MediaAppUSA

അത്ര മേല്‍ പ്രിയപ്പെട്ട പനിക്കാലമേ... (മൃദുല രാമചന്ദ്രന്‍: മൃദുമൊഴി 46)

(മൃദുല രാമചന്ദ്രന്‍ Published on 22 July, 2022
അത്ര മേല്‍ പ്രിയപ്പെട്ട പനിക്കാലമേ...  (മൃദുല രാമചന്ദ്രന്‍: മൃദുമൊഴി 46)

READ MORE: https://emalayalee.com/writer/201

മിഥുനം-കര്‍ക്കിടക മഴ നിവര്‍ത്തി വിരിക്കുന്ന കുളിരിന്റെ കമ്പിളിക്കുള്ളില്‍, ഒരു ജലദോഷ പനിയുടെ ഇളം ചൂടുമായി കണ്ണടച്ചു കിടന്ന കാലത്തിന്റെ സുഖദ സ്മൃതികള്‍ ഉണ്ടാകും ഇപ്പോള്‍ നാല്പതുകളിലും, അമ്പതുകളിലും ജീവിക്കുന്ന മനുഷ്യരില്‍...

വാനര വസൂരി, ഡെങ്കു, ചിക്കന്‍ ഗുനിയ, കോവിഡ് എന്നിങ്ങനെയുള്ള വലിയ വ്യാധികളുടെ ആവിര്‍ഭാവത്തിനും, വ്യാപനത്തിനും മുമ്പുള്ളൊരു കാലത്ത് , ഒരു മേക്കാച്ചിലിന്റെയും, തലക്കുത്തിന്റെയും അകമ്പടിയോടെ എത്തുന്ന മഴക്കാല പനിയെ ഉള്ളു കൊണ്ട് മോഹിച്ചിരുന്നു നമ്മള്‍...

അവിരാമം മഴ പെയ്യുന്ന ആഷാഡ രാത്രിയില്‍ ,ചന്ദനം കൊണ്ട് തട്ടും, കട്ടിയും തീര്‍ത്ത കട്ടിലില്‍, എണ്ണത്തിരിയുടെ പുളയുന്ന നാളത്തില്‍ സാക്ഷാത്കരിക്കപ്പെടുന്ന പ്രണയത്തെ പറ്റി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മനോഹരമായ ഒരു വര്‍ണനയുണ്ട്.അതു പോലെ കാല്‍പ്പനികമായ ഒരു സൗന്ദര്യം ഉണ്ടായിരുന്നു മഴക്കാലത്തെ പനിക്കൂട്ടിന്... അതിനെ പൊതിഞ്ഞു നില്‍ക്കുന്ന ചില ഗന്ധങ്ങള്‍, ചില സ്പര്‍ശങ്ങള്‍, രുചികള്‍, ചില മായകാഴ്ചകള്‍.

തിരി മുറിയാതെ പെയ്യുന്ന മഴയത്ത്, പനയോല പായയില്‍ ,പഞ്ഞി കിടക്ക വിരിച്ചിട്ട്, പഞ്ഞി നിറച്ച തലയിണയില്‍ മുഖം പൂഴ്ത്തി ,കട്ടി കമ്പിളിക്കുള്ളില്‍ ചുരുണ്ടു കിടക്കുമ്പോള്‍ ജനനത്തിനു മുന്‍പുള്ള ഏതോ ഒരു കല്പനയുടെ ആകാശത്തിന്റെ അതിരില്‍ നില്‍ക്കുന്നത് പോലെ ഒരു ശാന്തതയോ, ശൂന്യതയോ പതുക്കെ വന്നു മൂടുന്നത് അറിയാം.പനിചൂടുള്ള കണ്‍പോളകള്‍ തുറക്കാന്‍ മടിച്ച്, ഓടിന്റെ വിടവിലൂടെ ചിതറി തെറിച്ചു വീഴുന്ന ചെറു മഴത്തുള്ളികളുടെ തണുപ്പ് അറിഞ്ഞുള്ള ആ കിടപ്പിന് ഒരു സുഖമുണ്ടായിരുന്നു.

പൂജത്തട്ടിന്റെ കോണില്‍ വച്ച ചന്ദനമുട്ടി കല്ലില്‍ ഉരച്ചുണ്ടാക്കുന്ന തണുത്ത ചന്ദനം തിരിത്തുണിയില്‍ മുക്കി നെറ്റി മൂടുമ്പോള്‍ , സ്‌നേഹം പ്രകടിപ്പിക്കാന്‍ എന്തിനോ വിസമ്മതിച്ചിരുന്ന അച്ഛനോ,അമ്മയോ വാത്സല്യത്തോടെ മുടിയില്‍ ഒന്ന് തലോടിയത് ആ പനിക്കാലങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മയാണ്...

ചുക്കും, കുരുമുളകും, തുളസിയിലയും,ചക്കരയും ചേര്‍ത്തു തിളപ്പിച്ച, നേര്‍ത്ത പുകമണമുള്ള ചുക്ക് കാപ്പി ...ചൂടോടെ തന്നെ അത് കുടിച്ചിറക്കണം എന്ന് നിര്‍ബന്ധം.ചുണ്ടും, നാവും, തൊണ്ടയും ഒക്കെ പൊള്ളിച്ചു കൊണ്ടിറങ്ങുന്ന ചക്കര കാപ്പി കുടിച്ചു കഴിയുമ്പോള്‍ വിയര്‍ക്കും.ഉടലില്‍ ആകെ പരക്കുന്ന ആ ചൂടിനെ ആസ്വദിച്ചു കിടക്കണം.

പനിയുള്ളപ്പോള്‍ മാത്രം കിട്ടുന്ന ഒരു സ്പെഷ്യല്‍ വസ്തുവാണ് തടിച്ചുരുണ്ട വെണ്ണ ബിസ്‌ക്കറ്റ്. കട്ടന്‍ കാപ്പിയില്‍ കുതിര്‍ത്തു കഴിക്കുന്ന വെണ്ണ ബിസ്‌ക്കറ്റിന്റെ മൃദുത്വം ഇപ്പോഴും നാവില്‍ അറിയാം

പനിക്കയ്പ്പ് പടര്‍ന്ന നാവിന്റെ അരുചി മാറ്റാന്‍ അവതരിക്കുന്ന ചില സ്‌നേഹ രുചികള്‍...
നല്ല ചൂട് പൊടിയരിക്കഞ്ഞിയില്‍, ഭരണിയില്‍ നിന്ന് മരക്കയ്യില്‍ കൊണ്ട് മുക്കിയെടുത്ത ഒരു ഉപ്പുമാങ്ങയുടെ കഷണങ്ങളും,ഉപ്പുചാറും ചേര്‍ത്ത്, അതില്‍ രണ്ട് കാന്താരി കൂട്ടി തിരുമ്മി ,അപ്പൊ കണലില്‍ ചുട്ട പപ്പടവും ചേര്‍ത്തു നിലത്തിട്ട പലകമുട്ടിയില്‍ ഇരുന്ന് കഴിക്കുമ്പോള്‍ പനി പോലും ഉപ്പും, മുളകും, പുളിയും ചൂടില്‍ ചാലിച്ച ആ രുചി തൊട്ടു നക്കി നാക്ക് കടിക്കും.

വാളന്‍ പുളി പിഴിഞ്ഞ വെള്ളത്തില്‍ വെളുത്തുള്ളിയും, ഇഞ്ചിയും, കുരുമുളകും, ജീരകവും, വേപ്പിലയും,ചുവന്ന മുളകും അരച്ചു ചേര്‍ത്തു കലക്കി തിളപ്പിച്ചു , ചോന്നുള്ളി വറത്തിട്ടു തയ്യാര്‍ ആക്കുന്ന പുളിചാര്‍ അല്ലെങ്കില്‍ മുളക് ചാര്‍ ആണ് പനികാല സ്പെഷ്യല്‍ ആയി അടുക്കളയില്‍ ഒരുങ്ങുന്ന മറ്റൊരു വിഭവം.

തെക്കു കഞ്ഞി എന്നൊരു ഏര്‍പ്പാട് ഉണ്ടായിരുന്നു അക്കാലത്ത്. നാലുമണി കാപ്പിക്കും, അത്താഴത്തിനും ഇടയിലുള്ള വിശപ്പ് മാറാന്‍ ഒരു എളുപ്പ വഴി.അത്താഴത്തിന് അടുപ്പില്‍ കിടന്ന് തിളക്കുന്ന കഞ്ഞിയില്‍ നിന്ന് മൂന്നോ-നാലോ കയ്യില്‍ തെക്കിയെടുക്കുക.ചുവന്നുള്ളി വറുത്തിട്ട് ചൂടോടെ ഇരിക്കുന്ന ചാറ് ഒരു രണ്ട് കയ്യില്‍ ഈ തെക്ക് കഞ്ഞിയില്‍ ഒഴിക്കുക. മേമ്പൊടിക്ക് വേണമെങ്കില്‍ ഒരു ഉണക്കമീന്‍ ചുട്ടതോ, ഉപ്പ് മാങ്ങ കഷണമോ, കൊണ്ടാട്ടം മുളകോ എടുക്കാം.ഇതൊന്നും ഇല്ലെങ്കിലും ഒരു തരക്കേടും ഇല്ല.തന്നെത്തന്നെ പോരുന്നതാണ് തെക്കു കഞ്ഞിയും, ചാറും.സന്ധ്യയുടെ ഇരുണ്ട ചോപ്പിലേക്ക് മഴ ഇരമ്പി കയറുന്ന നേരത്ത് ,അത്താഴം വാര്‍ത്തു വച്ച ഇളം ചൂട് പരന്ന പാത്യന്‍ പുറത്ത് ചാരി നിന്ന് ഈ കഞ്ഞി കുടിക്കുന്നത് ഏതോ ജന്മങ്ങള്‍ക്കും അപ്പുറത്ത് ഉള്ള ഒരു പനികാഴ്ച്ച പോലെ തോന്നുന്നു ഇപ്പോള്‍.ഈ ജന്മത്തിനി ഒരിക്കലും, ഒരിക്കലും തിരിച്ചു കിട്ടാത്ത ചില നിമിഷങ്ങള്‍.

പനി അഴയുന്ന വിയര്‍പ്പിലും, തണുപ്പിലും പിണഞ്ഞു കിടന്ന്, ആഴത്തിലുള്ള മയക്കത്തിന്റെയും , നേര്‍ത്ത ഉണര്‍വിന്റെയും ഇടയ്ക്കുള്ള ഒരവസ്ഥയില്‍ ,ആര്‍ത്തു പെയ്യുന്ന രാത്രി മഴയുടെ ഇരമ്പലില്‍ വ്യക്തവും, അവ്യക്തവുമായി അറിയുന്ന ചില സ്വപ്ന ദൃശ്യങ്ങള്‍ ഉണ്ട്.പനിചൂടിന്റെ തോറ്റത്തില്‍ മാത്രം ചിലമ്പു കെട്ടുന്ന കാഴ്ച്ചകള്‍.

ചുക്ക് കാപ്പിക്കും, പൊടിയരി കഞ്ഞിക്കും പിടി തരാതെ പനി രണ്ടാം നാളും കടന്നാല്‍, വെളുപ്പില്‍ വലിയ ചുവന്ന കുത്തുള്ള, പനി മണമുള്ള ഉടുപ്പ് ഇട്ട്, മഴ തോര്‍ന്ന നേരം നോക്കി,അച്ഛന്റെ സൈക്കിളിന്റെ മുന്‍പില്‍ ഇരുന്ന്, ബ്രഹ്‌മദത്തന്‍ ഡോക്ടറുടെ അടുത്ത് പോകും.വരാന്തയില്‍ നിരത്തിയിട്ട സ്റ്റീല്‍ കസേരയില്‍ ,മറ്റ് പനിക്കുട്ടികള്‍ക്ക് ഒപ്പം ഊഴം കാത്തിരിക്കും.തണുത്ത മഴ തോര്‍ച്ചയിലേക്ക് , കൊതുവിനെ ഓടിക്കാന്‍ പുകച്ച കുന്തിരിക്കത്തിന്റെ ഗന്ധം പനിചൂട് പോലെ അരിച്ചു കയറും.ഡോക്ടറുടെ തണുത്ത സറ്റെതസ്‌കോപ്പ് പുറത്തും, നെഞ്ചിലും അമരും, മൂന്ന് നാല് തവണ ശ്വാസം വലിച്ചു വിടും...വെളുത്ത കടലാസില്‍, നീല മഷി കൊണ്ട് ഡോക്ടര്‍ മരുന്നിന്റെ പേരുകള്‍ കോറും-രണ്ട് സിറപ്പ്, രണ്ട് ഗുളിക.ഡോക്ടറുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ പനി പാതിയും പോകും.'എന്റെ പ്രസവത്തിന് ഡോക്ടര്‍ വന്നേ' എന്ന് ആനന്ദിക്കുന്ന ബഷീര്‍ കഥാപാത്രത്തെ പോലെ, എനിക്ക് പനിച്ചപ്പോഴും ഡോക്ടറെ കണ്ടേ എന്ന് മനസ് ആഹ്ലാദിക്കും.മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ വാങ്ങി തരുന്ന വിക്‌സ് മിട്ടായിയുടെ എരുവിലും, തരിപ്പിലും അലിഞ്ഞാണ് മടക്കയാത്ര.അത്ര മേല്‍ ഭാഗ്യമുള്ള പനി കാലം ആണെങ്കില്‍, പനിയുടെ പടിയിറക്കത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ഒരു ബാലരമയോ, ബാലമംഗളമോ കിട്ടിയെന്നിരിക്കും.

മഴ തോര്‍ന്നു, മരം തോര്‍ന്നു പെയ്ത്തു നില്‍ക്കുന്നത് പോലെ പനി പതുക്കെ ഉടലില്‍ നിന്ന് ഉറയൂരി പോകും.ഇളം ചൂടുള്ള വെള്ളത്തില്‍ തല നനച്ചു കുളിച്ച്, രാസ്‌നാദി തിരുമ്പി , ചോറുണ്ട് പനിക്കാലം അവസാനിപ്പിക്കും.

ജീവിതത്തിന്റെ ചില കാലങ്ങള്‍ പിന്നെ ഒരിക്കലും കടന്നു ചെല്ലാന്‍ കഴിയാത്ത ചില കിടങ്ങുകള്‍ക്ക് അപ്പുറത്ത് ആയി പോകും.മൂടല്‍ മഞ്ഞും, മരതലപ്പുകളും കൊണ്ട് കാഴ്ചകള്‍ മങ്ങും.എങ്കിലും കടലെടുത്തു പോകുന്ന ഒരു തുരുത്തില്‍ നിന്ന് കൊണ്ട് മങ്ങി കാണുന്ന ആ കാഴ്ചകളിലേക്ക് നാം ഇടയ്ക്ക് വെറുതെ നോക്കി കൊണ്ടിരിക്കും;പനിചൂടിനെ പോലും പ്രണയിച്ചു കൊണ്ട്.

Mary Mathew Muttathu 2022-07-22 11:42:11
Question, chukkum,kurumulakum pinnoru kutte Thippally (coriander) I made yesterday too .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക