READ MORE: https://emalayalee.com/writer/161
“മിസ്. അനിതാ റാണി, നിങ്ങള്‍ക്കിപ്പോള്‍ ആരെയെങ്കിലും കൊല്ലണമെന്ന തോന്നല്‍ വരാറുണ്ടോ?”
“ഓ,ഇല്ല. തീര്‍ച്ചയായും ഇല്ല സര്‍.”
ചിരിയില്‍ പൊതിഞ്ഞതെങ്കിലും, ചോദ്യത്തില്‍ പതിയിരുന്ന അപകടം തിരിച്ചറിഞ്ഞ അനിത, ജാഗ്രതയോടെ തന്നെ മറുപടി പറഞ്ഞു
“നല്ലത്. ഇനി അഥവാ അങ്ങിനെ വല്ല ചിന്തയും വന്നാല്‍ പറയാന്‍ മടിക്കരുത്; ഞാന്‍ താങ്കളെ നമ്മുടെ മന:ശാസ്ത്ര വിദഗ്ദന്‍റെ അടുക്കല്‍ അയക്കാം, കാര്യങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്യുന്നതില്‍ മിടുക്കനാണയാള്‍ ”
പരോള്‍ ഓഫീസര്‍ ജോ, സന്ദര്‍ശന റിപ്പോര്‍ട്ടെഴുതി പൂര്‍ത്തിയാക്കി, ഫോള്‍ഡര്‍ അടച്ചു കോഫീ ടേബിളില്‍ വച്ചു.
കോഫീ ടേബിളിൽ കിടന്ന പത്രത്തിൽ അറ്റോര്‍ണി ഹാര്‍വി ഡേവിഡ് മരണപ്പെട്ട വാര്‍ത്ത വളരെ പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ടായിരുന്നു.
“പ്രശസ്തിയുടെ ഉന്നതിയില്‍ നിന്നും, എന്തിനായിരിക്കണം അറ്റോര്‍ണിയായ ഹാര്‍വി ഡേവിഡ്, ആത്മഹത്യയിലേക്ക് എടുത്തുചാടിയത് ?
ഓഫീസര്‍ ജോ പത്രം നിവര്‍ത്തിനോക്കി.
"ഹാര്‍വി ഡേവിഡിന്‍റെ മരണത്തെക്കുറിച്ച് അന്വോഷിക്കുന്ന ഹോമിസൈഡ് ഡിറ്റക്റ്റീവ്, ഹാരി ഫോര്‍മാന്‍ അതിനുള്ള ഉത്തരം തേടിക്കൊണ്ടിരിക്കുന്നു……”
സാമ്പത്തികമായി തരക്കേടില്ലാത്ത ഹാര്‍വി ഡേവിഡ്, ഒരു വില കുറഞ്ഞ മോട്ടല്‍ മുറിയില്‍ വച്ചു മുന്തിയതരം എച്ച്&കെപി7, കൈത്തോക്ക് ചെന്നിയില്‍ ചേര്‍ത്തുവച്ചു നിറയൊഴിക്കണമെങ്കില്‍ മതിയായ ഒരു കാരണമുണ്ടാകണം.
വഴിയേ അതെക്കുറിച്ച് അറിയുമായിരിക്കും. ഓഫീസര്‍ ജോ, പത്രം അനിതയുടെ കയ്യില്‍ കൊടുത്തുകൊണ്ട് പോകാനൊരുങ്ങി
“മിസ്. അനിത, നിങ്ങള്‍ നന്നായി ശ്രദ്ധിക്കണം. അറിയാതെ പോലും യാതൊരുവിധ നിയമ ലംഘനത്തിലും പെട്ടുപോകരുത് അങ്ങിനെ വന്നാല്‍ എനിക്ക് നിങ്ങളെ തിരികെ ജയിലിലേക്ക് തന്നെ അയക്കേണ്ടിവരും, അങ്ങിനെ സംഭവിച്ചാല്‍ പിന്നീട് പുറത്തിറങ്ങുന്നതിനെ പറ്റി ചിന്തിക്കുക പോലും വേണ്ട”
ഓഫീസര്‍ ജോ, പത്രം അനിതയുടെ കയ്യില്‍ കൊടുത്തുകൊണ്ട് പോകാനൊരുങ്ങി.
“അറിയാം സാര്‍, ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം.”
“ഓക്കേ. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മടിക്കരുത്”
II
ഇരുപത്തഞ്ചുവര്‍ഷങ്ങള്‍. ജീവനോടിനി പുറത്തെ ലോകം കാണില്ലന്നുതന്നെ ഉറപ്പിച്ചിരുന്നപ്പോഴാണ്, പുറം ലോകത്തേക്കാള്‍ ജയിലറകളെ പിടിച്ചു കുലുക്കിക്കൊണ്ട് രോഗാണുക്കള്‍ പെരുകിയത്. അതോടെ ഗവര്‍ണര്‍ പരോള്‍ ചട്ടങ്ങള്‍ ഉദാരമാക്കി.
പരോള്‍ ഓഫീസര്‍ കാറില്‍ കയറി ഓടിച്ചു പോകുന്നതും നോക്കി അനിതാ റാണി ഒരു നിമിഷം വാതില്‍ പടിയില്‍ നിന്നു. കയ്യിലിരുന്ന പത്രത്തിലെ മരണ വാര്‍ത്തയിലേക്ക് നോക്കിക്കൊണ്ട് സോഫയില്‍ വന്നിരുന്നു. അവളെ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. ഓഫീസര്‍ ജോ യുടെ സാന്നിധ്യം അവളില്‍ വല്ലാത്ത സമ്മര്‍ദ്ദം ഉളവാക്കിയിരുന്നു. അവള്‍ കണ്ണുകളടച്ചു ദീര്‍ഘനിശ്വാസം ചെയ്തുകൊണ്ട് ചാഞ്ഞിരുന്നു.
‘ഡെത്ത് ചേംബറിന്‍റെ’ വാതില്‍ തുറന്നു. അതിലേക്കു കടന്നുവന്ന വലെറിയ വില്‍ഡോസ് അനിതയെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു. വെള്ള പൈജാമയില്‍ വലെറിയ പതിവിലും സുന്ദരിയായി കാണപ്പെട്ടു.
കുതിര കുളമ്പടികള്‍ അടുത്തടുത്തു വരുന്ന ശബ്ദമവള്‍ കേട്ടു. കൊടുങ്കാറ്റു പോലെയാണ് പാഞ്ഞു പോയെതെങ്കിലും, ചെമ്പന്‍ കുതിരയുടെ പുറത്തിരുന്നുകൊണ്ട് റാണിചെന്നമ്മ ശാസനയോടെ അവളുടെ നേരെ നോക്കുന്നതവള്‍ കണ്ടു.
അനിത കയ്യിലിരുന്ന പത്രം വലിച്ചെറിഞ്ഞു. വലെറിയ പറഞ്ഞതാണ് ശരി, ‘നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് ജനങ്ങളെ സഹായിക്കാനല്ല, അവരെ വരുതിക്ക് നിര്‍ത്താന്‍ വേണ്ടിയാണു’
അന്ന്, ആ അടഞ്ഞ വാതിലിനപ്പുറം, കയ്യില്‍കിട്ടിയ മദ്യക്കുപ്പികൊണ്ട് അയാളുടെ തലയ്ക്കടിച്ചപ്പോള്‍ സാക്ഷികളാരുമില്ലായിരുന്നു. രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ പുറത്തേക്കോടിയപ്പോള്‍ കയ്യിലപ്പോഴും പിടിവിടാതിരുന്ന പൊട്ടിയ കുപ്പികൊണ്ട് മറ്റാര്‍ക്കോകൂടി മുറിവ് പറ്റി.
“അനിതാ, നിന്റെ ഇരുണ്ട മുലകള്‍ക്ക്, എന്തൊരു മുഴുപ്പും ഭംഗിയുമാണ് “
വഷളന്‍ ചിരിയോടെ അയാളുടെ വൃത്തികെട്ട കൈകള്‍ ഉടുപ്പിനുള്ളിലൂടെ പിടിമുറുക്കിയപ്പോള്‍, ഒരു ചിരിയോടെ ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അല്ലെങ്കില്‍ ഓടി രക്ഷപ്പെടാന്‍ തോന്നിയിരുന്നെങ്കില്‍.
അന്നേരമതൊന്നും ഓര്‍ത്തില്ല. പഠനമോ, പഠനശേഷമുള്ള ജീവിതമോ, അല്ലെങ്കില്‍ എവിടെ വേണെമെങ്കിലും തരപ്പെടുന്ന ഒരു താല്‍ക്കാലിക ജോലി മാത്രമാണതെന്നോ ഒന്നും.
തലയിലപ്പോള്‍ കുതിരകളുടെ കനത്ത കുളമ്പടി ശബ്ദമായിരുന്നു. പീരങ്കി വെടികള്‍ക്കിടയിലൂടെ ‘റാണി ചെന്നമ്മ’ നീണ്ട കുഞ്ചിരോമങ്ങളുള്ള ചെമ്പന്‍ കുതിരമേല്‍ അവള്‍ക്കു മുന്നിലൂടെ മിന്നല്‍പോലെ പാഞ്ഞു.
ചതിവിലൂടെ നാട്ടുരാജ്യങ്ങള്‍ പിടിച്ചടുക്കാന്‍ വന്ന ഡല്‍ഹൌസിയുടെ കമ്പനിപ്പട്ടാളത്തിന്റെ അറ്റുവീണ തലകള്‍, യുദ്ധവെറിയില്‍ മദിച്ച കൊലയാനകള്‍ ചവിട്ടിമെതിച്ചു.
‘ചാമുണ്ഡിശ്വിരിയാണ് റാണിയമ്മ.
‘ഗ്രാമത്തിലെ ഓരോ പെണ്‍പിറപ്പും റാണിമാരാണ്’.
അത്താഴമൂട്ടിനൊപ്പം അമ്മ ചൊല്ലിതരാറുള്ള കഥയവളോര്‍ത്തുപോയി.
ഒരു കൊലപാതകം. ഒരു കൊലപാതക ശ്രമം.
പരോളില്ലാത്ത എഴുപത്തഞ്ചു വര്‍ഷങ്ങളായി പിന്നീടവളുടെ വിധി.
മരണംവരെ അനുഭവിച്ചു തീര്‍ക്കേണ്ട ശിക്ഷ. ദൈവത്തിനെതിരെ കലാപമുയര്‍ത്തിയ മാലാഖമാരെ സ്വര്‍ഗത്തില്‍ നിന്നും നരകത്തിലേക്കു വലിച്ചെറിഞ്ഞപോലെ, എന്നന്നേയ്ക്കുമായി ലോകത്തിനു വെളിയിലേക്ക്.
നരകമെന്നാല്‍ എന്തെന്നു തിരിച്ചറിഞ്ഞു; പ്രത്യാശയ്ക്കു വകയില്ലാത്ത, ഒരിക്കലും അവസാനിക്കാത്ത കനത്ത നിരാശയാണ്. അതൊക്കെ വച്ചു നോക്കിയാല്‍ വലെറിയക്കു ലഭിച്ച മരണശിക്ഷ വളരെ ചെറുതാണെന്ന് അവള്‍ക്കന്നു തോന്നിയിരുന്നു.
III
വലെറിയ വില്‍ഡോസിനോടന്നു പ്രോസീക്യൂട്ടറായ ഡിസ്ട്രിക് അറ്റോര്‍ണി ചോദിച്ചു,
“കേസ് ജൂറിക്ക് വിടണമോ, അതോ മുപ്പതുവര്‍ഷത്തെ ജയില്‍ശിക്ഷ സ്വീകരിക്കുന്നുവോ ?”
ഉത്തരം പറയാനാവാതെ നില്‍ക്കുമ്പോൾ, മറ്റൊരാള്‍ അവളുടെ അടുക്കല്‍ വന്നു സ്വയം പരിചയപ്പെടുത്തി.
“മിസ്. വലേറിയ, ഞാന്‍ ഹാര്‍വി ഡേവിഡ്, ഈ കേസില്‍ നിങ്ങളെ സഹായിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക് ഡിഫെന്‍ഡറാണു ഞാന്‍.
“മുപ്പതു വര്‍ഷത്തെ ജയില്‍ശിക്ഷ സ്വീകരിച്ചാല്‍, അറുപത്തിയെട്ടു വയസാകുമ്പോള്‍ നിങ്ങള്‍ക്ക് വീണ്ടും മക്കളോടും കുടുംബത്തോടും ചേരാം, അതല്ലെങ്കില്‍ കേസ് ജൂറി മുമ്പാകെ വിചാരണയ്ക്ക് വരും, വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ശിക്ഷ കൂടുതല്‍ കടുത്തതാകും”
വലേറിയക്കു കൂടുതലൊന്നും ആലോചിക്കാനില്ലായിരുന്നു.
“തെറ്റ് ചെയ്യാത്ത ഞാനെന്തിനു കുറ്റം എല്‍ക്കണം.? വിചാരണ നടന്നോട്ടെ “
IV
“നിനക്കറിയാം, നിന്‍റെ മകള്‍ എങ്ങിനെയാണ് മരിച്ചതെന്ന്, നീ കൊലയാളിയാണ്.”
രണ്ടുവയസുകാരി ജുവാനയുടെ ജീവനറ്റ ചിത്രം കാണിച്ചു കൊണ്ട് ഹോമിസൈഡ് ഡിറ്റക്ടീവ് ഓഫീസര്‍ പറഞ്ഞു.
വലെറിയ ആ ചിത്രത്തിലേക്കുനോക്കി നിര്‍വികാരതയോടെയിരുന്നു.
“നോക്കു വലെറിയ,” ഡിറ്റക്ടീവ് ശാന്തസ്വരത്തില്‍ പറഞ്ഞു,
“നീ അതു സമ്മതിച്ചേക്കൂ. എങ്കില്‍ നമുക്കീ നാടകം ഇവിടെ അവസാനിപ്പിക്കാം”
“എനിക്കറിയല്ല സര്‍ , ഞാന്‍ ഒന്നും ചെയ്തില്ലാ”
“കുട്ടിയുടെ ദേഹം മുഴുവന്‍ ഉപദ്രവം ചെയ്തതിന്റെ പാടുകളാണ്, തലയ്ക്കു ശക്തമായ മര്‍ദ്ദനം ഏറ്റതിനാലാണ് കുട്ടി മരിച്ചതു ”
“ഇല്ല സര്‍, ഞാന്‍ ഒന്നും ചെയ്തില്ല, എന്റെ മോള്‍ കോണിപ്പടിയുടെ മുകളില്‍ നിന്നും വീണതാണ് ആരും ഒന്നും ചെയ്തതല്ല”
“മിസ്. വലെറിയ, ദയവായി സഹകരിക്കൂ, നിന്റെ കുഞ്ഞിനു എന്താണ് സംഭവിച്ചതെന്നു എനിക്കും, നിനക്കും അറിയാം”
“ഇല്ല സര്‍, എന്നെ വിശ്വസിക്കൂ എനിക്കൊന്നും അറിയില്ല”.
“ശരി, എങ്കില്‍ പറയൂ എങ്ങിനെയാണ് നിന്‍റെ കുഞ്ഞിന്‍റെ ദേഹത്ത് മുഴുവനും മര്‍ദ്ദനമേറ്റ വടുക്കളുണ്ടായി, ആരാണത് ചെയ്തത് ?”
“എനിക്കറിയില്ല സര്‍”
തലയ്ക്കുള്ളില്‍ തേനീച്ചക്കൂടിളകി മറിഞ്ഞു. ഞരമ്പുകള്‍ വലിഞ്ഞു മുറുകി. അവള്‍ ഇടയ്ക്കിടെ തലയില്‍ ശക്തമായി ചൊറിയുകയും മുടിയില്‍ പിടിച്ചു വലിച്ചുകൊണ്ടുമിരുന്നു. സത്യമെന്തെന്നവള്‍ക്ക് തിരിച്ചറിയാനാവുന്നില്ല. അമ്മയുടെ കാമുകന്‍ മനംപിരട്ടലായി മാറിയപ്പോള്‍ എത്തിപ്പെട്ടതാണ് ലഹരിയില്‍, പിന്നീടത് ഒഴിവാക്കാനായില്ല. ഇനി ഒരുപക്ഷെ ലഹരിയുടെ വേളയില്‍ താന്‍ അറിയാതെ ചെയ്തുപോയോ?
കൌമാരക്കാരിയായ രണ്ടാമത്തെ മകള്‍ അലക്സാണ്ട്രിയ കോണിപ്പടിയുടെ അടുക്കല്‍ നിന്നു ജുവാനയുമായി പോരുകുത്തുന്നത് കണ്ടതായോര്‍ക്കുന്നു, അവളുടെ അച്ഛന്‍റെ മകളല്ല എന്ന കാരണത്താല്‍ അവള്‍ക്കു ജുവാനയെ ഇഷ്ട്ടമായിരുന്നില്ല.
തലേന്നുച്ച കഴിഞ്ഞസമയം അവളെ പിടിച്ചുകൊണ്ട് വന്നു ചോദ്യം ചെ യ്യാനുള്ള മുറിയിലിരുത്തിയതാണ്, അപ്പോള്‍ സമയം വെളുപ്പിന് മൂന്ന് മണിയാകുന്നു. വെള്ളമോ, ഭക്ഷണമോ നല്‍കിയില്ല, മൂത്രമൊഴിക്കാന്‍ മുട്ടി അടിവയര്‍ കത്തുന്നുണ്ട്. ദു:ഖം, ആകുലത, ഒപ്പം ഒരു വയറ്റുകണ്ണിയുടെ അവശത. അവളുടെ മനസിന്‍റെ ചരട് പൊട്ടിപ്പോയി.
അടുത്തിരുന്ന ഓഫീസര്‍ എഴുന്നേറ്റു പോയതോ മറ്റൊരാള്‍ അടുത്ത് വന്നിരുന്നതോ അവളറിഞ്ഞില്ല.
“മിസ്. വലെറിയ”
പിന്നീട് വന്നയാള്‍ സൌമ്യമായ സ്വരത്തില്‍ വിളിച്ചു. വലെറിയ മുഖം തിരിച്ചു നോക്കി, പിന്നെ ഇടം കയ്യാല്‍ അവളുടെ നെറ്റിയില്‍ തുടര്‍ച്ചയായി അമര്‍ത്തി തുടച്ചുകൊണ്ടിരുന്നു
“നോക്കൂ മിസ്. വലെറിയ” , അയാള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു തുടങ്ങി,
“എനിക്കറിയാം, ഇപ്പോള്‍ നിന്‍റെ മനസിലൂടെ എന്താണ് കടന്നു പോകുന്നതെന്ന്. തെറ്റ് മനുഷ്യ സഹജമാണ് ആര്‍ക്കും തെറ്റ് പറ്റാം”
“ഞാന്‍ ഒന്നും ചെയ്തിട്ടില്ല”
വലെറിയ പതിയെ പറഞ്ഞു. അവളുടെ ശബ്ദമപ്പോള്‍ ആഴത്തില്‍ നിന്നും വരുന്നപോലെ ദുര്‍ബലമായിരുന്നു.
“എനിക്കറിയാം, നീ പറയുന്നതെന്തെന്നു. നീ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല, അല്‍പ്പം ലഹരിയിലിരിക്കുമ്പോള്‍ ആര്‍ക്കും പറ്റാവുന്ന ഒരു കയ്യബദ്ധം മാത്രമാണ് നിനക്കും പറ്റിയത്.
“നീ സമ്മതിച്ചാല്‍ മതി. ഞങ്ങള്‍ക്കും ഇതൊന്നവസാനിപ്പിക്കണം. നിന്നെ ഞങ്ങളും സഹായിക്കാം. ഒരമ്മയും തന്‍റെ കുഞ്ഞിനോടും ഇങ്ങനെയൊന്നും മന:പൂര്‍വം ചെയ്യില്ലെന്ന് ഏതു കോടതിക്കും ബോധ്യമാകും, അവര്‍ നിന്നോട് തീര്‍ച്ചയായും ദയാദാക്ഷിണ്യം കാണിക്കും.”
അയാള്‍ അനുകമ്പയുടെ സ്വരത്തില്‍ പറഞ്ഞു
വാക്കുകള്‍ക്കായി വലെറിയ ശ്വാസംമുട്ടി.
“എനിക്കറിഞ്ഞുകൂടാ എന്താണ് നിങ്ങളോട് പറയേണ്ടതെന്ന്, ഞാന്‍ വിചാരിക്കുന്നു, ഒരു പക്ഷെ ഞാന്‍ അതു ചെയ്തുവെന്നു.”
ഓഫീസര്‍ എഴുന്നേറ്റു വീഡിയോ ക്യാമറ ഓണ്‍ ചെയ്തു.
V
“വിചാരണ കഴിഞ്ഞു. ക്വീന്‍മേരി കൌണ്ടിയില്‍, ആദ്യമായി ഒരു സ്ത്രീയ്ക്കു വധശിക്ഷ, സംസ്ഥാനത്ത് ആദ്യമായി ഒരു ഹിസ്പാനിക് യുവതിക്ക് വധശിക്ഷ. തിരഞ്ഞെടുപ്പടുത്ത സമയമായിരുന്നപ്പോള്‍. ജനശ്രദ്ധയാകര്‍ഷിച്ച കേസിലെ പ്രോസീക്യൂട്ടറായിരുന്ന ഡിസ്ട്രിക്ട്-അറ്റോര്‍ണി വീണ്ടും തിരഞ്ഞെടുത്തു.”
കറുത്ത പൂപ്പല്‍ പടര്‍ന്നിറങ്ങുന്ന സെല്‍ ചുവരില്‍ ചാരിയിരുന്നു, സ്പാനിഷ് ചുവയുള്ള ഇംഗ്ലീഷില്‍, പൂത്തുകെട്ടുപോയ ജീവിതത്തെക്കുറിച്ച് വലെറിയ പറഞ്ഞുതുടങ്ങി.
“നോക്കു അനിതാ, എനിക്കൊരു കാര്യത്തില്‍ മാത്രമേ വിഷമമുള്ളു, എന്‍റെ മക്കളും സഹോദരങ്ങളും, ഞാന്‍ തെറ്റു ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല, പക്ഷെ അമ്മ, അവര്‍ മാത്രം എന്നെ വിശ്വസിക്കുന്നില്ല.”
“കോടതിയും പോലീസുകാരും പറഞ്ഞു, അവള്‍ തെറ്റ് ചെയ്തുവെന്ന്, അവര്‍ അങ്ങിനെ വെറുതെ പറയുമോ?”
അവളുടെ അമ്മയുടെ വിശ്വാസം അങ്ങിനെയായിരുന്നു
“അല്ലെങ്കിലും ആ തള്ള പണ്ടേ അങ്ങിനെയാണ്, എനിക്കാറുവയസുള്ളപ്പോള്‍ തന്നെ അവരുടെ ബോയ്‌ഫ്രണ്ട് എന്നെ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയ കാര്യം കണ്ണീരോടെ പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ല, ഞാന്‍ കള്ളം പറയുകയാണന്നാണവര്‍ പറഞ്ഞത്”
അമ്മയുടെ മുന്‍പില്‍ തെറ്റുകാരിയല്ലെന്നു തെളിയിക്കാന്‍ കൂടിയാണ് വലെറിയ അപ്പീൽ നൽകിയത്. പക്ഷെ എല്ലായിടത്തും വിധികള്‍ അവള്‍ക്കെതിരായി അതോടെ മരണശിക്ഷ ഉറപ്പായവരുടെ സെല്ലിലേക്ക് അവളെ മാറ്റി.
‘ഡെത്ത് റോ’ സെല്ലിലെ ഏകാന്തതയിലേക്ക് ആയുസിന്‍റെ നാഴികയും വിനാഴികയും തീര്‍പ്പാക്കി മുദ്രവെച്ചെന്ന സന്ദേശവുമായി ‘മരണവാറണ്ട്’ എത്തിച്ചേര്‍ന്നു.
അവള്‍ ജയില്‍ മുറിയിലെ കലണ്ടര്‍ നോക്കി, ഈ ലോകം മുന്നോട്ടു പോകുന്നു എന്നതിന് അവള്‍ക്ക് മുന്‍പിലുള്ള ഏക തെളിവ് ഒരു ദിനചര്യപോലെ വെട്ടിക്കളയുന്ന ഇന്നലെകളായിരുന്നു. വലെറിയ ചുവരിലെ കലണ്ടര്‍ കയ്യിലെടുത്തു. താന്‍ വധിക്കപ്പെടാന്‍ പോകുന്ന തിയതിക്കുമേല്‍ ഒരു വട്ടം വരച്ചു. അതിനുശേഷം വരുന്ന ഓരോ ദിവസവും പേനകൊണ്ട് വെട്ടി. കലണ്ടര്‍ ചുവരില്‍ തിരികെ തൂക്കിയ ശേഷം അവള്‍ തളര്‍ച്ചയോടെ മുട്ടിന്മേലിരുന്നു, തല ചുവരിനോട് ചേര്‍ത്തു വച്ചുകൊണ്ട് കുറച്ചുനേരം വിതുമ്പിക്കരഞ്ഞു.
മരണത്തിനു മുൻപ് പൂര്‍ത്തികരിക്കേണ്ട ആഗ്രഹമായി അനിതയെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നു വലെറിയ പറഞ്ഞതറിഞ്ഞപ്പോൾ, എന്തിനു താന്‍ എന്നവള്‍ ചിന്തിച്ചു ?
സെല്ലിന്‍റെ അഴികള്‍ക്കിരുപുറം കുറച്ചുനേരമവര്‍ മൌനമായി നിന്നു, വലെറിയ തന്നെയാണ് സംസാരിച്ചു തുടങ്ങിയത്, അവള്‍ മാത്രമാണ് മുഴുവന്‍ നേരവും സംസാരിച്ചതും. ഒരു കേൾവിക്കാരിയെ മാത്രമായിരുന്നു വലെറിയക്ക് അപ്പോൾ വേണ്ടിയിരുന്നതും.
“നോക്കൂ അനിത, മരിക്കാന്‍ എനിക്കിപ്പോള്‍ ഭയമില്ല, കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ പതിനായിരം പ്രാവശ്യമെങ്കിലും ഞാന്‍ മരിച്ചു കഴിഞ്ഞു, ഇനി പൂര്‍ത്തിയാകേണ്ടത് ഒരു നടപടിക്രമം മാത്രം.”
മരണശിക്ഷയൊരു എലിയും പൂച്ചയും കളിയാണ്. അപ്പീലും, മാപ്പപേക്ഷയും ഒക്കെയായി ഒരു പത്തുപന്ത്രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരും. അതിലൂടെ കടന്നുപോകുന്നവര്‍ അപ്പോഴേക്കും എത്രയോ തവണ പ്രാണവേദനയോടെ മരിച്ചു കഴിഞ്ഞിരിക്കും. വധിക്കപ്പെടുന്നത് ജഡം മാത്രമാണ്.
VI
നാഷ് വില്ലിലെ ‘ഡെത്ത് ഹൌസ് .
വലേറിയുടെ അവസാനത്തെ ഇരുപത്തിനാലുമണിക്കൂറുകള്‍ ഇനി അവിടെയാണ് കനത്ത ബന്തവസില്‍, മരണത്തിന്‍റെ നിറവും ഗന്ധവും തിങ്ങിനിറഞ്ഞ ഒരേപോലുള്ള, മൂന്നു വാഹനങ്ങളുടെ വ്യൂഹം അവളെയുംകൊണ്ട് ‘മരണവീട്’ ലക്ഷ്യമാക്കി കുതിച്ചു.
ജയില്‍ വസ്ത്രം മാറ്റി നല്‍കിയ പുതിയ വസ്ത്രത്തില്‍ ഈറന്‍മാറിയ അവള്‍ കോടി പുതപ്പിച്ചപോലെ മരവിച്ചിരുന്നു.
“മിസ് വലെറിയ താങ്കള്‍ക്ക് നാളത്തെ അത്താഴത്തിനു വിശേഷിച്ചെന്താണ് വേണ്ടത്?”
അന്ത്യ അത്താഴത്തിന്‍റെ ഒരുക്കത്തിനായി ഷെഫ് ആദരവോടെ ചോദിച്ചു.
അയാളെ നോക്കി ഒരു വിളറിയ ചിരി സമ്മാനിച്ച്; പതിഞ്ഞ സ്വരത്തിലവള്‍ പറഞ്ഞു
“നന്ദി സര്‍, താങ്കളുടെ ഇഷ്ട്ടം പോലെ എന്തെങ്കിലും ആയിക്കോട്ടെ.
ഒരു പുരോഹിതന്‍ തന്‍റെ സാന്നിധ്യം അറിയിച്ചുകൊണ്ട് ദയാവായ്പ്പോടെ അവളുടെ സെല്ലിന്‍റെ സമീപത്ത് തന്നെയുണ്ട്, എങ്കിലും പുരോഹിതനോട് സംസാരിക്കുവാനോ, എന്തെങ്കിലും ഏറ്റുപറയുവാനോ അവള്‍ക്ക് തോന്നിയില്ല.
വധശിക്ഷ നടപ്പിലാക്കുന്നതിനു സാക്ഷികള്‍ വേണം. മരണ സമയത്ത് അനിതയുടെ സാമീപ്യം വേണമെന്നായിരുന്നു അവളുടെ ആഗ്രഹം.
സന്ധ്യയോടു കൂടി അനിതയ്ക്ക് നല്ലവസ്ത്രം നല്‍കി. മരണചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മാന്യമായ വസ്ത്രം ധരിച്ചുവേണം പങ്കെടുക്കാന്‍. എട്ടുമണിയോടെ അവളുടെ കൈകളില്‍ വിലങ്ങുവച്ചു, ഒരു വാനില്‍ കയറ്റി. വലെറിയ ഇതേ പാതയില്‍ ഇതേ സമയത്ത് തലേന്നേ പോയിരുന്നു, ഒരു പക്ഷെ അനിതയിരുന്ന അതേസീറ്റില്‍ തന്നെയാവാം അവള്‍ അന്ത്യത്തിലേക്കുള്ള യാത്രയുടെ ആരംഭം കുറിച്ചതും.
ഡെത്ത് ഹൌസില്‍ ഒമ്പതുമണിയോടെ എത്തിച്ചേര്‍ന്നു. വധശിക്ഷ നടപ്പിലാക്കാന്‍ ഇനിയും മൂന്നു മണിക്കൂര്‍ കൂടി കഴിയണം.
‘ഓരോ ജീവനും വിലപ്പെട്ടതാണ്’
ബാനറും പിടിച്ചുകൊണ്ട് മെഴുകുതിരികളും ജപമാലയുമായി കുറച്ചാളുകള്‍ പ്രാര്‍ത്ഥന ചൊല്ലികൊണ്ട് ഡെത്ത് ഹൌസിനു പുറത്തെ റോഡില്‍ കൂടിയിട്ടുണ്ട് .വധിക്കപ്പെടാന്‍ പോകുന്ന വ്യക്തിയുടെ പാപമോചനത്തിനായവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
വധശിക്ഷക്കു സാക്ഷിയാകുവാന്‍ വരുന്നവര്‍ക്ക് പലഹാരവും കാപ്പിയും കൊടുക്കുന്ന പതിവുണ്ട്. അനിത വെള്ള നിറത്തിലുള്ള ഒരു പഞ്ചസാര കുക്കി കയ്യിലെടുത്തു.
“വലെറിയ, ഇതു മറ്റുള്ളവര്‍ക്കുവേണ്ടി, ബലിയായി നല്‍കുന്ന നിന്റെ ശരീരമാകുന്നു, ഞാനിതു നിന്‍റെ ഓര്‍മ്മയ്ക്കായി, നിന്‍റെ ചാവടിയന്തിരത്തില്‍, എനിക്കവകാശപ്പെട്ട ഒരു പിടിചോറിനു പകരമായി ഭക്ഷിക്കുന്നു”
കുക്കി ഡാര്‍ക്ക് റോസ്റ്റു ബ്രസീലിയന്‍ കാപ്പിയില്‍ മുക്കി സാവധാനം കഴിച്ചു, കാപ്പിയുടെ ചവര്‍പ്പിലും കുക്കിയുടെ മധുരം വേറിട്ടുനിന്നു.
സാക്ഷികളുടെ ഗാലറിയിലേക്ക് പോകാനുള്ള സമയമായി. വലിയൊരു ചില്ലു ജാലകത്തിന്‍റെ പിന്നിലായുള്ള കസേരയൊന്നില്‍ മുന്‍നിരയില്‍ത്തന്നെ അനിതയ്ക്ക് സ്ഥാനം ലഭിച്ചു.
ജാലകത്തിലൂടെ മുറിയുടെ അകം കാണാം. കുരിശിന്‍റെ രൂപത്തിലുള്ള ഒരു കട്ടില്‍ അവിടെ കിടപ്പുണ്ട്. മരണസമയം ഓര്‍മ്മിപ്പിക്കാനാവണം ഒരു ചുവര്‍ ഘടികാരവും, അടുത്ത മുറിയില്‍ നിന്നും ചുവരിലൂടെ ഉള്ളിലേക്ക് നീണ്ടു കിടക്കുന്ന ഐ. വി ട്യൂബുകളും അല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.
‘ഡെത്ത് ചേംബര്‍’ എന്ന കൊലമുറിയുടെ വാതില്‍ തുറക്കപ്പെട്ടു. വെള്ള പൈ ജാമയില്‍ വലെറിയ മുറിയിലേക്ക് കടന്നുവന്നു. കൊലക്കളത്തിലേക്ക് നയിക്കപ്പെടുന്നതിന്റെ ഭീതിയൊന്നും അവളുടെ മുഖത്ത് കണ്ടില്ല. സന്ദര്‍ശകരിരിക്കുന്ന ഭാഗത്തേക്ക് അവള്‍ കണ്ണുകളയച്ചു. അനിതയുടെ കണ്ണുകളുമായി തമ്മില്‍ ഇടഞ്ഞപ്പോള്‍, സാക്ഷിയാകാന്‍ എത്തിചേര്‍ന്നതിന്‍റെ കൃതജ്ഞത അവളുടെ കണ്ണുകളില്‍ തിളങ്ങിക്കണ്ടു. അവള്‍ അനിതയെ നോക്കി പുഞ്ചിരിച്ചു.
കഴുമരച്ചോട്ടിലെ പുഞ്ചിരിക്കു മുന്നില്‍ പതറാതിരിക്കാന്‍ ആരാച്ചാര്‍ക്കു പോലുമാകുമോ? അനിതാ റാണിക്കു കരച്ചില്‍ പിടിച്ചു നിര്‍ത്താനായില്ല. പുറകിലിരുന്ന ആരുടെയോ കരമപ്പോള്‍ അവളെ ആശ്വസിപ്പിക്കാനായി അവളുടെ ചുമലില്‍ തലോടുന്നത് അവളറിഞ്ഞു.
വലേറിയയെ കട്ടിലില്‍ കിടത്തി, കുരിശിലെന്നപോലെ കൈകാലുകള്‍ ബന്ധിച്ചു. അവള്‍ തല ചെരിച്ചുകൊണ്ട് ബന്ധിക്കപ്പെട്ട തന്‍റെ രണ്ടു കൈകളിലേക്കും മാറിമാറി നോക്കി.
ഒരു മെഡിക്കല്‍ ടെക്നീഷ്യന്‍ അവളുടെ ഇരു കൈത്തണ്ടയിലും ഐ.വി നീഡില്‍ പിടിപ്പിക്കാന്‍ തുടങ്ങി. അയാളുടെ മുഖത്തേക്കും കയ്യിലുമായി അവള്‍ മാറിമാറി നോക്കി. അയാളാകട്ടെ അവളുടെ കണ്ണുകള്‍ക്കു പിടികൊടുക്കാതെ, അയാളുടെ ജോലി പൂര്‍ത്തിയാക്കി ഒരരികിലേക്ക് മാറി നിന്നു.
ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ വലെറിയയുടെ അടുക്കലേക്കു മുഖം അടുപ്പിച്ചു പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു
“മിസ്. വലെറിയ നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?”
“ഉണ്ട് “
അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
നാടക അരങ്ങിലെപ്പോല്‍, മുറിയുടെ മച്ചില്‍ നിന്നും ഒരു മൈക്രോഫോണ്‍ സാവധാനം താഴ്‌ന്നുവന്നു വലെറിയയുടെ വദനത്തിനടുത്തായെത്തി നിന്നു.
“മിസ്. വലെറിയ നിങ്ങള്‍ക്ക് രണ്ടുമിനുട്ട് സംസാരിക്കാം, ഇവിടെ ഇരിക്കുന്നവര്‍ എല്ലാവരും അതു കേള്‍ക്കുകയും, റെക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും”
വലെറിയ സമ്മതഭാവത്തില്‍ അവളുടെ തലയിളക്കി
“എങ്കില്‍ പറഞ്ഞോളു”
അയാള്‍ കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“ഓ ജീസസ്, നീ അപേക്ഷിച്ചതു തന്നെ ഞാന്‍ നിന്നോടപേക്ഷിക്കുന്നു. ഇവര്‍ ചെയ്യുന്നതെന്താണെന്നു ഇവര്‍ അറിയുന്നില്ല, ഇവരെ നീ ശിക്ഷിക്കരുതെ”
“മിസ്. വലെറിയ, നിങ്ങള്‍ക്ക് അല്പം വെള്ളം കുടിക്കണമെന്നു തോന്നുണ്ടോ?”
ഇല്ല, എന്നവള്‍ തലയനക്കി
ജാലകത്തിനപ്പുറം കര്‍ട്ടന്‍ വീണു. മരണം കൈത്തണ്ടയില്‍ ഘടിപ്പിച്ചിരുന്ന ട്യൂബിലൂടെ അവളുടെ ശരീരത്തിലേക്ക് പ്രവഹിച്ചു തുടങ്ങി.
“ഇവള്‍ യഥാര്‍ത്ഥത്തില്‍ നിരപരാധിയായിരുന്നെന്നു തോന്നുന്നു”.
കാണികളില്‍ ആരോ നെടുവീര്‍പ്പോടെ പറഞ്ഞു.
VII
“പരാജയത്തിന്‍റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പേറുന്ന കേസ് ഫയലുകള്‍ ഒരു പക്ഷെ നശിപ്പിച്ചിരിക്കാം”
ഡിക്റ്ററ്റീവു ഹാരി ഫോര്‍മാന്‍ അയാളുടെ ഇന്‍വെസ്ടിഗേഷന്‍ ഡയറിയില്‍ കുറിച്ചിട്ടു.
അറ്റോര്‍ണി ഹാര്‍വിയുടെ മരണത്തെക്കുറിച്ച് അന്വോഷിക്കുന്നതിനിടയില്‍, ഹാര്‍വിയുടെ സ്യൂട്ട്കേസില്‍ നിന്നും വലെറിയയുടെ ശിക്ഷ നടപ്പിലാക്കിയതിന്‍റെ വാര്‍ത്തകള്‍ വന്ന ദിനപത്രങ്ങളുടെ പ്രതികള്‍ കാണാനിടയായി.
പ്രാഥമികമായി ആത്മഹത്യ എന്നു തോന്നിക്കുന്നുവെങ്കിലും മരണം നടന്ന മുറി അലങ്കോലമായി കാണപ്പെട്ടത്തില്‍, മരണസമയത്ത് മറ്റൊരാളുടെ സാന്നിധ്യം ഉണ്ടായിരുന്നുവോയെന്നു ഡിറ്റക്ടീവിനു സംശയംതോന്നി.
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ നടത്തിയ ഒരു കേസിലെ കക്ഷിയുടെ വധശിക്ഷ ഇപ്പോള്‍ നടപ്പിലാക്കിയപ്പോള്‍ ഹാര്‍വി ഡേവിഡ് മരണപ്പെട്ടതായി കാണപ്പെടുന്നു. ഈ മരണത്തിനു വലെറിയയുടെ വധശിക്ഷയുമായി എന്തോ ബന്ധമുണ്ടെന്നു സംശയം തോന്നി.
പോലീസ് പക്കലുള്ള രേഖകള്‍ പരിശോധിച്ചതില്‍ അസാധാരണമായി ഒന്നും കണ്ടില്ല. കോടതിയില്‍ നിന്നും സെര്‍ച്ച് വാറണ്ടു വാങ്ങി ഹാര്‍വി ഡേവിഡിന്‍റെ ഓഫീസും വീടും പരിശോധിച്ചുവെങ്കിലും വലേറയുടെ കേസുകള്‍ സംബന്ധിച്ച ഫയലുകള്‍ ഒന്നും കണ്ടെത്താനായിയില്ല.
കൌതുകത്തിനു വേണ്ടി ഹാര്‍വിയുടെ ഗ്രന്ഥശേഖരത്തില്‍ നിന്നും ഒരു ബുക്കെടുത്ത് ഡിറ്റ്ക്ടീവ് ഫോര്‍മാന്‍ താളുകള്‍ മറിച്ചു നോക്കി. ഫോറെന്‍സിക്ക് മെഡിക്കല്‍ സംബന്ധിയായ ആ ബുക്കിനകത്തു നിന്നും താഴെ വീണ കടലാസ് കുറിപ്പുകള്‍ തിരികെ വയ്ക്കാനായി കുനിഞ്ഞെടുത്ത ഫോര്‍മാന്‍ അതിലൂടെ വെറുതെ കണ്ണോടിച്ചു.
ഹാര്‍വി ഡേവിഡ്, വലെറിയയുടെ കേസ് പഠിച്ചപ്പോള്‍ തയ്യാറാക്കിയ ഒരു കുറിപ്പാണതെന്നു മനസിലാക്കാന്‍ പ്രയാസമുണ്ടായില്ല.
പ്രോസീക്യൂഷന്‍ കൊണ്ടുവന്ന ശക്തമായ ഫോറെന്‍സിക്ക് മെഡിക്കല്‍ തെളിവാണ് വലെറിയയെ ശിക്ഷിച്ചത്. പക്ഷെ അതേ ശാസ്ത്രം കൊണ്ടുതന്നെ അവളെ കുറ്റവിമുക്തയാക്കാനുള്ള തെളിവുകളും വാദങ്ങളും ഹാര്‍വി ഡേവിഡ് എന്നെ സമര്‍ത്ഥനായ വക്കീല്‍ കണ്ടെത്തിയിരുന്നു. പക്ഷെ എന്ത് കൊണ്ട് ഹാര്‍വി ഡേവിഡ് തന്‍റെ കക്ഷിയുടെ നിരപരാധിത്വം തെളിയിക്കാന്‍ ഈ കണ്ടെത്തലുകള്‍ ഉപയോഗിച്ചില്ല ?
അങ്ങിനെയിരിക്കെ കേസില്‍ ഒരു വഴിത്തിരിവ് കിട്ടിയത് ഹാരി ഫോര്‍മാനെ ആവേശഭരിതനാക്കി. മരണം നടന്ന ഹോട്ടല്‍ മുറിയില്‍ നിന്നും മറ്റൊരാളുടെ വിരലടയാളം കൂടി കണ്ടെത്തി. അതേ വിരലടയാളത്തിന്‍റെ സാമ്പിളുകള്‍ മരണകാരണമായ വെടിയുതിര്‍ത്ത കൈത്തോക്കിലും ഹാര്‍വി ഡേവിഡിന്‍റെ വിരലടയാളത്തിനൊപ്പം കണ്ടെത്തി. അതോടൊപ്പം മറ്റൊരു കാര്യം കൂടി അറിഞ്ഞു, ആ വിരലടയാളത്തിന്‍റെ ഉടമ ഒരു സ്ത്രീയാണെന്ന വസ്തുതയും.
പരോള്‍ ഓഫീസര്‍ ജോ യുടെ സഹായത്തോടെ അനിതാ റാണി ഒരു പാണ്ടികശാലയില്‍ ജോലി തരപ്പെടുത്തി. മുടങ്ങിപ്പോയ തന്‍റെ പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ടി കോളേജു പ്രവശേനം തേടികൊണ്ട് എഴുത്തുകുത്തുകള്‍ ആരംഭിച്ചു.
വക്കീലിന്‍റെ മരണം ഒരു ആസൂത്രിത കൊലപാതകമായിരിക്കാമെന്നു ഹാരി ഫോര്‍മാന് തോന്നി. എന്തായാലും ഇനി കാര്യങ്ങള്‍ എളുപ്പമാകും. പ്രതി മുന്‍പ് ഏതെങ്കിലും കുറ്റകൃത്യത്തില്‍ പെട്ടിട്ടുള്ള ആളെങ്കില്‍ എഫ്. ബി. ഐ യുടെ വിരലടയാള ഡാറ്റ ശേഖരത്തില്‍ തീര്‍ച്ചയായും വിരലടയാള സാമ്പിള്‍ ഉണ്ടാകും, ഇനി കുറ്റകൃത്യ പശ്ചാത്തലമൊന്നുമില്ലെങ്കില്‍, സിവിലിയന്‍മാരുടെ വിരലടയാളങ്ങള്‍ സൂക്ഷിക്കുന്ന നാഷണല്‍ ഫിംഗര്‍ പ്രിന്റ് രെജിസ്റ്ററിയുടെ ശേഖരത്തില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുണ്ട്.
പക്ഷെ കാര്യങ്ങളോന്നും ഡിക്റ്ററ്റീവു ഫോര്‍മാന്‍ ഉദ്ദേശിച്ചപോലെ എളുപ്പമായില്ല. സമാനമായ വിരലടയാളം രാജ്യത്തുനിന്നും ലഭിക്കുകയുണ്ടായില്ല. വലിയ പ്രതീക്ഷയൊന്നും കൂടാതെയാണ് ഇന്റര്‍പോള്‍ വഴിയായി അംഗ രാജ്യങ്ങളിലെ വിരലടയാള ശേഖരത്തില്‍ നിന്നും സഹായം തേടിയതെങ്കിലും, ഇന്റര്‍പോള്‍ ഇക്കാര്യത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് വല്ലാത്ത വിചിത്ര സംഗതിയും അമേരിക്കന്‍ കുറ്റാന്വേഷണ വിദഗ്ധരെയും, ഫോറെന്‍ സിക്ക് ശാസ്ത്രകാരന്മാരെയും അതിശയിപ്പിക്കുന്നതും, വിരലടയാള ശാസ്ത്രത്തിന്‍റെ സമ്പൂര്‍ണ്ണതയെ ചോദ്യം ചെയ്യുന്നതുമായിരുന്നു.
ഹാരി ഫോര്‍മാന്‍ അയച്ചു കൊടുത്ത വിരലടയാളം ലണ്ടനിലെ വിരലടയാള ആര്‍ക്കീവിസിന്‍റെ കൈവശമുള്ള ഒരു വിരലടയാളവുമായി പൂര്‍ണ്ണമായും സാമ്യമുള്ളതായിരുന്നു. പക്ഷെ ആ വിരലടയാളത്തിന്‍റെ ഉടമ 1829-തില്‍ മരിച്ചുപോയിരുന്നു. തെക്കേ ഇന്ത്യയിലെ, ഇപ്പോഴത്തെ കര്‍ണാടക സംസ്ഥാനത്തിലെ ബെലിഹോനഗല്‍ കോട്ടയില്‍, ബ്രിട്ടീഷ് സൈന്യത്തിന്റെ തടവുകാരിയായി കഴിയവേ മരിച്ചുപോയ ഒരു തടവുകാരിയായിരുന്നു ആ വിരലടയാളത്തിന്‍റെ ഉടമ. അവരുടെ പേര്‍ റാണി ചെന്നമ്മ എന്നായിരുന്നു.