MediaAppUSA

കരാമ ഷെയ്ഖ് കോളനി 244-45 Flat No 1 (രണ്ടാം ഭാഗം: മിനി വിശ്വനാഥന്‍)

Published on 14 July, 2022
കരാമ ഷെയ്ഖ് കോളനി 244-45 Flat No 1  (രണ്ടാം ഭാഗം: മിനി വിശ്വനാഥന്‍)

Where is your husband" ? പുറത്തെ ആൾക്കൂട്ടക്കാഴ്ചകൾക്കിടയിൽ കണ്ണ് പായിക്കുന്നതിനിടെ അവൾ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ ചെറുതായൊന്ന് പതറി. സ്വീകരിക്കാൻ വന്നവരുടെ സന്തോഷച്ചിരികൾ അവരവരുടെ പ്രിയപ്പെട്ടവരെ കാണുമ്പോഴുള്ള കെട്ടിപ്പിടുത്തങ്ങളായി മാറുന്നത് ഈ വേവലാതികൾക്കിടയിലും കൗതുകത്തോടെ ഞാൻ ശ്രദ്ധിക്കുന്നതിനിടെയായിരുന്നു അവളുടെ അന്വേഷണം.

അറൈവൽ ഏരിയയിലെ  ആൾത്തിരക്ക് കുറഞ്ഞു തുടങ്ങി. അവശേഷിച്ച ആർക്കും എന്റെ ഓർമ്മയിലുള്ള മുഖമല്ലെന്ന് തിരിച്ചറിഞ്ഞ ഞാൻ അവളുടെ കൈയിലുള്ള എന്റെ പാസ്പോർട്ടിനുള്ളിൽ പതുങ്ങിയിരിക്കുന്ന ടിക്കറ്റിലേക്ക് പാളി നോക്കി. ഭാഗ്യത്തിന് ഒരു വർഷത്തെ വാലിഡിറ്റിയുള്ള റിട്ടേൺ ടിക്കറ്റുമായാണ് വന്നിട്ടുള്ളത്. റിട്ടേൺ ടിക്കറ്റ് എടുത്തു കൊണ്ട് ദുബായിക്ക് വരാൻ തോന്നിയ നിമിഷത്തെ സ്വയമഭിനന്ദിച്ചു കൊണ്ട് നിസ്സഹായയായി അവളെ നോക്കി. അവളാണെങ്കിൽ "ഇതെവിടെന്ന് വരുന്നു"എന്ന ഭാവത്തിൽ "ലെറ്റ് മി സീ" എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുന്നതു പോലെ നേർരേഖ പോലെയുള്ള കൊറിയൻ കണ്ണുകൾ മിഴിച്ചു. 

"ഇത് വിശ്വന്റെ പേജർ നമ്പറാണ് " എന്ന് പറഞ്ഞ് ഹരി അമ്മാവൻ എഴുതിത്തന്ന നമ്പർ എങ്ങിനെ ഉപയോഗിക്കുമെന്നുമറിയില്ല. പേജർ എന്ന വാക്ക് പോലും ആദ്യമായി കേൾക്കുന്ന ഞാൻ "കുറുക്കന് ആമയെ കിട്ടിയതു പോലെ" എന്ന പ്രയോഗത്തിന്റെ യഥാർത്ഥ അർത്ഥം തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഏതായാലും ഒട്ടും പതർച്ച പുറത്ത് കാണിക്കാതെ  അടുത്ത നിമിഷം തന്നെ പ്ലാൻ B യെക്കുറിച്ച് ആലോചിച്ച് തുടങ്ങി.

ഈ മർഹബക്കാരി മഞ്ഞ സുന്ദരിയോട് പറഞ്ഞ് റിട്ടേൺ ടിക്കറ്റ് ശരിയാക്കി നാട്ടിൽ തിരിച്ച് പോവാമെന്ന 
തീരുമാനമെടുക്കാൻ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. അവിടെ എത്തിയാൻ അടുത്ത ദിവസം തന്നെ മഹാത്മാകോളേജിൽ പോയാൽ വീണ്ടും ക്ലാസെടുക്കാൻ പറ്റുമെന്നുറപ്പാണ്. അവരുടെ പോർഷൻ തീർക്കാതെ ടീച്ചർ വിട്ടു പോവരുത് എന്ന് പി ജി ക്ലാസിലെ കുട്ടികൾ പല തവണ പറഞ്ഞതാണ്. അന്നതു കേട്ടിരുന്നെങ്കിൽ ഇന്നിവിടെ ഇങ്ങിനെ നിൽക്കേണ്ടി വരില്ലായിരുന്നു. 

ഒരു ദുബായിക്കാരനെ കല്യാണം കഴിക്കാൻ തോന്നിയ ബുദ്ധിശൂന്യതയെ പഴിച്ചുകൊണ്ട് അവൾക്ക് നേരെ തുടർ നടപടികൾ അന്വേഷിക്കാനായി തിരിയുമ്പോഴാണ് "മിനീ" എന്ന പരിചിത ശബ്ദത്തിലുള്ള നീട്ടിവിളി എന്നെ തേടിയെത്തിയത്. 

മഹാത്മാ കോളേജിലെ ടീച്ചറായി തിരിച്ചു പോവാമെന്ന പ്രതീക്ഷയുടെ മുനയൊടിച്ച് കൊണ്ട് നമ്മുടെ ദുബായ്ക്കാരൻ ഭർത്താവ് മുന്നിൽ നിൽക്കുന്നതു കണ്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ മൂപ്പരെ  തുറിച്ച് നോക്കി. എന്നെ നോക്കി പതുങ്ങിയ ഒരു ചിരി ചിരിച്ച് കൊണ്ട് അക്ഷമയോടെ എനിക്കടുത്ത് നിന്നിരുന്ന മർഹബ സർവീസിലെ സുന്ദരിപ്പെണ്ണിൽ നിന്ന് എന്റെ പാസ്പോർട്ടും അതിനുള്ളിലെ റിട്ടേൺ ടിക്കറ്റും മൂപ്പർ കൈക്കലാക്കി. പിന്നിട് സാധനങ്ങളുടെ ബാഹുല്യം കൊണ്ട് ആകൃതി നഷ്ടപ്പെട്ട ബാഗിനെ നോക്കി "നീ പുട്ടുകുറ്റി കൊണ്ടുവന്നിട്ടില്ലേ" എന്ന ആദ്യ ചോദ്യമെറിഞ്ഞു. "കിണ്ണത്തപ്പവും കറുത്ത ഹലുവയും കൊടുത്തയച്ചിട്ടുണ്ടെന്ന്  ഫ്ലൈറ്റ് കയറിയ വിവരം പറയാൻ വിളിച്ചപ്പോൾ അച്ഛൻ പറഞ്ഞിരുന്നു " എന്ന രണ്ടാം വാചകത്തിന് മറുപടിയായി "ഞാൻ ലാൻഡ് ചെയ്തിട്ട് കുറെ നേരമായി " എന്നു പറഞ്ഞ് മൂപ്പരുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കി.

"അത് വിന്നിക്ക് ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു.  ഞാൻ Airport ൽ വരാനിറങ്ങിയപ്പോഴാണ് അവൻ കാര്യം പറഞ്ഞത് , അവനെ അവിടെ drop ചെയ്ത് വരുന്ന വഴിയാണിത്" എന്ന് ഒട്ടും കുറ്റബോധമില്ലാതെ മറുപടി പറഞ്ഞ് കാറിന്റെ ഡിക്കി തുറന്ന് ലഗേജുകൾ സൂക്ഷ്മതയോടെ എടുത്തു വെച്ചു. അതിനിടെ മൂപ്പരുടെ കൈയിൽ നിന്ന് തന്ത്രപൂർവ്വം പാസ്പോർട്ടും റിട്ടേൺ  ടിക്കറ്റും വീണ്ടും കൈവശപ്പെടുത്തി എന്റെ ബാഗിന്റെ ഉള്ളിലെ അറയിൽ ഭദ്രമായി വെക്കാൻ ഞാൻ മറന്നില്ല.

ദുബായിലെ കൗതുകങ്ങൾ ആരംഭിച്ചത് വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപേ അനൗൺസ് ചെയ്ത സമയം മുതലായിരുന്നു. കയറിയതിനേക്കാൾ ഒന്നര മണിക്കൂർ നേരത്തെയാണ് ഇറങ്ങുന്നത് എന്ന സമയവ്യത്യാസത്തിന്റെ കണക്ക് തലയിൽ കയറാൻ കുറച്ച് ദിവസങ്ങൾ തന്നെയെടുത്തു എന്നതാണ് സത്യം. കാറിന്റെ ഡ്രൈവേഴ്സ് സീറ്റ് ഇടതു വശത്താണ് എന്നത് എനിക്ക് ഉൾക്കൊള്ളാനാവാത്ത മറ്റൊരു കാര്യമായിരുന്നു.  ആദ്യമായായി ഒരു എ സി കാറിൽ കയറുന്നതിന്റെ സന്തോഷം ഉള്ളിലൊതുക്കി ഞാൻ കാറിൽ കയറിയിരുന്ന് , "ഇനി വണ്ടി വിട്ടോ" എന്ന് മനസ് കൊണ്ടാജ്ഞാപിച്ച് ചാരിയിരുന്നു.

ദുബായി നഗരം സർവ്വ പ്രൗഢിയോടും കൂടി എനിക്ക് മുന്നിൽ നിവർന്നു നിന്നു. തിളങ്ങുന്ന കണ്ണാടികൾ പതിപ്പിച്ച അംബര ചുംബികളായ കെട്ടിടങ്ങൾ ഞാൻ കൗതുകത്തോടെ നോക്കി. ഇങ്ങിനെ  പെട്ടി പോലെയുള്ള  ഒരു മുറിക്കുള്ളിൽ കുറച്ച് കാലമെങ്കിലും കഴിച്ചു കൂട്ടേണ്ടിവരുമെന്ന ഓർമ്മ പോലും എന്നെ പൊള്ളിച്ചു. 

പുറം കാഴ്ചകളെക്കുറിച്ച് ദുബായ്ക്കാരൻ ഭർത്താവ് പറയുന്നത് പാസ്പോർട്ട് ബാഗ് നെഞ്ചത്ത് ചേർത്ത് പിടിച്ച് ഞാൻ പാതി ചെവിയോടെ കേട്ടിരുന്നു. ഉയരമുള്ള കെട്ടിടങ്ങൾ സിനിമകളിൽ കാണുന്നത് തന്നെ എനിക്ക് പേടിയായിരുന്നു. ദുബായിലെ ഫ്ലാറ്റുകൾ തുടങ്ങുന്നത് തന്നെ ആറാം നില മുതലാണെന്ന് ആരൊക്കെയോ പൊങ്ങച്ചം പറയുന്നത് ഞാൻ കേട്ടിരുന്നു. മേഘത്തെ തൊട്ടു കൊണ്ട് ചായ കുടിച്ചു എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് സത്യത്തിൽ കൗതുകത്തേക്കാളേറെ പേടിയായിരുന്നു തോന്നിയിരുന്നത്. ഇരുവശത്തും കണ്ണാടി പതിപ്പിച്ച അത്തരം കെട്ടിടങ്ങൾ മിന്നി മറയുന്നത് ഞാൻ ചെറിയ ഒരു വേവലാതിയോടെ നോക്കിയിരുന്നു.

വൃത്തിയുള്ള കൃത്യമായി അതിരുകൾ വരഞ്ഞു വെച്ച റോഡുകളും അനുസരണയോടെ ട്രാഫിക്ക് സിഗ്നലുകൾ കാത്ത് നിൽക്കുന്ന വാഹനങ്ങളും കണ്ടപ്പോൾ ചുളിവ് മാറാത്ത യൂണിഫോമിട്ട് അച്ചടക്കത്തോടെ അസംബ്ലിയിൽ നിൽക്കുന്ന കോൺവെന്റ് സ്കൂൾ ഓർമ്മ വന്നു. നിറയെ ഓട്ടോകളും ഹോണടിച്ച് കൊണ്ട് മത്സരിച്ചോടുന്ന ബസുകളും ആവശ്യത്തിന് കുണ്ടും കുഴിയുമുള്ള കൂത്ത്പറമ്പ് തലശ്ശേരി റോഡിലെ പെട്ടി സീറ്റിലിരുന്നുള്ള ബസ് യാത്രയും മനസ്സിലേക്കോടി വന്ന് പെട്ടെന്ന് എന്റെ ഉള്ളിൽ സങ്കടം നിറഞ്ഞു. മമ്മിയും ഡാഡിയും എയർപോർട്ടിൽ നിന്ന് വീട്ടിലെത്തിയിരിക്കുമോ, ഞാനില്ലാത്ത വീട് അവരെ സങ്കടപ്പെടുത്തിയിട്ടുണ്ടാവുമോ എന്ന ഓർമ്മയിൽ എന്റെ കണ്ണ് നിറഞ്ഞു.

എന്റെ മൗനം നീണ്ടു പോവുന്നത് കൊണ്ടാവാം "നമ്മുടെ വീടെത്താനായി" എന്ന് പറഞ്ഞ് ദുബായിക്കാരൻ ഭർത്താവ് സമാധാനിപ്പിച്ചു. ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ  "സിന്ധ് പഞ്ചാബ് " റെസ്റ്റോറന്റിന്റെ ബോർഡ് കണ്ടു. അതിലുള്ള ഇംഗ്ലീഷിലും അറബിക്കിലുമുള്ള എഴുത്തുകളിൽ കണ്ണുറപ്പിച്ച് ചുറ്റും നോക്കിയപ്പോൾ മഞ്ഞ നിറത്തിലുള്ള ചായം പൂശിയ നാട്ടിലെ ഗവൺമെന്റ് ക്വാർട്ടേഴ്സുകളുടെ മുഖഛായയുള്ള മൂന്ന് നില വീടുകളുടെ നിരയിലൂടെയാണ് കാർ നീങ്ങുന്നത് എന്ന് മനസ്സിലായി. നഗരത്തിന്റെ പളപളപ്പും തിടുതിടുക്കവുമില്ലാത്ത ഒരു ഏരിയയായിരുന്നു അത്. ചുറ്റിലുമുള്ള ബാല്ക്കണികളിൽ തൂങ്ങിക്കിടക്കുന്ന രാവാടകളും പെറ്റിക്കോട്ടുകളും എന്നിലേക്ക് മലയാളികളുടെ മണമടിപ്പിച്ചു. ഇത്തരം ഫ്ലാറ്റുകൾ നിറഞ്ഞ ഒന്നുരണ്ട് വളവ് തിരിവുകൾ കഴിഞ്ഞപ്പോൾ ഒരിടത്ത് ഞങ്ങളുടെ കാർ പാർക്ക് ചെയ്തു.

244-245 എന്ന് കറുത്ത അക്ഷരങ്ങളാൽ അടയാളപ്പെടുത്തിയ ആ കെട്ടിടം ഇനി വരുന്ന ഇരുപത്തിഅഞ്ച് വർഷത്തോളം എന്റെ ആത്മാവിന്റെ ഭാഗമാവുമെന്ന സംശയം പോലുമില്ലാതെ പരിഭ്രമത്തോടെ ചുറ്റും നോക്കി ഞാൻ വണ്ടിയിൽ നിന്നിറങ്ങി....

എന്നെ ഞാനാക്കിയ കരാമയിലെ വീട്ടിലേക്ക് വലതു കാലോ ഇടതു കാലോ എന്ന് ഓർമ്മയില്ലാതെ വിളക്കും പൂവുമില്ലാതെ ഞാൻ നടന്നുകയറി.

ശരിയായ ജീവിതത്തിലേക്ക് ....
ജീവിതത്തിന്റെ രണ്ടാം പകുതിയിലേക്ക് .

(തുടരും) READ MORE: https://emalayalee.com/writer/171

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക