അര വയറിനോടുള്ള അസൂയ (കവിത : സാലിജോസഫ് )

സാലിജോസഫ് Published on 03 August, 2022
അര വയറിനോടുള്ള അസൂയ (കവിത : സാലിജോസഫ് )

ഓര്‍മ്മകള്‍ മങ്ങാതെ നാട്യങ്ങളില്ലാതെ
അറിയാതെ ജീവിച്ച എന്‍ ബാല്യകാലം 
അക്ഷരപ്പൂക്കളെ കോര്‍ത്തെടുക്കുനായ്
എത്തുന്ന സ്‌നേഹാലമാണെന്റെ വിദ്യാലയം.
ഉച്ചമണിയുടെ മുഴക്കത്തിനായ് ഞങ്ങള്‍
കാതോര്‍ത്തിരിക്കുന്ന ആ കൊച്ചു ബാല്യത്തില്‍
ചൂടുപാറുന്ന 'ചോളഉപ്പുമാവുമായി'
വന്നണയുന്ന സൗഹൃദക്കൂട്ടങ്ങളെ
തൊല്ലസൂയയോടെ നോക്കിയിരുന്ന ആ ബാല്യത്തെ
ഓര്‍ക്കുന്നിതെപ്പോഴും ഒട്ടും ഒളിമങ്ങാതെ.
കൈമാറ്റ സമ്പ്രദായം കണ്ടുപിടിച്ച ആ
മഹാനെ മനസ്സാ നമസ്‌കരിച്ചുകൊണ്ട്
ജനയിത്രിതന്‍ സ്വാദിഷ്ടമായ ഭോജനത്തെ
സ്വന്തമാക്കാന്‍ മത്സരിക്കുന്ന തോഴര്‍ക്ക് നല്‍കി
അവരുടെ ഉപ്പുമാവിനെ സ്വാദോടെ ഭക്ഷിച്ച
ആ കൊച്ചുബാല്യമിതെപ്പോഴും
ചിതറി തെറിക്കുന്ന എന്‍ ചിന്തകളില്‍
തെളിയുന്നു ഒ്ട്ടും ഒളി മങ്ങാതെ.
ജീവിതമാകുന്ന നൗകയില്‍ യാത്രയുടെ
ഭാരവും പേറി സംവത്സരങ്ങള്‍ പിന്നിടുമ്പോഴും,
തേടി ഞാന്‍ നാട്ടിലെ ഗ്രാമ നഗരങ്ങളില്‍
ഒടിവിലിതാ അമേരിക്കന്‍ വ്യാപാരസമുച്ചയങ്ങളില്‍
ഓര്‍മപ്പരലുകള്‍ നീന്തുന്ന ബാല്യത്തിലെ
മാധുര്യമൂറും ആ രസ രുചിക്കൂട്ടിനായ്,
കണ്ടെത്താനായില്ല എങ്ങും എനിക്കെന്‍
ഓര്‍മ്മകള്‍ മേയുന്ന ബാല്യകൗതുകത്തെ.
സ്വാദിന്റെ കലവറ ഞങ്ങള്‍ക്കായ് തുറന്ന
ഞങ്ങള്‍ തന്‍ രുചി മുകുളങ്ങളെ ഉദ്ദീപിപ്പിച്ച
മണ്‍മറഞ്ഞുപോയ ഞങ്ങളുടെ സ്വന്തം
'നാരായണന്‍ നായര്‍ക്ക് ' മുന്നിലായ്
സ്‌നേഹ പാത്രത്തിലര്‍പ്പിക്കുന്നിതാ
ആയിരമായിരം ഓര്‍മപ്പൂവുകള്‍....

ഒരു കാലഘട്ടത്തില്‍ 'ചോളം' കൊണ്ടുള്ള ഉപ്പുമാവ് കഴിച്ച ഓര്‍മ മനസ്സിലുള്ളവര്‍ക്കായ് സവിനയം സമര്‍പ്പിക്കുന്നു ഈ കൊച്ചു കവിത.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക