപമ' എന്ന വാക്കിനര്‍ത്ഥം ഉപമിക്കാന്‍ പറ്റാത്തത് എന്നാണ്. അനുപമയെപ്പോലെ എത്രയോ പെണ്‍കൊടികളുണ്ടാവും, മറ്റുള്ളവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി സ്വന്തം കുഞ്ഞില്‍നിന്ന് അകന്നുകഴിയേണ്ടിവന്നവര്‍! മകളുടെ ഭാവിക്കും കുടുംബത്തിന്റെ മാനത്തിനും ക്ഷണിക്കാതെവന്ന കുഞ്ഞതിഥിയെ ഉപേക്ഷിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്നു കരുതുന്നവരാണു കൂടുതല്‍.
'ഞാനെന്തു തെറ്റു ചെയ്തു' എന്നു കുഞ്ഞു ചോദിക്കില്ലല്ലോ!
94
മൗണ്ടന്‍ ഹൗസ്
എനിക്കു മൂന്നു ഫാന്‍സുണ്ട്; എന്റെ വരകളേയും എഴുത്തുകളേയും ഇഷ്ടപ്പെടുന്ന മൂന്നാരാധകര്!
വലിയൊരു ഇടവേളയ്ക്കുശേഷം കണ്ട്രോള്വിട്ട് എഴുതാനിരുന്നപ്പോള്‍ മലയാളം ഫോണ്ട് ഡൗണ്‍ലോഡ് ചെയ്തുതന്ന്, എനിക്കു കൂട്ടിരുന്ന എന്റെ മകന്; 'ഒന്നു വായിച്ചുകേള്പ്പിച്ചേ' എന്നു ഫോണിലൂടെ ആവശ്യപ്പെടുന്ന മകള്‍; 'എനിക്കും ഇതുപോലെയഴുതണം' എന്നു കൊഞ്ചിയ ആറാംക്ലാസ്സുകാരി എന്നിവരാണവര്‍.
കാലിഫോര്‍ണിയയിലെ 'മൗണ്ടന്‍ ഹൗാസ്' എന്ന മലയാളിഗ്രാമത്തിലെ എന്റെ പ്രിയകൂട്ടൂകാര്ക്കിടയിലും എന്റെ കൊച്ചുകൊച്ചു വിശേഷങ്ങള്‍ സന്തോഷത്തോടെ പങ്കുവയ്ക്കാറുണ്ട്. ബന്ധുക്കളും സ്വന്തക്കാരുമൊന്നും ചുറ്റുവട്ടത്തില്ലാത്ത കുറേയധികം മലയാളികള്‍ ഇവിടെ പരസ്പരം എല്ലാമാകുന്ന മനോഹരമായ കാഴ്ച! എതു നേരത്തും എന്തു സഹായത്തിനും സ്നേഹസംഘടന. ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും കൂട്ടും കൂട്ടുകാരും. ഒറ്റയ്ക്കല്ലാത്ത, മത്സരങ്ങളില്ലാത്ത, അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊച്ചു സ്വര്‍ഗരാജ്യം- മൗണ്ടന്‍ ഹൗസ്!
95
ഇരട്ടക്കുട്ടികളുടെ അമ്മ
ഇരട്ടക്കുട്ടികളോടുള്ള എന്റെയിഷ്ടം കൂട്ടുകാരുടെയിടയില്‍ പാട്ടായിരുന്നു. എന്നാല്‍ ഇരട്ടക്കുട്ടികളെ കിട്ടിയത് എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിക്കും! എന്റെ മകളുടെ ജീവിതാഭിലാഷമായിരുന്നു, ഒരു കൊച്ചനിയത്തിയെ കിട്ടുക എന്നത്.
നോയൽ, റോഷേൽ, ലെയ്ൻ
തീവ്രമായി ആഗ്രഹിച്ചതുകൊണ്ടാവും, ഒരത്ഭുതമെന്നപോലെ, പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഒരു കൊച്ചുമാലാഖ ഞങ്ങളുടെയിടയിലേക്കു കടന്നുവന്നു. ചേച്ചിയും അനിയത്തിയും കാഴ്ചയിലും ചേഷ്ടകളിലും ഒരുപോലെ! ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒരുപോലെ! പതിനഞ്ചു വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ജനിച്ച ഇരട്ടക്കുട്ടികള്‍.
അങ്ങനെ ഞാനും ഇരട്ടക്കുട്ടികളുടെ അമ്മയായി!
96
കുത്തിവയ്പ്പിനെ പേടിച്ച കുട്ടി
'ക്രിസ്സേ... ഡാഡിയോടു പറ ക്രിസ്സേ ഇന്ജക്ഷനെടുക്കരുതെന്ന്...!'
ഉറക്കെ കരഞ്ഞുകൊണ്ടാണ് ഒന്നാംക്ലാസ്സുകാരി കൂട്ടുകാരനോടു ഫോണില്‍ സംസാരിച്ചത്. ഫോണ്‍ വിളിച്ചുകൊടുത്തത് ഡോക്ടര്‍തന്നെയാണ്.
സ്ക്കൂളിലെ ആവശ്യത്തിനായി, ബ്ലഡ് ഗ്രൂപ്പ് നോക്കാന്‍ ഞങ്ങള്‍ കുറേ അമ്മമാര്‍ കുട്ടികളുമായി ക്രിസ്സിന്റെ ഡാഡിയുടെ ആശുപത്രിയില്‍ പോയിരുന്നു. അന്ന് എന്റെ മകള്‍ മാത്രം ഒരുതുള്ളി രക്തമെടുക്കാന്‍ സമ്മതിച്ചില്ല!
ഒരുപാടു പേടികള്‍ കൂടെയുണ്ടെങ്കിലും ശക്തമായ വ്യക്തിത്വത്തിനുടമയാണവള്. വര്‍ഷങ്ങള്‍ കഴിഞ്ഞ്, അവള് അമേരിക്കന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്നത് ജീവിതത്തില്‍ തോല്ക്കാതിരിക്കാനാണ്. മൂന്നുമാസത്തെ ബൂട്ട്ക്യാമ്പ്. ആദ്യദിവസംതന്നെ പതിന്നാലു കുത്തിവയ്പ്പുകള്‍! പിന്നെ ശാരീരകമായും മാനസികമായും ഒരു തികഞ്ഞ പട്ടാളക്കാരിയാക്കിമാറ്റാനുള്ള അതികഠിനമായ പരിശീലനങ്ങള്‍. ആ സമയങ്ങളില്‍ എന്റെ കുഞ്ഞിനുവേണ്ടി എനിക്കു ചെയ്യാന്‍ കഴിയുമായിരുന്ന ഒരേയൊരു കാര്യമേ ഉണ്ടായിരുന്നുള്ളു: ദിവസവും അവള്‍ക്കു കത്തെഴുതുക!
ഇന്നും ആ കത്തുകള്‍ അവള് സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആ ദിവസങ്ങളെ അവള് അതിജീവിച്ചത് ആ കത്തുകളിലൂടെയായിരുന്നത്രേ! ഞായറാഴ്ചകളില്‍, മുടങ്ങാതെ പള്ളിയില്‍പ്പോയി, കൊച്ചു പട്ടാളക്കാരെല്ലാവരുംകൂടി കൈകള്‍ കോര്‍ത്തുപിടിച്ച്, കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അതു നേരില്‍ക്കണ്ടു ഞാനും കുറേ കണ്ണീരൊഴുക്കി!
97
നിശ്ചയദാര്‍ഢ്യം
റോഷേല്‍ സന്തോഷത്തിലാണ്. ദാഹിച്ചുമോഹിച്ചു കിട്ടാന്‍ പോകുന്ന ഡിഗ്രി. ഡബിള്‍ മേജറുംകൂടിയാകുമ്പോള് അതിന് ഇരട്ടി മധുരമുണ്ടാകും.
വര്‍ഷങ്ങള്‍ക്കുമുമ്പ്, ഫാഷന്‍ ഡിസൈനിംഗ് കോഴ്സില്‍ അവസാനവര്‍ഷം നടത്തേണ്ട ഫാഷന്‍ ഷോയെക്കുറിച്ചും ഗ്രാജ്വേഷനെക്കുറിച്ചുമൊക്കെ ആലോചിച്ചുതുടങ്ങിയപ്പോഴാണ് റിസഷന് ബാധിച്ച് ഫാഷന്‍ലോകം മാത്രമല്ല, അമേരിക്കയാകെ മരവിച്ച അവസ്ഥയിലായത്. പഠനത്തോടൊപ്പം രണ്ടും മൂന്നും ജോലികളൊക്കെച്ചെയ്ത് അവിടെവരെയെത്തിയ അവള് ആകെ പകച്ചുപോയ കാലമായിരുന്നു അത്. ജോലികള്‍ ഓരോന്നായി നഷ്ടപ്പെട്ടുതുടങ്ങി. പ്രശ്നങ്ങള്‍ക്ക് സ്വന്തമായി പരിഹാരം കാണണമെന്ന് അവളാഗ്രഹിച്ചു. അവളുടെ മുമ്പില്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു. മിലിട്ടറിയില്‍ നാലു വര്‍ഷം തികച്ച്, ജി ഐ ബില്ലുപയോഗിച്ചു മറ്റേതങ്കിലും വിഷയത്തില്‍ ഡിഗ്രിയെടുക്കുക.
എയര്‍ഫോഴ്സിലായിരുന്ന സമയത്ത്, അവളുടെ പ്രായമുള്ള കുട്ടികളുടെ ഗ്രാജ്വേഷനെക്കുറിച്ചു ഫോണില്‍ സംസാരിക്കുമ്പോള്‍ അവളുടെയുള്ളില്നിന്നു നിശ്ശബ്ദമായൊരു തേങ്ങലുയരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ദൈവാനുഗ്രഹത്താല്‍ മിലിട്ടറിയിലെ കഠിനമായ നാലു വര്‍ഷങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ അവള്‍ക്കു സാധിച്ചു. കൈയെത്തുംദൂരത്തെത്തിയ ഡിഗ്രിക്കായുള്ള പരിശ്രമത്തിലാണ് അവളിപ്പോള്‍.
98
റോസമ്മ!
സ്വര്‍ണത്തില്‍ മുക്കിപ്പൊരിച്ച റോസാപ്പൂവാണ്, കഴിഞ്ഞ നാലു വര്‍ഷമായി മദേഴ്സ് ഡേയ്ക്കു സമ്മാനമായി എന്റെ മകള്‍ അയച്ചുതന്നുകൊണ്ടിരിക്കുന്നത്.
എന്റെ പേരില്‍ ഒരു 'റോസ്' ഉള്ളതുകൊണ്ടാണ് എനിക്കു റോസാപ്പൂവിനോട് ഇത്രയിഷ്ടം എന്നാണു മക്കള്‍ പറയുന്നത്. സ്വര്‍ണം കെട്ടാത്ത ജീവനുള്ള റോസാപ്പൂക്കളാണ് എനിക്കിഷ്ടമെന്ന് ആയിരമാവൃത്തി മകളോടു പറഞ്ഞുനോക്കി. ഇന്നിപ്പോള്‍ നാലാമത്തെ സ്വര്ണറോസാപ്പൂവെത്തിയപ്പോള്, ആദ്യമായി അതിനോടൊരു സ്നേഹം തോന്നി. എന്റെ മകള്‍ക്ക് എന്നോടുള്ള, തങ്കത്തില്‍പ്പൊതിഞ്ഞ സ്നേഹം ഞാനാസ്വദിച്ചു. മക്കള്‍ രണ്ടാളും റോസാപ്പൂവിന്റെ ചിത്രം ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.
കത്തോലിക്കാക്കുടുംബങ്ങളില്‍ മക്കള്‍ക്കു വല്യമ്മമാരുടെയും വല്യപ്പന്മാരുടെയുമൊക്കെ പേരിടുന്ന പതിവുണ്ട്. കാരണവത്തിമാരുടെയെല്ലാം പേരുകള്‍ ഉപയോഗിച്ചുതീര്ന്നുപോയതുകൊണ്ട്, ഏഴാമതു ജനിച്ച എനിക്ക് ചേച്ചിയുടെ പ്രിയകൂട്ടുകാരിയുടെ പേരാണു പള്ളിയിലിട്ടത്. ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ 'റോസമ്മ' ഒരു പഴഞ്ചന്പേരാണെന്നു പലപ്പോഴും തോന്നിയിരുന്നു. കൂട്ടത്തില്‍, ചേച്ചിയുടെ ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടുകാരിയോട് അല്‍പ്പം നീരസവും!
ഇവിടെ ആര്‍ക്കും ഏതു സമയത്തും മാറ്റാവുന്ന സംഗതിയാണ് സ്വന്തം പേര്. സിറ്റിസണ്ഷിപ്പിന്റെകൂടെ 'റോസ്' എന്ന മനോഹരമായ പേരും ഞാന്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ കടന്നുകടന്നു വയസ്സായിത്തുടങ്ങിയപ്പോള്, 'റോസമ്മ' എന്ന പേരിനോട് ഒരിഷ്ടമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്; പിന്നെ, ചേച്ചിയുടെ ആ കൂട്ടുകാരിയോടും!
99
ആദ്യകുര്ബ്ബാനകള്
ഇവിടുത്തെ പള്ളികളിലിപ്പോള് ആദ്യകുര്ബ്ബാനസ്വീകരണത്തിന്റെ കാലമാണ്. എന്റെയും സാലിയുടെയും ബീനയുടെയും റെസിയുടെയും ആദ്യകുര്‍ബ്ബാനസ്വീകരണം ഒരുമിച്ചായിരുന്നു. എല്ലാ വര്‍ഷവും കുടുംബത്തില്‍നിന്നു ചുരുങ്ങിയത് നാലുപേരെങ്കിലുമുണ്ടാകും, ആദ്യകുര്‍ബ്ബാന സ്വീകരിക്കാന്‍. പള്ളിയിലെ ചടങ്ങുകഴിഞ്ഞ് ഒരു ഫോട്ടോ പിടിക്കാന്‍ സ്റ്റുഡിയോയിലേക്കു പോകുമ്പോള്‍, ഞങ്ങളുടെ നെറ്റും മുടിയുമൊക്കെക്കണ്ടു കല്യാണപ്പെണ്ണുങ്ങളാണെന്നു തെറ്റിദ്ധരിച്ച്, കുറച്ചു കുഞ്ഞിക്കുട്ടികള്‍ കാറിനുചുറ്റും കൂടിയതോര്ക്കുന്നു.
കോഴിക്കോട്ടുനിന്നു വന്ന ജോസ്ചാച്ചന് മാത്രമായിരുന്നു അന്നത്തെ അതിഥി. കുടുംബത്തിലെ ചെറുതും വലുതുമായ എല്ലാ ചടങ്ങുകളിലും ജോസ്ചാച്ചന്റെ സാന്നിധ്യമുണ്ടായിരുന്നു.
എന്റെ മൂന്നു മക്കളുടെ ആദ്യകുര്ബ്ബാനസ്വീകരണങ്ങള് മൂന്നു രാജ്യങ്ങളിലായാണു നടന്നത്! റോഷേലിന്റേത് എറണാകുളത്ത്, ചോയ്സ് ഗാര്ഡന്സിന്റെയടുത്തുള്ള ജിംഖാനയിലും നോയലിന്റേത് അബുദാബിയിലെ ഹില്‍ട്ടണിലും ലെയ്ന്ബേബിയുടേത് കാലിഫോര്‍ണിയയിലെ ഒരു ഇന്ത്യന്‍ റസ്റ്റോറണ്ടില്വച്ചുമായിരുന്നു വിരുന്നു നടത്തിയത്.
പുതിയ രാജ്യങ്ങളില്‍ ചേക്കേറുന്നത് പുതിയതരം ചോക്ലേറ്റ് നുണയുന്നതുപോലെയാണെന്നു തോന്നും. പുതിയ രസങ്ങളാസ്വദിക്കുമ്പോള് നാവിലലിഞ്ഞുചേര്ന്ന പഴയ രുചികളൊക്കെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നത് അറിഞ്ഞില്ലെന്നു നടിക്കാനും പഠിച്ചുകഴിഞ്ഞിരിക്കുന്നു!
100
കുഞ്ഞുമാലാഖയുടെ വരവ്
മൂത്തയാള്‍ക്കു പതിനഞ്ചും രണ്ടാമത്തെയാള്‍ക്കു പന്ത്രണ്ടും വയസ്സായപ്പോഴാണ് മൂന്നാമത്തെ കുഞ്ഞിനെ കിട്ടിയത്. അച്ഛായുടെ മരണമുണ്ടാക്കിയ ശൂന്യത അല്‍പ്പമൊന്നു നികന്നത്, വീണ്ടും ഗര്ഭിണിയാണെന്നറിഞ്ഞതിനു ശേഷമാണ്.
കുഞ്ഞിനേക്കാള്‍ വേഗത്തില്‍ വളരുന്ന ഗര്‍ഭാശയമുഴ. പലപല കാരണങ്ങള്‍കൊണ്ടും പ്രതീക്ഷയ്ക്കു വകയില്ലെന്നു പറഞ്ഞ ഡോക്ടറോട് 'ചിലപ്പോള്‍ എല്ലാം ശരിയാകുമായിരിക്കും, അല്ലേ' എന്ന് എന്റെ മകള്‍ ചോദിച്ചതോര്‍ക്കുന്നു. എന്തുതന്നെ വന്നാലും ധൈര്യമായി നേരിടാന്‍ മക്കളെയും ഒരുക്കിക്കൊണ്ടിരുന്നു, ഒന്‍പതു മാസവും.
ലെയ്ൻ
ഒന്‍പതാംമാസം ഡോക്ടര്‍ പറഞ്ഞത് പ്രസവം നടക്കില്ലെന്നും സര്‍ജറി ചെയ്യാന്‍ പറ്റില്ലെന്നുമാണ്. അവര്‍ റിസ്ക്കെടുക്കാന് തയ്യാറായിരുന്നില്ല. പിന്നെ, ഡോക്ടറായ മറിയമ്മച്ചേച്ചിയുടെ സഹായത്തോടെ അബുദാബിയിലെ മറ്റൊരാശുപത്രിയില്‍ എന്റെ പിറന്നാള്‍ദിവസം അഡ്മിറ്റായി.
ഒരു മാലാഖക്കുഞ്ഞിനെ കൈയില്ക്കിട്ടിയെന്നു വിശ്വസിക്കാനാവാത്ത കുറച്ചു ദിവസങ്ങളായിരുന്നു പിന്നീട്. പതിനൊന്നു വര്‍ഷങ്ങള്‍ കടന്നുപോയി. ഇന്നും കൈവെള്ളയില്‍നിന്നു താഴെവയ്ക്കാതെ കൊണ്ടുനടക്കുന്നു, ചേട്ടനും ചേച്ചിയും!
read more: https://emalayalee.com/writer/225