Image

പൗരദ്ധ്വനി പ്രഭാത ദിനപ്പത്രവും ശ്രീ. സണ്ണിക്കുട്ടി എബ്രഹാമും : ജിജോ സാമുവൽ അനിയൻ

Published on 19 July, 2022
പൗരദ്ധ്വനി പ്രഭാത ദിനപ്പത്രവും ശ്രീ. സണ്ണിക്കുട്ടി എബ്രഹാമും : ജിജോ സാമുവൽ അനിയൻ

ശ്രീ.അനിയൻ അത്തിക്കയം മുഖ്യ പത്രാധിപരായിരുന്ന 
പൗരദ്ധ്വനിയിലും, ഇതര പ്രസ്ഥാനങ്ങളിലും 
അദ്ദേഹത്തോട് ഒപ്പം നിന്ന്, പിൽക്കാലത്ത് 
അവരവരുടെ കർമ്മ മണ്ഡലങ്ങളിൽ തിളങ്ങിയ 
ഒട്ടേറെ വ്യക്തികളെ ഞാൻ പിൽക്കാലത്ത് കണ്ടുമുട്ടിയിട്ടുണ്ട്. നന്ദിയോടെ അവർ അക്കാലം സ്മരിക്കാറുമുണ്ട്. 

ഒരിക്കൽ ഖത്തറിലെ ഒരു വ്യവസായ 
പ്രമുഖൻ്റെ അൽ ഖോറിലുള്ള വീട്ടിൽ എൻ്റെ  ഉച്ചയൂണ്, 
ശ്രീ. രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമായിരുന്നു. 
തീൻമേശയുടെ എതിർ വശത്ത് ഇരുന്ന് ആഹാരം 
കഴിച്ചിരുന്ന എന്നോട് അദ്ദേഹം ചോദിച്ചു.
"കോട്ടയത്ത് പൗരദ്ധ്വനിയിലെ അനിയൻ
ചേട്ടൻ്റ മകനല്ലേ..?"
"അതേ.."
"ഞാൻ കോട്ടയം എം. പി ആയിരുന്നപ്പോൾ നമ്മൾ
ഡൽഹിയിൽ വച്ച് കണ്ടതാണ് അവസാനം, 
നിന്റെ പേര് ഞാൻ മറന്നു.." 
ഞാൻ പേര് പറഞ്ഞപ്പോൾ
എല്ലാവരോടുമായി അദ്ദേഹം പറഞ്ഞു.
"എൻ്റെ ഫൗണ്ടറുടെ മകനാണ് ജിജോ. അനിയൻ ചേട്ടൻ
കോട്ടയത്ത് മനോരമയുടെ ബാലജന സഖ്യത്തിൻ്റെ
ആദ്യ പ്രസിഡൻ്റായിരുന്നു, ഞാൻ മാവേലിക്കര
യൂണിറ്റിലെ ഒരു സാദാ മെമ്പറും. എന്നോട്
തോന്നിയ ഇഷ്ടം കൊണ്ടായിരിക്കണം കോട്ടയത്തേക്ക്
എന്നെ കൂടെ കൊണ്ട് പോയി ഒപ്പം നിർത്തിയത്. അന്ന്
ഉമ്മൻ ചാണ്ടി ബാലജന സഖ്യത്തിലെ ഒരു സാദാ അംഗം മാത്രമാണ്. ഉമ്മൻ ചാണ്ടിയെ ആദ്യമായി പരിചയപ്പെടുത്തിയതും അനിയൻ ചേട്ടനായിരുന്നു." 

സംസാരം നീണ്ടു പോയപ്പോൾ വ്യവസായ പ്രമുഖൻ്റെ മുഖത്തെ അമ്പരപ്പ് എനിക്ക് കൗതുകമായി. 
അതുകൊണ്ട് എനിക്ക് ഒരു ഗുണമുണ്ടായി, ഖത്തറിൽ
ബിസിനസ്സ് ചെയ്തിരുന്ന ഞാൻ നല്ലൊരു വർക്ക് ഓർഡർ, പ്രമുഖൻ്റ പക്കൽ നിന്നും തരമാക്കി.

എഴുപതുകളുടെ മധ്യത്തിൽ,
പൗരദ്ധ്വനി സായാഹ്ന ദിനപ്പത്രം, പൗരദ്ധ്വനി വാരിക, 
ബാലകേരളം തുടങ്ങിയ മലയാള പ്രസിദ്ധീകരങ്ങൾ
വിജയകരമായി നടക്കുന്ന കാലത്താണ് പൗരദ്ധ്വനി പ്രഭാതദിനപ്പത്രമാക്കാനുള്ള നീക്കങ്ങളുമായി
എൻ്റെ അപ്പൻ അനിയൻ അത്തിക്കയം 
മുന്നിട്ടിറങ്ങിയത്. പത്രോഫീസ് കോട്ടയത്ത് 
കോടിമതയിൽ നിന്നും കളക്ട്രേറ്റിനടുത്തുള്ള പോലീസ്
ക്വോട്ടേഴ്സിനു സമീപമുള്ള കൂറ്റൻ കെട്ടിടത്തിലേക്ക്
മാറ്റി സ്ഥാപിച്ചു. 

ഏഴാം ക്ലാസിൽ പഠിക്കുന്ന ഞാനന്ന് അപ്പനോടൊപ്പം  പലയിടത്തും പത്രം തുടങ്ങുന്നതിൻ്റെ ആവശ്യങ്ങൾക്കായി
കാറിൽ യാത്രചെയ്യുമായിരുന്നു. 
ഒരിക്കൽ അപ്പൻ്റെ ജന്മനാടായ റാന്നി അത്തിക്കയത്ത്
പോയി തിരികെ വരുമ്പോൾ, സാറാമ്മ ഏബ്രഹാം എന്ന അപ്പൻ്റെ പെങ്ങൾ  താമസിക്കുന്ന കക്കുടുമൺ എന്ന സ്ഥലത്ത് കാർ നിർത്തി. അന്ന് അവർക്ക് കക്കുടുമണ്ണിൽ
കടയുള്ള സമയമാണ്. കടയിൽ നിന്നും ഇറങ്ങിവന്ന്
അപ്പനോട് പെങ്ങൾ സംസാരിക്കുമ്പോൾ, റോഡിന്
സൈഡിൽ ഒരു വോളിബോൾ കോർട്ടിൽ
ചെറുപ്പക്കാർ വോളിബോൾ കളിക്കുന്നുണ്ടായിരുന്നു.
പെങ്ങളോടുള്ള സംസാരം  നിർത്തി അപ്പൻ കളിസ്ഥലത്തേക്ക് നോക്കി വിളിച്ചു.
"എടാ സണ്ണിയേ.." 

ആ വിളി ചരിത്രമായി.
വിളി കേട്ട ആ മനുഷ്യൻ പിന്നീട് കേരളത്തിലെ
മുതിർന്ന മാധ്യമ പ്രവർത്തകനായി.

കക്കുടുമണ്ണിലെ വോളിബോൾ കോർട്ടിൽ നിന്നും 
വിയർത്തു കുളിച്ച് അന്ന് കാറിൽ കയറിയ അപ്പൻ്റെ
പെങ്ങളുടെ മകൻ, പിന്നീട് സണ്ണിക്കുട്ടി ഏബ്രഹാമായി
മാധ്യമ ലോകത്ത് വളർന്നു. 

കോട്ടയത്തെ അയ്മനത്തെ വീട്ടിൽ ഞങ്ങൾ കുട്ടികൾക്കൊപ്പമാണ് സണ്ണിച്ചായൻ ആ കാലങ്ങളിൽ താമസിച്ചിരുന്നത്.
ആ നാളുകളിലെ ഓർമ്മകളിൽ ഇന്നും
പച്ച പിടിച്ചു നിൽക്കുന്നത് രാവിലെ ആ വീട്ടിൽ 
വിളമ്പിയിരുന്ന കഞ്ഞിയുടെയും, പയറുതോരൻ്റെയും, ചമ്മന്തിയുടെയും രുചിയാണ്.
 
പൗരദ്ധ്വനി പ്രഭാത ദിനപ്പത്രം തുടങ്ങുമ്പോൾ
എഡിറ്റോറിയൽ സെക്ഷനിൽ സണ്ണിക്കുട്ടി ഏബ്രഹാമിനൊപ്പം മറ്റ് രണ്ട് പേരുണ്ടായിരുന്നു.
അലക്സ് വർഗീസും, ശശികുമാർ പാണ്ടനാടും.

ശശികുമാർ പാണ്ടനാട് എൻ്റെ അദ്ധ്യാപകനായിരുന്നു,
പാലക്കാട് ഗുരുകുലം ഹൈസ്കൂളിൽ. ഏഴാം ക്ലാസിൽ
എനിക്ക് ചിക്കൻപോക്സ് പിടിപെട്ട് തിരികെ സ്കൂളിൽ നിന്നും പോരുമ്പോൾ, ജോലി ഉപേക്ഷിച്ച് പെട്ടിയെടുത്ത് അന്ന് കാറിൽ കയറി അപ്പനോടൊപ്പം പോന്നതാണ് കക്ഷി.

അക്കാലത്ത് പത്രപ്രവർത്തനത്തോടൊപ്പം ആനുകാലികങ്ങളിൽ ശശികുമാർ പാണ്ടനാട് എന്ന 
പേരിൽ നോവലും കഥകളുമൊക്കെ 
എഴുതുമായിരുന്നു അദ്ദേഹം.
പിന്നീട് ദീപിക ദിനപ്പത്രത്തിൽ ദീർഘകാലം 
സേവനം അനുഷ്ഠിച്ചു.
മരിക്കുമ്പോൾ ദീപിക പത്രത്തിന്റെ ചെങ്ങന്നൂർ 
ബ്യൂറോ ചീഫായിരുന്നു.

അലക്സ്, മനോരമയിൽ സബ് എഡിറ്ററായി
പിൽക്കാലത്ത് സേവനം അനുഷ്ടിച്ചിരുന്നു.
നല്ല നിലയിൽ പേരെടുത്ത അലക്സ്
നന്നേ കുസൃതിയായിരുന്നു. 
ഒരിക്കൽ ഉച്ച ഊണിന് ശേഷം മനോരമ കോട്ടയം ഓഫീസിനു മുന്നിൽ നിന്ന് പുകവലിച്ചിട്ട് സിഗരറ്റ് കുറ്റി
മാമ്മൻ മാപ്പിളയുടെ പ്രതിമയിൽ കുത്തിക്കെടുത്തി
വലിച്ച് എറിഞ്ഞു.

പത്രാധിപരായിരുന്ന ശ്രീ കെ. എം മാത്യു
കാറിൽ കടന്നു വന്നത് ഇത് കണ്ടുകൊണ്ടായിരുന്നു.
ചെയ്തത് തെറ്റായിപ്പോയി എന്ന് ബോധ്യമുണ്ടോ എന്ന
മാത്തുക്കുട്ടിച്ചായൻ്റെ ചോദ്യത്തിന് അലക്സിൻ്റെ 
ഉത്തരം "ഇല്ല" എന്നായിരുന്നു.
കാരണം തിരക്കിയപ്പോൾ 
"മാത്തുട്ടിച്ചായാ.., അതു വെറും സിമന്റ് മാമ്മൻ മാപ്പിളയല്ലേ, പൊള്ളിക്കാണത്തൊന്നുമില്ലന്നേ.."
എന്ന് നിർദോഷമായി ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞു. 
തുടർന്ന് അലക്സൻ്റെ ഭാഷ തന്നെ കടമെടുത്ത് പറഞ്ഞാൽ,
"ദൈവമനുഗ്രഹിച്ച് അന്നു തന്നെ എന്നെ പിരിച്ചു വിട്ടു.." 

ചരിത്രം ഭേദിച്ചുകൊണ്ടാണ് പൗരദ്ധ്വനി ദിനപ്പത്രത്തിൻ്റെ സർക്കുലേഷൻ ദിവസേന ആ നാളുകളിൽ കൂടിയത്. 
അച്ചടിക്കാൻ പറ്റാത്ത വിധത്തിൽ ഉയർച്ചയുണ്ടായി.
കോട്ടയത്തെ സി.എം.എസ്സ് സ്കൂളിൽ നിന്നും
ഞാൻ നേരെ എത്തുക പത്രോഫീസലേക്കാണ്.
വെളുപ്പിന് പത്രമിറങ്ങുമ്പോൾ അഭിമാനത്തോടെ 
അതും നിവത്തിപ്പിടിച്ച് പത്രോഫീസിൻ്റെ മുറ്റത്ത് തലേദിവസത്തെ സ്കൂൾ യൂണിഫോമിൽ ഞാനുണ്ടാകും.

അതു വരെ ആഹാരം കഴിക്കാതെ ഇരിക്കുന്ന
സണ്ണിച്ചായൻ എന്നെക്കണ്ട് ചോദിക്കും.
"എടാ, നീ വല്ലതും കഴിച്ചോ.."
ഇല്ല എന്ന് തോളുകുലുക്കുമ്പോൻ തൊട്ടു പുറത്തെ
റോഡിലെ പിള്ളേച്ചന്റെ ചായക്കടയിലേക്ക്
നടക്കും, അവിടെ ഞങ്ങളെക്കാത്ത് തലേന്നത്തെ
ചോറിൽ വെള്ളമൊഴിച്ചു വെച്ചതും, വിറങ്ങലിച്ച
പരിപ്പുവടയുമുണ്ടാകും.
 
മലയാള മനോരമ എന്ന കച്ചവട നീതിയില്ലാത്ത
പത്ര സ്ഥാപനം, പൗരദ്ധ്വനിയുടെ വളർച്ചയിൽ 
ഇടപെട്ടതു കൊണ്ട്  മാത്രമാണ് ആ പത്രം 
അന്ന് നാശത്തിലേക്ക് വീണത്. 

കേരളത്തിൽ പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ
അയക്കുന്ന പൗരദ്ധ്വനിയുടെ പത്രക്കെട്ടുകൾ, 
കേരളത്തിലെ പുഴകളിലൂടെ ഒഴുകി അറബിക്കടലിൽ  എത്തുന്നത് സ്ഥിരം സംഭവമായി.

മനോരമ അതിനായി ഒരു ടീമിനെ തന്നെ നിയോഗിച്ചിരിക്കുകയായിരുന്നു.
പത്രം നിരന്തരം മുടങ്ങുന്നത് ഏജൻസികൾക്കും, വായനക്കാരിലും മുഷിപ്പുണ്ടാക്കി.
അതോടെ പത്രസ്ഥാപനം സാമ്പത്തികമായി തകർന്നു.
കൂനിന്മേൽ കുരുവായി ആസമയം ഇന്ത്യയിൽ 
അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

അക്കാലത്ത് എം.എക്ക് പഠിച്ചിരുന്ന സണ്ണിക്കുട്ടി
ഏബ്രഹാമിനൊപ്പം ഫീസടക്കാൻ കോളേജിലെത്തിയ
എൻ്റെ അപ്പൻ്റെയും അമ്മയുടെയും മുഖത്തെ ഭീതി ഇന്നും
ഞാൻ ഓർമ്മിക്കുന്നു, കാരണം ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായിരുന്നു അന്ന്.

പ്രഭാത ദിനപ്പത്രം തകർന്നു തരിപ്പണമായെങ്കിലും 
അപ്പൻ താമസിയാതെ വീണ്ടും പ്രസിദ്ധീകരണങ്ങളുമായി
രംഗത്തെത്തി. മലയാളത്തിലെ ആദ്യത്തെ
സെക്സ് എൻസൈക്ലോപീഡിയ ആയ "ലൈംഗിക വിദ്യാഭ്യാസ വിഞ്ജാന കോശം", മലയാളത്തിലെ
ആദ്യത്തെ ആരോഗ്യ മാസികയായ "ആരോഗ്യശാസ്ത്രം",
തുടങ്ങി തികച്ചും നവീനമായ ആശയങ്ങൾ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

ആദ്യമായി ഓഫ്സെറ്റ് പ്രിൻ്റിങ്ങ് പ്രസ്സിൽ പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചത് പൗരദ്ധ്വനി ഗ്രൂപ്പ് ആയിരുന്നു.

പൗരദ്ധ്വനി വാരിക ആ കാലത്ത് വീണ്ടും നല്ല നിലയിൽ പ്രചാരം നേടി.
എൺപതുകളുടെ തുടക്കം വരെ ശ്രീ. സണ്ണിക്കുട്ടി എബ്രഹാം
പൗരദ്ധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിൽ എഡിറ്റോറിയൽ
സെക്ഷനിൽ ജോലി ചെയ്തിരുന്നു. തുടർന്നാണ് മാതൃഭൂമിയിൽ ട്രെയിനിയായി ജോയിൻ ചെയ്തത്.

സണ്ണിക്കുട്ടി ഏബ്രഹാമിന്റെ മാതൃഭൂമിക്ക് മുൻപുള്ള പത്രപ്രവർത്തന ചരിത്രം ഇന്നും ഇരുട്ടിലാണങ്കിലും തുടർന്നുള്ള പത്രപ്രവർത്തനജീവിതം, ചരിത്രത്തിൽ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്..
മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ. സണ്ണിക്കുട്ടി ഏബ്രഹാം
എൻ്റെ അപ്പൻ്റെ പെങ്ങളുടെ മകനാണല്ലോ എന്നോർത്ത്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക