രാവിലെ സമുദ്രതീരത്തുകൂടിയുള്ള നടത്തം ഞാൻ ഏറെ ആസ്വദിച്ചിരുന്നു. എൻറെ മകൻറെ ഭാഷയിൽ പറഞ്ഞാൽ 'ദ് വൺ തിങ് മോം ഡസ് ഹാപ്പിലി '. ശരിയാണ് പൊതുവെ മടിച്ചിയായ ഞാൻ മറ്റെല്ലാ വ്യായാമമുറകളിൽ നിന്നും ഒഴിഞ്ഞു മാറാറാണ് പതിവ്. അതും ഈ നടത്തത്തിനു തനിയെ പോകാനാണ് എനിക്കിഷ്ടം. സമുദ്രതീരത്തുകൂടെ കരയെ ഉമ്മവെക്കുന്ന തിരകളെക്കണ്ട് , അവയോട് ആരും കേൾക്കാതെ എൻറെ മനോരാജ്യങ്ങൾ പറഞ്ഞ് അലസമായ ഒരു നടത്തം . ഇടയ്ക്ക് അവിടെയുള്ള ബെഞ്ചിൽ ഇരുന്ന് വിശ്രമിക്കുകയും ആവാം.
വളരെ വിരളമായി എന്നെപ്പോലെ നടക്കാനിറങ്ങിയ ആരെയെങ്കിലും ഇതിനിടയിൽ അവിടെ കണ്ടു എന്നും വരാം. പലോസ് വേർഡസിലെ ആ പ്രൈവറ്റ് ബീച്ചിൽ അവിടുത്തെ താമസക്കാരല്ലാതെ പുറത്തു നിന്ന് ആരും വരാറില്ല. അതുകൊണ്ടു തന്നെ പരിചയക്കാരെ അല്ലാതെ മറ്റാരെയും കണ്ടുമുട്ടാനുമില്ല.
കടൽക്കരയിൽ ഒരു ബെഞ്ചും, കടലിലേക്കിറങ്ങി നിൽക്കുന്ന ഒന്നു രണ്ടു പാറക്കൂട്ടങ്ങളും അല്ലാതെ മറ്റൊന്നും അവിടെയില്ല. വഴുക്കൽ പേടിച്ച് ഞാൻ ആ പാറക്കൂട്ടങ്ങളുടെ അടുത്തേക്ക് പോകാറില്ല. മുന്നിൽ ചക്രവാളത്തോളം നീണ്ടു കിടക്കുന്ന ശാന്തസമുദ്രത്തെ നോക്കി ആ ബെഞ്ചിൽ ഇരിക്കും. അത്ര തന്നെ.
അങ്ങനെ എൻറെതായ മനോരാജ്യങ്ങളിൽ മുഴുകി ഇരുന്ന ഒരു ദിവസമാണ് ഞാൻ അവളെ കണ്ടത് ആദ്യം ശ്രദ്ധയിൽ പെട്ടത് സൂര്യകിരണങ്ങളേറ്റു തിളങ്ങുന്ന മഴവിൽ വർണങ്ങളാണ്. ആ വർണങ്ങൾ പാറപ്പുറത്തിരിക്കുന്ന ആരുടെയോ മുടിയിഴകളാണ് എന്ന് മനസ്സിലാക്കാൻ അല്പം സമയമെടുത്തു.
ആരായിരിക്കും അത്?
ഇവിടെയുള്ള ഏതോ കുടുംബത്തിലെ മകൾ അല്ലെങ്കിൽ ബന്ധു. ചെറുപ്പക്കാരിയായിരിക്കണം. അല്ലാതെ ആരാണ് ഈ സ്റ്റൈലിൽ മുടി ഇടുന്നത്. പച്ചയും, നീലയും, റോസും, പർപ്പിളും.... ഈയിടെ പ്രചാരത്തിലായ മെർമെയ്‌ഡ് സ്റ്റൈൽ ...... എനിക്ക് ചിരി വന്നു. പിള്ളേരുടെ ഓരോ സ്റ്റൈൽ, ഞാൻ മനസ്സിലോർത്തു.
അധിക നേരം ഞാൻ അവിടെ ഇരുന്നില്ല. തിരികെ പോന്നു.
അയൽക്കാർ തമ്മിൽ അത്രയേറെ സമ്പർക്കം ഒന്നും ഞങ്ങളുടെ ഇടയിൽ ഇല്ല. വീടുകൾ അകന്നായതുകൊണ്ട് തമ്മിൽ കാണാറും ഇല്ല. ആരൊക്കെയാണ് അയൽക്കാർ എന്ന് വീട് വാങ്ങുമ്പോൾ തിരക്കി അറിഞ്ഞ അറിവേ ഞങ്ങൾക്കുള്ളൂ.
മകനോടൊപ്പം ഗോൾഫ് കളിയ്ക്കാൻ പോകാറുള്ള ആഡംസിനെ അറിയാം. മരുമകളോടൊപ്പം ജോഗ് ചെയ്യാറുള്ള എമിലിയെയും. കഴിഞ്ഞു, ആ പ്രദേശത്ത് എനിക്ക് ഉള്ള പരിചയങ്ങൾ. പിന്നെയുള്ളത് വീടുകൾ ക്ളീൻ ചെയ്യാൻ വരുന്ന മേയ്‌ഡോ, പൊതുവായുള്ള ലാൻഡ്സ്കേപ് കമ്പനിക്കാരോ ആണ് ഈ കുടുംബങ്ങളെ അറിയാവുന്നവർ. പക്ഷേ, ജോലിക്കാരോട് വീടുകൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന ക്ളീനറുകളെക്കുറിച്ചോ, തോട്ടത്തിലെ ചെടികളെക്കുറിച്ചോ അല്ലാതെ കൊച്ചുവർത്തമാനം ഒന്നും തീരെയും പതിവില്ല താനും. ആരെയും പരിചയം ഇല്ലാത്തത് ഒരു വലിയ പ്രശ്നമായി എനിക്ക് തോന്നിയിട്ടും ഇല്ല. അവരവരുടെ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ച് സുഖമായി ജീവിക്കുക എന്ന സായിപ്പിൻറെ സംസ്കാരം ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
കുറെ ദിവസത്തേക്ക് ഞാൻ പിന്നെ അവളെ കണ്ടില്ല. അവളെ എന്നല്ല, ആരെയും തന്നെ എൻറെ പ്രഭാതസവാരിക്കിടയിൽ കണ്ടില്ല. വിജനമായ കടൽത്തീരവും എൻറെ മനോരാജ്യങ്ങളും മാത്രമായിരുന്നു എനിക്ക് കൂട്ട്. പിന്നെ പെട്ടെന്ന് ഒരു ദിവസം വീണ്ടും പച്ചയും നീലയും കലർന്ന വർണ രശ്മികൾ എൻറെ കണ്ണിൽ പെട്ടു. ഇന്ന് കടലിലേക്കിറങ്ങിനിൽക്കുന്ന മറ്റൊരു പാറക്കെട്ടിൽ നിന്നാണെന്നു മാത്രം. ചക്രവാളത്തിലേക്ക് കണ്ണുംനട്ട് നിശ്ചലമായ ആ ഇരുപ്പ് നോക്കി ഞാൻ കുറേയേറെനേരം തീരത്ത് നിന്നു. എന്നിട്ടു മടങ്ങി പോന്നു. ആരായിരിക്കും അതെന്നു അറിയാൻ ഉൽക്കടമായ ആശ ഉണ്ടായിരുന്നു, എങ്കിലും കണ്ടുപിടിക്കാനുള്ള വഴിയൊന്നും എൻറെ ബുദ്ധിയിൽ തെളിഞ്ഞില്ല.
തികച്ചും യാദൃശ്ചികമായാണ് ഒരു ദിവസം മകൻ അത് പറഞ്ഞത്. ഞങ്ങൾ കാപ്പി കുടിച്ചുകൊണ്ട് കിച്ചനിൽ ഇരിക്കുകയായിരുന്നു.
'നാളെ അത്താഴത്തിനു ഞാൻ മിസ്റ്റർ. ആഡംസിനെ ക്ഷണിച്ചിട്ടുണ്ട്. അയാൾക്ക് ഇത്തിരി ഇന്ത്യൻ ഫുഡ് കൊടുക്കണം'.
'നോ പ്രോബ്ലം. ഇഫ് മമ്മാ വിൽ ഹെല്പ് മി', എൻറെ നേരെ നോക്കിക്കൊണ്ട് അവൻറെ ഭാര്യ റിബെക്കാ പറഞ്ഞു.
'അതിനെന്താ... എന്താ ഉണ്ടാക്കേണ്ടത് എന്ന് പറഞ്ഞാൽ മതി. ഞാൻ റെഡി...'
ഞാൻ സമ്മതിച്ചു.
ഒട്ടും താമസിക്കാതെ ഡിന്നർ ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.
പിറ്റേന്ന് എല്ലാവരും റെബേക്കയും ഞാനും ചേർന്നൊരുക്കിയ വിഭവങ്ങൾ കഴിച്ച് ഇന്ത്യൻ കുക്കിങ്ങിനെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും ഒക്കെ വാചാലമായി സംസാരിച്ചിരിക്കുമ്പോൾ ആഡംസ് പറഞ്ഞു: 'യു ഹാവ് എ ബ്യൂട്ടിഫുൾ ഫാമിലി. ഐ വിഷ് യു ഹാപ്പിനെസ് ഓൾവേസ്'
ഒരു ഒഴുക്കൻ 'താങ്ക് യു' പറഞ്ഞ് മകൻ വേഗം വിഷയം മാറ്റി. അവൻറെ ആ ധൃതി അരോചകമായി തോന്നിയെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെ മറ്റു വിഷയങ്ങളെക്കുറിച്ചായി സംസാരം.
അയാൾ പോയിക്കഴിഞ്ഞപ്പോൾ മകൻ പറഞ്ഞു: 'പാവം. ഹി ഈസ് ഗോയിങ് ത്രൂ എ മെസി ഡിവോഴ്‌സ് '
' പത്തുപതിനാറു വയസ്സുള്ള ഒരു മകൾ ആണുള്ളത്. അതിൻറെ കാര്യമാണ് കഷ്ടം....' റിബെക്കാ കൂട്ടിച്ചേർത്തു.
'ആ കുട്ടി ഇവിടെ അയാളുടെ കൂടെയുണ്ട്. ങ്ങും... ദാറ്റ് സ് ലൈഫ്' പറഞ്ഞുകൊണ്ട് അവർ അവരുടെ മുറിയിലേക്കു പോയി. ഇവിടെ അമേരിക്കയിൽ മാതാപിതാക്കളുടെ വേർപിരിയലും അതേത്തുടർന്ന് മക്കൾ രണ്ടുപേരുടെയും കൂടെ മാറി മാറി നിൽക്കുന്നതും ഒന്നും പുത്തരിയല്ലല്ലോ. എന്നിരുന്നാലും കേട്ടപ്പോൾ എനിക്ക് വല്ലായ്മ തോന്നി. ആ സംഭാഷണം അങ്ങനെ കഴിഞ്ഞു. ഞാനും ഉറങ്ങാനായി അകത്തേക്ക് പോയി.
അപ്പോൾ ഞാൻ കടൽക്കരയിൽ കാണാറുള്ളത് ആ കുട്ടിയെ ആയിരിക്കണം, ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ ഞാൻ ചിന്തിച്ചു. അച്ഛനോടൊപ്പം കുറച്ചു ദിവസങ്ങൾ ചിലവിടാൻ വന്നവൾ... ഓർത്താൽ സങ്കടമാണ് ഈ കുട്ടികളുടെ കാര്യം. എത്ര പണമുണ്ടെങ്കിലെന്താ, എന്തെല്ലാം സൗകര്യങ്ങളുണ്ടെങ്കിലെന്താ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക്, ഒരിടത്തും സ്‌ഥിരമല്ലാതെ, സ്വന്തം എന്ന് വിളിക്കാൻ ഒരിടം ഇല്ലാതെ, എല്ലായിടത്തും അതിഥിയായി.... കുടുംബ ബന്ധങ്ങളോട് ഇവർക്ക് പുച്ഛമല്ലാതെ എന്തുണ്ടാകാനാണ്? കഷ്ടം!!
പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ ആ കടൽക്കരയിൽ ചെല്ലുമ്പോഴൊക്കെയും അവളെ അവിടെയെങ്ങാനും കാണാനുണ്ടോ എന്ന് നോക്കി. പല ദിവസങ്ങളിലും കണ്ടില്ല. ഒരാഴ്ച എങ്കിലും കഴിഞ്ഞു കാണണം പിന്നെ അവളെ കണ്ടപ്പോൾ. തീരത്തോട് അടുത്തുള്ള പാറയിൽ ഇരിക്കുകയായിരുന്നു അവൾ. എനിക്ക് അവളെ ഒന്നടുത്തു കാണണമെന്ന് തോന്നി. കാലിൽ ഇട്ടിരുന്ന ഷൂസ് ഊരിയിട്ടു ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി. എൻറെ ഉദ്ദേശം മനസ്സിലാക്കിയിട്ടോ എന്തോ അവൾ വെള്ളത്തിലേക്ക് ഊളിയിട്ടു. പാറക്കെട്ട് അവളെ എൻറെ കണ്ണിൽ നിന്ന് മറയ്ക്കുകയും ചെയ്തു. ഞാൻ കുറച്ചു നേരം അവളെ കാത്തു നിന്നു. പക്ഷെ അവൾ എനിക്ക് കാണാത്തിടത്തേക്കു നീന്തിപ്പോയി
എനിക്ക് ജാള്യത തോന്നി. അവളുടെ സ്വകാര്യതയിലേക്ക് ഉള്ള എത്തിനോട്ടം ശരിയായില്ല. ഞാൻ തിരിച്ചു പോന്നു.
ചില ദിവസങ്ങൾ കഴിഞ്ഞു അവളെ വീണ്ടും കാണുമ്പോൾ. അവൾ കടലിലേക്കിറങ്ങി നിൽക്കുന്ന പാറയിൽ ഇരിക്കുകയായിരുന്നു. അസാധാരണമായ നിശബ്ദതയായിരുന്നു അന്ന് കടൽക്കരയിൽ. കാറ്റും തിരകളും പോലും നിശബ്ദമായിരുന്ന ഒരു ദിവസം. വിങ്ങികനത്തു നിൽക്കുന്ന അന്തരീക്ഷം. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് തേങ്ങലിൻറെ പോലുള്ള ശബ്ദങ്ങൾ എൻറെ കാതിൽ പതിച്ചു. കാറ്റിൻറെ മൂളൽ? അത് വരെ അടങ്ങി നിന്ന കാറ്റിനു ശക്തി പ്രാപിക്കുകയാണോ? ഞാൻ ചെവി വട്ടം പിടിച്ചു.
ശ്രദ്ധിച്ചപ്പോൾ മനസ്സിലായി അത് കാറ്റിൻറെ മൂളലല്ല: ആരോ ഹൃദയം പൊട്ടി കരയുകയാണ്. എൻറെ കണ്ണുകൾ ആ പാറക്കൂട്ടത്തിനു നേരെ നീണ്ടു. കൈകൊണ്ട് കാൽമുട്ടുകൾ ചുറ്റിപ്പിടിച്ച് തല കുമ്പിട്ടിരിക്കുകയായിരുന്നു ആ രൂപം. തേങ്ങലിൻറെ ശക്തിയിൽ ആ ശരീരം വിറക്കുന്നതു കാണാമെന്ന് എനിക്ക് തോന്നി.
ഒരു കുരുന്നു മനസ്സ് തേങ്ങുകയാണ്: നിനച്ചിരിക്കാത്ത നേരത്ത് വന്ന അനാഥത്വത്തിൻറെ, അരക്ഷിതാവസ്‌ഥയുടെ വിഹ്വലത എത്ര ഭീകരമായിരിക്കും... അതുവരെ അമ്മയും അച്ഛനും ചേർന്ന് ഒരുക്കിയ സ്നേഹക്കൂടിൻറെ സുരക്ഷിതത്വത്തിൽ നിന്നും നിർദാക്ഷണ്യം പുറത്തേക്ക്...പാവം കുട്ടി. ഏകാന്തമായ കടൽത്തീരത്തു വന്നിരുന്ന് അവളുടെ സങ്കടങ്ങൾ കരഞ്ഞു തീർക്കുകയാവാം.
എൻറെ കണ്ണു നിറഞ്ഞു. ആ തേങ്ങലുകളുടെ ഉറവിടം മനസ്സിലായി എങ്കിലും ഞാൻ അവളുടെ അടുത്തേക്ക് പോകാൻ ശ്രമിച്ചില്ല. അടുത്ത് ചെന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസത്തെ അനുഭവം ഓർത്തപ്പോൾ അത് വേണ്ടെന്നു വെച്ചു. ഒരുപാടു ദുഃഖത്തോടെയാണ് ഞാൻ അന്ന് തിരികെ പോന്നത്
വീട്ടിൽ വന്നപ്പോൾ എൻറെ വാടിയ മുഖം കണ്ടാവണം മകനും മരുമകളും ചോദിച്ചു: 'എന്താ മമ്മാ? വാട്ട് ഹാപ്പെൻഡ്?'
'നല്ല സുഖം തോന്നുന്നില്ല' എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി. അന്ന് മുഴുവൻ അവർ രണ്ടുപേരും ഇടയ്ക്കിടയ്ക്ക് വന്ന് ചോദിച്ചുകൊണ്ടിരുന്നു: ' മമ്മാ, ആർ യു ഓൾ റൈറ്റ്?'
എന്തുകൊണ്ടോ കടൽക്കരയിലെ പെൺകുട്ടിയെക്കുറിച്ച് പറയാൻ എനിക്ക് തോന്നിയില്ല. അവർ ആഡംസിനോട് പറഞ്ഞാൽ, അയാൾക്കും അത് സങ്കടം ആകുമല്ലോ എന്നും ഞാൻ ഓർത്തു.
പിന്നെയുള്ള ദിവസങ്ങളിൽ അവളെ കാണുന്നത് പതിവായി. അവളുടെ മുടിയുടെ തിളക്കം ഓരോ ദിവസം കഴിയുംതോറും കുറഞ്ഞു വന്നു. ഇപ്പോൾ അതിന് അഴുക്കു പിടിച്ച പായലിൻറെ തവിട്ടു നിറമാണ്. കാറ്റിൽ അവളുടെ തേങ്ങലുകൾ എനിക്ക് കേൾക്കാമായിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൾ കരയുന്നതു നിസ്സഹായയായി നോക്കിയിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
എൻറെ ദിവസങ്ങൾക്കു നിറം മങ്ങിത്തുടങ്ങി. എപ്പോഴും ആ കരച്ചിൽ എൻറെ ചെവിയിൽ മുഴങ്ങി. ഉറക്കം പാടെ വിട്ടൊഴിഞ്ഞു. എൻറെ ആരോഗ്യത്തെയും അത് ബാധിച്ചു തുടങ്ങിഎന്ന് തോന്നുന്നു.
'നിങ്ങൾ എന്താ ഭക്ഷണം വേണ്ടതുപോലെ കഴിക്കുന്നില്ലേ?' ആ ആഴ്ചയിലെ വിസിറ്റിന് ചെന്നപ്പോൾ ഡോക്ടർ എന്നോട് ചോദിച്ചു. 'അതോ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?'
'ഒന്നുമില്ല' എന്ന് ഞാൻ തലയാട്ടി. അയൽക്കാരൻറെ കുടുംബപ്രശ്നം ആണ് എന്നെ മഥിക്കുന്നത് എന്ന് എങ്ങനെയാണ് മറ്റൊരാളോട് പറയേണ്ടത്?
'എന്താ മമ്മാ? ആഹാരം ഒന്നും പിടിക്കുന്നില്ലേ? അതോ ഡോക്റ്റർ ചോദിച്ചതുപോലെ എന്തെങ്കിലും പ്രശ്നം ഉണ്ടോ? അമ്മയ്ക്ക് എന്തെങ്കിലും മനപ്രയാസം? വീട്ടിൽ ഞാൻ അറിയാത്തത് വല്ലതും ഉണ്ടോ?' തിരികെ വീട്ടിലേക്ക് വരുമ്പോൾ മകൻ ചോദിച്ചു.
'നീ പോടാ ....' എനിക്ക് ദേക്ഷ്യം വന്നു. 'എനിക്ക് പ്രായം ആവുകയല്ലേ? അതിൻറെ അസ്വസ്ഥതകൾ ഒക്കെ ഉണ്ടാവും.'
പിറ്റേന്ന് രാവിലെ നടക്കാൻ ഇറങ്ങുമ്പോൾ ഞാൻ പതിവിലേറെ ഉത്സാഹം ഭാവിച്ചു. എന്തിന്, ഒരു മൂളിപ്പാട്ടും പാടിക്കൊണ്ടാണ് ഞാൻ ഇറങ്ങിയത്, മനസ്സ് നുറുങ്ങുകയായിരുന്നെങ്കിലും. എത്രയും വേഗം ആ കടൽ തീരത്ത് എത്തണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. അണപൊട്ടി ഒഴുകുന്ന ആ ദുഃഖം കണ്ടു നില്ക്കാൻ കഴിയുമായിരുന്നില്ലെങ്കിലും അവിടേക്കു പോകാതിരിക്കാനും എനിക്ക് ആവുമായിരുന്നില്ല. ഏതോ അദൃശ്യമായ ഒരു ശക്തി എന്നെ അവിടേക്ക് പിടിച്ചു വലിക്കുകയായിരുന്നു.
അന്ന് ഏറെ നേരം ഞാൻ ആ കടൽക്കരയിൽ ഇരുന്നു. കടലിലേക്കിറങ്ങി നിൽക്കുന്ന പാറയിൽ അവൾ കമഴ്ന്നു കിടക്കുകയായിരുന്നു എന്ന് തോന്നിക്കുമാറ് അവളുടെ രൂപം അവ്യക്തമായിരുന്നു. പായലിൻറെ പച്ചപ്പ്, കടൽത്തിരയുടെ ചെളിപിടിച്ച് വൃത്തികെട്ട തവിട്ടു നിറമായിരുന്നു. കാറ്റിൽ അവളുടെ ദീനരോദനം അവിടെ എങ്ങും പരന്നൊഴുകി. ആ പാറയിൽ തലതല്ലിച്ചിതറിത്തെറിച്ച് തിരകൾ കരഞ്ഞടങ്ങി. തല കൈ കൊണ്ടു താങ്ങി കുമ്പിട്ടിരുന്ന് ഞാനും വിങ്ങിക്കരഞ്ഞു. എൻറെ കണ്ണുനീരുപ്പും കടൽവെള്ളത്തിൽ കലങ്ങി.
എപ്പോഴോ ഞാൻ തല ഉയർത്തിയപ്പോൾ അവൾ പോയിരുന്നു. ഞാൻ തിരികെ പോന്നു. എന്ത് വന്നാലും നാളെ അവളെക്കണ്ടാൽ, അവളുടെ അടുത്ത് ചെല്ലണം എന്ന് ഞാൻ തീരുമാനിച്ചു. ഒരു ആശ്വാസ വാക്ക്, ചേർത്തു പിടിച്ച് നെറുകയിൽ മുകർന്ന് ഒരു സാന്ദ്വനം അത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ? തിരികെ വീട്ടിലേക്കു നടക്കുമ്പോഴും അന്ന് മുഴുവനും, എങ്ങനെ എങ്കിലും അടുത്ത ദിവസം പുലർന്നാൽ മതിയെന്നായിരുന്നു ചിന്ത. മണിക്കൂറുകൾ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്നത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. അത്താഴം കഴിച്ചെന്നു വരുത്തി ഞാൻ ഉറങ്ങാൻ പോയി.
അടുത്ത ദിവസം പതിവിലും നേരത്തെ ഞാൻ ഉണർന്നു. സാധാരണ നടക്കാൻ പോകുമ്പോൾ ധരിക്കാറുള്ള വേഷത്തിന് അടിയിലായി സ്വിം സ്യുട് ധരിച്ചു- ഇനി അവൾ അല്പം അകലെയുള്ള ആ പാറയിൽ ആണ് ഇരിക്കുന്നതെങ്കിൽ നീന്തിപ്പോകാനുള്ള തയ്യാറെടുപ്പോടെ.
മുറിയിൽ നിന്നും പുറത്തു വരുമ്പോൾ മകനും ഭാര്യയും ലിവിങ് ഏരിയയിൽ ഉണ്ടായിരുന്നു. വേഗം ഒരു 'ഗുഡ് മോർണിങ് ' പറഞ്ഞ് പോകാൻ ആഞ്ഞ എന്നെ തടഞ്ഞുകൊണ്ട് റിബെക്കാ പറഞ്ഞു:
' മമ്മ, ദേർ ഈസ് സം ബാഡ് ന്യൂസ്. ആഡംസ്' ഡോട്ടർ കിൽഡ് ഹെർസെൽഫ്'.
'നോ...' ഞാൻ ഞെട്ടിപ്പോയി.
'ഷി ഓവർ ഡോസ് ഡ് ' മകൻ കൂട്ടിച്ചേർത്തു.
'ഇല്ല... ഇല്ല... ' ഞാൻ കരഞ്ഞു.
'എന്താ മമ്മാ ... വൈ ആർ യു സൊ അപ്സെറ്റ്? മമ്മ അവളെ കണ്ടിട്ടുംകൂടിയില്ലല്ലോ...'
'ആര് പറഞ്ഞു? എന്നും കടൽക്കരയിലെ ആ പാറപ്പുറത്തു ചങ്കു പൊട്ടി കരയുന്ന അവളെ ഞാൻ കാണാറുണ്ടായിരുന്നു. ആൻഡ് ഐ ഡിഡ് നതിങ് റ്റു ഹെല്പ്...'
'വാട്ട്?' മകൻറെയും റിബേക്കയുടെയും സ്വരത്തിൽ അദ്‌ഭുതംതുളുമ്പി.
' മമ്മ മറ്റാരെയോ ആണ് കണ്ടത്. ആഡംസ് ഗേൾ വാസ് വീൽ ചെയർ ബൗണ്ട് ആൻഡ് കൺഫൈൻഡ് റ്റു ഹേർ ഹോം'.
ആണോ? എങ്കിൽ... അവളെപ്പോലെ മനമുരുകി മറ്റൊരാൾ.... ഇഫ് ഒൺലി ഐ കുഡ് റീച് ഇൻ ടൈം….
അവരെ തള്ളിമാറ്റി ഞാൻ കടൽക്കരയിലേക്കു കുതിച്ചു. എൻറെ കാലുകൾക്ക് അത്രയും വേഗം ഉണ്ടായത് എങ്ങനെ എന്ന് എനിക്ക് അറിയില്ല. ഏതോ അജ്ഞാത ശക്തി എന്നെ മിനിറ്റുകൾകൊണ്ട് ആ കടൽത്തീരത്ത് എത്തിച്ചു. മുകളിൽ ധരിച്ചിരുന്ന ജോഗിങ് സ്യുട്ടോ എന്തിനു ഷൂസ് പോലും മാറ്റാൻ നിൽക്കാതെ ഞാൻ വെള്ളത്തിലേക്കിറങ്ങി.
എൻറെ ഭാവമാറ്റം കണ്ട് എൻറെ പിന്നാലെ ഓടിവരികയായിരുന്ന മകനും മരുമകളും എന്നെ വട്ടം പിടിച്ച് വെള്ളത്തിൽ നിന്നും കരയിലേക്ക് വലിച്ചുകയറ്റി.
' മമ്മാ ആർ യു ക്രേസി? ഈ ബീച്ച് ഡെയ്ഞ്ചറസ് ആണെന്ന് അറിഞ്ഞുകൂടേ? ഈ നോട്ടിസുകൾ ഒന്നും കാണാറില്ലേ?' മകൻ ക്ഷോഭിച്ചു.
'ആ മെർമെയ്‌ഡ് റോക്കിലേക്കാണോ മമ്മ പോകാൻ നോക്കുന്നത്? ഓ മൈ ഗോഡ്! ആ വഴുക്കൽ പിടിച്ച പാറകൾ എത്ര പേരുടെ മരണത്തിനു കാരണം ആയതാണെന്നു മമ്മയ്ക്ക് അറിയില്ലേ?' മരുമകൾ ചോദിച്ചു.
നാവികരെ മാത്രമല്ല, കടൽക്കരയിൽ എത്തുന്നവരെ വശീകരിച്ച് മരണത്തിൻറെ ഉപ്പുനീര് കുടിപ്പിക്കുന്ന ജലകന്യകമാരുടെ ചിത്രങ്ങൾ കൊത്തിയ നോട്ടീസ് ബോർഡുകൾ കരയിൽ അവിടവിടെയായി സ്‌ഥാപിച്ചിരുന്നത് നോക്കി ഞാൻ തളർന്നു നിന്നു.