ചിത എരിഞ്ഞടങ്ങുന്നു .അന്തരീക്ഷത്തിൽ തങ്ങുന്ന ചന്ദനത്തിന്റ്റെ ഗന്ധം എന്നെ ഓർമ്മപെടുത്തിയത് അവളുടെ ഗന്ധമാണ് .ആ ശരീരം അഗ്നിവിഴുങ്ങുംപ്പോൾ ഞാൻ നിർവികാരതയോടെ ആ ഗന്ധം എന്നിലേക്ക് ആവാഹിച്ചു.പലരുടെയും കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു.ഘനമാല ചുരുളുകൾക്കിടയിലും അവളുടെ വദനം ഞാൻ കണ്ടു. ഞാൻ കരയില്ല .അത് ഞാൻ അവൾക്കു കൊടുത്ത വാക്കാണ്.
ആളൊഴിഞ്ഞ അരങ്ങത്തു ഞാൻ ഒറ്റയാളായി . എന്തിനു ഞാൻ കരയണം എൻറ്റെ സ്വബോധത്തിൽ , എൻറ്റെ സ്വത്വത്തിൽ , എൻറ്റെ ചിന്താ മാനസത്തിൽ അവളുണ്ട് ,അവളുടെ ചിരിയുണ്ട് എൻറ്റെ ജീവിത കഥാഗതിയിൽ , ആ ഓർമ്മകൾ പ്രതീക്ഷകളാവുന്നു , അവൾ എവിടയോ ഉണ്ട് എന്ന പ്രതീക്ഷ .എൻറ്റെ എല്ലാ ചിന്തകളും അർദ്ധമായ അർത്ഥത്തിൽ ഞാൻ ഉൾകൊള്ളുകയാണ് .തേടിയതൊന്നും ഞാൻ നേടിയില്ല.നേടിയതൊക്കെയൊ ഞാൻ തേടിയതല്ല.
അഗ്നി പൂർണമായി കെട്ടടങ്ങി .ഒരു നനുത്ത കാറ്റു വീശുന്നു .മഴത്തുള്ളിൽ വീഴുന്നുണ്ട്. ആ വെണ്ണീറിൽ വീഴുന്ന മഴത്തുള്ളികൾ വീണ്ടും ഓർമ്മകളുടെ വേലിയേറ്റം സൃഷ്ടിച്ചു .എൻറ്റെ ഹൃദയത്തിൽ ഒരു നീഹാരമായി ഊർന്നിറങ്ങിയ "നിഹാരിക". ആ നീഹാരത്തിൻറ്റെ ഹൃദയമാണ് കെട്ടടങ്ങാൻ മനസ്സില്ലാതെ ചിതാഭസ്മത്തിൽ തിളങ്ങിന്നതു , എൻറ്റെ മനസിലൻറ്റെ വിങ്ങലിൽ നിന്ന് ഉരുത്തിരിയുന്നതാണോ? "എടോ , തിരമാലകൾക്കൊപ്പം നൃത്തം ചെയ്തു , കടലിനൊപ്പം ചിരിച്ചു , കടൽകാറ്റിൻറ്റെ രുദ്രവീണയിൽ മീട്ടുന്ന ശ്രുതിയിൽ നിൻറ്റെ ആത്മാവിനെ പരിപോഷിപ്പിക്കുമ്പോൾ ,നിൻറ്റെ കാൽച്ചുവട്ടിൽ ഒരു ചിപ്പി വന്നു തടയും. അത് കാലം കരയിൽ വാരിയ ചിപ്പി...അതിൽ ഒരു മുത്തായി എന്റ്റെ ഹൃദയം ഉണ്ടാവുമെടോ , " ഒരിക്കൽ നിഹാരിക പറഞ്ഞ വാക്കുകൾ. അന്ന് ഞാൻ വെറും ജല്പനമായി കരുതി .അവളുടെ ചില കവിതകൾ ജീവിതം പോലെ എന്നും ഒരു പ്രഹേളിക്കയായിരുന്നു . അവൾ ഒരു പോരാളിയായിരുന്നു , അതെ ഒരിക്കലും ആ മൃദു ഹൃദയം അണയില്ല.
ആ നീലിഗുൽമോഹർചുവട്ടിൽ ..... കൂട്ടുകാർക്കൊപ്പം നിൽക്കുമ്പോൾ എൻറ്റെ കയ്യിൽ നിന്നു താഴെ വീണുപോയ ഒരു പേപ്പർ തുണ്ടു ,ചേട്ടാ ഇതാ എന്ന് വിളിച്ചു തന്നവൾ. അപ്പോൾ ഗുൽമോഹർപ്പൂക്കൾ മന്ദമാരുതനാൽ കൊഴിഞ്ഞിരുന്നോ? മൂടിവെച്ചിരുന്ന ഹൃദയവേണുവിൽ ഒരു ശ്രുതി മീട്ടി.ജീവിതത്തിനു ഒരു താളം.പിന്നീട് ശ്രുതിയും ,താളവും ഇടകലർന്നു ഒരു രാഗമാലിക തീർത്തു . പറയാതെ പറഞ്ഞു തീര്ത്തു മോഹങ്ങൾ . സപ്തവർണ്ണങ്ങളും ,നവരസങ്ങളും സ്വപ്നങ്ങൾക്ക് ചിറകുകൾ തീർത്തു . മാനസം നീലിഗുൽ മോഹർ പൂങ്കുയിൽ പാടും ആരാമമായി.
ആദ്യ കാഴ്ചയിൽ പ്രണയത്തിൽ ഞാൻ വിശ്വസിചിരുനില്ല . . എങ്കിലും ഞാൻ ഒരു നിമിഷത്തിൽ വിശ്വസിക്കുന്നു. നാം മറ്റൊരാളുടെ ഉള്ളിലെ സത്യം നോക്കുന്ന ഒരു നിമിഷം, അവർ നിങ്ങളുടെ ഉള്ളിലെ സത്യത്തെ നോക്കുന്നു. അയാളുടെ ആത്മമിത്രത്തെ തിരിച്ചറിയുന്ന നിമിഷം ; ആ നിമിഷത്തിൽ, നിങ്ങൾ ഇനി നിങ്ങളുടേതല്ല, പൂർണ്ണമായും അല്ല. അതിനുശേഷം, നിങ്ങൾക്ക് അത് തിരികെ എടുക്കാൻ കഴിയില്ല, നിങ്ങൾ എത്ര ആഗ്രഹിച്ചാലും, എത്ര ശ്രമിച്ചാലും. അങ്ങനെ എനിക്കും തിരിച്ചെടുക്കാനായില്ല...ഇപ്പോഴും.... ഈ ചിതാഭസ്മത്തിന് അരികെ ,ചന്ദനഗന്ധം ആവാഹിച്ചു ,തിളങ്ങുന്ന കനൽകട്ട അവളുടെ ഹൃദയം എന്ന് സങ്കല്പിക്കുമ്പോഴും,ആ ഒരു നിമിഷം എന്നിൽ ജീവിക്കുന്നു,.ജീവിക്കാൻ പ്രേരിപ്പിക്കുന്നു .
അവൾ എന്നിൽ സൂര്യപ്രകാശത്തിന്റെ ഒരു കിരണമായി, ഒരു ചൂടുള്ള വേനൽ മഴയായി, പ്രതീക്ഷയുടെ മാരിവില്ലായി, തണുത്ത ശൈത്യകാലത്ത് ഒരു തീക്ഷ്ണഗ്നി ആയി ജീവിച്ചു .അവൾ നൽകിയ പ്രതീക്ഷകളുടെ മാരിവില്ലുന്നു എഴുപതു നിറങ്ങൾ ആയിരുന്നു . അവൾ ആദ്യമായി എൻറ്റെ നോട്ട്ബുക്കിൽ കുറിച്ച കവിത എൻറ്റെ മനോമുകുരത്തിൽ ഒരു പദയാത്ര നടത്തി.
ആരോ എനിക്കായി വരച്ച സൂര്യാസ്തമയ ചക്രവാളം
വർണ്ണാഭമായ വർണ്ണങ്ങൾ
റോസാപൂക്കളും നീലത്താമരയും മേളിച്ചു
ചിത്രലേഖനതുണിയിൽ ആരോ തളിച്ചതോ,
വർണ്ണങ്ങൾ ഒന്നായി കലർന്നതോ
എൻ ഹൃത്തിൽ തെളിയുന്നേതോ ,
പ്രണയത്തിൻ സപ്തവർണ്ണങ്ങൾ
ഹൃത്തിൽ പ്രണയത്തിന് ആന്ദോളനം
സ്നേഹം ഒരു സൂര്യാസ്തമയം പോലെയാണ്,
വർണ്ണങ്ങളുടെ ഒരു തീജ്വാല.
വിധിയുടെ കളിയരങ്ങിൽ നിമിർത്തു ആടുമ്പോൾ വീണ്ടും ഒരു പുനഃസമാഗമം. അതെ ഗുൽമോഹർചുവട്ടിൽ....രണ്ടുപേരും പ്രായത്തിന്റ്റെ പക്വത കൈവരിച്ചു.യാദൃശ്ചികം ആവാം എന്റ്റെ കയ്യിൽ നിന്നും താഴെ പതിച്ച താക്കോൽകൂട്ടം അവൾ എടുത്തു തന്നു. "ചരിത്രം പുനർസൃഷ്ടിക്കാൻ അറിഞ്ഞുകൊണ്ട് ഇട്ടതു അല്ലല്ലോ? പൊട്ടിചിരിച്ചുകൊണ്ടു അവൾ ചോദിച്ചു.ഒരു നനുത്ത മന്ദമാരുതനാൽ ഗുൽമോഹർപ്പൂക്കൾ പൊഴിഞ്ഞു ഞങ്ങളുടെ തലയിൽ പതിച്ചു.ആത്മാക്കൾ ഒരുമിച്ചിരിക്കാൻ പ്രപഞ്ചം പോരാടുന്നുവെന്ന് നീ കരുതുന്നുണ്ടോ? വെറുതെ അവളോട് ഒരു ചോദ്യശരം എറിഞ്ഞു .യാദൃശ്ചികതകൾ നമ്മെ നാം അറിയാതെ ബന്ധിപ്പിക്കുകയും അതിൽ നമ്മെ നെയ്തെടുക്കുകയും ചെയ്യും.പിന്നെ അജ്ഞാതൻ ആയിരിക്കുവാൻ ഈശ്വരൻറ്റെ ഒരു തന്ത്രവും ആവാം . അവളിലെ നൈസര്‍ഗ്ഗികമായ കുറിക്കുള്ള വാക്കുകൾ നഷ്ടപ്പെട്ടിട്ടില്ല
നഷ്‌ടപ്പെട്ട ആത്മാവിൽ ഒരു അഗ്നിസ്‌ഫുലിംഗം ,എന്തിനെയോ തിരയുന്നു . ഈ യാദൃശ്ചികത ഒരു തീപ്പൊരി ജ്വലിപ്പിച്ചുവോ ? അർത്ഥവത്തായ ഒന്നിലേക്ക് നയിക്കുമെന്ന് ഒരു പ്രതീക്ഷയേകിയോ? വേണ്ട ,മനസിനെ ശാസിച്ചു ,കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെ ആവരുത് എന്ന് ശാസിച്ചു . നീലിഗുൽ മോഹർ ചുവട്ടിൽ നിന്നും യാത്രപറഞ്ഞു പോകുംപ്പോൾ എന്തെക്കൊയോ പറഞ്ഞ് തീർക്കാൻ ഉള്ളത് പോലെ തോന്നി. അവൾക്കും എനിക്കും ... എന്തെങ്കിലും പറയാൻ ഉണ്ടോ ? അവൾ തിരികെ വന്നു ചോദിച്ചു ...ഉണ്ടെടോ താൻ ബിസി അല്ലെ ,
അടുത്ത റീയൂണിയനിൽ പറയാം. ഇല്ലെടോ പറയാൻ ഉണ്ടെങ്കിൽ ഇപ്പൊ പറ ഇനിയും നമ്മൾ കാണുമോ എന്ന് അറിയില്ലല്ലോ? നിനക്ക് ഒരു മാറ്റവും ഇല്ല അല്ലെ? അങ്ങനെ പറയുമ്പോഴും എന്നിൽ ഒരു തേങ്ങൽ. രുദ്രവീണയിൽ മീട്ടിയ ശ്രുതിയിൽ ഒരു പാഴ്ശ്രുതി അലിഞ്ഞു ചേർന്നു .
രാവിലെ ഒരു സുഹൃത്തിൻറ്റെ ഫോൺ കാൾ ആണ് എന്നെ ഇപ്പോൾ ഇവിടെ എത്തിച്ചത് .അവൾ അവസാനം പറഞ്ഞെത്തു പോലെ ഞാൻ പറയാതെ പോയത് ഇനിയും അവൾ കേൾക്കാൻ ഉണ്ടാവില്ല. നിഹാരിക ,നീ എൻറ്റെ ജീവിതത്തിൽ കടന്നുവന്നതിന് ഒരു പാട് നന്ദി ., നീ ഒരു പാട് ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ട് ,പുനർജീവിപ്പിച്ചിട്ടുണ്ട് - കൂടുതലും എന്റ്റെ ജീവിത്യം..നീ എൻറ്റെ ആത്മമിത്രം ആയതിൽ ഞാൻ അതീവഭാഗ്യവാൻ ആണ് .സമയം ആവട്ടെ പിന്നീട് പറയാം എന്ന് കരുതിയ നിമിഷം മുതൽ ഞാൻ പരാജിതനായി.ചില നിമിഷങ്ങൾ നഷ്ടപെടുത്തിയാൽ ഒരിക്കലും വീണ്ടും അവസരം ലഭിക്കില്ല എന്ന് ജീവിതം എന്നെ പഠിപ്പിച്ചു. വേർപിരിയലിന്റെ നാഴിക വരെ സ്നേഹത്തിന് അതിൻറ്റെ ആഴം അറിയില്ല എന്നത് ഒരു തിരിച്ചറിവായിരുന്നു.
. ആദ്യവും അവസാനവുമായി നമ്മൾക്കായി പൂക്കൾ പൊഴിച്ച നീലിഗുൽ മോഹർ ചുവട്ടിൽ. പറയാതെ പോയ നിമിഷങ്ങളിലൂടെ നീ എന്നിൽ ജീവിക്കും നിഹാരിക ,ഞാൻ നിന്നോട് വിട പറയുന്നില്ല ,നീ എവിടേയും പോയിട്ടില്ല ......കാലം കരയിൽ വാരിയ ചിപ്പിക്കുള്ളിൽ നിൻറ്റെ ഹൃദയം തേടി ഞാൻ ജീവിക്കും... വീണ്ടും കാണാം സഖി..... വീണ്ടും കാണണം. ഓർമ്മകളുടെ ഉദ്യാനത്തിൽ, സ്വപ്നങ്ങളുടെ മഴവിൽ ഹർമ്യത്തിൽ ... അവിടെയാണ് ഞാൻ നിന്നെ വീണും കണ്ടുമുട്ടുന്നത് ......മറുതീരത്തെ പൂക്കൾ നിറഞ്ഞ നീലിഗുൽ മോഹർ ചുവട്ടിൽ ......