Image

ബാലകാണ്ഡം - കുഞ്ഞുരാമന്റെ  പിറവി (രാമായണമാസചിന്തകൾ -2:സുധീർ പണിക്കവീട്ടിൽ)

Published on 29 July, 2022
ബാലകാണ്ഡം - കുഞ്ഞുരാമന്റെ  പിറവി (രാമായണമാസചിന്തകൾ -2:സുധീർ പണിക്കവീട്ടിൽ)

ഇത് ബാലകാണ്ഡത്തിന്റെ പൂർണ്ണ സംഗ്രഹമോ പരിഭാഷയോ അല്ല. വാല്‌മീകിയും എഴുത്തച്ഛനും ബാലകാണ്ഡം അവതരിപ്പിച്ചിരിക്കുന്ന ചില വ്യത്യാസങ്ങൾ നോക്കി കാണുക മാത്രം. അതോടൊപ്പം ബാലകാണ്ഡത്തെപ്പറ്റി വായനക്കാർക്ക് അറിവ് പകരുകയും.
വാല്മീകിയുടെ രാമായണം :
സപ്തർഷികളുടെ (അതോ നാരദന്റെയോ) ഉപദേശപ്രകാരം ദുഷ്പ്രവർത്തികൾ അവസാനിപ്പിച്ച് രാമനാമം ജപിക്കാൻ തുടങ്ങിയ രത്‌നാകരൻ എന്ന കൊള്ളക്കാരനെ ചിതൽ വന്നു മൂടിപ്പോയി. അത്രയും ഏകാഗ്രമായ ധ്യാനമായിരുന്നു അദ്ദേഹത്തിന്റേത്. സംസ്കൃതത്തിൽ ചിതലിനു പറയുന്ന വാൽമീകം എന്ന വാക്കിൽ നിന്നും വാൽമീകി എന്ന പേര് സമ്പാദിച്ച് അദ്ദേഹം മഹർഷി വാല്‌മീകിയായി. കൊള്ളക്കാരനായതുകൊണ്ട് രാമനാമം ജപിക്കാൻ അർഹനല്ലാതിരുന്നതിനാൽ നാരദൻ രാമാ എന്ന പുണ്യനാമം മറിച്ച് ചൊല്ലിക്കൊടുത്തു. "മര" അതങ്ങ് വേഗം പറയുമ്പോൾ രാമാ എന്നാകുമല്ലോ. അങ്ങനെയെങ്കിൽ ഈ കലിയുഗത്തിൽ രാമാ എന്ന് ജപിക്കാൻ യോഗ്യതയുള്ളവർ ഉണ്ടോ? ചോദ്യമാണ്.
രാമനാമജപത്തിലൂടെ അനുഗ്രഹിക്കപ്പെട്ടതുകൊണ്ടാകാം രാമകഥ അറിയണം, എഴുതണമെന്ന മോഹം അദ്ദേഹത്തിൽ ഉത്ഭവിച്ചത്. ത്രികാല ജ്ഞാനിയായ നാരദനോട് വാൽമീകി ചോദിക്കുന്നത് ഭൂമിയിൽ "ഉത്തമപുരുഷനായി" ആരാണ് ഉള്ളത് എന്നാണ്. അപ്പോൾ നാരദൻ ശ്രീരാമന്റെ പതിനാറു കല്യാണഗുണങ്ങൾ വർണ്ണിക്കുന്നു. ഗുണവാൻ = ആദര്ശധീരൻ വീര്യവാൻ = അന്തർലീനമായ ശക്തിയുള്ളവൻ ധർമജ്ഞൻ = ന്യായാനുവർത്തി കൃതജ്ഞൻ = രക്ഷിക്കുന്നവൻ , എല്ലാ തെറ്റുകളും പൊറുത്തു ഒരു ശരിയെങ്കിലും ഉണ്ടെങ്കിൽ അതിൽ സന്തോഷിക്കുന്നവൻ  സത്യവാക്യോ - സത്യം പറയുന്നവൻ ദൃഢ വൃതൻ  =  സ്ഥിരനിശ്ചയമുള്ള , ധർമത്തെ സംരക്ഷിക്കുന്നവൻ ചരിത്രവാൻ = നല്ല നടപ്പുള്ളവൻ സർവഭൂതേഷ് കോ ഹിത =എല്ലാവരോടും കരുണയുള്ളവൻ വിദ്വാൻ - പ്രാവീണ്യമുള്ളവൻ സമർത്ഥ - സാമർഥ്യമുള്ളവൻ പ്രിയദർശൻ = അനന്യ സുമുഖൻ ആത്മാവാൻ = ധീരൻ ജിത് ക്രോധി =കോപത്തെ അടക്കിയവൻ ദ്യുതിമാൻ  = പ്രകാശിക്കുന്നവൻ അനസൂയക് - അസൂയയില്ലാത്തവൻ ഭിഭ്യാതി ദേവ= ദേവന്മാർ പോലും ഭയക്കുന്നവൻ. ഈ ഗുണങ്ങളെല്ലാം നമ്മളിൽ എല്ലാവരിലുമുമുണ്ടു. നമ്മൾ അവയെ ഉണർത്തി ജീവിതത്തിൽ പ്രായോഗികമാക്കണെമെന്ന ഉദ്ദേശ്യമായിരുന്നു വാല്മികിക്ക്. വാല്മികിക്ക് രാമനെ ദേവനായി അവതരിപ്പിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു. കാരണം അങ്ങനെ ചെയ്‌താൽ ജനം രാമനെ പൂജിക്കാൻ ആരംഭിക്കുമെന്ന് അദ്ദേഹം സംശയിച്ചു. സംശയം അസ്ഥാനത്തല്ലായിരുന്നുവെന്നു നമുക്ക് ഇന്ന് കാണാവുന്നതാണ്. വാല്മീകി ആഗ്രഹിച്ചത് ശ്രീരാമന്റെ കല്യാണഗുണങ്ങൾ മനസ്സിലാക്കി അങ്ങനെ എല്ലാവരും സ്വഭാവവൈശിഷ്ട്യ മുള്ളവരാകണമെന്നായിരുന്നു. അദ്ദേഹം ശ്രീരാമനെ ഒരു സാധാരണ മനുഷ്യന്റെ അവസ്ഥയിൽ സൃഷ്ടിച്ചു; ഉത്തമനായ പുരുഷനായി. അതേ  സമയം മാനുഷിക ദൗബല്യങ്ങളും കുറവുകളും പ്രകടിപ്പിച്ചുകൊണ്ടു.
രാമന്റെ വിശേഷങ്ങൾ പറഞ്ഞതിനുശേഷം നാരദൻ രാമന്റെ കഥ ചുരുക്കി പറയുന്നു. അതിനുശേഷം നാരദൻ ദേവലോകത്തേക്ക് പോയപ്പോൾ വാൽമീകി തമസാ നദിക്കരയിലേക്ക് പോകുന്നു. അവിടെ ക്രൗഞ്ചമിഥുനങ്ങളെ അമ്പെയ്ത് വീഴ്ത്തിയ വേടനെ ശപിക്കുന്നു. ആശ്രമത്തിൽ തിരിച്ചുവന്നപ്പോൾ ബ്രഹ്‌മാവ്‌ വാലിമികിയോട് അഭ്യർത്ഥിക്കുന്നു  രഘുരാമന്റെ കഥ എഴുതണം. അങ്ങനെ അനുഷ്ടുപ് വൃത്തത്തിൽ വാൽമീകി രാമന്റെ കഥയെഴുതി. ബാലകാണ്ഡം ആണ് രാമായണത്തിലെ ഏഴു കാണ്ഡങ്ങളിൽ സന്തോഷം പകരുന്ന കാണ്ഡം. ദശരഥന്റെ നാല് മക്കളുടെയും ജനനം, അതിനായി കഴിച്ച പുത്രകാമേഷ്ടി, രാജകുമാരന്മാരുടെ വിദ്യാഭ്യാസം, ആയുധകലകളിലേ പ്രാവീണ്യം, പിന്നെ ബ്രഹ്‌മശ്രീ വിശ്വാമിത്രൻ തന്റെ തപസ്സ് മുടക്കുന്ന രാക്ഷൻമാരെ കൊല്ലാൻ വേണ്ടി രാമലക്ഷ്മണമാരുടെ സഹായം ആവശ്യപ്പെടുന്നത്, അങ്ങനെ പോകുമ്പോൾ ശാപമോക്ഷം ലഭിക്കുന്ന താടക, അഹല്യ എന്നിവരുടെ കഥകൾ, പിന്നെ മിഥിലാപുരിയിലെ രാജകുമാരിയെ വേൾക്കുന്നത്. അതിനുശേഷം അയോധ്യയിലേക്ക് മടങ്ങുമ്പോൾ പരശുരാമൻ ഏറ്റുമുട്ടുന്നത്. പരശുരാമൻ തോൽവി സമ്മതിച്ച് മഹേന്ദ്രപര്വതത്തിലേക്ക് മടങ്ങി പോകുന്നത്. പിന്നെ എല്ലാവരും സന്തോഷത്തോടെ അയോധ്യയിൽ മടങ്ങിയെത്തി സുഖമായി കഴിയുന്നത്. ബാല കാണ്ഡം അവസാനിക്കുന്നു.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം
വിപുലമായ പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടാണ് എഴുത്തച്ഛൻ രാമായണം ആരംഭിക്കുന്നത്. ശ്രീരാമനെ സ്തുതിച്ചുകൊണ്ട് കുറെ വരികൾ, പിന്നെ വിഘ്‌നേശ്വരനായ  ശ്രീഗണപതിയെ, പിന്നെ ദേവി സരസ്വതിയെ, ഭഗവൻ കൃഷ്ണനെ, വ്യാസമഹർഷിയെ, വാല്‌മീകിയെ, പിന്നെ പ്രാർത്ഥന ബ്രഹ്മാവിനോട്, മുതിർന്നവരോട്, ഗുരുക്കന്മാരോട് എന്നിട്ട് എഴുതുന്ന ആളിനെപ്പറ്റി പറയുന്നു. ഇവിടെ ഹിന്ദുമതത്തിന്റെ ജീർണ്ണത കാണാവുന്നതാണ്.  മേല്പറഞ്ഞവരുടെയൊക്കെ പാദസേവകനെങ്കിലും താനൊരു ബ്രാഹ്മണനല്ലെന്നു എഴുത്തച്ഛൻ എഴുതുന്നു. " പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മ-പാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാൻ വേദസമ്മിതമായ് മുമ്പുള്ള ശ്രീരാമായണം ബോധഹീനന്മാർക്കറിയാം വണ്ണം ചൊല്ലീടുന്നേൻ". 
വാൽമീകിയുടെ നാവിൽ സരസ്വതി വാണപോലെ എന്റെ നാവിലും വരേണമേ എന്ന് എഴുത്തച്ഛൻ പ്രാർത്ഥിക്കുന്നു. തന്നെയുമല്ല തനിക്ക് മതിയായ ജ്ഞാനമില്ല. തന്റെ ജാതിമൂലം വേദങ്ങളും ശാസ്ത്രങ്ങളും പഠിക്കാൻ തനിക്ക് നിവർത്തിയില്ല. “വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു, ചേതസി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലേ." ഭൂമിയുടെ പാപഭാരം കുറയ്ക്കാൻ ബ്രഹ്‌മാവും, മറ്റുദേവന്മാരും മഹാവിഷ്ണുവിനെ  കാണാൻ പോകുന്നു.വിഷ്ണു ദശരഥന് മകനായി ജനിച്ച് രാത്രിചാരികളായ രാവണാദികളെ യമപുരിയിലേക്ക് പറഞ്ഞയക്കുന്നു. അങ്ങനെയുള്ള സീതാപതിയുടെ  പാദങ്ങൾ വന്ദിക്കുന്നുവെന്ന് എഴുതിയതിനു ശേഷം പാർവതി പരമേശ്വരന്മാർ തമ്മിലുള്ള സംവാദമാണ്. 
ഇവിടെ പാർവതി ശിവനോട് രാമായണം കഥ പറയാൻ ആവശ്യപ്പെടുന്നു. ശിവൻ ചുരുക്കി പറഞ്ഞെങ്കിലും ദേവിക്ക് തൃപ്തി പോരാഞ്ഞു ശിവൻ വിവരിച്ച് പറയുന്നതായിട്ടാണ് അവതരണം. പാർവതി പറയുന്നു " ശ്രീരാമദേവൻ തന്റെ  മാഹാത്മ്യം കേൾപ്പാനുള്ളിൽ പാരമാഗ്രഹമുണ്ട് ഞാനതിന് പാത്രമെങ്കിൽ". അതുകേട്ട് അതീവസന്തുഷ്ടനായ ശ്രീ പരമേശ്വരൻ രാമായണം കഥ വിസ്തരിച്ച് പറയുന്നു. അസുരന്മാരെ നിഗ്രഹിക്കാൻ ഇക്ഷാകു വംശത്തിൽ ദശരഥന്റെ  മകനായി ഭഗവൻ വിഷ്ണു ജനിക്കും. എല്ലാ ദേവന്മാരും ഭൂമിയിൽ ജനിക്കണമെന്നു വിഷ്ണു ആവശ്യപ്പെട്ടു. നിങ്ങളിൽ പലരും കുരങ്ങന്മാരായി മരത്തിലും, മലമുകളിലും, ഗുഹാമുഖങ്ങളിലും ജീവിക്കണം. ബ്രഹ്‌മാവിന്റെ നിർദ്ദേശപ്രകാരം ദേവന്മാർ കുരങ്ങന്മാരുടെ ഛായയിലുള്ള ജീവികൾക്ക് ജന്മം കൊടുത്തു. സാധാരണ മനുഷ്യരുടെ ബുദ്ധിയിൽ ഉദിച്ച വെറും കുരങ്ങന്മാരല്ലായിരുന്നു രാമായണത്തിലെ  കുരങ്ങന്മാർ. കുരങ്ങന്മാരല്ല കുരങ്ങുരൂപത്തിൽ ഉള്ളവർ. അവർ വനത്തിൽ താമസിക്കുന്നതുകൊണ്ട് വാനരർ.
ദശരഥന് മക്കളില്ലാതിരുന്നതിനാൽ പുത്രകാമേഷ്ടി യാഗം കഴിച്ച് നാല് മക്കൾ പിറന്നു. അവരൊക്കെ, വേദങ്ങൾ, ശാസ്ത്രങ്ങൾ, ധനുർവിദ്യ അങ്ങനെ അറിവ് നേടി. അപ്പോൾ വിശ്വാമിത്രൻ തന്റെ യാഗരക്ഷക്കായി ശ്രീരാമചന്ദ്രന്മാരെ ആവശ്യപ്പെട്ടുകൊണ്ട് ദശരഥനെ സമീപിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും ബ്രഹ്മർഷിയുടെ  വാക്കുകളിൽ വിശ്വസിച്ച് സമ്മതിച്ചു. രാമൻ സാധാരണ മനുഷ്യനല്ലെന്ന ഗോപ്യമായ രഹസ്യം വിശ്വാമിത്രൻ ദശരഥനെ അറിയിച്ചു.  "മാനുഷനല്ല രാമൻ മാനവശിഖാമണേ! മാനമില്ലാതെ പരമാത്മാവ് സദാനന്ദൻ.  പത്മസംഭവൻ മൂന്നാം പ്രാർത്ഥിക്കാമൂലമായി  പത്മലോചനൻ ഭൂമി ഭാരതത്തേക്കളവാനായി, നിന്നുടെ തനയനായ് കൗസല്യാദേവി തന്നിൽ, വന്നവതരിച്ചിത് വൈകുണ്ഠൻ നാരായണൻ". വാൽമികി രാമായണത്തിൽ രാമലക്ഷ്മണന്മാരെ യാഗരക്ഷക്കായി വേണമെന്ന വിശ്വാമിത്രന്റെ  അപേക്ഷ സ്വീകരിക്കാൻ ദശരഥൻ പ്രയാസപ്പെടുകയും മക്കൾക്ക് പകരം തന്റെ സേനയുമായി വരാമെന്നു അറിയിക്കുകയും ചെയ്യുമ്പോൾ വിശ്വാമിത്രൻ  കോപിഷ്ടനാകുന്നു. രാമൻ അസ്ത്രപ്രയോഗങ്ങളിൽ പ്രാവീണ്യം നേടിയോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല ഞാൻ അവന്റെ കൂടെയുണ്ടെന്നുള്ളതാണ് പ്രധാനം. രാമൻ ദേവാവതാരമാണെന്നു വാൽമികി ഇവിടെയും പറയുന്നില്ല.
നേരത്തെ സൂചിപ്പിച്ചപോലെ അധ്യാത്മരാമായണത്തിൽ നിറയെ സ്തുതികളാണ്. സ്തുതിക്കാൻ കിട്ടിയ അവസരമൊക്കെ എഴുത്തച്ഛൻ ഉപയോഗിച്ചതായി കാണാം. രാമൻ ജനിച്ച് കഴിഞ്ഞപ്പോൾ സ്തുതിക്കുന്നത് ഇങ്ങനെ. നമസ്തേ ദേവദേവാ !ശംഖ ചക്രാബ്‌ജധര , നമസ്തേ വാസുദേവ് മധുസൂദന, ഹരേ".
രാജകുമാരന്മാർക്ക് വിശപ്പും ദാഹവും ഇല്ലാതിരിക്കാൻ ബല, അതിബല എന്നീ മന്ത്രങ്ങൾ വിശ്വാമിത്രൻ ഉപദേശിച്ചുവത്രെ. ഈ മന്ത്രം ഉണ്ടായിട്ടും രാവണനുമായി  രാവും പകലും ദിവസങ്ങളോളം യുദ്ധം ചെയ്തപ്പോൾ രാമൻ തളർന്നുപോയി. അത് ശാരീരിക ക്ഷീണമല്ലായിരുന്നു. അത് മനസ്സിന്റെ നിരാശയായിരുന്നു.അതുകൊണ്ട് അഗസ്ത്യ മഹർഷി ആദിത്യ ഹൃദയം രാമന് ഉപദേശിച്ചുകൊടുത്തതായി കാണുന്നു. അതൊക്കെ എന്താണെന്ന് അറിയാമായിരുന്നെങ്കിൽ  ഈ കലിയുഗത്തിൽ ഉപകാരപ്പെടുമായിരുന്നു. 
കൊട്ടാരത്തിലെ പട്ടുമെത്തയിൽ നിന്നും കല്ലും മുള്ളും രാക്ഷസന്മാരും നിറഞ്ഞ ഘോരവനത്തിലൂടെ ഒരു തപസ്വിയുടെ താല്പര്യപ്രകാരം രാമലക്ഷ്മണമാർ  നടന്നു..  ഇവിടെ വച്ച് അവർ കണ്ടുമുട്ടുന്ന താടകയും, അഹല്യയും ശാപമോക്ഷം തേടുന്നു. ശ്രീരാമചന്ദ്രന്റെ ഭൂമിയിലെ ആദ്യത്തെ ദൗത്യം ഒരു  പെണഹത്യയാണ്. രാമൻ അതേപ്പറ്റി ചോദിക്കുമ്പോൾ വിശ്വാമിത്രൻ പറയുന്നത് താടക സാധാരണ പെണ്ണല്ല അവൾ മറ്റുള്ളവരെ ഉപദ്രവിക്കുന്ന രാക്ഷസിയാണ്.  "അവളെ പേടിച്ചാരും വഴി നടക്കാറില്ലെന്നു" എഴുത്തച്ഛൻ അവരെ വിശേഷിപ്പിക്കുന്നു. കുറെ നിരപരാധികളെ രക്ഷിക്കാൻ വേണ്ടി ഒരു അപരാധിയെകൊല്ലുന്നതിൽ അധർമമില്ലെന്നു വിഷ്ണുപുരാണം പറയുന്നു. എന്നാലും ശ്രീ രാമൻ കൊല്ലുന്നത് ഒരു സ്ത്രീയെയാണ്. പിന്നെ വരുന്നത് അവിഹിതബന്ധത്തിൽ പിടിക്കപെടുകയും ഭർത്താവിനാൽ ശിക്ഷിക്കപ്പെടുകയും ചെയ്ത സുന്ദരിയായ ഒരു സ്ത്രീ ശിലാരൂപത്തിൽ. ശ്രീരാമപാദസ്പര്ശനമേറ്റ അവർക്ക് പൂർവ്വ രൂപം ലഭിച്ചു. കളങ്കമേറ്റ സ്ത്രീ രാമസ്പർശത്താൽ പരിശുദ്ധയാകുന്നു.
ഇവരൊന്നും രാമനെ പ്രണയിക്കാൻ വന്നില്ല. ശൂർപ്പണഖയാണ് അങ്ങനെ ഒരു സാഹസം ചെയ്തത്. അത് ഒരു വലിയ യുദ്ധത്തിൽ കലാശിച്ചത്  വൺ വെ (രണ്ടുപേരിൽ ഒരാൾക്ക് മാത്രം തോന്നുന്ന  ശ്വാസം മട്ട്) പ്രണയങ്ങൾ ദുരന്തത്തിൽ കലാശിക്കുന്നു ഈ കലിയുഗത്തിലും എന്നതിന്റെ സൂചനയാണ്. രാമൻ സുന്ദരനായിരുന്നു. വയലാറിന്റെ ഭാവനയിൽ താടക എന്ന ദ്രാവിഡരാജകുമാരി രാമനെ പ്രണയിക്കാൻ അടുത്ത് വരുന്നതായി വിവരിക്കുന്നുണ്ട്. “കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ ,അനങ്ങാതെ ഓട്ടുവളകൾ കിലുങ്ങാതെ ഏകയായി ദശരഥി  തൻ അരികത്ത് അനുരാഗദാഹപരവശയായി” തടാക വന്നു. അവൾ രാമനെ ചുംബിക്കുന്നു. “ആദ്യത്തെ മാദകചുംബനത്തിൽ തന്നെ പൂത്തുവിടർന്നുപോയ് രാമന്റെ കണ്ണുകൾ”. അപ്പോൾ വിശ്വാമിത്ര ഗർജ്ജനം "വില്ലു കുലക്കു, ശരം തൊടുക്കു, കൊല്ലു  നിശാചരി താടകയാണവൾ”  അങ്ങനെ “രാമന്റെ മൻമഥാസത്രം മാലചാർത്തിയ രാജകുമാരിയുടെ മാറിടം മറ്റൊരു അസ്ത്രത്താൽ തകർന്നുപോയി.”  താടക ശാപമേറ്റ ഒരു യക്ഷിയായിരുന്നു. രാമന്റെ അമ്പുകൊണ്ടു ശാപമോചിതയായി  അവൾ വീണപ്പോൾ "സ്വർണ്ണരത്നാഭരണഭൂഷിതഗാത്രിയായി, സുന്ദരിയായ യക്ഷിതന്നെയും കാണായ്‌ വന്നു." വിവാഹത്തിന് മുമ്പ് രാമൻ കണ്ടുമുട്ടിയ രണ്ടു സ്ത്രീകളുടെ പൂർവചരിത്രവും ശാപമോക്ഷവുമെല്ലാം  ഏകപത്നിവൃതമാണ് നല്ലതെന്ന തീരുമാനത്തിൽ രാമനെ എത്തിച്ചോ?
പിന്നീടവർ കാമനെ ശിവൻ കൊന്ന സ്ഥലത്തു (കാമാശ്രമത്തിൽ) താമസിച്ച് അവരുടെ യാത്ര തുടർന്നു, രാക്ഷസന്മാരുടെ ശല്യമൊഴിഞ്ഞ വിശ്വാമിത്രന്റെ സിദ്ധാശ്രമത്തിൽ വച്ചു യാഗങ്ങൾ മുടങ്ങാതെ തുടങ്ങിക്കൊള്ളാൻ രാമൻ ഉറപ്പു നൽകി. എന്നാൽ മാരീചനും സുബാഹുവും വീണ്ടും യുദ്ധത്തിന് വരുകയും രാമൻ സുബാഹുവിനെ കൊല്ലുകയും ചെയ്തു. മാരീചൻ രാമബാണങ്ങൾ പേടിച്ച് നാലുപാടും ഓടി അവസാനം രാമനെ തന്നെ അഭയം പ്രാപിച്ച് രക്ഷപ്പെട്ടു. മറ്റു രാക്ഷസന്മാരെയെല്ലാം  കൊന്നൊടുക്കി.
പിന്നീട് മിഥിലാപുരിയിൽ പോയി സീതാസ്വയംവരത്തിൽ പങ്കെടുത്തു. ശിവചാപം എടുത്ത്, തൊടുത്തു, ഒടിച്ച്, ജനകപുത്രിയായ  മൈഥിലിയെ വിവാഹം കഴിക്കുകയും ചെയ്തു. ആരണ്യകാണ്ഡത്തിൽ സീതയെ വൈദേഹി എന്നും മൈഥിലിയെന്നും വിളിക്കുന്നുണ്ട്. 
അതോടൊപ്പം ജനകന്റെ മറ്റു പെണ്മക്കളെ യഥാക്രമം ഭരതനും, ലക്ഷ്മണനും, ശത്രുഘ്നനും വിവാഹം കഴിച്ചു.    വിവാഹത്തിൽ പങ്കെടുക്കാൻ അയോധ്യയിൽ നിന്നും ദശരഥനും പത്നിമാരും പരിവാരങ്ങളും എത്തി. സന്തോഷസമേതം അവരെല്ലാം മടങ്ങുമ്പോൾ പരശുരാമൻ കോപാകുലനായി എതിർക്കാൻ എത്തി ശിവനിൽ നിന്നും അദ്ദേഹത്തിന് ലഭിച്ച് വില്ലു ഒടിച്ചതിലുള്ള പ്രതിഷേധം. പരശുരാമൻ വിഷ്ണുവിൽ നിന്ന് ലഭിച്ച സാരംഗ  (ഇതിനു കോതണ്ഡ എന്നും പേരുണ്ട്. രാമനെ കോതണ്ഡപാണി എന്നും അറിയപ്പെടുന്നു.) എന്ന വില്ലു രാമന് കൊടുത്ത് അത് കുലയ്ക്കാൻ ആവശ്യപ്പെട്ടു. രാമൻ നിഷ്പ്രയാസം അത് നിർവഹിച്ചിട്ട് ചോദിച്ചു ഞാൻ വില്ലു കുലച്ചു അമ്പ് തൊടുത്താൽ ലക്‌ഷ്യം കണ്ടിരിക്കണം. ലക്‌ഷ്യം കാണിച്ചുതരു. തൻറെ മുന്നിൽ നിൽക്കുന്നത് തന്റെ തന്നെ അവതാരമെന്നു തിരിച്ചറിഞ്ഞ പരശുരാമൻ അദ്ദേഹം തപസ്സ് കൊണ്ട് അന്നുവരെ നേടിയ സകല പുണ്യങ്ങളും രാമന് കൈമാറി വീണ്ടും തപസ്സിനായി മഹേന്ദ്രപ  ർവ്വതത്തിലേക്ക്  പോകുന്നു.
പിന്നീട് അയോധ്യയിലെ രാജധാനിയിൽ സന്തോഷം വിളയാടി.മധുവിധു കൊണ്ടാടുന്ന പുത്രന്മാരെ കണ്ടു ദശരഥ രാജാവും രാജ്ഞിമാരും നിർവൃതികൊണ്ടു. ആ സമയത്ത് കേക രാജ്യത്തുനിന്നും ഭരതന്റെ അമ്മാവൻ യുധാജിത് ഭാരതനെയും ശത്രുഘ്നനെയും കൊണ്ടുപോകാൻ എത്തുന്നു. ദശരഥൻ അവരെ സന്തോഷത്തോടെ യാത്രയാക്കുന്നു. രാമൻ വിഷ്ണുവിന്റെ അവതാരമാണെന്നു പറഞ്ഞുകൊണ്ട് എഴുത്തച്ഛൻ ബാലകാണ്ഡം അവസാനിപ്പിക്കുന്നു "നിർവികാരാത്മാവായ പരമാനന്ദമൂർത്തി , സർവ്വലോകാനന്ദാർത്ഥം മനുഷ്യാകൃതിപൂണ്ടു തന്നുടെ മായാദേവിയാകിയ സീതയോടുമൊന്നിച്ച് വാണാനയോദ്ധ്യാപൂരിതന്നിലേന്നേ"

(അടുത്തതിൽ അയോധ്യാകാണ്ഡം)
ശുഭം 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക