ജീവിതം തുടങ്ങുകയോ അവസാനിയ്ക്കയോ ? ഒരു വേളിക്കഥ : പദ്മം രാമൻ

Published on 24 July, 2022
ജീവിതം തുടങ്ങുകയോ അവസാനിയ്ക്കയോ ? ഒരു വേളിക്കഥ : പദ്മം രാമൻ

ഇല്ലത്തു നാല് പെൺകുട്ടികൾ ഒരു പോലെ വളർന്നു നില്ക്കുന്നു .പല വേളികളിലുമായി .മകളെ കൊടുക്കാൻ സ്വയം വേളികഴിയ്ക്കുന്ന പുരുഷ കേസരികൾ .അനിയന്മാർ തന്ത്രവും മന്ത്രവും ശാന്തിയുമായി കഴിയുന്ന ഒരു കാലം .അമ്പലവാസികളെയോ നായന്മാരെയോ തരപ്പെട്ടാൽ ഒരു സംബന്ധം .

അച്ഛനെ കാണുന്നത് ഉച്ചയ്ക്ക് ഉണ്ണാനിരിയ്ക്കുമ്പോൾ മാത്രം.പെണ്മക്കൾ വിളമ്പണം .രാവിലെ കുളി തേവാരം അടുക്കള ഇങ്ങനെ കഴിഞ്ഞുകൂടുന്ന ജീവിതം .ഇടയ്ക്കു അമ്മമാരുടെ കൂടെ ചില സദ്യകൾ , കഥകളി ഇവയൊക്കെ ചില ആസ്വാദനങ്ങൾ .

പതിനൊന്നു വയസ്സുവരെ കൈകൊട്ടിക്കളിയും മറ്റുമായി വടക്കേക്കെട്ടു മുഖരിതം.പെൺകുട്ടികൾ കൈകൊട്ടിക്കളി പഠിയ്ക്കണം .ഒരലിഖിത നിയമം .കഥകളി ആശാന്മാരെ അച്ഛൻ തന്നെ നിയമിയ്ക്കും.ആശാന്മാർ വടക്കേ കെട്ടിൽ വരില്ല.അതുകൊണ്ട് പറ്റിയ സ്ഥലങ്ങൾ നിശ്ചയിക്കും . ഓണത്തിന് ,  പഠിച്ചതൊക്കെ പാടിക്കളിയ്ക്കണം . ..

വേളിയാലോചനകൾ വരുന്നുണ്ട് എന്ന് ആത്തേമ്മാരോളുടെ ഇടയിൽ കുശുകുശുപ്പു കേട്ടു .ജാതകം ചേരും.ഒറ്റ മകനാ ....മേശാന്തിമാരുടെ തറവാട് .പെൺകുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാത്ത കാലം .തറവട്ടാശാരി വന്നു കാൽപ്പെട്ടി പണിയുന്നു.പെട്ടിയിൽ വെയ്ക്കാനൊക്കെ 'അമ്മ തരപ്പെടുത്തുന്നു.വാൽക്കണ്ണാടി ചാന്ത് ചെപ്പ് കണ്മഷി .ഉടുക്കാൻ കുറെ മുണ്ടുകൾ ..കുന്നിക്കുരു കിഴികെട്ടുന്നു .

അയിനൂണ് ഗംഭീരമായി . കുളത്തിൽ കുളി,നേദ്യം അഞ്ചു മംഗല്യസ്ത്രീകൾക്കൊപ്പം ഊണ് .മൈലാഞ്ചിയിടൽ .തേവരുടെ മുന്നിൽ നിന്ന് വാൽക്കണ്ണാടിയും കുടയും കൊടുത്ത് വേളിക്കുട്ടിയെ അകത്തിരുത്തുന്നു .അകം വായ്ക്കുരവയുടെ അലയടികൾ ഉയരുന്നു അമ്മഗൗരവത്തിലാണ്.പിറ്റേ ദിവസം കുളിച്ചു പുതുവസ്ത്രമണിഞ്ഞു ശ്രീലാകത്തിരുന്നു .

കയ്യിലെ മൈലാഞ്ചിയിൽ വാൽക്കണ്ണാടി തിളങ്ങി .

പടിയ്ക്കലിൽ നിന്ന് ആർപ്പു കേൾക്കുന്നുണ്ട് .മനസ്സ്  തുള്ളി.

തലേ ദിവസം ജന്മഗൃഹത്തിൽ നിന്ന് ഐനുണ്ട് ഇറങ്ങിയ ആളിനി വധുവിനെ കൂട്ടിയേ മടങ്ങു.അച്ഛൻ കാലുകഴികി കുളിച്ചു വേൾക്കാനായി ആനയിച്ചു .പിതാവ് കെട്ടിയ താലിയുമായി വധു എട്ടുമുണ്ടിൽ പൊതിഞ്ഞെത്തി .അഗ്നികുണ്ഡത്തിന്നരികെ .ചില മന്ത്രങ്ങൾക്കും ചടങ്ങിനും ശേഷം ദർഭ കൂട്ടിച്ചേർത്ത ആവണിപലകയിൽ തലയും തൂക്കിയിരുപ്പ് .വലത്തോട്ടു തിരുകിയ മുടിയിൽ ദശപുഷ്പ്പം

കോടിമുണ്ടിൻ  കൂട്ടിൽ മണം പരത്തി മുഖദർശന സമയത്തു ഒരു നോക്ക് കണ്ടു വരനെ...നീണ്ടു വെളുത്ത വിളർത്ത മുഖമുള്ള വേളിക്കാരൻ ...മന്ത്രങ്ങൾ മുഴങ്ങി ഹോമകുണ്ഡമെരിഞ്ഞു .മലർ ഹോമം...അമ്മി ചവിട്ടിയ്ക്കൽ ...തലകൂട്ടി  മുട്ടിയ്ക്കൽ പാണിഗ്രഹണം അങ്ങിനെയങ്ങിനെ വിവാഹ മുഹൂർത്തം പിന്നിടുകയാണ്.

വേളിയോത്ത് അർത്ഥഗംഭീരമായി ഉരുവിട്ട്  .
തലയാട്ടി  നമ്പൂതിരിമാർ .പിന്നെ പുറത്തു വല്യേക്കാർക്കു അടയാളം കൊടുത്ത് ആർക്കാൻ  .അത്യുച്ചത്തിൽ ആർപ്പുകൾ ....ആ... റ   പ്പേയ് ...ആ കൂയ് ...ആ കൂയ് ..

പിന്നെ ജന്മ വീട്ടിലെ ഒറ്റമുറിയകത്തു നാലുദിവസംകുളിയ്ക്കാതെ മുണ്ടു മാറ്റാതെ...വരനെ ഹോമകുണ്ഡത്തിൻറെ  അടുത്തു വെച്ച് കാണാം.

നാലാം ദിവസം കുളിച്ചു പുതുവസ്ത്രം അണിഞ്ഞു അകത്തേയ്ക്ക് .അണിയാനുള്ള വസ്ത്രം, കുട ഒക്കെ വരൻറെ  വക .ജന്മവീട്ടിലെ അവസാന രാത്രി ആദ്യരാത്രി .പിറ്റേന്നു അമ്മയൊരുക്കിയ പെട്ടിയുമായി ഭർതൃവീട്ടിലേക്ക് .ഇനി ജന്മവീട് വിരുന്നുവരാൻ  മാത്രം. 

 പടിഞ്ഞാറേ വാതിലിലൂടെ വധു ഭർതൃഗൃഹമേറി ആർപ്പോടെ .നടുമുറ്റത്തിറക്കി വേളിക്കാരൻറെ   'അമ്മ  കണ്ണെഴുതി കുറിതൊട്ടിരിക്കുന്ന വധുവിനെ ദശപുഷ്പ്പം ചൂടിച്ചു .പൊന്നണിയിച്ചു .അപ്പം നേദിയ്ക്കാൻ  തുടങ്ങുമ്പോഴേയ്ക്കും ഉണ്ണികൾ അപ്പം തട്ടിപ്പറിച്ചോടി .മുല്ലയ്‌ക്ക് നനച്ചു രുഗ്മണീ സ്വയം വരംചോല്ലി നടുമുറ്റത്ത് നിന്ന് വടുക്കിനിയിലേക്ക് .പാലും പഴവുംകൊടുത്ത് ബന്ധുക്കൾ ചെറുതാലി കേട്ടിയ്ക്കുക എന്ന ചടങ്ങിന് പണം കയ്യിൽ തന്നു മടങ്ങി.പിന്നെ ഗംഭീര കൈകൊട്ടിക്കളി,സദ്യ.

ആളനക്കംകുറഞ്ഞ ആ നാലുകെട്ടിൽ തളയ്ക്കപ്പെട്ട ജീവിതം.

പിന്നെ കുറെകുറേയനുഭവങ്ങൾ ..

ദുഃഖങ്ങൾ ജീവിതപാഠങ്ങൾ .

അകം നിറയെ ആളുകളുള്ളിടത്തുനിന്ന് ശൂന്യതയിലേക്ക് എടുത്തെറിഞ്ഞപോലെ ...

ജീവിതം തുടങ്ങുകയോ അവസാനിയ്ക്കയോ ?

പകച്ചു നിന്നൊരു വധു ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക