Image

ഓർമ്മപ്പെരുക്കങ്ങളുടെ കർക്കിടക വാവ് -2 (മിനി വിശ്വനാഥൻ)

Published on 28 July, 2022
ഓർമ്മപ്പെരുക്കങ്ങളുടെ കർക്കിടക വാവ് -2 (മിനി വിശ്വനാഥൻ)

മാരിമഴയുടെ രൗദ്രതാളത്തിനൊപ്പം രാമായണ പാരായണത്തിന്റെ പതിഞ്ഞ ഈണവും ഒത്തുചേർന്ന കർക്കിടകത്തിന്റെ തണുപ്പിലേക്ക് മൺമറഞ്ഞുപോയവർ ഓർമ്മകളായി തിരിച്ചെത്തുന്ന ദിവസമാണ് കർക്കിടക വാവ്. തുളസിയും കറുകപ്പുല്ലും ചന്ദനവും തൈരിൽ കുഴച്ച ചോറുമായി ഗുരു കാരണവ പരമ്പരകളുടെ ആത്മാവുകളെ സത്കരിക്കാൻ ഒരു ദിവസം കലണ്ടറിൽ ചേർത്തു വെച്ച നന്മയെ നമസ്കരിക്കാതിരിക്കാൻ വയ്യ.

പണ്ട് കാലത്ത് കർക്കിടക സംക്രാന്തിക്ക് തന്നെ പിതൃക്കളുടെ സന്ദർശനത്തെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങും. അകവും പുരയും  പറമ്പും തൊടിയും വൃത്തിയാക്കി  പ്രിയപ്പെട്ടവരെ കാത്തിരിക്കുന്നു എന്ന സങ്കല്പത്തിനു പോലും മധുരമുണ്ട്.

കർക്കിടക വാവിന്റെ മറ്റൊരു  പ്രത്യേകത സാധാരണ ദിവസങ്ങളിൽ വീട്ടുപരിസരങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന കാക്കകൾ ക്ക് കിട്ടുന്ന ആതിഥ്യസ്ഥാനമാണ്. അതിനു പിന്നിൽ ഒരു ഐതിഹ്യ കഥ പറഞ്ഞുകേട്ടിട്ടുണ്ട്.
 
ബ്രഹ്മാവിൽ നിന്ന് വരം കിട്ടിയ  മഹിരാവണൻ എന്ന അസുരൻ യമദേവനെ ആക്രമിച്ചപ്പോൾ തന്റെ ജീവൻ ഒരു കാക്കയുടെ ശരീരത്തിൽ സൂക്ഷിക്കാനേൽപ്പിക്കുകയും യുദ്ധം വിജയിച്ച് തിരിച്ചു വന്ന യമൻ തന്റെ പ്രാണനെ സംരക്ഷിച്ച കാക്കയെ തന്റെ പ്രതിപുരുഷനായി അവരോധിച്ച് അനുഗ്രഹിച്ചു എന്നുമാണ് കഥ.  

ആത്മാവുകളെ ആവാഹിക്കാനുള്ള നിയോഗം കിട്ടിയ കാക്കകൾ കർക്കിടക വാവിന്റെ അന്ന് വിശിഷ്ടാതിഥികളാവുന്നു. കഥകൾ എന്തായാലും വീട്ടുവളപ്പിലെ കാക്ക പോലും പൂജ്യനാവുന്ന പുണ്യദിവസമാണ് കർക്കിടക വാവ്.

സങ്കല്പങ്ങളുടെ പിന്നിലെ കഥകൾ എന്തായാലും മരിച്ച് പോയ പിതൃക്കളെ ഓർക്കാനും അവർക്ക് പ്രിയപ്പെട്ടവ വച്ചുണ്ടാക്കി ഊട്ടാനും ഒരു ദിവസം മാറ്റി വെക്കുന്നത് ജീവിച്ചിരിക്കുമ്പോൾ സ്നേഹവാത്സല്യങ്ങളാൽ മൂടിയിരുന്നവരോടുള്ള   പരിഗണനയാണ്.

വാവ് ബലിയുമായി ബന്ധപ്പെട്ട ആചാരങ്ങൾ പല നാടുകളിലും സമുദായങ്ങളിലും വ്യത്യസ്തമാണ്. ആത്മാക്കൾക്ക് പ്രിയമുണ്ടായിരുന്നതൊക്കെ ഒരുക്കി പടിഞ്ഞിറ്റ മുറിയിൽ വെച്ച് അടച്ച് അവർ നിശബ്ദരായി വന്ന് ആഹാരം കഴിക്കുന്നത് വിങ്ങിയ മനസോടെ കാത്തിരിക്കുന്നവർ ഉണ്ട്. നിലവിളക്കിന്റെ തിരിയിലോ ഇലത്തുമ്പിലോ അദൃശ്യ സാന്നിദ്ധ്യമായി പ്രിയപ്പെട്ടവരുടെ സ്നേഹം ഉണ്ടാവുമെന്ന വിശ്വാസമാണ് ഈ കാത്തിരിപ്പിന് പ്രേരിപ്പിക്കുന്നത്.

ബലിയൊരുക്കങ്ങളിൽ പ്രധാനം  മരിച്ചു പോയവരെ മനസ്സുകൊണ്ട് ആവാഹിക്കൽ 

എന്റെ ഓർമ്മയിലെ ബലിയൊരുക്കങ്ങളിൽ പ്രധാനമായത് ഒരിക്കലിന്റെ അന്ന് മരിച്ചു പോയവരെ മനസ്സുകൊണ്ട് ആവാഹിക്കലാണ്.
 ഗുരുകാരണവൻമാർക്കും കുടുംബ പരമ്പരകൾക്കുമൊപ്പം രംഗമൊഴിഞ്ഞ വളർത്തുമൃഗങ്ങളെ വരെ ഓർക്കുമായിരുന്നു അമ്മമ്മ . രാവിലെ കുളിച്ചതിനു ശേഷമേ വെള്ളം പോലും കുടിക്കുമായിരുന്നുള്ളൂ. വയർ നിറയെ ഭക്ഷണം കഴിക്കാൻ തോന്നില്ലത്രെ അന്ന്. സന്ധ്യ വിളക്ക് വെക്കുന്നതിന് മുൻപ് ഗോതമ്പ് നുറുക്ക് കാച്ചിയത് കുടിക്കുമ്പോഴും ഓർമ്മകളിൽ കാരണവൻമാരുടെ വാത്സല്യമായിരിക്കും. ബലിയൊരുക്കങ്ങളിൽ പ്രധാനി വീട്ടിലെ പുരുഷൻ തന്നെയാണ്. ഉണങ്ങലരി കൊണ്ട് ബലിക്കരി കാച്ചി എള്ളും കറുകയും ചന്ദനവും നേദിച്ച് ഈ പ്രപഞ്ചത്തിൽ മൺ മറഞ്ഞുപോയ സകല ആത്മാവുകളെയും ക്ഷണിച്ച് തൈരു ചേർത്ത അന്നം ഉരുളകളാക്കി നനഞ്ഞ കൈകൾ കൂട്ടിച്ചേർത്ത് ശബ്ദമുണ്ടാക്കി ആത്മാവുകളെ ക്ഷണിക്കുന്നു.

എള്ള് ചേർന്ന അന്നത്തിലാകൃഷ്ടരായി കാക്കകളും അവക്ക് പിന്നാലെ ചെറുകിളികളും പറന്നെത്തും. സഹജീവികളോടും സ്നേഹവും കരുണയുമാവാമെന്നു ഓർമ്മിപ്പിക്കുന്നതു പോലെ അവർ ബലിച്ചോർ പങ്കിടുന്നു. പലയിടങ്ങളിലും ചടങ്ങുകളും രീതികളും വ്യത്യസ്തമാവാം. പക്ഷേ ആത്യന്തികമായി ഇതൊരു ഓർമ്മ പുതുക്കലാണ് , സ്നേഹാദരവുകൾ പങ്കിടലാണ്.
നഷ്ടബോധത്തിന്റെ വേദനകൾക്കിടയിലും പരിസരത്തെവിടെയോ
പ്രിയപ്പെട്ട വരുടെ സാന്നിദ്ധ്യമുണ്ടെന്ന സമാശ്വാസമാണ്.
ഓർമ്മപ്പെരുക്കങ്ങളുടെ കർക്കിടക നന്മകൾ അവസാനിക്കാതിരിക്കട്ടെ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക