പലരടരുകൾ (കവിത: ശ്രീലേഖ എൽ കെ)

Published on 28 July, 2022
പലരടരുകൾ (കവിത: ശ്രീലേഖ എൽ കെ)

എങ്കിലും ചിലരുണ്ട്
ഓർമതെറ്റ് പോൽ ഇടയ്ക്കിടയ്ക്ക്
സമ്മതം ചോദിക്കാതെ
പടി കേറി വന്നകത്തിരുന്ന്
കൊട്ടുവാ നേരങ്ങളെ
മെഴുതിരി പോലെ തെളിയിച്ച്
ചത്തു പോകാവുന്ന സമയങ്ങളെ 
ഉരുക്കി കളയുന്നവർ.

ചിലരുണ്ട്, രാത്രി സ്വപ്‌നങ്ങൾ
വലം കാൽ വെച്ചു കയറി 
ഒരു ചിരിയിൽ ഊർന്നിറങ്ങി
പുലർകാലങ്ങളെ
സമ്മോഹനങ്ങളാക്കുന്നവർ

പുകവണ്ടി കൂകലു പോലെ
കൌതുകം തന്ന്
 പാഞ്ഞു പോയവരും,
ഒരുമിച്ച് ഒരു വേഗത്തിൽ
പോകാമെന്ന് കൂടെ കൂട്ടിയവരും
അത്യുഷ്ണത്തിലേക്ക്
തള്ളിയിട്ടവരുമുണ്ട്

അതിശയക്കടൽ കാട്ടി
അത് പോലൊന്ന് ഉള്ളിലുണ്ടെന്ന്
കടല കൊറിച്ചു പങ്കു വെച്ചവർ
കാലു നനച്ചു തിരകൾ പോലെ
പാഞ്ഞു കേറി തിരികെ മടങ്ങി
കടലിലേക്ക് ചേർന്നവരുമുണ്ട്.

കടപ്പാടുകളുടെ കല്ലുരുട്ടി
മലമുകളിൽ നിന്ന് താഴെക്കിട്ട്
കൈ കൊട്ടി ചിരിച്ചവരുണ്ട്.

പലരുണ്ട്, പലതുണ്ട്
ഓർത്തെടുക്കാൻ കഴിയുന്ന
കാലം വരേയ്ക്കും
 ഓർമിക്കുവാൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക