എകെഎംജി  കൺവൻഷൻ  ടോറോന്റോയിൽ ഓഗസ്റ് 4 മുതൽ 6 വരെ 

Published on 24 July, 2022
എകെഎംജി  കൺവൻഷൻ  ടോറോന്റോയിൽ ഓഗസ്റ് 4 മുതൽ 6 വരെ 

ടൊറന്റോ: അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്‌സിന്റെ (എകെഎംജി)  നാല്പത്തിമൂന്നാമത് വാർഷിക  കൺവൻഷൻ ടോറോന്റോയിൽ വച്ച്  ഓഗസ്റ്റ്  4 മുതൽ 6 വരെ നടക്കും. അമേരിക്കയിൽ ഇന്ത്യൻ ഡോക്ടർമാരുടെ ആദ്യ കേന്ദ്ര സംഘടനയാണ് എ.കെ.എം.ജി. 

വൈവിധ്യത്തിന്റെ നാടായ ടോറോന്റോയിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ഷെറാട്ടൺ സെന്റർ ടോറോന്റോ ഹോട്ടലാണ് കൺവൻഷൻ വേദി. 43 നിലകളുള്ള ഹോട്ടലാണിത്.

പ്രസിഡന്റ് നിഖിൽ ഹാറൂണിന്റെ നേതൃത്വത്തിൽ സ്തുത്യർഹമായ ഒട്ടേറെ കാര്യങ്ങൾ ചെയ്തതിന്റെ പരിസമാപ്തി  കുറിച്ചാണ് കൺവൻഷൻ. 

തൊഴിൽപരമായി ഏറ്റവുമധികം സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്ന വിഭാഗം എന്ന നിലയിൽ, ഇത്തരം ഒത്തുചേരലുകൾ ഡോക്ടർമാരുടെ വ്യക്തിജീവിതത്തിനും ആരോഗ്യത്തിനും നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ  ഐഎംഎ കേരള ചാപ്റ്ററുമായി ചേർന്ന്, 4.5 മില്യൺ ഡോളർ വിലവരുന്ന മെഡിക്കൽ സാമഗ്രികളാണ് കേരളത്തിലെ പതിനാല് ജില്ലകളിലായി എകെഎംജി വിതരണം ചെയ്തത്. 

കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ എകെഎംജി-യിലേക്ക് പുതുതലമുറ ആകൃഷ്ടരായതിന്റെ ഫലമായി സംഘടന സുശക്തമാവുകയും വിജയത്തിന്റെ പടവുകൾ അതിവേഗം താണ്ടുകയുമാണ്. സ്ത്രീകളുടെ പ്രാതിനിധ്യവും എടുത്തുപറയാവുന്നതാണ്. 

കോവിഡ് പ്രതിസന്ധികൾ അതിജീവിച്ച ശേഷം നിരവധി ഓൺലൈൻ ഇവന്റുകളും സംഘടന കഴിഞ്ഞ വർഷം നടത്തി. ഗായകൻ ജി.വേണുഗോപാലും കലൈമാമണി ഗോപിക വർമ്മയും മുഖ്യാതിഥികളായി എത്തിയ കേരള പിറവി ആഘോഷപരിപാടികൾ വിജയകരമായിരുന്നു. പുതുവർഷാഘോഷവും ഗംഭീരമായി കൊണ്ടാടി. കാലിഫോർണിയ ചാപ്റ്റർ എകെഎംജി സ്പ്രിങ് മീറ്റിങ്ങും ഓൺലൈനായി സംഘടിപ്പിച്ചു. മിഷിഗൺ-ന്യൂയോർക്ക് ചാപ്റ്ററുകൾ എകെഎംജി ഓൺലൈൻ എന്റർടെയ്ൻമെന്റ് പരിപാടികളും മികച്ച രീതിയിൽ നടത്തി.

കൺവൻഷനിൽ  കണ്ടിന്യുവിംഗ് മെഡിക്കൽ എഡ്യുക്കേഷന്റെ  (സിഎംഇ)   ഫോക്കസ്  ഹൃദ്രോഗം, കാൻസർ തുടങ്ങിയവയുടെ ചികിത്സാരീതികളിൽ നൂതനമായി കൈവന്ന മാറ്റങ്ങളെക്കുറിച്ചാണ്.
  
എകെഎംജി-യുടെ എക്സിക്യൂട്ടീവ് ആൻഡ് എജ്യുക്കേഷൻ കമ്മിറ്റിയുടെയും സ്പോൺസർമാരുടെയും  പിന്തുണയോടെ കഴിഞ്ഞ വർഷം, ഒൻപത് മെഡിക്കൽ വിദ്യാർത്ഥികൾക്ക്  സൗജന്യമായി അറ്റ്ലാന്റാ കൺവൻഷനിൽ പങ്കെടുത്തു  തങ്ങളുടെ ഗവേഷണം  അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അവയിൽ പലതും അമേരിക്കൻ മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകൃതമാവുകയും ചെയ്തു. ചെറുപ്പക്കാരായ ഡോക്ടർമാർക്ക് മുന്നോട്ട് വരാനുള്ള പ്രോത്സാഹനവും സാഹചര്യവും ഒരുക്കുന്നതിൽ എകെഎംജി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. 

യുകെയിലെയും മിഡിൽ ഈസ്റ്റിലെയും കേരള മെഡിക്കൽ സൊസൈറ്റിയുമായി സംയോജിച്ചതാണ്  എകെഎംജി ഈ വർഷം കൈവരിച്ച ശ്രദ്ധേയമായ നേട്ടം. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 18 നോർത്ത് അമേരിക്കൻ സംഘടനകളാണ് എകെഎംജിയുമായി പങ്കാളികളായിരിക്കുന്നത്. ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ റിലീഫ് ഏജൻസിയായ ഗ്ലോബൽ മെഡിക് , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് എന്നിവയുമായും സുദൃഢമായ ബന്ധം പടുത്തുയർത്താൻ എകെഎംജിക്ക് സാധിച്ചിട്ടുണ്ട്. ഹെല്പ് ഏജ് ഇന്ത്യ, പാലിയം ഇന്ത്യ എന്നീ സംഘടനകളുമായും ചേർന്നും  എകെഎംജി പ്രവർത്തിക്കുന്നു .

2018-19 ലെ പ്രളയത്തിൽ ദുരിതത്തിലായ മലയാളികൾക്ക് കൈത്താങ്ങായി, ജീവജലം പദ്ധതിയും നടപ്പാക്കി. വെള്ളപ്പൊക്കം മൂലം ഭവനരഹിതരായിത്തീർന്നവർക്ക്, ഡോ. തോമസ് മാത്യു  പ്രസിഡണ്ടായിരിക്കെ  38 വീടുകൾ നിർമ്മിച്ച് നൽകി. മഹാമാരിയിൽ സാമ്പത്തികമായി തകർന്ന കലാകാരന്മാർക്ക് കൈത്താങ്ങാകുന്ന പ്രോജക്ടും എകെഎംജിയുടെ ഹെല്പിങ് ഹാൻഡ്‌സിലൂടെ നടത്തി. നാടകം, കഥകളി, പഞ്ചവാദ്യം തുടങ്ങിയ രംഗങ്ങളിലെ 31 കലാകാരന്മാരെ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് പിന്തുണച്ചു.

ഡോ. തെരേസ വർഗീസിന്റെ നേതൃത്വത്തിലുള്ള എകെഎംജിയുടെ യുവനിരയുടെ കമ്മിറ്റിയും പ്രവർത്തനങ്ങളിൽ സജീവമാണ്. ബിസിനസ് ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നതിലും  പുതുതലമുറയിൽപ്പെട്ട മലയാളികളായ  ഡോക്ടർമാരെയും ഡെന്റിസ്റ്റുമാരെയും കോർത്തിണക്കുന്നതിലും കമ്മിറ്റി ബദ്ധശ്രദ്ധ നൽകുന്നുണ്ട്. 

ഡോ. ദീപു സുധാകരന്റെ നേതൃത്വത്തിലുള്ള എകെഎംജിയുടെ മെന്റർഷിപ്പ് കമ്മിറ്റി, നോർത്ത് അമേരിക്കയിൽ തുടക്കക്കാരായ ഡോക്ടർമാർക്ക് ഏറെ സഹായകമാണ്. ഡോ. മറീന സി.ജോർജ് എകെഎംജി അംഗങ്ങൾക്കായി കരിയർ കോച്ചിങ് സർവീസ് ലോഞ്ച് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുന്ന 'ലോഞ്ച്പാഡ്' എന്ന പ്രോഗ്രാമും വിജയകരമായി തുടങ്ങിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ  നിന്നുള്ള അംഗങ്ങളും കൺവൻഷനിൽ  പങ്കെടുക്കാൻ ടോറോന്റോയിൽ എത്തും.

കൺവൻഷന്റെ ഭാഗമാകാൻ 1100 ഡോളർ വീതമാണ് കണക്കുകൂട്ടുന്നത്. ഒരു രാത്രി  600 ഡോളർ വരുന്ന റൂമുകൾ, 180 ഡോളറിന് ലഭ്യമാക്കും. ദ്വിദിന ഗോൾഫ് പ്രോഗ്രാം ഉണ്ടായിരിക്കും.
രണ്ടു ദിവസവും യോഗ സെഷനിൽ പങ്കെടുക്കാൻ അവസരമുണ്ട്.

ഓഗസ്റ്റ് 4-നു   ഡിന്നറിന് ശേഷമായിരിക്കും ഉദ്ഘാടനച്ചടങ്ങ്. തുടർന്ന്, ജെ.സി.ഡാനിയേൽ അവാർഡ് ജേതാവായ എഴുത്തുകാരൻ അഭയദേവിന്റെ ചെറുമകനും കാനഡയിലെ പ്രമുഖ വയലിനിസ്റ്റുമായ ജയദേവന്റെ സംഗീത പരിപാടി ആസ്വദിക്കാം. ഇന്ത്യൻ സംഗീതത്തിന്റെയും ഐറിഷ് സംഗീതത്തിന്റെയും ഫ്യൂഷൻ ഒരുക്കി , ഹോളിവുഡ് നോർത്ത് അമേരിക്ക അവാർഡ്‌സ് ഫോർ ബെസ്റ്റ് ഒറിജിനൽ സ്കോർ നേടിയിട്ടുണ്ട് അദ്ദേഹം. 80 -കളിലെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവയ്ക്കാൻ ഓപ്പൺ ഡാൻസ് ഫ്ലോർ സജ്ജമായിരിക്കും.
സംഗീതവും നർമ്മവും ഫാഷനും നൃത്തവും ഇഴചേർത്ത് ആഘോഷത്തിന്റെ സായാഹ്നമാണ് ഏവരെയും കാത്തിരിക്കുന്നത്.

ലോകാരോഗ്യസംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ സൂമിലൂടെ പരിപാടിയിൽ പങ്കെടുക്കും. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞായിരിക്കും എകെഎംജി ജനറൽ ബോഡി മീറ്റിംഗ്.
ഫോട്ടോഗ്രാഫിയിൽ  അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള തോമസ് വിജയൻറെ ചിത്രപ്രദർശനവും ഉണ്ടായിരിക്കും.

സൂപ്പർ 30 എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവായ ഡോ. ബിജു മാത്യുവിന്റെ നേതൃത്വത്തിലായിരിക്കും ലിറ്റററി സെഷൻ.

കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ 14 അന്താരാഷ്‌ട്ര ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് അർഹമായ 'ഡികോഡിങ് ശങ്കർ' എന്ന സിനിമയാണ് ഈ വർഷം പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ശങ്കർ മഹാദേവന്റെ ബയോപ്പിക്കാണിത്.
വിജയ് യേശുദാസ്, അഫ്സൽ, ടീനു ടെലെൻസ്, കോട്ടയം നസീർ എന്നിവർ ഒന്നിക്കുന്ന ഗാലാ  നൈറ്റാണ് മുഖ്യ ആകർഷണം.

പരിപാടികളും സമയവും ചുവടെ:
ഓഗസ്റ്റ് 4 വ്യാഴാഴ്‌ച (സിഎൻ ടവർ 360 റെസ്റ്റോറന്റിൽ)
12 pm മുതൽ 7 pm വരെ: രജിസ്‌ട്രേഷൻ
1 pm മുതൽ 3 pm വരെ: എകെഎംജി ലോഞ്ച്പാഡ് വർക് ഷോപ്പ്
4.30 pm മുതൽ 7.30 pm വരെ: സിഎൻ ടവർ ഡിന്നർ
9 pm : ഉദ്ഘാടന ചടങ്ങ്
9.30 pm മുതൽ 10.30 pm വരെ: വയലിൻ ഫ്യൂഷൻ
10.30 pm മുതൽ അർദ്ധരാത്രി വരെ : ഡിജെ നൈറ്റ്

ഓഗസ്റ്റ് 5 വെള്ളിയാഴ്ച

6.30 am മുതൽ 7.30 am വരെ: യോഗ
8 am മുതൽ 12 pm വരെ: രജിസ്‌ട്രേഷനും സിഎംഇ യും
7.30  am മുതൽ 9.30 am വരെ: ബ്രേക്ക്ഫാസ്റ്റ്
12.30 pm മുതൽ 2.30 pm വരെ: ഓണസദ്യ
10.30 am മുതൽ 11.30 am വരെ: സ്പൗസൽ പ്രോഗ്രാം
8 am മുതൽ 2 pm വരെ: ഗോൾഫ്
3 pm മുതൽ 4 pm വരെ: ജനറൽ ബോഡി മീറ്റിംഗ്
4 pm മുതൽ 5 pm വരെ: ഫോട്ടോഗ്രഫി  വർക് ഷോപ്പും ലിറ്റററി സെഷനും
5.30 pm മുതൽ 6pm വരെ: നെറ്റ്വർക്കിങ് റിസപ്‌ഷൻ
6 pm മുതൽ 7 pm വരെ: മ്യൂസിക് ലൈവ്,നവനീത് ഉണ്ണികൃഷ്ണൻ
7 pm മുതൽ 11 pm വരെ: എകെഎംജി ടാലന്റ് ഷോ

ഓഗസ്റ്റ് 6, ശനിയാഴ്‌ച

6.30  am മുതൽ 7.30 am വരെ: യോഗ
8 am മുതൽ 12 pm വരെ: സിഎംഇ
7.30  am മുതൽ 9.30 am വരെ: ബ്രേക്ക്ഫാസ്റ്റ്
10 am മുതൽ 12 pm വരെ: രജിസ്ട്രേഷൻ
10.30 am മുതൽ 12.30 pm വരെ: സാരി എക്സ്പോ
8 am മുതൽ 2 pm വരെ: ഗോൾഫ്
12 pm മുതൽ 1.30 pm വരെ: ബുഫെ ലഞ്ച്
2 pm മുതൽ 4 pm വരെ: ഡീകോഡിങ് ശങ്കർ (സിനിമ)
5.30 pm മുതൽ 6 pm വരെ: നെറ്റ്വർക്കിങ് റിസപ്‌ഷൻ
6.15 pm മുതൽ 11.15 pm വരെ: ഗലാ നൈറ്റ് (സെലിബ്രിറ്റികൾ പങ്കെടുക്കുന്ന വിനോദപരിപാടികൾ)

കൂടുതൽ വിവരങ്ങക്ക്  www.akmg.org   സന്ദർശിക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക