Image

തഥ്യ  (കവിത: സിംപിൾ ചന്ദ്രൻ)

Published on 01 August, 2022
തഥ്യ  (കവിത: സിംപിൾ ചന്ദ്രൻ)

ഒഴിഞ്ഞ ഭാണ്ഡം മാത്രമെടുത്തൊരു
യാത്ര പോവുകയാണ്;
പാഥേയമില്ലാതെ
വഴിച്ചെലവുകളെടുക്കാതെ
മുനയൊടിഞ്ഞ തൂവൽപ്പേനയുടെ
ഓർമ്മകൾ പോലുമെടുക്കാതെ..

യാത്രാമൊഴികളില്ല,
പുഞ്ചിരിക്കുകയില്ല,
ഒരു വാക്കുരിയാടുകയില്ല
-നിന്നോടു പോലും.

ദൂരമാപിനികളിൽ
കിലോമീറ്ററുകളോ 
മീറ്ററുകൾ പോലുമോ
രേഖപ്പെടുത്തിയേക്കില്ല.
എങ്കിലുമീ യാത്ര
ഭൂഖണ്ഡങ്ങളെ താണ്ടിയേക്കാം,
ചിലപ്പോൾ സൂര്യചന്ദ്രന്മാരേയും!

കലണ്ടർതാളുകൾ
മറിഞ്ഞേക്കില്ല,
എങ്കിലും മാസങ്ങൾ വർഷങ്ങൾ
ചിലപ്പോൾ നൂറ്റാണ്ടുകൾ തന്നെയും,
മുമ്പോട്ടോ പുറകോട്ടോ
കടന്നുപോയേക്കാം!

ഇടയ്ക്കെപ്പോഴെങ്കിലും
ഒന്നിളവേൽക്കുമെങ്കിൽ
ഞാനെന്റെ ഭാണ്ഡം 
മടിയിലെടുത്തു വച്ചേക്കും:
ഒഴിഞ്ഞതെന്നറിയുമെങ്കിലും 
വെറുതെയൊന്നു തുറന്ന്
വലംകയ്യാൽ പരതിയേക്കും!
ഞാനത് തുറക്കുമെന്ന് നീയും,
നീയതിലുണ്ടാവുമെന്ന് ഞാനും 
പണ്ടുപണ്ടേ അറിഞ്ഞിരുന്നവർ!

Join WhatsApp News
koya k azad 2022-08-01 18:36:53
കവിത നന്നായി..അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക