Image

ദേശീയ ചലച്ചിത്ര അവാർഡ് - 2020, കാഴ്ചകൾ : ആൻസി സാജൻ

Published on 25 July, 2022
ദേശീയ ചലച്ചിത്ര അവാർഡ് -  2020, കാഴ്ചകൾ : ആൻസി സാജൻ

2020 - ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെടുമ്പോൾ ഇന്ത്യൻ സിനിമാ ചിത്രത്തിൽ മലയാളത്തിന് വർണാഭയേറി. ബോളിവുഡിന്റെ അധീശത്വവും അടക്കിവാഴലുകളും പിന്നിലാക്കി തെന്നിന്ത്യ മിന്നലൊളിയായി. 

പ്രാദേശിക ഭാഷാചിത്രങ്ങളാണ് വിജയരഥങ്ങളിൽ അണിനിരന്നത്. മലയാളത്തിന് ശ്രേഷ്ഠമായ 8 സമ്മാനങ്ങൾ. തമിഴിനും മികവാർന്ന അംഗീകാര ലബ്ധി. മികച്ച സിനിമ, നടൻ , നടി, സഹനടീ നടൻമാർ എന്നിങ്ങനെ പ്രധാന പുരസ്കാരങ്ങളെല്ലാം മലയാളവും തമിഴും സ്വന്തമാക്കി. 

കോവിഡ് മൂലം തിയേറ്ററിലെത്താതെ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ആസ്വാദകർ കണ്ട സിനിമ  ദേശീയതലത്തിൽ മികച്ചു നിന്നുവെന്ന പ്രത്യേകതയും ഈ അവാർഡിനെ വ്യത്യസ്തമാക്കുന്നു. ഒന്നാമതെത്തിയ സുരറൈ പോട്ര്  ആമസോൺ പ്രൈമിലൂടെയായിരുന്നു റിലീസ്.

സംവിധായകൻ വിപുൽ ഷാ അധ്യക്ഷനായ ദേശീയ ജൂറിയിൽ മലയാളത്തിന്റെ വിജി തമ്പിയും അംഗമായിരുന്നു.

അയ്യപ്പനും കോശിയും എന്ന ചിത്രമൊരുക്കിയ  സച്ചിയാണ് (കെ.ആർ സച്ചിദാനന്ദൻ ) മികച്ച സംവിധായകൻ. (സമ്മാനം ഏറ്റുവാങ്ങാൻ സച്ചിയില്ല എന്നത് മലയാള സിനിമയുടെ ദുഃഖമായി ) .4 പുരസ്കാരങ്ങളാണ് അയ്യപ്പനും കോശിയും നേടിയത്. 

തമിഴ് ചിത്രം 
സുരറൈ  പോട്രിലെ 'ബൊമ്മി' എന്ന കഥാപാത്രത്തിലൂടെയാണ് അപർണ ബാലമുരളി, മികച്ചനടിപ്പട്ടം നേടിയതെങ്കിലും അഭിമാനം മലയാളത്തിനായി. ഇതേ ചിത്രത്തിലൂടെ സൂര്യയും' തൻഹാജി ദ അൺസങ് വാരിയർ' എന്ന ചിത്രത്തിലൂടെ ബോളിവുഡ് നായകൻ അജയ് ദേവ്ഗണും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു.
സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് തന്നെയാണ് 2020-ലെ മികച്ച ഇൻഡ്യൻ സിനിമ. എയർ ഡെക്കാൻ വിമാനക്കമ്പനി സ്ഥാപിച്ച ജി.ആർ. ഗോപിനാഥിന്റെ ജീവിത കഥയാണ് ഈ സിനിമ പറയുന്നത്. 5 സമ്മാനങ്ങളാണീ ചിത്രം നേടിയത്. സംവിധായിക സുധ കൊങ്കരയോടൊപ്പം മലയാളിയായ ശാലിനി ഉഷ നായരും ഈ ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയത് അഭിമാന നേട്ടമായി.

മലയാള സിനിമയിലിപ്പോൾ ബിജു മേനോന്റെ നല്ല സമയമാണെന്നു പറയാം. ഒട്ടേറെ വ്യത്യസ്ത റോളുകളുമായി പ്രേക്ഷകഹൃദയം നേടിയെടുത്ത ബിജു മേനോൻ അയ്യപ്പനും കോശിയിലൂടെ ഇൻഡ്യൻ സിനിമയിലെ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പൻ നായർ അത്രയും ഉജ്ജ്വലമായിരുന്നു എന്നതിന് എതിരഭിപ്രായം ഉണ്ടാവില്ല.

അയ്യപ്പനും കോശിയും ചിത്രത്തിലെ , ഗോത്ര സംസ്കാരവും തനിമയും തുളുമ്പുന്ന 'കളക്കാത്ത സന്ദനമേറം ' എന്ന പാട്ടുപാടിയ ആദിവാസി വിഭാഗത്തിലെതന്നെ പാട്ടുകാരി നാഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക.
അയ്യപ്പനും കോശിയിലെ സ്വാഭാവിക സംഘട്ടന രംഗങ്ങളൊരുക്കിയ മാഫിയ ശശി രാജശേഖർ, സുപ്രീം സുന്ദർ എന്നിവരും സമ്മാനിതരായി.
മലയാളത്തിലെ മികച്ച ചിത്രമായി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ' തിങ്കളാഴ്ച നിശ്ചയം ' തിരഞ്ഞടുക്കപ്പെട്ടു.

സിനിമയുടെ വിവിധ മേഖലകളിലെ മറ്റ് അവാർഡുകളെപ്പറ്റി ഇവിടെ ഇനിയും പരാമർശിക്കുന്നില്ല. എങ്കിലും മികച്ചതായി ഒരു സിനിമാ നിരൂപണ ഗ്രന്ഥവും കണ്ടെത്താനായില്ല എന്ന ജൂറിയുടെ തീരുമാനം, കൂടുതൽ ചിന്തകളിലേക്ക് വളരട്ടെ എന്ന പ്രാർത്ഥനയുണ്ട്. 

ഫീച്ചർ വിഭാഗത്തിൽ 205 ഉം നോൺ ഫീച്ചർ വിഭാഗത്തിൽ 148 - ഉം ചിത്രങ്ങളാണ് 2020- ലെ ദേശീയ അവാർഡിനായി പരിഗണിച്ചത് എന്നറിയുന്നു.

ഫഹദ് ഫാസിലും നവ്യ നായരും മികച്ച നടനും നടിക്കുമുള്ള മൽസരത്തിന്റെ ഒടുവിലെ റൗണ്ടിൽ വരെ പരിഗണനയിൽ വന്നെങ്കിലും ഫലം വ്യത്യസ്തമായി.
ഫഹദിന്റെ അഭിനയ വൈഭവം വേറിട്ട മികവോടെ തുടരുന്നത് ഇനിയും ആശയ്ക്ക് വക നൽകുന്നുണ്ട്. നടിമാരുടെ കാര്യത്തിൽ, കഴിവുണ്ടെങ്കിലും അങ്ങനെയൊരു പ്രത്യാശ പുലർത്തുന്നത് സഫലമാകുമെന്ന് പറയാൻ വയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടട്ടെ.

അവാർഡ് പ്രഖ്യാപനങ്ങളെത്തുടർന്ന് വിവാദങ്ങളും കൊടുമ്പിരി കൊള്ളാറുണ്ട്. ഇത്തവണ പ്രധാനമായും മികച്ച പിന്നണി ഗായിക പദത്തിനാണ് എതിരഭിപ്രായങ്ങൾ വന്നത്. ആർക്കും ആറാടാവുന്ന സോഷ്യൽ മീഡിയ ഉള്ളപ്പോൾ ഏറ്റുപിടിക്കാൻ രണ്ടഭിപ്രായത്തിലും ആളുണ്ടാകുന്നത് സ്വാഭാവികം. വിലക്കുകളില്ലാത്ത വിശാലമായ ഫേസ്ബുക്ക് ചുമരുകളിൽ പതിഞ്ഞിരിക്കുന്ന വാൾ പോസ്റ്റുകൾ കണ്ട് അഭിപ്രായങ്ങൾ പടർന്നോട്ടെ. 

തനിമയും നിഷ്കളങ്കതയും തെളിയുന്ന കാട്ടരുവിപോലെ, ഒഴുകിപ്പടർന്ന ശബ്ദഭംഗിയാണ് നാഞ്ചിയമ്മ പകർന്നതെന്നത് പരമസത്യം തന്നെ. പരിശീലനമില്ലായ്മയും പ്രായം പോലും അവരുടെ ഉള്ളിലെ പാട്ടൊലികളെ ജ്വലിപ്പിക്കുന്നേയുള്ളു. ആദരണീയം തന്നെ കാട്ടിലും മേട്ടിലും പണിയെടുത്തു നടക്കുന്ന ആ അമ്മ പകരുന്ന ഹൃദ്യാനുഭൂതികൾ..! 

എല്ലാം തികഞ്ഞൊരു നല്ല പാട്ട് സമീപകാലത്തെ ഏത് മലയാള ചിത്രത്തിൽ ചൂണ്ടിക്കാട്ടാനാവും എന്നതും ചിന്തനീയം.

സമ്മാനങ്ങളും മറ്റ് അംഗീകാരങ്ങളും കൂടുതൽ നല്ലതിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടും; സിനിമയായാലും സാഹിത്യമായാലും മറ്റ് ഏത് കലാപ്രവർത്തനമായാലും .. എന്നാൽ കഴിവുകളുടെ അന്തിമമായ നിശ്ചയ പരിമാണമാപിനികളല്ല അവാർഡുകളൊന്നും.

പൊഴിഞ്ഞു പോയവരുണ്ടാകാം, കാണാതിരിക്കുന്നവരുണ്ടാകാം, മൽസര വേദികൾവരെ എത്താത്തവരുണ്ടാകാം. 

പ്രവർത്തനമാണ് മുഖ്യം. അതിന് കഴിവും പ്രാപ്തിയുമുള്ളവരുടെ അക്ഷീണമായ അവതരണങ്ങളെ കാലം നിലനിർത്തും ; അവരെ ചരിത്രം ഓർമ്മിച്ചു കൊണ്ടേയിരിക്കും.

സിനിമയിൽ ഏറെ പരിവർത്തനങ്ങൾ നടക്കുന്ന സമയമാണിപ്പോൾ. യാഥാസ്ഥിതിക സമീപനങ്ങളോടൊപ്പം സൂപ്പർ സങ്കല്പങ്ങളും ഒഴിഞ്ഞു പോകുന്ന അവസ്ഥ. നിറവും സൗന്ദര്യവും ആകാരഭംഗിയുമല്ല ജീവിതത്തിന്റെ അർത്ഥമെന്നും യഥാർത്ഥ പ്രതിഭയ്ക്ക് അളവും തൂക്കവുമില്ല എന്നതും മനസ്സിലാക്കുന്ന പുതുതലമുറയാണ് ഉയിർത്തുവരുന്നത്.

ഹൃദ്യമായ നല്ല സിനിമകളൊരുക്കാൻ സിനിമാ പ്രവർത്തകരും ആസ്വദിക്കാൻ കാണികളും ഉണ്ടാവുക എന്നതാണ് മുഖ്യം.
യാത്രയ്ക്കിടയിൽ കിട്ടുന്ന തിരുമധുരങ്ങളാക്കാം ഓരോ പുരസ്കാരവും.

സിനിമ സമഗ്രമായി വളരട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക